Friday, April 09, 2010

മാങ്ങാക്കാളൻ

മാങ്ങാക്കാളൻ, മാമ്പഴക്കാളൻ, മാമ്പഴപ്പുളിശ്ശേരി, മധുരക്കാളൻ എന്നിങ്ങനെയൊക്കെയുള്ള പേരിട്ട് ഇതിനെ വിളിക്കാം. എന്തായാലും ഈ കൂട്ടാൻ അടിപൊളിയാണ്. ഉണ്ടാക്കിവെച്ചാൽ പെട്ടെന്ന് തീർന്നുപോകും. പഴുത്ത മാങ്ങ എന്നു പറഞ്ഞാൽത്തന്നെ മിക്കവർക്കും പ്രിയം. അപ്പോപ്പിന്നെ അതു വെറുതെ തിന്നുതീർക്കുന്നതിനു പകരം കൂട്ടാൻ വയ്ക്കാം. എന്നാൽ മാങ്ങയും തിന്നാം, കൂട്ടാനും കൂട്ടാം.

മാങ്ങാക്കാളൻ എളുപ്പത്തിലുണ്ടാക്കാം.





നല്ല പഴുത്ത മാങ്ങ വേണം - നാലെണ്ണം. ചിത്രത്തിൽ ഉള്ളതുപോലെ വലുതാണെങ്കിൽ നാലു മതി. അല്ലെങ്കിൽ നല്ല ചെറിയ നാടൻ മാങ്ങയാണെങ്കിൽ എട്ടെണ്ണം എടുക്കാം. നന്നായി പഴുത്തിട്ടുണ്ടെങ്കിൽ തോലു വലിച്ചുകളയാൻ പറ്റും. അല്ലെങ്കിൽ തോല് ചെത്തിക്കളയണം.

തേങ്ങ - ഒരു മുറി. അധികം വലുതും അധികം ചെറുതുമല്ലാത്ത തേങ്ങ ഒരു മുറി ചിരവിയെടുക്കുക. ഏതു കാളൻ ആയാലും തേങ്ങ നല്ലോണം വേണം.

ജീരകം - അര ടീസ്പൂൺ.

ചുവന്ന മുളക്/ വറ്റൽ മുളക് - 3 എണ്ണം.

തേങ്ങയും ജീരകവും മുളകും കൂടെ നന്നായി അരച്ചെടുക്കുക.

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
മോര്/ തൈര് - ഏകദേശം കാൽ ലിറ്റർ. മാങ്ങയ്ക്ക് പുളിയുണ്ടെങ്കിൽ പുളിയുള്ളത് ചേർക്കണ്ട. പുളി ഇഷ്ടമല്ലെങ്കിലും പുളിയില്ലാത്ത മോരോ തൈരോ ചേർക്കുന്നതാവും നല്ലത്. പക്ഷേ, കാളൻ എന്നു പറയുമ്പോൾ അതിന് കുറച്ച് പുളിയുണ്ടാവുന്നതാണ് നല്ലത്.

പച്ചമുളക് - മൂന്ന്. നീളത്തിൽ മുറിയ്ക്കുക.

വറവിടാൻ കടുക്, കറിവേപ്പില, മുളക്.

ഉലുവ വറുത്തുപൊടിച്ചത് - രണ്ടു നുള്ള്.

ഉപ്പ് - വേണ്ടതുപോലെ ചേർക്കാൻ.




ആദ്യം മഞ്ഞൾപ്പൊടി, ഉപ്പ്, പച്ചമുളക് എന്നിവ മാങ്ങയുടെ കൂടെ ഇട്ട്, കുറച്ച് വെള്ളവും ഒഴിച്ച് മാങ്ങ വേവിക്കുക.




കുക്കറിലാണ് വയ്ക്കുന്നതെങ്കിൽ മാങ്ങയിൽ വെള്ളം വേണ്ട. കൽച്ചട്ടിയിലോ പാത്രത്തിലോ വയ്ക്കുമ്പോൾ വെള്ളമില്ലാതെ പറ്റില്ല.



വെന്താൽ മോരു ചേർക്കുക.





മോരു തിളച്ചു യോജിച്ചാൽ തേങ്ങയരച്ചത് ചേർക്കുക.

തേങ്ങയും തിളച്ചാൽ ഒരു തണ്ട് കറിവേപ്പില ഇടുക.




വാങ്ങിവെച്ച് വറവിടുക.

ഉലുവപ്പൊടിയും ഇടുക.




അരയ്ക്കുമ്പോൾ പച്ചമുളക് ചേർക്കാം. അല്ലെങ്കിൽ മുളകുപൊടി ചേർക്കാം. മുളകു ചേർത്തരയ്ക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത്. മുളക് ഓരോരുത്തരുടെ ഇഷ്ടം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. വേവിക്കുമ്പോൾ പച്ചമുളക് ഇടുന്നത് മാത്രമായാലും മതി, നിങ്ങൾ എരിവ് പ്രിയർ അല്ലെങ്കിൽ.

15 comments:

ചാര്‍ളി (ഓ..ചുമ്മാ ) said...

വന്നോളും കൊതിപ്പിച്ച് കൊല്ലാന്‍ ഓരോരുത്തര്..
ഇന്നെലെ ഇതിവിടെ കണ്ടൂ മന:സമാധാനം പോയതേ ഉള്ളൂ..

പ്ലീസ്, ഫോട്ടൊയിട്ട് കൊതിപ്പിക്കല്ലേ..വയറൂ ശാപം കിട്ടും..


യ്യോ , ചുമ്മാ.. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍...ഒത്തിരി നന്ദി!!

കോമാളി said...

ഹായ് സു ചേച്ചി,
ഈ ഗോലെ ബാജി എങ്ങനെയാണ് ഉണ്ടാക്കുനത്...?
എനിക്ക് ഒന്ന് പറഞ്ഞു തരുമോ???

സു | Su said...

ചാർളീ :) ഇതുണ്ടാക്കാൻ എളുപ്പമല്ലേ?

കോമാളി :) ഗോലെ ബാജി എന്നൊരു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്നെങ്കിലും ഉണ്ടാക്കിയാൽ പോസ്റ്റിടാം. അപ്പോ തീർച്ചയായും വന്നു നോക്കണേ.

ശ്രീ said...

വിഷു സ്പെഷ്യല്‍ ആയിരിയ്ക്കുമല്ലേ സൂവേച്ചീ...

(കൊതിയാകുന്നു)

ശ്രീ said...

വിഷു സ്പെഷ്യല്‍ ആയിരിയ്ക്കുമല്ലേ സൂവേച്ചീ...

(കൊതിയാകുന്നു)

കോമാളി said...

അയ്യോ ഇത് ഉടുപ്പിയില്‍ കിട്ടുന്ന ഒരു പലഹാരമാ,
ഞാന്‍ ഒരു മാഗസിനില്‍ കണ്ടു അപ്പൊ കരുതി ചേച്ചിക്ക് അറിയമാരിക്കുമെന്നു....
ആ പോട്ടെ തല്ക്കാലം വല്ല പരിപ്പ് വടയും മേടിച്ചു തിന്നാം...

സു | Su said...

കോമാളീ :) കോമാളി എന്റെ കമന്റ് ശരിക്കു വായിച്ചില്ലേ? ഇവിടെ ഉണ്ടാക്കിയാല്‍ പോസ്റ്റിടാം എന്നാണ് പറഞ്ഞത്. എനിക്കറിയില്ല എന്നല്ല. ഏതോ ഒരു മാഗസിനില്‍ അല്ല, വനിത ഏപ്രില്‍ 1-14 ആണുള്ളത്. വനിതയൊക്കെ ഇപ്പോ നാട്ടിന്‍‌പുറത്തെ പെട്ടിക്കടകളില്‍ കൂടെ കിട്ടില്ലേ കോമാളീ? ;) പോരാത്തതിനു രണ്ടു പുസ്തകങ്ങള്‍ക്കും കൂടെ പതിനഞ്ചുറുപ്പ്യേം. ;)
പരിപ്പുവട മേടിച്ചു തിന്നുന്നതാണ് നല്ലത്. കാരണം കേരളത്തില്‍ ഗോലെ ബാജി എവിടെ കിട്ടും വാങ്ങിത്തിന്നാന്‍ എന്നറിയില്ല. ;)

ശ്രീ :) വിഷു സ്പെഷല്‍ എന്നൊന്നും ഇല്ലാട്ടോ. മാങ്ങ കിട്ടിയപ്പോ ഒരു ദിവസം കാളന്‍ ആയിക്കോട്ടെ എന്നുവെച്ചു. വിഷുവിന് നാട്ടില്‍ വരുന്നുണ്ടെങ്കില്‍ മാങ്ങാക്കാളന്‍ ഉണ്ടാവുമല്ലോ അല്ലേ?

ശ്രീ said...

വിഷുവിന് നാട്ടില്‍ വരുന്നുണ്ട്... അപ്പോള്‍ മാങ്ങാ കാളനും ഉണ്ടാകുമായിരിയ്ക്കും :)

കോമാളി said...

അപ്പൊ ഉടന്‍ പ്രതീക്ഷിക്കാം അല്ലെ...?
ചേച്ചി വനിതയില്‍ എഴുതാറുണ്ടോ?

ഉപ്പായി || UppaYi said...

എനിക്കിതോന്നും കാണാന്‍ വയ്യേ... :(

Sapna Anu B.George said...

ഇതിങ് മസ്കറ്റിലേക്ക് കൊടുത്തു വിടുമോ?? എന്‍റെ ഏറ്റവും പ്രിയപ്പെട്ട കറിയാണിത്.....എവിടെയാ സു?? എന്‍റെ ബ്ലൊഗ് ഒന്നും വായിക്കാറും ഇല്ല, ഒരു നല്ല വിഷു ആശംസിക്കുന്നു, എല്ലാ ഏശ്വരയങളും ഉണ്ടാവട്ടെ.

സു | Su said...

ശ്രീ :)

കോമാളി :)

ഉപ്പായി :) മാങ്ങ കിട്ടിയാൽ ആദ്യം കാളൻ ഉണ്ടാക്കൂ.

സപ്ന :)സമയം കിട്ടുമ്പോൾ ഉണ്ടാക്കൂ.

കോമാളി said...

സു ചേച്ചി ഇത്തവണത്തെ വനിതയില്‍ നമ്മുടെ ലക്ഷ്മി ചേച്ചി ഗോലെ ബാജി യുടെ റെസിപ്പി ഇട്ടിട്ടുണ്ട് ഒന്ന് നോക്കുമോ?

സു | Su said...

കോമാളി :) വനിത വാങ്ങാൻ പൈസയില്ല. ;) ഏതാ “നമ്മുടെ” ലക്ഷ്മിച്ചേച്ചി?

കോമാളി said...

അയ്യോ പാവം ഇത്ര ദരിദ്ര ആണെന്ന് അറിഞ്ഞില്ല, :-p
ലഷ്മി ചേച്ചി കൈരളി ടിവിയില്‍ മാജിക് ഓവന്‍ അവതരിപ്പിക്കുന്ന...?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]