Saturday, November 19, 2011

കാബേജു ബജ്ജി

കാബേജ് എന്നു കേട്ടാൽ മുഖം ചുളിയില്ലെങ്കിൽ നിങ്ങൾക്കു ധൈര്യമായി ഈ ബജ്ജിയുണ്ടാക്കാം. എളുപ്പം കഴിയും, സ്വാദും നന്ന്.



കാബേജ് - ഒരു നൂറ് ഗ്രാം വേണം. വയലറ്റോ പച്ചയോ ഏതെങ്കിലും മതി.

കടലപ്പൊടി അഥവാ കടലമാവ് അഥവാ ബേസൻ - മുക്കാൽ കപ്പ്. ഒരു ഏഴ് ടേബിൾസ്പൂൺ എടുത്താലും മതി.

അരിപ്പൊടി - മൂന്ന് ടേബിൾസ്പൂൺ.

വലിയ ഉള്ളി - ഒന്ന് ചെറുത്.

പച്ചമുളക് - രണ്ട്.

മുളകുപൊടി - കാൽ ടീസ്പൂൺ.

കായം - കുറച്ച് പൊടി.

ഉപ്പ്

വെളിച്ചെണ്ണ/ വേറെ ഏതെങ്കിലും പാചകയെണ്ണ.



കാബേജ് കഴുകിയിട്ട് ചെറുതായി നുറുക്കുക/അരിയുക/മുറിക്കുക. ഉപ്പേരിക്ക് അരിയുന്നതുപോലെയൊന്നും ചെറുതാക്കേണ്ട. ചിത്രത്തിലുള്ളതുപോലെ മതി. പച്ചമുളകും ഉള്ളിയും ചെറുതാക്കിത്തന്നെ അരിയണം.




എന്നിട്ട് കടലമാവ്, അരിപ്പൊടി, ഉപ്പ്, കായം, മുളകുപൊടി, പച്ചമുളക്, ഉള്ളി എന്നിവയൊക്കെ ഒരു പാത്രത്തിലിട്ട് യോജിപ്പിക്കുക.




അതിൽ അല്പാല്പമായി വെള്ളമൊഴിച്ച് കലക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട.

എണ്ണ ചൂടാക്കി, തയ്യാറാക്കിയ കാബേജുമാവിൽ നിന്ന് ഓരോ സ്പൂണായി കോരിയൊഴിച്ച് വറുത്തെടുക്കുക. അധികം വലുതും നന്നെ ചെറുതും ആയ സ്പൂൺ ആവണ്ട. മാവൊഴിച്ചു, ഒരു ഭാഗം വെന്താൽ ഒന്നു തിരിച്ചിട്ടും വേവിക്കുക. തീ വളരെക്കൂട്ടിവെച്ച് ഉണ്ടാക്കിയാൽ ഉള്ള് വേവില്ല.




വെറുതേ തിന്നുക. സോസും ചമ്മന്തിയുമൊക്കെ ഉണ്ടെങ്കിൽ കൂട്ടുക.

മാവിൽ, മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞിടാം. അല്പം പഞ്ചസാരയും ബേക്കിംഗ് പൌഡറും വേണമെങ്കിൽ ചേർക്കാം.

6 comments:

Susha said...

Chechi Superbbbbbbbbb
I try it today

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വൈകുന്നേരം ചായ കുടിക്കേണ്ട നേരം ആയപ്പോള്‍ കൊതിപ്പിക്കാന്‍ ഓരോന്ന് പോസ്റ്റ്‌ ചെയ്യും

സു | Su said...

സുഷി :)

പണിക്കർ ജീ :) ഇത്രേം മടിയനാവാതെ ഏതെങ്കിലും ഒരു ബജ്ജിയുണ്ടാക്കൂ.

ശ്രീ said...

കൊള്ളാമല്ലോ. ഇനി ഇതുമൊന്ന് പരീക്ഷിയ്ക്കാം.

കഴിഞ്ഞ ആഴ്ച ഉള്ളിവട പരീക്ഷിച്ചതേയുള്ളൂ :)

ശ്രീ said...

ചോദിയ്ക്കാന്‍ വിട്ടു... ക്രിസ്തുമസ് സ്പെഷ്യല്‍ എന്താ...
:)

[അതെന്തു തന്നെ ആയാലും അഡ്വാന്‍സ് ക്രിസ്തുമസ്സ് ആശംസകള്‍...]

സു | Su said...

ശ്രീ :) വേഗം പരീക്ഷിക്കൂ. ക്രിസ്തുമസ് സ്പെഷൽ! നോക്കട്ടെ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]