കൊഴുക്കട്ടയുണ്ടാക്കാറില്ലേ? അരികൊണ്ടാണ് സാധാരണയായി ഉണ്ടാക്കാറുള്ളത്. അതിനു കുറച്ച് ജോലിയുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ഒരു കൊഴുക്കട്ടയായാലോ? അതാണ് റവക്കൊഴുക്കട്ട. അധികം വസ്തുക്കളൊന്നും ആവശ്യമില്ല. ഉണ്ടാക്കാനും അധികം ജോലിയൊന്നുമില്ല. അല്പം സമയം വേണം.
വേണ്ടത് :-
സൂജി റവ/ ചെറിയ റവ - ഒരു ഗ്ലാസ്സ്
തേങ്ങ ചിരവിയത് - മുക്കാൽ ഗ്ലാസ്സ്.
തിളച്ച വെള്ളം - ഒന്നേകാൽ ഗ്ലാസ്സ്.
ഉപ്പ് - പാകം നോക്കിയിടുക.
റവയെടുക്കുന്ന അതേ ഗ്ലാസ്സിൽത്തന്നെ വെള്ളവും, തേങ്ങയും അളവ് എടുക്കുക.
റവയിൽ ആവശ്യത്തിനു ഉപ്പിടുക. റവ വറുക്കണമെന്നില്ല.
വെള്ളം തിളപ്പിക്കുക. തിളച്ച ഉടനെത്തന്നെ റവയിൽ ഒഴിക്കുക. വലിയ സ്പൂൺ കൊണ്ട് നന്നായി കുഴയ്ക്കുക.
അടച്ച് അരമണിക്കൂർ വയ്ക്കുക. റവ മൃദു ആവാനാണത്.
അതുകഴിഞ്ഞാൽ തേങ്ങ ചേർക്കുക. പിന്നേം നന്നായി കുഴയ്ക്കുക. തണുത്തിട്ടുണ്ടാവും എന്നുള്ളതുകൊണ്ട് കൈകൊണ്ടു തന്നെ കുഴയ്ക്കുക.
ഉരുട്ടുക. ഒരു പാത്രത്തിൽ വയ്ക്കുക. ഇവിടെ കുക്കറിന്റെ തട്ടിൽത്തന്നെയാണ് വെച്ചത്. കുക്കർ തട്ട് ഇല്ലെങ്കിൽ തീരെച്ചെറുതല്ലാത്ത ഒരു പാത്രത്തിൽ വയ്ക്കുക. കുക്കറിലെ വെള്ളം കൊഴുക്കട്ടയിലേക്ക് കയറാതിരിക്കും. ഉരുട്ടിക്കഴിഞ്ഞ് നല്ല പാകമുള്ള ഒരു പ്ലേറ്റുകൊണ്ട് അടയ്ക്കുക. കുക്കറിൽ നല്ലപോലെ വെള്ളം ഒഴിച്ച്, പാത്രം കുക്കറിൽ വയ്ക്കുക. മൂന്നു വിസിൽ വന്നാൽ തീ താഴ്ത്തിവെച്ച് വേവിക്കുക. എല്ലാം കൂടെ ഒരു ഇരുപത് ഇരുപത്തഞ്ച് മിനുട്ട് ആവും. കുക്കർ വാങ്ങിവയ്ക്കുക.
തണുത്താൽ തുറന്ന് എടുക്കുക.
റവക്കൊഴുക്കട്ടയും മാങ്ങാച്ചമ്മന്തിയും. (കറിയൊന്നുമില്ലെങ്കിൽപ്പിന്നെ അതുമതീന്നു വയ്ക്കുക!)
ചെറുപയർ കറി, ഉരുളക്കിഴങ്ങ് കറി (സ്റ്റ്യൂ) എന്നിവയൊക്കെ കൂടെ കൂട്ടാം.
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment