കാരറ്റ് എരിശ്ശേരി എളുപ്പത്തിലുണ്ടാക്കാം. ഒരു സാദാ കൂട്ടാനാണിത്. സാമ്പാർ, കാളൻ, പുളിയിഞ്ചി, പച്ചടി എന്നീ പുളിയുള്ളതൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിൽ അതിനൊപ്പം പുളിയില്ലാത്തൊരു കൂട്ടാൻ വേണമെന്ന് തോന്നിയാൽ ഉണ്ടാക്കാം.
ആവശ്യമുള്ളത്:-
കാരറ്റ് - മൂന്നെണ്ണം കഴുകി മുറിച്ചത്. തോല് അധികം ചെത്തിക്കളയരുത്. തോലിന്റെ അടുത്താണ് പോഷകം മുഴുവൻ.
തേങ്ങ - മൂന്ന് അല്ലെങ്കിൽ നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.
പരിപ്പ് - ചെറുപരിപ്പോ തുവരപ്പരിപ്പോ ആവാം. രണ്ട് ടേബിൾസ്പൂൺ. അധികം എടുത്താലും കുഴപ്പമൊന്നുമില്ല. അധികം വെള്ളം പോലെയാവില്ല അപ്പോൾ. കട്ടിയിൽ നിൽക്കും.
മുളകുപൊടി - കാൽ ടീസ്പൂണിലും കുറച്ച്. എരിവു വേണമെങ്കിൽ അളവ് കൂട്ടുക.
മഞ്ഞൾപ്പൊടിയും ഉപ്പും പാകത്തിനു ഇടുക.
വറവിടാൻ കറിവേപ്പില, കടുക്.
പരിപ്പ് കഴുകിയെടുക്കുക. അതിന്റെ കൂടെ കാരറ്റും, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഇട്ട് വേവിക്കുക. തേങ്ങയും ജീരകവും കൂടെ അരയ്ക്കുക. കഷണങ്ങൾ വെന്താൽ ഉപ്പ് ചേർത്ത് ഇളക്കുക. തേങ്ങയും ചേർത്ത് ഇളക്കി ആവശ്യത്തിനു വെള്ളവും ചേർത്ത് തിളപ്പിയ്ക്കുക. വറവിടുക.
ചെറിയ കുട്ടികൾക്കും കൂടെ പറ്റിയ കറിയാണിത്. മുളകുപൊടിയിടാതെയുണ്ടാക്കിയാൽ മതി.
Subscribe to:
Post Comments (Atom)
6 comments:
ശരിയാ. വലിയ കഷ്ടപ്പാടില്ലാതെ ഉണ്ടാക്കാം. :)
ശ്രീ :) എളുപ്പമാണ്.
:)super, don't forget breakfast items
നീമ :) ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് കുറേയുണ്ടല്ലോ ഇവിടെ? പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങിയവ.
ഉണ്ടാക്കി നോക്കണം. വേറെ കറിയൊന്നുമില്ലെങ്കിലും ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാമായിരിക്കുമല്ലേ? :)
ബിന്ദൂ :) അച്ചാറൊക്കെ മതി കൂടെ.
Post a Comment