Tuesday, April 06, 2010
കാമ്പ് പെരക്ക്
വാഴയുടെ ഉള്ളിലെ ഭാഗമാണ് കാമ്പ്. ട്യൂബ് പോലെയുണ്ടാവും. അത് പൊളിച്ചെടുക്കുക. പുറമെനിന്ന് കുറച്ച് പാളികൾ നീക്കണം. അങ്ങനെ ആക്കിയെടുത്താൽ കാമ്പ് പെരക്ക് ഉണ്ടാക്കാൻ തുടങ്ങാം. പെരക്ക്, പച്ചടി പോലെയാണ് ഏകദേശം. വ്യത്യാസം എന്താണെന്നു വെച്ചാൽ പച്ചടിയ്ക്ക് കഷണം വേവിക്കും, പെരക്കിനു വേവിക്കില്ല. കാമ്പ് പെരക്ക് ഉണ്ടാക്കാൻ എളുപ്പമാണ്.
വാഴക്കാമ്പ് - ഒരു കഷണം. ചിത്രത്തിൽ ഉള്ളതിന്റെ നാലിൽ ഒന്ന്.
തേങ്ങ ചിരവിയത് - മൂന്ന് ടേബിൾസ്പൂൺ.
കടുക് - കാൽ ടീസ്പൂൺ
തേങ്ങയും കടുകും അരയ്ക്കുക. വെള്ളത്തിനു പകരം മോരുവെള്ളം ഒഴിച്ച് അരയ്ക്കുക.
മുളകുപൊടി - കാൽ ടീസ്പൂണിലും അല്പം കുറവ്
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - രണ്ടെണ്ണം. (നിർബ്ബന്ധമില്ല).
ഉപ്പ്
തൈർ - അരഗ്ലാസ്സ്.
പുളിയുള്ളത് ഇഷ്ടമാണെങ്കിൽ അത് ഒഴിക്കുക.
മോരായാലും മതി.
കാമ്പ്, വട്ടത്തിൽ, അധികം കനമില്ലാതെ മുറിക്കുക. മുറിക്കുമ്പോൾ, ഒരു വിരലുകൊണ്ട് അതിന്റെ മുകളിൽ തൊട്ടാൽ നൂല് ചുറ്റിയെടുക്കാം. അങ്ങനെയുള്ള നൂല്/നാര് കളയണം. കഴുകിയെടുക്കാം.
പിന്നെ ചെറുതായി അരിയുക. വളരെ ചെറുതാക്കുന്നതാവും നല്ലത്.
അതിലേക്ക് മുളകുപൊടിയിടുക. ഉപ്പിടുക. പച്ചമുളക് അരിഞ്ഞത് ഇടുക. തേങ്ങയരച്ചത് ചേർക്കുക. തൈർ ഒഴിക്കുക. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ വറവിടുക.
ചിലർ, കാമ്പ് ചെറുതാക്കി മുറിച്ചതിനുശേഷം, അതിൽ ഉപ്പിട്ടുവെച്ച്, കുറച്ചുനേരം കഴിഞ്ഞ് ആ വെള്ളം പിഴിഞ്ഞുകളഞ്ഞതിനുശേഷമാണ് പെരക്ക് ഉണ്ടാക്കുക. അങ്ങനെ വേണമെങ്കിൽ അങ്ങനെ ചെയ്യുക. അതിന്റെ ആവശ്യം ഇല്ലെന്നാണ് പുതിയ കണ്ടുപിടുത്തം.
Subscribe to:
Post Comments (Atom)
4 comments:
പണ്ട് ഇഷ്ടമല്ലായിരുന്നു... ഇപ്പോ കഴിയ്ക്കാന്‍ കുഴപ്പമില്ല എന്നായി :)
ഇത് കഴിയ്ക്കുന്നത് വളരെ നല്ലതാണ് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്...
ശ്രീ :) നല്ലതാണ്.
അടിപൊളി... വളരെ നല്ലതാണു..തടി കുറയ്ക്കാന്‍ ബെസ്റ്റ്.. മൂത്രാശയ രോഗങ്ങള്‍ക്കും, കല്ലിനും പ്രതിവിധി ..
perakku is kannur -kasargod special
Post a Comment