Friday, February 04, 2011
കുമ്പളങ്ങയും മാങ്ങയും മോരും
കുമ്പളങ്ങ ഇഷ്ടമാണോ? ഇഷ്ടമാണെങ്കിൽ ചിത്രത്തിൽ കാണുന്നതുപോലെയുള്ള കുമ്പളങ്ങ വാങ്ങിക്കൊണ്ടുവരിക.
മാങ്ങയും വാങ്ങിക്കൊണ്ടുവരുക. വീട്ടിൽത്തന്നെയുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവതീഭാഗ്യവാന്മാർ. കുമ്പളങ്ങ, ഞങ്ങളുടെ ഒരു സുഹൃത്ത് തന്നതാണ്. അവരുടെ വീട്ടിലുണ്ടാക്കിയത്. അതു ലാഭം. മാങ്ങ അച്ഛൻ വാങ്ങിക്കൊണ്ടുത്തന്നു. അതും ലാഭം. തേങ്ങയുടെ കാര്യംപറയേണ്ടല്ലോ. അതു പറമ്പിലേതുതന്നെ. മോരും വീട്ടിലേതു തന്നെ. ഹോ...ഒന്നും പറയേണ്ട. ബാക്കിയൊക്കെ വാങ്ങേണ്ടിവന്നു. ഉപ്പു മുതൽ ജീരകം വരെ. മുളകുമുതൽ കടുകുവരെ.
കുമ്പളങ്ങ മാങ്ങ മോരു കൂട്ടാൻ ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ:-
കുമ്പളങ്ങ - ഒരു കഷണം.
മാങ്ങ - ഒന്ന്.
ജീരകം - ഒരു ടീസ്പൂൺ.
ചുവന്ന മുളക് - മൂന്നോ നാലോ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മോര് - കാൽ ലിറ്റർ. (പുളിയുണ്ടെങ്കിൽ കാൽ ലിറ്റർ വേണമെന്നില്ല). അല്ലെങ്കിൽ കുറച്ച് തൈര്.
ഉപ്പ്.
തേങ്ങ - നാലു ടേബിൾസ്പൂൺ. കുറച്ചും കൂടെ ആയാലും കുഴപ്പമൊന്നുമില്ല.
പിന്നെ വറവിടാൻ, കടുക്, കറിവേപ്പില, മുളക്.
കഷണം കുമ്പളങ്ങയെടുത്ത് തോലും കുരുവും കളഞ്ഞ് ചെറുതാക്കി മുറിയ്ക്കുക. മാങ്ങയും തോലു കളഞ്ഞ് മുറിച്ചെടുക്കുക.
രണ്ടും കൂടെ മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വേവിക്കുക.
തേങ്ങയും ജീരകവും ചുവന്ന മുളകും കൂടെ നന്നായിട്ട് അരയ്ക്കുക. കഷണങ്ങൾ വെന്താൽ മോരൊഴിക്കുക. ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. തിളച്ചാൽ തേങ്ങ ചേർക്കുക. തിളപ്പിക്കുക. ഉപ്പു പോരെങ്കിൽ പാകത്തിനിടുക. ഒരു തണ്ട് കറിവേപ്പിലയിടുക.
തിളച്ചു വാങ്ങിവെച്ച് വറവിടുക.
ചുവന്ന മുളക് അരയ്ക്കുന്നതിനുപകരം മുളകുപൊടി ഇടാം.
Subscribe to:
Post Comments (Atom)
6 comments:
ഇതൊരിക്കല്‍ ഞാന്‍ ഉണ്ടാക്കിയതാ.
നെര്യായില്ല
:-(
ഉപാസന :) നേര്യാവൂല. നുറുക്കിവെച്ച മാങ്ങ നാലുകഷണം തിന്നു, പിന്നെ തേങ്ങ കുറച്ചു തിന്നു, പിന്നെ കുറച്ചു മോരും കുടിച്ചു. ബാക്കിയുള്ളതുകൊണ്ട് കൂട്ടാനുണ്ടാക്കി. അല്ലേ?
ഹ ഹ. മുകളിലെ കമന്റിഷ്ടായി :)
എളുപ്പത്തിലുണ്ടാക്കാവുന്ന ഒന്ന്, അല്ലേ? ഞാന്‍ ഇടയ്ക്ക് പരീക്ഷിയ്ക്കാറുണ്ട്
:)
നല്ല കറിയാണല്ലോ :) എന്നാലും മുളകുപൊടി മോരിൽ ഇടുന്ന ടേസ്റ്റ് എനിക്കിഷ്ടമല്ല. പച്ചമുളകിട്ടാൽ മതിയാവുമോ?
സുനിലിനുള്ള മറുപടി ഇഷ്ടായി
കുഞ്ഞന്‍സ് ചോദിച്ച ചോദ്യം എന്റേം സംശയമാണ്,...;-))
കുഞ്ഞൻസ് :) പച്ചമുളകും ഇടാം. പച്ചമുളക് വെറുതേ ചീന്തിയിട്ട്, കറിയിൽ എരുവിന് മുളകുപൊടിയിട്ടും, അല്ലെങ്കിൽ മുളകരച്ചു ചേർത്തും ഉണ്ടാക്കാം. മോരുകറികളിൽ പച്ചമുളകും കുരുമുളകും ആണ് അധികവും പതിവ്.
മോഹനം :)
Post a Comment