മത്തങ്ങ/മത്തൻ കൊണ്ടൊരു കൂട്ടാനാണിത്. ചെറുപയറും അതിന്റെ കൂടെക്കൂടി. സാദാ കൂട്ടാനാണിത്. സ്വാദുള്ളതും.
വേണ്ടത്:-
മത്തങ്ങ - ഇരുനൂറ് ഗ്രാം. (ചിത്രത്തിൽ ഉള്ളത്രേം.)
ചെറുപയർ - അമ്പത് ഗ്രാം.
തേങ്ങ - മൂന്ന് ടേബിൾസ്പൂൺ. കുറച്ച് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ആവാം.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്.
മുളകുപൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വെളിച്ചെണ്ണ.
കറിവേപ്പില - ഒരു തണ്ട്.
മത്തങ്ങ വേഗം വേവും. ചെറുപയർ കുറച്ചു താമസിക്കും. ചെറുപയർ കുറച്ചുനേരം വെള്ളത്തിൽ കുതിർത്തിട്ട ശേഷം കഴുകിയെടുക്കുക. മത്തങ്ങ തോലു കളഞ്ഞ് കഷണങ്ങളാക്കി കഴുകിയെടുക്കുക. തേങ്ങ അരയ്ക്കുക. അരയ്ക്കുമ്പോൾ കുറേ വെള്ളം ഒഴിക്കേണ്ട. പേസ്റ്റുപോലെ മതി.
ചെറുപയർ കുക്കറിൽ വേവിക്കുക. അല്ലെങ്കിൽ ആദ്യം വേറെ വേവിക്കുക. മത്തങ്ങ ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളം ഒഴിച്ച്, ഉപ്പും, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഇട്ട് വേവിക്കുക.
വെന്താൽ, ആദ്യം വേവിച്ച ചെറുപയർ അതിലിടുക. കുറച്ചുനേരം തീ കുറച്ചു വയ്ക്കുക. അഞ്ചുമിനുട്ട്. അതുകഴിഞ്ഞാൽ തേങ്ങയരച്ചത് ചേർക്കുക. തിളപ്പിക്കുക. കറിവേപ്പില തണ്ടോടെ ഇടുക. വാങ്ങിവയ്ക്കുക. മുകളിൽ അല്പം വെളിച്ചെണ്ണ ഒഴിക്കുക. നിങ്ങൾക്ക് നിർബ്ബന്ധമാണെങ്കിൽ വറവിടുക.
എല്ലാത്തിലും കൂടെ വെള്ളം അധികമാവാതിരിക്കാൻ ശ്രദ്ധിക്കണം. ചെറുപയറിനുള്ള ഉപ്പും കൂടെ മത്തങ്ങ വേവിക്കുമ്പോൾ ഇടണം.
ഇനി പഴഞ്ചൊല്ല്. ‘മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ’ എന്നതല്ല. ‘മത്തങ്ങ പോകുന്നതറിയില്ല; കടുകു പോകുന്നത് കണ്ടിരിയ്ക്കും’ എന്നത്. എന്നുവെച്ചാൽ, നിസ്സാരനഷ്ടം ശ്രദ്ധിയ്ക്കും; വലിയ നഷ്ടം കാണാതെ പോകും എന്ന്.
ഇനി ചോറെടുക്കൂ; കറിയൊഴിക്കൂ.
Subscribe to:
Post Comments (Atom)
4 comments:
എനിക്കിപ്പോ കൂട്ടണം ഈ കൂട്ടാന്‍
സുകന്യേച്ചീ :)വേഗം ഉണ്ടാക്കൂ.
മത്തങ്ങയോട് മാത്രം ഇത്തിരി താല്പര്യക്കുറവ് ഉണ്ട്. (എന്നു കരുതി കഴിയ്ക്കില്ല എന്നല്ല ട്ടോ)
ശ്രീ :) മത്തങ്ങ നല്ലതാണ്. നല്ലോണം കഴിക്കുക.
Post a Comment