Saturday, July 31, 2010
മത്തങ്ങ കൂട്ടുകറി
സുന്ദരിമത്തൻ എന്നാണ് ഞങ്ങൾ ഈ മത്തനു പറയുന്നത്. കുഞ്ഞുമത്തൻ. മത്തങ്ങ കൊണ്ട് ഒരുപാട് വിഭവങ്ങളുണ്ടാക്കാം. അല്പം മധുരമുള്ളൊരു വസ്തുവാണ് മത്തങ്ങ. മത്തങ്ങ കൊണ്ട് ഒരു കൂട്ടുകറിയുണ്ടാക്കിയേക്കാമെന്ന് വെച്ചു. വെള്ളക്കടല/ചനയും ഇട്ട്. ഓണമൊക്കെ വരുന്നതല്ലേ? എല്ലാവർക്കും മത്തങ്ങ വെള്ളക്കടല കൂട്ടുകറിയുണ്ടാക്കാമല്ലോ.
ജോലി തുടങ്ങാം?
മത്തങ്ങ - മുഴുവൻ മത്തങ്ങയുടെ ചിത്രത്തിൽ ഉള്ളതിന്റെ പകുതിയെടുത്ത് തോലും കുരുവുമൊക്കെ കളഞ്ഞ് മുറിച്ച് കഴുകിയെടുക്കുക. സാധാരണയായി ചേനയും കായയും ഒക്കെ നല്ല കുഞ്ഞുകുഞ്ഞു ചതുരക്കഷണങ്ങളാക്കുകയാണ് പതിവ്. മത്തങ്ങ വേഗം വെന്തുടയുന്ന ഒന്നായതുകൊണ്ട് അല്പം വലുതായാലും കുഴപ്പമില്ല.
വെള്ളക്കടല/ചന - 100 ഗ്രാം. തലേന്ന് അല്ലെങ്കിൽ അഞ്ചെട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവയ്ക്കണം.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മുളകുപൊടി - അര ടീസ്പൂൺ. (കുറയ്ക്കാം).
തേങ്ങ ചിരവിയത് - 5 ടേബിൾസ്പൂൺ. (4 ആയാലും കുഴപ്പമില്ല). അരയ്ക്കാനുള്ളതാണ്.
ജീരകം - അര ടീസ്പൂൺ.
തേങ്ങയും ജീരകവും അധികം വെള്ളം ചേർക്കാതെ അരയ്ക്കുക.
തേങ്ങ ചിരവിയത് - 3 ടേബിൾസ്പൂൺ. (2 ആയാലും കുഴപ്പമില്ല). വറവിടാനുള്ളതാണ്.
പിന്നെ ഉപ്പ്, കടുക്, കറിവേപ്പില, വെളിച്ചെണ്ണ ഒക്കെ കുറച്ച്.
ആദ്യം തന്നെ ചന കഴുകി വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കുക. നല്ലപോലെ വേവണം. തിന്നുമ്പോൾ കട്ടിയിൽ ഉണ്ടാവരുത്. വേവാൻ കഷ്ടിച്ച് വേണ്ടിവരുന്ന വെള്ളമേ ഒഴിക്കാവൂ.
മത്തങ്ങ, ഒരു പാത്രത്തിലെടുത്ത്, മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് കുറച്ച് വെള്ളവുമൊഴിച്ച് അടുപ്പത്തുവയ്ക്കുക. മത്തങ്ങയുടെ അല്പം മുകൾഭാഗം വരെ മതി വെള്ളം. തിളച്ചാൽ തീ കുറച്ച് അടച്ചുവേവിക്കുക.
പകുതിവേവായാൽ വെന്ത ചന അതിലേക്കിടുക. ചനയ്ക്കും ഉപ്പും മുളകുമൊക്കെ പിടിക്കണമല്ലോ. ചന ഒന്നുടച്ചിട്ട് ഇടുകയും ചെയ്യാം.
വെന്താൽ, എല്ലാം കൂടെ യോജിച്ചാൽ അതിൽ തേങ്ങ ചേർക്കുക. തീ കുറച്ചിട്ടായിരിക്കണം ഒക്കെ ചെയ്യുന്നത്. വെള്ളം ചേർക്കണമെന്നില്ല. പാത്രത്തിൽ ഒട്ടും ഇല്ലെങ്കിൽ അല്പം ചേർക്കാം. കരിഞ്ഞുപോകാതിരിക്കാൻ വേണ്ടി മാത്രം.
തേങ്ങ തിളയ്ക്കും. അതുകഴിഞ്ഞാൽ വാങ്ങിവയ്ക്കുക. വറുക്കാൻ വെച്ച തേങ്ങ അല്പം വെളിച്ചെണ്ണ ചേർത്ത് ചുവപ്പുനിറത്തിൽ വറുത്ത് ഇടുക. കറിവേപ്പിലയും അതിനോടൊപ്പം വറത്തിടാം. തേങ്ങ മൊരിഞ്ഞാൽ അതിൽത്തന്നെ കടുകും ഇടുന്നതുകൊണ്ടു കുഴപ്പമില്ല. പക്ഷെ, അത് വേറെ തന്നെ വറവിട്ടാൽ മതി.
വെള്ളം തീരെയില്ലെന്ന് ഈ ചിത്രം കണ്ടാൽ മനസ്സിലാവുന്നില്ലേ? അല്പം ഉണ്ടെങ്കിലും കുഴപ്പമൊന്നുമില്ല.
നല്ല സ്വാദുണ്ട്. എല്ലാവരും ഉണ്ടാക്കിക്കഴിക്കുക.
Subscribe to:
Post Comments (Atom)
14 comments:
കുറച്ച് മധുരം ചേര്ക്കാന് പറ്റുമോ?
അനിലൻ :) ശർക്കര ചേർക്കുമെന്ന് കേട്ടിട്ടുണ്ട്. ഇവിടെ ചേർക്കാറില്ല.
ugran
chechi waiting for your Onam special...
ഓണം ആയിട്ട് ഈ സു ചേച്ചി എവിടെ പോയി കിടക്കുന്നു???
കൂട്ടുകറിയ്ക്ക് അല്ലേലും ഒരു പ്രത്യേക രുചിയാണ്
:)
കഷ്ടമായി പോയി സു ചേച്ചി വളരെ പ്രതീക്ഷയോടെയാണ് ഓണവിഭവങ്ങള്ക്കായി കാത്തിരുന്നത്... നിരാശരാക്കി !
നീമ :)
കോമാളി :) ഓണക്കോടിയിങ്ങെടുത്തോ. എന്നിട്ട് ബാക്കി പറയാം.
ശ്രീ :)
koottukari ipozhanu kazhichatu.....nannayitundu
ജാനി :)
ഇതു ഞാൻ പരീക്ഷിച്ചു. സക്സസ്!!! :)))
വളരെ നന്ദി. ഇതുപോലെ ഫ്രഷ് ഐറ്റം ഇനിയും വരട്ടെ.
(അല്ലാ ഇവിടെ അടുക്കള അടച്ചോ?? ഊണുറെഡി ബോർഡ് ഒക്കെ എടുത്ത് അകത്തുവച്ചോ???)
കുമാർ :) കൂട്ടുകറി പരീക്ഷിച്ചതിനു നന്ദി. വന്നു പറഞ്ഞതിനും.
സൂ, ഞാൻ ബ്രാക്കറ്റിൽ ചോദിച്ചതിനു ഉത്തരം കിട്ടിയില്ല. ഇതിന്റെ അടുക്കളയിൽ, അടുപ്പിൽ, പൂച്ച കയറി കിടക്കുന്നതു കണ്ടില്ലേ?
രുചി രസം സജീവമാക്കൂ.. ഇതൊക്കെയല്ലേ ഒരു രസം.
കുമാർ :) ബ്ലോഗ് നിർത്തിയിട്ടില്ല. പല പ്രശ്നങ്ങളുമുണ്ട്. അതൊക്കെ ഒരു വഴിക്കാക്കിയിട്ട് വീണ്ടും തുടങ്ങും. നിറഞ്ഞുകവിഞ്ഞ ബൂലോഗത്തിൽ നിന്ന് ഒരാളെങ്കിലും, കറിവേപ്പിലയിൽ പോസ്റ്റ് ഇടുന്നില്ലേന്ന് ചോദിക്കാനെത്തിയതിൽ സന്തോഷം. (കഥയും കവിതയുമൊക്കെ ഇടുന്നുണ്ട്. അതും വായിക്കാവുന്നതാണ്. ;))
Post a Comment