സാലഡ് അഥവാ സലാഡ് ആരോഗ്യത്തിന് പറ്റിയ ഒന്നാണ്. വിവിധതരത്തിൽ സാലഡുകൾ ഉണ്ടാക്കാം. പല തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും പലതരത്തിൽ യോജിപ്പിച്ച് സാലഡുണ്ടാക്കാം. ചപ്പാത്തിയ്ക്കൊപ്പവും, ബിരിയാണി, പുലാവ് എന്നിവയ്ക്കൊപ്പവും ചോറിനൊപ്പവും സാലഡ് കഴിക്കാം. വെറുതെയും കഴിക്കാം.
ഇവിടെ ഉണ്ടാക്കിയ സാലഡ് എങ്ങനെ തയ്യാറാക്കി എന്നു പറയാം. എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണെന്ന് പറയേണ്ട കാര്യമില്ല. പിന്നെ ശ്രദ്ധിയ്ക്കേണ്ട കാര്യം നല്ല, കേടാകാത്ത, ദുസ്വാദില്ലാത്ത പച്ചക്കറികളും പഴങ്ങളുമൊക്കെ സാലഡിനുവേണ്ടി എടുക്കുക. എല്ലാം ഒരു കഷണമെടുത്ത് രുചിച്ചുനോക്കുക.
തക്കാളി - രണ്ടെണ്ണം.
ചെറുനാരങ്ങ - ഒരു കഷണം.
കക്കിരിക്ക - ഒന്ന്. അധികം വലുതും അധികം ചെറുതുമല്ലാത്തത്. (ചിത്രത്തിലെപ്പോലെ). കഴുകുക, തോലുകളയുക.
ഓറഞ്ച് - ഒന്ന്.
ഇഞ്ചി - ഒരു കഷണം. അധികം വലുതുവേണ്ട. തോലുകളഞ്ഞ് കഴുകിയെടുക്കുക.
വലിയ ഉള്ളി - ഒന്ന് വലുത്. തോലുകളയുക. കഴുകുക.
ഉപ്പ്.
എല്ലാം ചെറുതാക്കി അധികം കനമില്ലാതെ നീളത്തിൽ അരിയണം. ഓറഞ്ച്, തോലുകളഞ്ഞ് കുരു കളഞ്ഞ് ചെറുതാക്കി മുറിയ്ക്കുക. കുരു സാലഡിൽ ചേരരുത്. അതു കടിച്ചുപോയാല്‍പ്പിന്നെ കയ്പ്പോടു കയ്പ് ആയിരിക്കും.
അരിഞ്ഞുകഴിഞ്ഞാൽ അതിൽ ഉപ്പിടണം. എല്ലാം കൂടെ യോജിപ്പിക്കണം. പിന്നെ അതിൽ നാരങ്ങക്കഷണം പിഴിഞ്ഞ് ഒഴിച്ച് ഒന്നുകൂടെ യോജിപ്പിക്കുക. സാലഡ് തയ്യാർ.
വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. കഴിക്കുന്നതിനു കുറച്ചുമുമ്പ് മാത്രം ഉണ്ടാക്കിയാൽ മതി.
കക്കിരിക്കയിലെ വെള്ളം വരും. അത് നല്ലതാണ്. ഇനി അതിഷ്ടമായില്ലെങ്കിൽ അടുത്തപ്രാവശ്യം ഉണ്ടാക്കുമ്പോൾ കക്കിരിക്ക ആദ്യം മുറിച്ച് ഉപ്പിട്ട് വെള്ളം പിഴിഞ്ഞുകളഞ്ഞതിനുശേഷം എടുക്കുക. അതത്ര നല്ല കാര്യമല്ല.
Subscribe to:
Post Comments (Atom)
2 comments:
അതു കൊള്ളാമല്ലോ. (ഓറഞ്ചും ചേര്‍ക്കാമല്ലേ?)sed
ശ്രീ :) ഓറഞ്ചും ചേർക്കാം.
Post a Comment