ചേമ്പും മാങ്ങയും മോരും. കേൾക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമാവുന്നുണ്ടോ? എന്നാൽപ്പിന്നെ കൂട്ടാൻ വയ്ക്കാൻ തയ്യാറായിക്കോളീൻ. നല്ല സ്വാദുള്ളൊരു കൂട്ടാനാണിത്. ഉണ്ടാക്കാനും വല്യ പ്രയാസം ഒന്നുമില്ല.
ചേമ്പ് - ചിത്രത്തിൽ ഉള്ളതുപോലെ, അല്ലെങ്കിൽ അധികം വലുപ്പമില്ലാത്തതും വളരെ ചെറുതല്ലാത്തതും ആയ ചേമ്പ് മൂന്നെണ്ണം.
മാങ്ങ - ചെറുത് രണ്ടെണ്ണം. പഴുത്തതാണിവിടെ എടുത്തത്. പച്ച ആയാലും കുഴപ്പമില്ല. അധികം പുളി വേണമെന്നില്ല.
മോര് - കാൽ ലിറ്റർ. മോര് ചേർക്കാൻ ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി.
തേങ്ങയും ജീരകവും - നാല് ടേബിൾസ്പൂൺ തേങ്ങയും ഒരു ടീസ്പൂൺ ജീരകവും. തേങ്ങയുടെ അളവിത്തിരി കൂടിയാലും കുഴപ്പമൊന്നും ഇല്ല.
പച്ചമുളക് - രണ്ടോ മൂന്നോ.
മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും നിങ്ങളുടെ സൌകര്യത്തിനിടുന്നതാവും നല്ലത്. ഏകദേശം കണക്കാക്കിയിട്ടാൽ മതി.
വറവിടാൻ, വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ചുവന്ന മുളക്.
തേങ്ങയും ജീരകവും മിനുസമായി അരയ്ക്കുക. അധികം വെള്ളം ചേർക്കരുത്.
ചേമ്പും മാങ്ങയും തോലുകളഞ്ഞ് എടുക്കുക. കഷണങ്ങളാക്കുക.
ചേമ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക് ചീന്തിയിട്ടത് എന്നിവ ചേർത്ത് വേവാനുള്ള വെള്ളം മാത്രം ഒഴിച്ച് ആദ്യം വേവിക്കുക. ഇവിടെ കുക്കറിലാണ് വേവിച്ചത്.
വെന്തുകഴിഞ്ഞാൽ മാങ്ങാക്കഷണങ്ങൾ ചേർത്ത്, വെള്ളം വേണമെങ്കിൽ ഒഴിച്ച് ഒന്നു വേവിക്കുക. മാങ്ങയ്ക്ക് വേവാൻ വളരെക്കുറച്ചേ സമയം വേണ്ടൂ. അപ്പോൾത്തന്നെ ഉപ്പും മുളകുമൊക്കെ മാങ്ങയിലും പിടിച്ചോളും. പിന്നെ മോരൊഴിച്ച് തിളപ്പിക്കാം. വേണ്ടെങ്കിൽ ഒഴിക്കേണ്ട.
പിന്നെ തേങ്ങയരച്ചത് ചേർത്ത് തിളപ്പിച്ച് വാങ്ങിവെച്ച് വറവിടുക. തേങ്ങ കൂട്ടിക്കഴിഞ്ഞാൽ ഉപ്പ് പാകം നോക്കി വേണമെങ്കിൽ ചേർക്കുക.
മുളകുപൊടിയ്ക്കു പകരം തേങ്ങയരയ്ക്കുമ്പോൾ ചുവന്ന മുളകോ പച്ചമുളകോ പാകത്തിനു ചേർത്ത് അരയ്ക്കാം.
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment