Saturday, December 24, 2011

ചോളം കട്‌ലറ്റ്

ചോളം(കോൺ) കഴിച്ചിട്ടുണ്ടോ? ഇഷ്ടമാണെങ്കിൽ ഈ കട്‌ലറ്റും ഇഷ്ടമാവും. ചോളം പായ്ക്കറ്റുകളിലും കിട്ടും. അപ്പാടെയുള്ളത് കിട്ടിയില്ലെങ്കിൽ അതുപയോഗിച്ചാൽ മതി. സാധാരണയായി കട്‌ലറ്റ് ഉണ്ടാക്കുന്നതുപോലെത്തന്നെയാണ്. വല്യ വിഷമം ഒന്നുമില്ല.




ചോളം - ഒന്ന്. (ചിത്രത്തിൽ ഉള്ളതുപോലെ). പായ്ക്കറ്റിലുള്ളതാണെങ്കിൽ ഏകദേശം അളവു കണക്കാക്കിയെടുക്കാം.
കാരറ്റ് - ഒന്ന്.
വലിയ ഉള്ളി - ഒന്ന്.
പച്ചമുളക് - രണ്ട്.
ഇഞ്ചി - ചെറിയ ഒരു കഷണം.
കാപ്സിക്കം - ഒന്ന്.
ഉരുളക്കിഴങ്ങ് - ഒന്ന്. വലുത്.
വെജിറ്റബിൾ മസാലപ്പൊടി - അര ടീസ്പൂൺ.
ഉപ്പ്
വെളിച്ചെണ്ണ.
കറിവേപ്പില.
റൊട്ടിപ്പൊടി - ബ്രഡിന്റെ അരികു കളഞ്ഞ് ബാക്കിയുള്ളത് പൊടിച്ചെടുക്കുക. മിക്സിയിൽ ഇട്ടാൽ മതി.





ചോളം വേവിക്കുക. ഉരുളക്കിഴങ്ങും വേവിക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചുവയ്ക്കുക. തോലോടെ പുഴുങ്ങിയിട്ട്, പിന്നെ തോലു കളഞ്ഞാൽ മതി. ചോളവും ഉരുളക്കിഴങ്ങും നന്നായി വേവണം.




കാരറ്റ്, ഉള്ളി, പച്ചമുളക്, ഇഞ്ചി, കാപ്സിക്കം എന്നിവ വളരെച്ചെറുതാക്കി അരിയുക. ഞാൻ കാരറ്റ് ചീവിയെടുത്തു. കറിവേപ്പിലയും ചെറുതാക്കി മുറിച്ചുവയ്ക്കുക.

വെളിച്ചെണ്ണയോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു പാചകയെണ്ണയോ ചൂടാക്കുക. അതിലേക്ക് പച്ചക്കറികളും (കാരറ്റ്, ഉള്ളി തുടങ്ങിയവ) കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റി വേവിക്കുക.





വെന്താൽ ഉപ്പും മസാലപ്പൊടിയും ചേർക്കുക. ചോളവും ഉരുളക്കിഴങ്ങും ചേർക്കുക. നന്നായി വഴറ്റി യോജിപ്പിച്ച് വാങ്ങിവയ്ക്കുക.









ദോശക്കല്ല് ചൂടാക്കി, വഴറ്റിയ പച്ചക്കറികൾ കുറേശ്ശെയെടുത്ത് ഉരുട്ടിപ്പരത്തി, റൊട്ടിപ്പൊടിയിൽ ഇട്ട് പൊതിഞ്ഞ്, ദോശക്കല്ലിൽ ഇട്ട് വെളിച്ചെണ്ണയൊഴിച്ച് അപ്പുറവും ഇപ്പുറവും വേവിച്ചെടുക്കുക.


റൊട്ടിപൊടിയിൽ പൊതിഞ്ഞിട്ടും, പച്ചക്കറികൾ വേർപെട്ടു പോകുന്നുണ്ടെങ്കിൽ, അല്പം കോൺഫ്ലോറോ മൈദയോ കലക്കി അതിൽ മുക്കിയ ശേഷം റൊട്ടിപ്പൊതിയിൽ പൊതിഞ്ഞ് വേവിക്കാൻ വയ്ക്കുക.

പച്ചക്കറികൾ വഴറ്റി വേവിക്കുന്നില്ലെങ്കിൽ, ഒന്നു വഴറ്റിയശേഷം, ഉപ്പും, മസാലയും, ചോളവും, ഉരുളക്കിഴങ്ങും ചേർത്ത് യോജിപ്പിച്ചശേഷം മൈദയിലോ കോൺഫ്ലോറിലോ പൊതിഞ്ഞ്, റൊട്ടിപ്പൊടിയിലോ, റവയിലോ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുകയും ചെയ്യാം.

ഈ അളവിൽ അത്യാവശ്യം എരുവൊക്കെയുണ്ട്. കൂടുതൽ വേണ്ടവർക്ക് അല്പം മുളകുപൊടിയോ, പച്ചമുളകോ ഒക്കെ ചേർക്കാവുന്നതാണ്.




സോസ് കൂട്ടിക്കഴിക്കുന്നതാവും നല്ലത്.

Thursday, December 22, 2011

ഓട്സ് ദോശ

ഓട്സ് ആരോഗ്യത്തിനു നല്ലതാണ്. അതുകൊണ്ട് കഞ്ഞിയുണ്ടാക്കിക്കുടിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ ഓട്സ് കൊണ്ട് ദോശയാവാം ഇനി.

ഓട്സ് - ഒരു ഗ്ലാസ്സ്. (കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഗ്ലാസ്സ്). ഒന്ന് - ഒന്നേകാൽ ആയാലും കുഴപ്പമില്ല.
പുഴുങ്ങലരി/പൊന്നിയരി - അര ഗ്ലാസ്സ്.
ഉഴുന്ന് - കാൽ ഗ്ലാസ്സ്.
ഉലുവ - ഒരു ടീസ്പൂൺ.
ഉപ്പ് - പാകം നോക്കി.

പുഴുങ്ങലരിയും ഉഴുന്നും ഉലുവയും കഴുകി, വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ഓട്സും അപ്പോൾത്തന്നെ വെള്ളത്തിൽ കുതിർത്ത് ഇടുക. കുറേ വെള്ളം ഒഴിക്കരുത്. ഓട്സ് മുഴുവൻ നനയാൻ ഉള്ള വെള്ളം മതി.

നാലു മണിക്കൂറെങ്കിലും കഴിഞ്ഞ് അരയ്ക്കുക. അരിയും ഉഴുന്നും ഉലുവയും മിനുസമായി അരഞ്ഞാൽ അതിൽ ഓട്സ് ഇട്ട് ഒന്നുകൂടെ നല്ലോണം അരയ്ക്കുക. അരയ്ക്കുമ്പോൾ ആവശ്യത്തിനു ഉപ്പിടുകയോ, അരച്ചുകഴിഞ്ഞ്, ഉപ്പുചേർത്ത് നന്നായി ഇളക്കിയോജിപ്പിച്ചുവയ്ക്കുകയോ ചെയ്യുക.

അരയ്ക്കുമ്പോൾ, ഉഴുന്നും ഉലുവയും അരിയും ഉള്ളതിന്റെ പകുതിയ്ക്കു മാത്രം വെള്ളം ഒഴിക്കുക. കുറച്ച് അരഞ്ഞുകഴിഞ്ഞാൽ വെള്ളം വേണമോയെന്ന് നോക്കി മാത്രം കൂട്ടണം. ഇതിനുമാത്രമല്ല, എപ്പോഴും.

ഇവിടെ പിറ്റേ ദിവസമാണ് ദോശയുണ്ടാക്കിയത്. മാവു പുളിച്ചിട്ട്. പുളി വേണ്ടാത്തവർക്ക് അരച്ചുകഴിഞ്ഞാൽ ഉണ്ടാക്കാം.

ചൂടായ ദോശക്കല്ലിൽ ഒഴിക്കുക. വെളിച്ചെണ്ണയോ നെയ്യോ പുരട്ടുക. വെന്താൽ മറിച്ചിടുക. പിന്നേം വെന്താൽ എടുത്തുവയ്ക്കുക.





നിങ്ങൾക്കിഷ്ടമുള്ള എന്തെങ്കിലും കൂട്ടിക്കഴിക്കഴിക്കാം.

Saturday, November 19, 2011

കാബേജു ബജ്ജി

കാബേജ് എന്നു കേട്ടാൽ മുഖം ചുളിയില്ലെങ്കിൽ നിങ്ങൾക്കു ധൈര്യമായി ഈ ബജ്ജിയുണ്ടാക്കാം. എളുപ്പം കഴിയും, സ്വാദും നന്ന്.



കാബേജ് - ഒരു നൂറ് ഗ്രാം വേണം. വയലറ്റോ പച്ചയോ ഏതെങ്കിലും മതി.

കടലപ്പൊടി അഥവാ കടലമാവ് അഥവാ ബേസൻ - മുക്കാൽ കപ്പ്. ഒരു ഏഴ് ടേബിൾസ്പൂൺ എടുത്താലും മതി.

അരിപ്പൊടി - മൂന്ന് ടേബിൾസ്പൂൺ.

വലിയ ഉള്ളി - ഒന്ന് ചെറുത്.

പച്ചമുളക് - രണ്ട്.

മുളകുപൊടി - കാൽ ടീസ്പൂൺ.

കായം - കുറച്ച് പൊടി.

ഉപ്പ്

വെളിച്ചെണ്ണ/ വേറെ ഏതെങ്കിലും പാചകയെണ്ണ.



കാബേജ് കഴുകിയിട്ട് ചെറുതായി നുറുക്കുക/അരിയുക/മുറിക്കുക. ഉപ്പേരിക്ക് അരിയുന്നതുപോലെയൊന്നും ചെറുതാക്കേണ്ട. ചിത്രത്തിലുള്ളതുപോലെ മതി. പച്ചമുളകും ഉള്ളിയും ചെറുതാക്കിത്തന്നെ അരിയണം.




എന്നിട്ട് കടലമാവ്, അരിപ്പൊടി, ഉപ്പ്, കായം, മുളകുപൊടി, പച്ചമുളക്, ഉള്ളി എന്നിവയൊക്കെ ഒരു പാത്രത്തിലിട്ട് യോജിപ്പിക്കുക.




അതിൽ അല്പാല്പമായി വെള്ളമൊഴിച്ച് കലക്കുക. അധികം വെള്ളം വേണ്ട. അധികം കട്ടിയിലും വേണ്ട.

എണ്ണ ചൂടാക്കി, തയ്യാറാക്കിയ കാബേജുമാവിൽ നിന്ന് ഓരോ സ്പൂണായി കോരിയൊഴിച്ച് വറുത്തെടുക്കുക. അധികം വലുതും നന്നെ ചെറുതും ആയ സ്പൂൺ ആവണ്ട. മാവൊഴിച്ചു, ഒരു ഭാഗം വെന്താൽ ഒന്നു തിരിച്ചിട്ടും വേവിക്കുക. തീ വളരെക്കൂട്ടിവെച്ച് ഉണ്ടാക്കിയാൽ ഉള്ള് വേവില്ല.




വെറുതേ തിന്നുക. സോസും ചമ്മന്തിയുമൊക്കെ ഉണ്ടെങ്കിൽ കൂട്ടുക.

മാവിൽ, മല്ലിയില, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞിടാം. അല്പം പഞ്ചസാരയും ബേക്കിംഗ് പൌഡറും വേണമെങ്കിൽ ചേർക്കാം.

Tuesday, October 18, 2011

ബേബി കോൺ കറി

ബേബികോൺ കൊണ്ടൊരു മസാലക്കറിയുണ്ടാക്കാൻ തീരുമാനിച്ചു. ഉണ്ടാക്കി. ഇനി നിങ്ങൾക്കും വേണമെങ്കിൽ പരീക്ഷിക്കാം.



ബേബി കോൺ - പത്തെണ്ണം വേണം.
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം.
വലിയ ഉള്ളി അഥവാ സവാള - രണ്ട്. അധികം വലുത് വേണ്ട.
പച്ചമുളക് - ഒന്ന്.
ഇഞ്ചി ഒരു ചെറിയ കഷണം.
വെളുത്തുള്ളി - അഞ്ച് അല്ലി. (വലുത്).
ജീരകം - അര ടീസ്പൂൺ.
തക്കാളി വലുത് ഒന്ന്.
മല്ലിയില കുറച്ച്.
വറവിനു വേണ്ടി കടുക്, കറിവേപ്പില.
മഞ്ഞൾപ്പൊടി, ഉപ്പ്, പാചകയെണ്ണ. (ഈ കറിക്ക്, വെളിച്ചെണ്ണയേക്കാൾ നല്ലത് വേറെ ഏതെങ്കിലും പാചകയെണ്ണയാണ്.)



ബേബി കോണും ഉരുളക്കിഴങ്ങും മുറിക്കുക. (ബേബി കോൺ നീളത്തിൽ കഷണങ്ങളാക്കുകയും ചെയ്യാം. ഇവിടെ വട്ടത്തിലാണ് മുറിച്ചത്.)

മുറിച്ച ശേഷം കഴുകുക.

തക്കാളി മുറിച്ചുവയ്ക്കുക.

തോലു കളഞ്ഞ് കഷണങ്ങളാക്കിയ ഉള്ളിയ്ക്കൊപ്പം, ജീരകം, മല്ലിയില, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരയ്ക്കുക.

ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് ഇടുക. പൊട്ടിയാൽ കറിവേപ്പില ഇടുക. അരച്ചുവെച്ച മസാല ചേർക്കുക. രണ്ട് മൂന്നു മിനുട്ട് വഴറ്റണം. പിന്നെ തക്കാളി ചേർക്കുക. തക്കാളി വേവണം. ഇളക്കിക്കൊടുക്കണം. അതിനുശേഷം ബേബി കോണും ഉരുളക്കിഴങ്ങും അതിലിടുക. ഉപ്പും മഞ്ഞൾപ്പൊടിയും ഇടുക. വേവാനുള്ള വെള്ളമൊഴിക്കുക. വേവിക്കുക.



കഴിക്കുന്നതിനുമുമ്പ് ചെറുനാരങ്ങ നീര് ചേർക്കാം.

പച്ചമുളകും ഇഞ്ചിയും അരച്ചുചേർക്കുന്നതിനു പകരം അല്പം ഗരം മസാലയോ വെജിറ്റബിൾ മസാലയോ ചേർത്താലും മതി.

ഉരുളക്കിഴങ്ങും ബേബി കോണും ആദ്യം വേവിച്ച് മസാലയിലേക്കു ചേർക്കുകയും ചെയ്യാം. അല്ലെങ്കിൽ വേവാൻ കുറച്ച് സമയമെടുക്കും.

Monday, October 10, 2011

പുതിനയിലച്ചമ്മന്തി

പുതിന(Mint)യില കൊണ്ടൊരു ചമ്മന്തി. പുതിനയില കിട്ടാനുണ്ടെങ്കിൽ എളുപ്പം കഴിയും പരിപാടി.




പുതിനയില, ഉപ്പ്, പുളി, ഉഴുന്നുപരിപ്പ്, തേങ്ങ, പച്ചമുളക്, അല്പം വെളിച്ചെണ്ണ എന്നിവ വേണം.

ഏകദേശം നാലു ടേബിൾസ്പൂൺ പുതിനയിലയെടുക്കുക. ചിരവിയ തേങ്ങ മൂന്നു ടേബിൾസ്പൂൺ എടുക്കുക. പുളി അല്പം എടുക്കുക. ഉഴുന്നുപരിപ്പ് ഒരു ടീസ്പൂൺ എടുക്കുക. രണ്ട് പച്ചമുളക്

എടുക്കുക.

പുതിനയില കഴുകിവൃത്തിയാക്കി എടുക്കുക.




ഒരു പാത്രത്തിൽ വെളിച്ചെണ്ണ (വേറെ പാചകയെണ്ണയായാലും മതി) ചൂടാക്കുക. ഉഴുന്നുപരിപ്പ് അതിലിട്ട് ചുവപ്പിക്കുക. അതിൽ പച്ചമുളക് ഇട്ട് വാട്ടുക. അതിലേക്ക് പുതിനയിലയിട്ട് വാട്ടുക.

ഒന്നു തണുത്താൽ, തേങ്ങ, പുളി, ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക.





അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർക്കുക.

പച്ചമുളക് നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് എടുക്കാം. പുതിനയില നാലു ടേബിൾസ്പൂൺ എടുത്ത്, എണ്ണയിൽ വാട്ടിക്കഴിഞ്ഞാൽ, കുറച്ചേ കാണൂ.

ശർക്കര ഒരു കഷണം വേണമെങ്കിൽ ഇടാം.

Thursday, August 25, 2011

സേമിയ ഊത്തപ്പം

സേമിയ അഥവാ വെർമിസെല്ലി ഇഷ്ടമാണോ? ആണെങ്കിൽ‌പ്പിന്നെ വേറൊന്നും നോക്കാനില്ല. സേമിയ ഊത്തപ്പം ഉണ്ടാക്കുക തന്നെ. വളരെ എളുപ്പമുള്ളൊരു കാര്യം. ഇതിനുവേണ്ടതെല്ലാം വീട്ടിൽത്തന്നെ ഉണ്ടാവും.




സേമിയ - ഒരു വലിയ ഗ്ലാസ്സിൽ നിറച്ചും എടുക്കുക. അല്ലെങ്കിൽ നൂറു ഗ്രാം എടുക്കുക. വറുത്ത സേമിയ ആണെടുത്തത്. അവിടെ വറുത്ത സേമിയ ഇല്ലെങ്കിൽ സേമിയ എടുത്ത് അല്പം നെയ്യൊഴിച്ച് വറുക്കുക.

അരിപ്പൊടി - സേമിയ എടുത്ത ഗ്ലാസ്സിൽ ഒന്നേ കാൽ ഗ്ലാസ്. അല്ലെങ്കിൽ നൂറ്റമ്പത് ഗ്രാം. ഇവിടെ പുട്ടുപൊടിയാണെടുത്തത്. പുട്ടിനുവേണ്ടി വറുത്ത അരിപ്പൊടി. സാദാ അരിപ്പൊടി ആയാലും മതി.

വലിയ ഉള്ളി/സവാള - ഒന്ന്. ചെറുതായി അരിയുക.
പച്ചമുളക് - മൂന്ന്. വട്ടത്തിൽ, ചെറുതായി അരിയുക.
മല്ലിയില - കുറച്ച്, ചെറുതായി അരിയുക.
കറിവേപ്പില - കുറച്ച്, ചെറുതായി അരിയുക.
ഇഞ്ചി - ഒരു കഷണം, ചെറുതായി മുറിച്ചെടുക്കുക.
ജീരകം - കാൽ ടീസ്പൂൺ.
കായം (പൊടി) - കുറച്ച്.
തൈര് - ഒരു ഗ്ലാസ്.
തേങ്ങ - തേങ്ങാക്കഷണങ്ങൾ ചെറുതായി അരിഞ്ഞത് കുറച്ച്.
കുരുമുളകുപൊടി - അല്പം.
തക്കാളി - ഒന്ന്.
ഉപ്പ്.
നെയ്യ്/വെളിച്ചെണ്ണ.

എല്ലാം കൂടെ ഒരുമിച്ച് ചേർക്കുക. യോജിപ്പിക്കുക. അല്പം വെള്ളം ചേർത്താലേ ശരിയാവൂ. വെള്ളം ചേർത്ത് ഒഴുകിനടക്കാത്ത പാകത്തിൽ, കുറച്ചു കട്ടിയിൽ കലക്കിവയ്ക്കുക. വെളുത്തുള്ളിയുടെ സ്വാദ് ഇഷ്ടമുള്ളവർക്ക് അതും കൂട്ടാം.



കുറച്ചുനേരം വച്ചാലും കുഴപ്പമില്ല. അപ്പോത്തന്നെ ഉണ്ടാക്കിയാലും കുഴപ്പമില്ല.




ദോശക്കല്ല് ചൂടാക്കി മാവൊഴിക്കുക.
വെളിച്ചെണ്ണയോ നെയ്യോ മുകളിൽ പുരട്ടുക.




വെന്തുവന്നാൽ മറിച്ചിടുക.
തീ അധികം കൂട്ടിവയ്ക്കേണ്ട. ഉള്ളിൽ നല്ലപോലെ വേവണം.

വെന്താൽ എടുത്തുവയ്ക്കുക.




തിന്നുക. ചമ്മന്തി, ചമ്മന്തിപ്പൊടി, സ്റ്റ്യൂ, എന്നിങ്ങനെ എന്തുവേണമെങ്കിലും കൂട്ടിക്കഴിക്കാം. പുളീഞ്ചി വരെ കൂട്ടിക്കഴിക്കാം. അല്ല പിന്നെ!


Thursday, August 18, 2011

ചേമ്പ് മാങ്ങാക്കൂട്ടാൻ

ചേമ്പും മാങ്ങയും മോരും. കേൾക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമാവുന്നുണ്ടോ? എന്നാൽ‌പ്പിന്നെ കൂട്ടാൻ വയ്ക്കാൻ തയ്യാറായിക്കോളീൻ. നല്ല സ്വാദുള്ളൊരു കൂട്ടാനാണിത്. ഉണ്ടാക്കാനും വല്യ പ്രയാസം ഒന്നുമില്ല.



ചേമ്പ് - ചിത്രത്തിൽ ഉള്ളതുപോലെ, അല്ലെങ്കിൽ അധികം വലുപ്പമില്ലാത്തതും വളരെ ചെറുതല്ലാത്തതും ആയ ചേമ്പ് മൂന്നെണ്ണം.

മാങ്ങ - ചെറുത് രണ്ടെണ്ണം. പഴുത്തതാണിവിടെ എടുത്തത്. പച്ച ആയാലും കുഴപ്പമില്ല. അധികം പുളി വേണമെന്നില്ല.

മോര് - കാൽ ലിറ്റർ. മോര് ചേർക്കാൻ ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി.

തേങ്ങയും ജീരകവും - നാല് ടേബിൾസ്പൂൺ തേങ്ങയും ഒരു ടീസ്പൂൺ ജീരകവും. തേങ്ങയുടെ അളവിത്തിരി കൂടിയാലും കുഴപ്പമൊന്നും ഇല്ല.

പച്ചമുളക് - രണ്ടോ മൂന്നോ.

മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും നിങ്ങളുടെ സൌകര്യത്തിനിടുന്നതാവും നല്ലത്. ഏകദേശം കണക്കാക്കിയിട്ടാൽ മതി.

വറവിടാൻ, വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ചുവന്ന മുളക്.

തേങ്ങയും ജീരകവും മിനുസമായി അരയ്ക്കുക. അധികം വെള്ളം ചേർക്കരുത്.




ചേമ്പും മാങ്ങയും തോലുകളഞ്ഞ് എടുക്കുക. കഷണങ്ങളാക്കുക.



ചേമ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക് ചീന്തിയിട്ടത് എന്നിവ ചേർത്ത് വേവാനുള്ള വെള്ളം മാത്രം ഒഴിച്ച് ആദ്യം വേവിക്കുക. ഇവിടെ കുക്കറിലാണ് വേവിച്ചത്.




വെന്തുകഴിഞ്ഞാൽ മാങ്ങാക്കഷണങ്ങൾ ചേർത്ത്, വെള്ളം വേണമെങ്കിൽ ഒഴിച്ച് ഒന്നു വേവിക്കുക. മാങ്ങയ്ക്ക് വേവാൻ വളരെക്കുറച്ചേ സമയം വേണ്ടൂ. അപ്പോൾത്തന്നെ ഉപ്പും മുളകുമൊക്കെ മാങ്ങയിലും പിടിച്ചോളും. പിന്നെ മോരൊഴിച്ച് തിളപ്പിക്കാം. വേണ്ടെങ്കിൽ ഒഴിക്കേണ്ട.





പിന്നെ തേങ്ങയരച്ചത് ചേർത്ത് തിളപ്പിച്ച് വാങ്ങിവെച്ച് വറവിടുക. തേങ്ങ കൂട്ടിക്കഴിഞ്ഞാൽ ഉപ്പ് പാകം നോക്കി വേണമെങ്കിൽ ചേർക്കുക.

മുളകുപൊടിയ്ക്കു പകരം തേങ്ങയരയ്ക്കുമ്പോൾ ചുവന്ന മുളകോ പച്ചമുളകോ പാകത്തിനു ചേർത്ത് അരയ്ക്കാം.

Wednesday, August 17, 2011

ബിസ്ക്കറ്റ് പഴം ഗാത്തോ

ഗാത്തോ (Gateau) എന്നു കേട്ടാൽ നിങ്ങൾ പേടിക്കരുത്. സംഗതി വളരെ ലളിതമായ ഒരു കാര്യമാണ്. പക്ഷെ അതിന്റെ പേര് അങ്ങനെ ആയിപ്പോയി. അതിനെക്കുറിച്ച് വലുതായൊന്നും അറിയുകയുമില്ല. എന്നാലും ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് എന്നു മനസ്സിലായി. പഴങ്ങളും മധുരവും ഇഷ്ടമുണ്ടെങ്കിൽ വേഗം ഉണ്ടാക്കിക്കോളീൻ.

പലതരം പഴങ്ങൾ.
അല്പം പഞ്ചാരപ്പൊടി.
ക്രീം.
ഓറഞ്ച്നീര്.
പഞ്ചാരബിസ്കറ്റ്.

ഇത്രേം സാധനങ്ങൾ വേണം.









കദളിപ്പഴം, ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, പേരയ്ക്ക, സപ്പോട്ട എന്നിങ്ങനെയൊക്കെയുള്ള പലതരം പഴങ്ങൾ, നിങ്ങൾക്കിഷ്ടമുള്ളത്, കൊണ്ടുവന്ന് വളരെച്ചെറുതാക്കി അരിഞ്ഞുവയ്ക്കുക.

തോലും കുരുവും കളയേണ്ടതൊക്കെ കളയണം.

ക്രീം അല്പം പഞ്ചാരപ്പൊടിയും ചേർത്ത് അടിച്ചുപതപ്പിച്ച് വയ്ക്കുക.




ഒരു പരന്ന പാത്രം എടുത്തുവച്ച്, ബിസ്ക്കറ്റ് ഓരോന്നായി ഓറഞ്ചുനീരിൽ മുക്കി, അടുക്കിവയ്ക്കുക.





അതിനുമുകളിൽ ക്രീം ഒഴിച്ചുതേച്ചു വയ്ക്കുക.




അതിനുമുകളിൽ പഴങ്ങൾ അരിഞ്ഞത് നിരത്തുക.





പിന്നേം ബിസ്ക്കറ്റ് ഓറഞ്ചുനീരിൽ മുക്കി വയ്ക്കുക. പിന്നേം ക്രീം, പിന്നേം പഴങ്ങൾ. അങ്ങനെ വെച്ചുവെച്ച് അവസാനം പഴം വരുന്ന വിധത്തിൽ അടുക്കിക്കൊണ്ടിരിക്കുക. കഴിഞ്ഞാൽ കുറച്ചുനേരം ഫ്രിഡ്ജിൽ വയ്ക്കുക.
പിന്നെ എടുത്തുതിന്നുക. ഓരോ ബിസ്ക്കറ്റിന്റേം അടുത്തുനിന്ന് സ്പൂൺ കൊണ്ട് അടിയിൽ നിന്നു മുകളിൽ വരെ ഒരുമിച്ചു കോരിയെടുക്കുക.

ഇത്രേയുള്ളൂ പണി. ക്രീമിനു പകരം ചോക്ലേറ്റ് വേണമെങ്കിൽ അതും അലിയിച്ച് നിരത്താം. പലവിധത്തിൽ ഗാത്തോ ഉണ്ടാക്കാം. അതൊക്കെ പരീക്ഷിച്ചിട്ടു പറയാം.

Tuesday, June 14, 2011

മുത്താറിക്കുറുക്ക്

മുത്താറി അഥവാ പഞ്ഞപ്പുല്ല് അഥവാ റാഗി കൊച്ചുകുട്ടികൾക്കുമാത്രമല്ല വല്യവർക്കും കഴിക്കാം. പ്രമേഹരോഗികൾക്ക് ഇടയ്ക്ക് ഇത് കഴിക്കാം. മധുരം ഇടരുതെന്നു മാത്രം. കുട്ടികൾക്കാവുമ്പോ മധുരം വേണം.
മുത്താറിപ്പൊടിയാണ് വാങ്ങുന്നതെങ്കിൽ കുറുക്ക് ഉണ്ടാക്കൽ വേഗം കഴിയും.




ഇനി മുത്താറി അപ്പാടെയാണെങ്കിലോ? അത് വീട്ടിൽത്തന്നെ അരച്ചെടുക്കുന്നതല്ലേ ആരോഗ്യത്തിനു ശരിക്കും നല്ലത്?

ആദ്യം തന്നെ മുത്താറി കുറച്ചെടുത്ത് വെള്ളത്തിൽ ഇട്ടുവയ്ക്കുക. വെള്ളത്തിൽ മുങ്ങിക്കിടക്കണം. ഒന്നോ രണ്ടോ മണിക്കൂർ. അത്രയില്ലെങ്കിലും സാരമില്ല.

അത് കഴുകിയെടുത്ത് അരയ്ക്കുക. വെള്ളം കുറച്ച് ഒഴിയ്ക്കണം. അരഞ്ഞാൽ അരിപ്പയിൽ അരിച്ചെടുക്കുക. കിട്ടുന്ന കരട് ഒന്നുകൂടെ വെള്ളം ചേർത്ത് അരയ്ക്കുക. പിന്നേം അരിയ്ക്കുക.



അരിപ്പയിൽ അരിച്ച കരട് ആണിത്. അരച്ച്, അരിച്ച് എടുത്തത്. കളയാനുള്ളത്.


അരച്ചെടുത്തതിൽ കുറച്ചുകൂടെ വെള്ളം ചേർത്ത് അടുപ്പത്തുവച്ച് കുറുക്കുക. കുറച്ച് പാൽ ചേർക്കാം. കുറുക്ക് പാകമാവുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക.




കുറുക്ക് തയ്യാർ. ഇത് മധുരമില്ലാത്ത കുറുക്ക്.

കുട്ടികൾക്കാണെങ്കിൽ കൽക്കണ്ടം പൊടിച്ചിട്ടതും, പാലും ചേർത്ത് കുറുക്കുക. അല്ലെങ്കിൽ ശർക്കര മാത്രം ചേർത്ത് കുറുക്കുക. വല്യവർക്ക് വേണമെങ്കിൽ പഞ്ചസാരയും പാലുംചേർത്ത് കുറുക്കുക.

അമ്മയാണ് മുത്താറി കാച്ചിയത്. അച്ഛൻ കഴിച്ചോളും എന്നു ഞങ്ങൾ വിചാരിച്ചു. ഇത്രയൊന്നും എനിക്കുവേണ്ടെന്ന് അച്ഛൻ. കുറച്ച് അച്ഛൻ കഴിച്ചു. ബാക്കിയുള്ളതിൽ മധുരം ചാർത്തി ഞങ്ങളും.

Thursday, June 09, 2011

പാഞ്ചാലിച്ചീര

പാണ്ഡവന്മാരുടെ വനവാസകാലത്ത് പാഞ്ചാലിയ്ക്ക് സൂര്യനിൽ നിന്ന് അക്ഷയപാത്രം കിട്ടുന്നു. അക്ഷയപാത്രത്തിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും. പക്ഷെ, പാഞ്ചാലി കഴിച്ചുകഴിഞ്ഞാൽ അതിൽ ആ ദിവസം പിന്നെ ആഹാരം ഒന്നും ആ പാത്രത്തിൽ ഉണ്ടാവില്ല. അങ്ങനെയിരിക്കെ ഒരിക്കൽ, ദുർവ്വാസാവ് മഹർഷി, കൌരവരുടെ കൊട്ടാരത്തിൽ വന്നു താമസിക്കുകയും, ദുര്യോധനൻ, മുനിയ്ക്കും കൂടെയുള്ള ശിഷ്യന്മാർക്കും വേണ്ടതൊക്കെ ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അപ്പോ മുനി, ദുര്യോധനനോട് വരം ചോദിക്കാൻ പറയുന്നു. അപ്പോ പാണ്ഡവരെ ഒന്നു പറ്റിയ്ക്കാമെന്നു കരുതി, ദുര്യോധനൻ പറയും, പാണ്ഡവന്മാരെക്കാണാൻ അങ്ങ് ശിഷ്യന്മാരോടു കൂടെ പോകണം എന്ന്. അതും അവരുടെ ഭക്ഷണശേഷം. അവർ അങ്ങനെ, പാണ്ഡവരുടെ അടുക്കൽ ചെന്ന സമയത്ത്, എല്ലാവരുടേം, പാഞ്ചാലിയുടേയും, ഭക്ഷണം കഴിഞ്ഞിരുന്നു. മുനിയും ശിഷ്യന്മാരും കുളിക്കാനും ജപിക്കാനും പോയി. അവർ എത്തുമ്പോഴേക്കും ഭക്ഷണം വേണം. അല്ലെങ്കിൽ മുനിക്ക് കോപം വന്നു ശപിച്ചേക്കും എന്ന് പാണ്ഡവന്മാർ കരുതി. പാഞ്ചാലി വിഷമിച്ച്, ശ്രീകൃഷ്ണനെ വിളിച്ച് പ്രാർത്ഥിയ്ക്കും. ശ്രീകൃഷ്ണൻ അവിടെയെത്തും. എന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, ഭക്ഷണം കഴിഞ്ഞുവെന്നും ഇനി ഒന്നുമില്ലെന്നും പാഞ്ചാലി പറയുന്നു. അപ്പോ, അക്ഷയപാത്രം കൊണ്ടുവരാൻ ശ്രീകൃഷ്ണൻ പറയുന്നു. പാഞ്ചാലി, പാത്രം കൊണ്ടുവന്നുകൊടുത്തപ്പോൾ അതിന്റെ വക്കിൽ ഒരു ചീരയില കാണുകയും ശ്രീകൃഷ്ണൻ അതു കഴിക്കുകയും ചെയ്യുന്നു. പിന്നെ, മുനിയേയും ശിഷ്യന്മാരേയും ഭക്ഷണം തയ്യാറായി എന്നും പറഞ്ഞ് വിളിച്ചുകൊണ്ടുവരാൻ പറയുന്നു. പക്ഷേ, ദുർവ്വാസാവിനും ശിഷ്യന്മാർക്കും ഭക്ഷണം വേണ്ടായിരുന്നു. പാണ്ഡവരുടെ അടുക്കലേക്ക് ചെന്ന് ഭക്ഷണം വേണ്ടെന്ന് പറയാനും മടിയായി. ശ്രീകൃഷ്ണനോടും പാണ്ഡവരോടും ശത്രുത കാണിക്കുന്നത് പന്തിയാവില്ലെന്നു കണ്ട് അവർ വേഗം സ്ഥലം വിട്ടു. അങ്ങനെ ഒരു ചീരയില കൊണ്ട് പാഞ്ചാലി വല്യൊരു ശാപത്തിൽ നിന്ന് രക്ഷപ്പെട്ടു.

കഥ കഴിഞ്ഞു. ഇനി കാര്യം.

പാഞ്ചാലിച്ചീര എന്ന് അറിയപ്പെടുന്ന ചീര കൊണ്ട് ഉപ്പേരി അഥവാ തോരൻ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. അമ്മാമന്റേം അമ്മായിയുടേം വീട്ടിൽ പറമ്പിലാണ് ഈ ചീരകൾ നിൽക്കുന്നത്. നട്ടുവളർത്തേണ്ട ആവശ്യമൊന്നുമില്ല. ഇഷ്ടം പോലെ ഉണ്ടാവും. അമ്മായി പണ്ടേ പറഞ്ഞിരുന്നു, ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കോന്ന്. പക്ഷേ അപ്പോ എനിക്കു സൌകര്യമില്ലായിരുന്നു. ഇപ്പോ അവിടെപ്പോയപ്പോൾ സൌകര്യം കിട്ടി. എന്റെ ബ്ലോഗിനുവേണ്ടിയുള്ള ഉപ്പേരിവയ്ക്കലായതുകൊണ്ടും, അവിടെത്തന്നെയുള്ള കായ മെഴുക്കുപുരട്ടി ഉണ്ടാക്കിയതുകൊണ്ടും ആരും എന്നെ സഹായിച്ചില്ല. വെറുതെ, പ്രോത്സാഹിപ്പിച്ചു.




ചീര ഇതാ പറമ്പിൽ.




അതിന്റെ പൂവ്. മൊട്ടും.




അത് സാധാരണ എല്ലാ ചീരകളും പൊട്ടിച്ചെടുക്കുന്നതുപോലെ വേരിനു കുറച്ചു മുകളിൽ വെച്ച് പൊട്ടിച്ചെടുത്തത്. കൈ കൊണ്ട് പൊട്ടിക്കുകയേ വേണ്ടൂ.





കഴുകി, അരിഞ്ഞത്. നല്ല ഇലകളായിരുന്നു മിക്കതും. അതുകൊണ്ട് അധികം തരം തിരിയ്ക്കൽ വേണ്ടിവന്നില്ല. പൂവും മൊട്ടും കളയാം.

അടുപ്പത്ത് ചീനച്ചട്ടി വെച്ച്, വെളിച്ചെണ്ണ ഒഴിയ്ക്കുക. ഉഴുന്നുപരിപ്പ് അല്പം ഇടുക്കുക. ചുവക്കുമ്പോഴേക്കും കടുകും ചുവന്ന മുളകും ഇടുക. കറിവേപ്പിലയും ഇട്ടാൽ പ്രശ്നമൊന്നുമില്ല. മുറിച്ചുവെച്ച ചീര ഇടുക. ആവശ്യത്തിനു മഞ്ഞൾപ്പൊടിയും ഉപ്പും ഇടുക. വെള്ളം ഒഴിക്കാനേ പാടില്ല. ചൂടാവുന്നതിനനുസരിച്ച് ചീരയിൽ വെള്ളം കയറും. നല്ല തീയുണ്ടെങ്കിൽ വറ്റും. വാങ്ങിവെച്ച് ചിരവിയ തേങ്ങ ഇടുക.




ഉപ്പേരി തയ്യാർ.

സാമ്പാറും, ചക്കക്കുരു ഇട്ട്, ഓലനും ഒക്കെ വയ്ക്കാം എന്നു പറഞ്ഞു. ഉപ്പേരിയ്ക്ക് നല്ല സ്വാദുണ്ട്.

ഈ ചീരയ്ക്ക് പാഞ്ചാലിച്ചീര എന്ന പേരു വന്നത് മുകളിൽ‌പ്പറഞ്ഞ കഥ കൊണ്ടാണെന്നും പറഞ്ഞു. കഥയും പറഞ്ഞു. പുസ്തകത്തിൽ എവിടെയെങ്കിലും നോക്കുന്നത് നല്ലതാണെന്നും പറഞ്ഞു. നോക്കിയതുകൊണ്ട്, കഥയ്ക്ക് കടപ്പാട് :- പുരാണിക് എൻസൈക്ലോപീഡിയ- വെട്ടം മാണി.

Tuesday, May 24, 2011

മാങ്ങാത്തെര

മാങ്ങാത്തെര അഥവാ മാങ്ങാക്കച്ച് എന്ന് അറിയപ്പെടുന്ന വിഭവം, മാങ്ങാക്കാലത്ത്, നല്ല വെയിലുള്ള കാലത്ത് ഉണ്ടാക്കി സൂക്ഷിക്കാൻ പറ്റിയ ഒന്നാണ്. എന്റെ കസിൻ സഹോദരന്റെ ഭാര്യ എല്ലാ വേനലവധിക്കും സ്വന്തം വീട്ടിൽ പോയിട്ട് ഇതുകൊണ്ടുവരും. അവിടെ അമ്മയുണ്ടാക്കിയത്. ഇവിടെയും എല്ലാവർക്കും അറിയാമെങ്കിലും ഉള്ള മാങ്ങയൊക്കെ തിന്നുതീർക്കുന്നതുകൊണ്ട് ആരും ഉണ്ടാക്കാൻ ശ്രമിക്കാറില്ലായിരുന്നു. ഇത്തവണ ഞാൻ ആ അമ്മയെ ഫോൺ ചെയ്ത് ഇതിന്റെ എല്ലാ ഗുട്ടൻസുകളും ചോദിച്ചറിഞ്ഞു. ഉണ്ടാക്കാനും തുടങ്ങി. അത് ഇങ്ങനെയൊക്കെ ആയിക്കിട്ടി. ഇനി നിങ്ങൾക്കും ഇതൊക്കെ ഒന്നു പരീക്ഷിച്ചൂടേ?

ഇത് ചെയ്യാൻ നന്നായി പഴുത്ത മാങ്ങകൾ വേണം. മൂവാണ്ടൻ മാങ്ങയുണ്ടെങ്കിൽ നല്ലത്. ഇവിടെ വാങ്ങിക്കൊണ്ടുവന്ന മാങ്ങയാണ് ഉപയോഗിച്ചിരിക്കുന്നത്.

ചെയ്യേണ്ട വിധം :-




പഴുത്ത മാങ്ങ തോലു കളയുക.



അതിന്റെ ചാറ് നന്നായി പിഴിഞ്ഞെടുക്കുക. കഷണങ്ങളും ഉണ്ടെന്നു തോന്നുന്നെങ്കിൽ മിക്സിയിൽ അടിച്ചെടുക്കുക.

ഒരു പായയിലോ, പ്ലാസ്റ്റിക്ക് കടലാസ്സിലോ ഇത് നേർമ്മയിൽ തേച്ചുപിടിപ്പിക്കുക.




ഉണക്കാൻ വയ്ക്കുക. നല്ല വെയിൽ ഉണ്ടെങ്കിൽ വേഗം ഉണങ്ങും.





പിറ്റേ ദിവസം ആ ഉണങ്ങിയതിനു മുകളിൽ മാങ്ങാച്ചാറ് വീണ്ടും തേയ്ക്കുക. വേണമെങ്കിൽ ശർക്കര കൂട്ടാം. അഥവാ മാങ്ങയ്ക്ക് പുളിയുണ്ടെങ്കിൽ അതു പോയിക്കിട്ടും.

കട്ടിയിൽ തേയ്ക്കരുത്. എന്നാൽ ഓരോ ദിവസം തേയ്ക്കുന്നതും അന്നന്നു തന്നെ ഉണങ്ങിക്കിട്ടും.



അങ്ങനെ നിങ്ങൾക്കാവശ്യമുള്ള കട്ടിയിൽ തേച്ചുപിടിപ്പിച്ച് ഉണക്കി തെര ഉണ്ടാക്കിയെടുക്കുക.




ഇത്രേം കട്ടിയിൽ ഒന്നും വേണമെന്നില്ല കേട്ടോ. ശരിക്കും ഉണങ്ങിയാൽ കറുപ്പുനിറമാവും.



സൂക്ഷിച്ചുവച്ച് പഴുത്ത മാങ്ങ ഇല്ലാത്ത കാലത്ത് ചോറിനൊപ്പം കഴിക്കുക. കറികളിൽ ഇടുകയും ചെയ്യാം. വെറുതെ തിന്നാനും നല്ലതുതന്നെ.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]