Tuesday, February 14, 2012

സ്ട്രോബെറി ചീസ് കേക്ക്

അങ്ങനെയിരിക്കുമ്പോഴാണല്ലോ പലതും സംഭവിക്കുന്നത്. അങ്ങനെയിരിക്കുമ്പോൾ ഞാൻ ഒരു കേക്കുണ്ടാക്കാൻ തീരുമാനിച്ചു. ഇതിനു കേക്ക് എന്ന പേരുണ്ടെങ്കിലും ഇതിനു ബേക്ക് ഇല്ല. വെറുതേ ഒരു കേക്ക് എന്നൊന്നും പറയാൻ പറ്റുകയുമില്ല. അതാണ് ചീസ് കേക്കുകൾ. ഇതൊക്കെ ആർക്കും ഉണ്ടാക്കാം.



ചീസ് കേക്ക് ഉണ്ടാക്കുന്ന പാത്രമാണിത്.




ഇതിന്റെ അടിഭാഗത്തെ തട്ട് മുകളിലേക്ക് എടുക്കാം.




ആദ്യം കേക്കിന്റെ അടിഭാഗം ഉണ്ടാക്കണം. അതിനു പറ്റിയ ഏതെങ്കിലും സ്പോഞ്ച് കേക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ചീസ് കേക്ക് പാത്രത്തിന്റെ അടിയിൽ വയ്ക്കുക. കേക്ക് മുഴുവൻ വേണ്ട. രണ്ടാക്കിയോ മൂന്നാക്കിയോ വട്ടത്തിൽ മുറിച്ച് അതിന്റെ ഒരു ഭാഗം ഇട്ടാൽ മതി. അതു കുറച്ച് പഞ്ചാരപ്പാനി ഉണ്ടാക്കി കുതിർക്കണം. ഇനി കേക്കില്ലാത്തവർക്കു വേണ്ടിയാണ് ബിസ്ക്കറ്റ്. ഞാൻ ഒരു പത്തൊമ്പത് ബിസ്ക്കറ്റ് പൊടിച്ച് അതിന്റെ കൂടെ അല്പം ബട്ടറും, അല്പം പാലും ഒഴിച്ച് കുഴച്ച് ഇതിലിട്ടു. കുഴയ്ക്കുന്നത് ചപ്പാത്തിമാവിന്റെ പരുവത്തിലൊന്നും വേണ്ട. ബിസ്ക്കറ്റ് ഒന്നു മയത്തിൽ അടിയിൽ ഉറച്ചിരിക്കണം. ബട്ടർ മാത്രം ഉപയോഗിച്ചാൽ പ്രശ്നമൊന്നുമില്ലെങ്കിൽ അങ്ങനെയും ആവാം.

അത്രേ വേണ്ടൂ. എന്നിട്ടു ഒരു പതിനഞ്ച് ഇരുപതു മിനുട്ട് ഫ്രിഡ്ജിൽ വയ്ക്കുക.



പിന്നെ സ്ട്രോബെറി എടുത്ത് കുഞ്ഞുകുഞ്ഞായി അരിയുക. പുളി പോകാൻ മാത്രം പഞ്ചസാര കണക്കാക്കി ഇട്ട്, അല്പം വെള്ളവും ഒഴിച്ച് അടുപ്പത്തുവെച്ച് ഇളക്കി പ്യൂരി ഉണ്ടാക്കുക. സ്ട്രോബെറി ക്രഷ് വാങ്ങാൻ കിട്ടും. സ്ട്രോബെറി പ്യൂരി വീട്ടിൽ ഉണ്ടാക്കുന്നതിനുപകരം അതുപയോഗിക്കാം.



സ്ട്രോബെറി പ്യൂരി അഥവാ പൾപ്പ് ഒരു കപ്പ് വേണം. പ്യൂരി ഉണ്ടാക്കാൻ ശരിക്കും കണ്ടൻസ്ഡ് മിൽക്കും ചേർക്കാം. ഇവിടെ ചേർത്തില്ല.

ചീസ് കേക്കിൽ അധികവും ഉപയോഗിക്കുന്നത് ക്രീം ചീസ് ആണ്. അതില്ലെങ്കിൽ പനീറോ മസ്കാപോൺ ചീസോ എടുക്കുക.

ഇവിടെയുണ്ടായിരുന്നത് മസ്കാപോൺ ചീസ് ആണ്. ഞാനതെടുത്തു. അതും ഒരു കപ്പ്. പിന്നെ അല്പം കട്ടത്തൈര്. കട്ടത്തൈരുണ്ടാക്കാൻ, തൈര് ഒരു തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കി അതിലെ വെള്ളം മുഴുവൻ കളയണം. തൈര് ഒന്നര അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ മതി.

പിന്നെ ക്രീം. ക്രീം അടിച്ചുപതപ്പിച്ചത് ഒന്നേ കാൽ കപ്പ്. ക്രീം ഫ്രിഡ്ജിൽ നിന്നെടുത്ത് കുറേ നേരം കഴിഞ്ഞ് അടിച്ചുപതപ്പിച്ചാലേ ശരിയാവൂ എന്നോർക്കുക.

ഇനി വേണ്ടത് കുറച്ച് പഞ്ചസാരപ്പൊടി ആണ്. നാലു ടേബിൾസ്പൂൺ. കുറച്ച് കൂടിയാലും ഈ കേക്കിനൊരു ചുക്കും സംഭവിക്കില്ല.(ആർക്കറിയാം!)

സ്ട്രോബെറി പ്യൂരിയും മസ്കാപോണും തൈരും ആദ്യം നന്നായി യോജിപ്പിക്കുക. പിന്നെ ക്രീമും പഞ്ചസാരയും ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. പുളി നോക്കുക. പഞ്ചസാരപ്പൊടി കുറച്ചുകൂടെ ആവാമെന്നു തോന്നുന്നെങ്കിൽ ഇടുക.



ഫ്രിഡിജിൽ വെച്ച ബിസ്ക്കറ്റുപാത്രം എടുത്ത് അതിലേക്ക് ഈ കൂട്ട് ഒഴിക്കുക. വീണ്ടും കുറേ നേരം ഫ്രിഡ്ജിൽത്തന്നെ വയ്ക്കുക.



അഞ്ചാറു മണിക്കൂർ കഴിഞ്ഞെടുത്താൽ ഇങ്ങനെ കിട്ടും.




ശരിക്കും ഇത്ര കട്ടിയിൽ അല്ല ചീസ് കേക്കുകൾ ഉണ്ടാവുക. കേക്ക് ഉറച്ചുകിട്ടാൻ, വെജിറ്റേറിയൻ അല്ലാത്തവർക്ക് ജലാറ്റിൻ ചേർക്കാം. ജലാറ്റിൻ രണ്ടു ടേബിൾസ്പൂൺ എടുത്ത് വെള്ളത്തിൽ കലക്കി അടുപ്പത്തുവെച്ച് ഒന്നു കുറുക്കി ഇതിൽ ചേർക്കാം. വെജിറ്റേറിയൻസിന് ജലാറ്റിനുപകരം ചൈനാഗ്രാസ്സ് ചേർക്കാം. ഞാൻ ചേർത്തില്ല. അതുകൊണ്ടാണ് ഫ്രീസറിൽ വെച്ചത്. നിങ്ങളാരും ഫ്രീസറിൽ വയ്ക്കരുത്.

ഐസിംഗ് ചെയ്യുക. ക്രീമും ഐസിംഗ് ഷുഗറും ചേർത്ത്. എസ്സൻസുകളും ചേർക്കാം.
ഐസിംഗ് എന്ന മഹാപാതാളത്തിനു മുന്നിൽ പകച്ചു പ്രാന്തായി നിൽക്കുന്ന ഒരു പാവമാണു ഞാൻ. ചില്ലുമേടയിലിരുന്നെന്നെ ചീമുട്ടയെറിയരുത്.





അപ്പോ എല്ലാവർക്കും പൂവാലന്റൈൻസ് ദിനാശംസകൾ!

6 comments:

Anaswara said...

"ഐസിംഗ് എന്ന മഹാപാതാളത്തിനു മുന്നിൽ പകച്ചു പ്രാന്തായി നിൽക്കുന്ന ഒരു പാവമാണു ഞാൻ. ചില്ലുമേടയിലിരുന്നെന്നെ ചീമുട്ടയെറിയരുത്."

ഹ ഹ ഹ... കലക്കി... കേക്കും അടിപൊളി... ഉണ്ടാക്കി നോക്കണം... ഇച്ചിരി വൈകിപ്പോയെങ്കിലും സു ചേച്ചിക്കും പൂവാലന്റൈൻസ് ദിനാശംസകൾ... :-)

കോമാളി said...

ഇതിലെന്താ ചേച്ചി സേര്‍ച്ച്‌ കൊടുക്കാത്തത് , പിന്നെ പേരുകള്‍ ഇംഗ്ലീഷിലും കൊടുത്താല്‍ കുറച്ച എളുപ്പമാകുമല്ലോ ആളുകള്‍ക്ക് .

സു | Su said...

അനശ്വര :) ഒക്കെ പഠിച്ചുവരുന്നേയുള്ളൂ. ഇത് ഒന്നു ചെയ്തു നോക്കിയതാ.

കോമാളി :) ഇനി ഇംഗ്ലീഷിലും കൊടുക്കാൻ ശ്രമിക്കാം. കുറേ ആയല്ലോ കണ്ടിട്ട്.

J. F. M. M. :)

Unknown said...

Different recipes i could see in ur blog....great!....recipes mathram alla idakkilla thamashakalim istapettu!!!

Siji vyloppilly said...

Ayyo ennekkondu vayya cake undaakkan. :))

Asha said...

Super! Photos-um adipoli! എന്റെ പാചകം

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]