പാണ്ഡവന്മാരുടെ വനവാസകാലത്ത് പാഞ്ചാലിയ്ക്ക് സൂര്യനിൽ നിന്ന് അക്ഷയപാത്രം കിട്ടുന്നു. അക്ഷയപാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും. പക്ഷെ, പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ അതിൽ ആ ദിവസം പിന്നെ ആഹാരം ഒന്നും ആ പാത്രത്തിൽ ഉണ്ടാവില്ല. അങ്ങനെയിരിക്കെ ഒരിക്കൽ, ദുർവ്വാസാവ് മഹർഷി, കൌരവരുടെ കൊട്ടാരത്തിൽ വന്നു താമസിക്കുകയും, ദുര്യോധനൻ, മുനിയ്ക്കും കൂടെയുള്ള ശിഷ്യന്മാർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അപ്പോ മുനി, ദുര്യോധനനോട് വരം ചോദിക്കാൻ പറയുന്നു. അപ്പോ പാണ്ഡവരെ ഒന്നു പറ്റിയ്ക്കാമെന്നു കരുതി, ദുര്യോധനൻ പറയും, പാണ്ഡവന്മാരെക്കാണാൻ അങ്ങ് ശിഷ്യന്മാരോടു കൂടെ പോകണം എന്ന്. അതും അവരുടെ ഭക്ഷണശേഷം. അവർ അങ്ങനെ, പാണ്ഡവരുടെ അടുക്കൽ ചെന്ന സമയത്ത്, എല്ലാവരുടേം, പാഞ്ചാലിയുടേയും, ഭക്ഷണം കഴിഞ്ഞിരുന്നു. മുനിയും ശിഷ്യന്മാരും കുളിക്കാനും ജപിക്കാനും പോയി. അവർ എത്തുമ്പോഴേക്കും ഭക്ഷണം വേണം. അല്ലെങ്കിൽ മുനിക്ക് കോപം വന്നു ശപിച്ചേക്കും എന്ന് പാണ്ഡവന്മാർ കരുതി. പാഞ്ചാലി വിഷമിച്ച്, ശ്രീകൃഷ്ണനെ വിളിച്ച് പ്രാർത്ഥിയ്ക്കും. ശ്രീകൃഷ്ണൻ അവിടെയെത്തും. എന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം കഴിഞ്ഞുവെന്നും ഇനി ഒന്നുമില്ലെന്നും പാഞ്ചാലി പറയുന്നു. അപ്പോ, അക്ഷയപാത്രം കൊണ്ടുവരാൻ ശ്രീകൃഷ്ണൻ പറയുന്നു. പാഞ്ചാലി, പാത്രം കൊണ്ടുവന്നുകൊടുത്തപ്പോൾ അതിന്റെ വക്കിൽ ഒരു ചീരയില കാണുകയും ശ്രീകൃഷ്ണൻ അതു കഴിക്കുകയും ചെയ്യുന്നു. പിന്നെ, മുനിയേയും ശിഷ്യന്മാരേയും ഭക്ഷണം തയ്യാറായി എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുവരാൻ പറയുന്നു. പക്ഷേ, ദുർവ്വാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം വേണ്ടായിരുന്നു. പാണ്ഡവരുടെ അടുക്കലേക്ക് ചെന്ന് ഭക്ഷണം വേണ്ടെന്ന് പറയാനും മടിയായി. ശ്രീകൃഷ്ണനോടും പാണ്ഡവരോടും ശത്രുത കാണിക്കുന്നത് പന്തിയാവില്ലെന്നു കണ്ട് അവർ വേഗം സ്ഥലം വിട്ടു. അങ്ങനെ ഒരു ചീരയില കൊണ്ട് പാഞ്ചാലി വല്യൊരു ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു.
കഥ കഴിഞ്ഞു. ഇനി കാര്യം.
പാഞ്ചാലിച്ചീര എന്ന് അറിയപ്പെടുന്ന ചീര കൊണ്ട് ഉപ്പേരി അഥവാ തോരൻ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. അമ്മാമന്റേം അമ്മായിയുടേം വീട്ടിൽ പറമ്പിലാണ് ഈ ചീരകൾ നിൽക്കുന്നത്. നട്ടുവളർത്തേണ്ട ആവശ്യമൊന്നുമില്ല. ഇഷ്ടം പോലെ ഉണ്ടാവും. അമ്മായി പണ്ടേ പറഞ്ഞിരുന്നു, ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കോന്ന്. പക്ഷേ അപ്പോ എനിക്കു സൌകര്യമില്ലായിരുന്നു. ഇപ്പോ അവിടെപ്പോയപ്പോൾ സൌകര്യം കിട്ടി. എന്റെ ബ്ലോഗിനുവേണ്ടിയുള്ള ഉപ്പേരിവയ്ക്കലായതുകൊണ്ടും, അവിടെത്തന്നെയുള്ള കായ മെഴുക്കുപുരട്ടി ഉണ്ടാക്കിയതുകൊണ്ടും ആരും എന്നെ സഹായിച്ചില്ല. വെറുതെ, പ്രോത്സാഹിപ്പിച്ചു.
ചീര ഇതാ പറമ്പിൽ.
അതിന്റെ പൂവ്. മൊട്ടും.
അത് സാധാരണ എല്ലാ ചീരകളും പൊട്ടിച്ചെടുക്കുന്നതുപോലെ വേരിനു കുറച്ചു മുകളിൽ വെച്ച് പൊട്ടിച്ചെടുത്തത്. കൈ കൊണ്ട് പൊട്ടിക്കുകയേ വേണ്ടൂ.
കഴുകി, അരിഞ്ഞത്. നല്ല ഇലകളായിരുന്നു മിക്കതും. അതുകൊണ്ട് അധികം തരം തിരിയ്ക്കൽ വേണ്ടിവന്നില്ല. പൂവും മൊട്ടും കളയാം.
അടുപ്പത്ത് ചീനച്ചട്ടി വെച്ച്, വെളിച്ചെണ്ണ ഒഴിയ്ക്കുക. ഉഴുന്നുപരിപ്പ് അല്പം ഇടുക്കുക. ചുവക്കുമ്പോഴേക്കും കടുകും ചുവന്ന മുളകും ഇടുക. കറിവേപ്പിലയും ഇട്ടാൽ പ്രശ്നമൊന്നുമില്ല. മുറിച്ചുവെച്ച ചീര ഇടുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ഇടുക. വെള്ളം ഒഴിക്കാനേ പാടില്ല. ചൂടാവുന്നതിനനുസരിച്ച് ചീരയിൽ വെള്ളം കയറും. നല്ല തീയുണ്ടെങ്കിൽ വറ്റും. വാങ്ങിവെച്ച് ചിരവിയ തേങ്ങ ഇടുക.
ഉപ്പേരി തയ്യാർ.
സാമ്പാറും, ചക്കക്കുരു ഇട്ട്, ഓലനും ഒക്കെ വയ്ക്കാം എന്നു പറഞ്ഞു. ഉപ്പേരിയ്ക്ക് നല്ല സ്വാദുണ്ട്.
ഈ ചീരയ്ക്ക് പാഞ്ചാലിച്ചീര എന്ന പേരു വന്നത് മുകളിൽപ്പറഞ്ഞ കഥ കൊണ്ടാണെന്നും പറഞ്ഞു. കഥയും പറഞ്ഞു. പുസ്തകത്തിൽ എവിടെയെങ്കിലും നോക്കുന്നത് നല്ലതാണെന്നും പറഞ്ഞു. നോക്കിയതുകൊണ്ട്, കഥയ്ക്ക് കടപ്പാട് :- പുരാണിക് എൻസൈക്ലോപീഡിയ- വെട്ടം മാണി.
Thursday, June 09, 2011
Subscribe to:
Post Comments (Atom)
11 comments:
aa katha parachilum cheerayum thoranum ellam ugran !
Melange :)
ഇഷ്ടമായി ലേഖനം. ഈ ചീരയ്ക്ക് ഞങ്ങള്‍ടെയവിടെ മറ്റെന്തോ പേരാണു്, ചോദിച്ച് പറയാം.
//ഉപ്പേരിയോ? നിങ്ങള്‍ വടക്കുള്ളവരുടെ ഒരു കാര്യം - തോരന്‍. "തോ..ര..ന്‍..!" ഹാ ഹാ :)
njangal ithine sambhar cheera enna parayunnathu. Engine aa peru vannu ennariyilla.
ഏവൂ :) അവിടെ എന്താ പേരെന്ന് ചോദിച്ചിട്ട് പറയൂ. (വടക്കരെ കുറ്റം പറഞ്ഞ് എന്റെ സ്വഭാവം വെടക്കാക്കരുത് പറഞ്ഞേക്കാം.)
എഴുത്തുകാരിച്ചേച്ചീ :) അതെയോ? ഞങ്ങൾ പാഞ്ചാലിച്ചീര എന്നു പറയുന്നു. ഇനി ഇവിടെത്തന്നെ വേറെ എന്തെങ്കിലും പേരുണ്ടോന്ന് അറിയില്ല.
സൂ, ഞങ്ങളുടെ പറമ്പിൽ ഈ ചീര ധാരാളമുണ്ട്. തെങ്ങിൻ തടത്തിലും മറ്റും കാടുപിടിച്ചു നിൽക്കുന്നു. ഞങ്ങളിതിനെ സാമ്പാർ ചീര എന്നാണ് വിളിക്കുന്നത്. സാമ്പാറും തോരനുമൊക്കെ ഉണ്ടാക്കാറുണ്ട്.
ബിന്ദു കെ പി :) ഇവിടെ വേറെ എന്തെങ്കിലും പേരുണ്ടാവുമായിരിക്കും. അറിയില്ല. അമ്മയുടെ വീട്ടിലും അമ്മായിയുടെ വീട്ടിലും പാഞ്ചാലിച്ചീര എന്നാണ് പറയുന്നത്. ബ്ലോഗ് നോക്കാൻ വന്നതിൽ നന്ദി.
ഇത് കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത്
ശ്രീ :) ചീര വീട്ടിൽ ഉണ്ടെങ്കിൽ ഉപ്പേരി/തോരൻ ഉണ്ടാക്കിനോക്കൂ.
As Bindu said we are calling it "sambar cheera"
I like it tooooooooooooooooooooo much.
നട്ടപ്പിരാന്തൻ :)
Post a Comment