മഞ്ചൂരിയൻ കഴിച്ചിട്ടുണ്ടോ? മഞ്ചൂരിയൻ, കറി ആയിട്ടുള്ളതും അല്ലാതെ, ഡ്രൈ ആയിട്ടുള്ളതും കിട്ടും. ഇവിടെ പനീർ കൊണ്ട് ഡ്രൈ ആയിട്ടുള്ളതാണ് ഉണ്ടാക്കിയിരിക്കുന്നത്. അത്ര വിഷമമൊന്നുമില്ല ഉണ്ടാക്കാൻ.
ആവശ്യമുള്ളത് :-
പനീർ - 200 ഗ്രാം.
വലിയ ഉള്ളി/സവാള - രണ്ടെണ്ണം.
പച്ചമുളക് - രണ്ടെണ്ണം.
ഇഞ്ചി - ഒരു ചെറിയ കഷണം.
വെളുത്തുള്ളി - ചെറുത്. പതിനഞ്ച് അല്ലി.
മല്ലിപ്പൊടി - കാൽ ടീസ്പൂൺ.
മുളകുപൊടി - അല്പം. നിർബ്ബന്ധമില്ല.
മൈദപ്പൊടിയും കോൺഫ്ലോറും - കാൽ കപ്പ് വീതം.
പാചകയെണ്ണ - കുറച്ച്.
ഉപ്പ് - കുറച്ച്.
മല്ലിയില - കുറച്ച്.
സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ് എന്നിവ നാലു ടേബിൾസ്പൂൺ വീതം.
ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക.
മൈദയും കോൺഫ്ലോറും വെള്ളത്തിൽ അയവിൽ കലക്കിവയ്ക്കുക. ഒരു തുള്ളി സോയസോസും ഒഴിക്കുക. അല്പം ഉപ്പും. പനീർ കഷണങ്ങൾ മുഴുവൻ മുക്കിവറുക്കാൻ മാവ് തികഞ്ഞില്ലെങ്കിൽ അല്പം കൂടി കലക്കിയെടുക്കുന്നതാവും, ആദ്യം തന്നെ കുറേ ഉണ്ടാക്കിവെക്കുന്നതിനേക്കാൾ നല്ലത്.
പനീർ ചെറിയ ചെറിയ കഷണങ്ങളാക്കുക. പനീർ കഷണങ്ങളാണ് വാങ്ങിയത്. അതിനു ഇത്രേം വലുപ്പം ഉള്ളതുകൊണ്ട് ഒന്നുകൂടെ ചെറുതാക്കിയിരുന്നു.
അത് മൈദ കോൺഫ്ലോർ മാവിൽ മുക്കിയെടുത്ത്, ചൂടാക്കിയ എണ്ണയിൽ വറുക്കുക.
അല്പം പാചകയെണ്ണയൊഴിച്ച്, ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയൊക്കെ നന്നായി വഴറ്റുക. അതിൽ മല്ലിപ്പൊടി, മുളകുപൊടി എന്നിവയിടുക. അത്യാവശ്യം ഉപ്പ് ഇടുക. അതിൽ സോസുകൾ മൂന്നും ചേർക്കുക. വറുത്തുവെച്ചിരിക്കുന്ന പനീർ അതിലേക്ക് ഇട്ട് യോജിപ്പിക്കുക.
നന്നായി ഇളകിയോജിച്ചാൽ വാങ്ങിവെച്ച് മല്ലിയിലയിടുക. തക്കാളി സോസും ചേർത്ത് ചൂടോടെ കഴിക്കുക. എരിവ് അധികം വേണ്ടെങ്കിൽ ചില്ലിസോസും മുളകുപൊടിയും കുറയ്ക്കുക.
പനീർ വറുത്താൽ മിക്കവാറും കട്ടിയിൽ നിൽക്കും. അതുകൊണ്ട് മൃദു ആവണമെങ്കിൽ മാവിൽ മുക്കി വറുത്തശേഷം അല്പം വെള്ളത്തിൽ ഇട്ടുവെച്ച് പിഴിഞ്ഞെടുക്കുക. പക്ഷേ, കറുമുറു ആവില്ല പിന്നെ. പനീർ ഫ്രീസറിലാണു വെച്ചിരിക്കുന്നതെങ്കിൽ പാചകത്തിനു കുറച്ചുമുൻപേ എടുത്ത് പുറത്തുവയ്ക്കുകയും വേണം.
വെളിച്ചെണ്ണയേക്കാളും നല്ലത് വേറെ ഏതെങ്കിലും പാചകയെണ്ണയാണ്. കാബേജും ഉള്ളിത്തണ്ടും ഒക്കെയുണ്ടെങ്കിൽ അവസാനം മുറിച്ചിടാവുന്നതാണ്.
Thursday, February 17, 2011
Subscribe to:
Post Comments (Atom)
3 comments:
കണ്ടിട്ട് കിടിലന്‍ ആണെന്ന് തോന്നുന്നല്ലോ...
:)
ശ്രീ :) എനിക്ക് നല്ല ഇഷ്ടമുണ്ട് ഇതിനോട്.
എനിക്കും ഇഷ്ടമാണ് പനീർ!!
Post a Comment