Tuesday, February 23, 2010

ചക്കപ്പപ്പടം

ചക്കപ്പപ്പടം തിന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വേനൽക്കാലത്ത് ചക്കപ്പപ്പടം ഉണ്ടാക്കിത്തിന്നുക. വേനൽക്കാലമായി. ഉണക്കിയെടുത്ത് സൂക്ഷിക്കുന്നതൊക്കെ ഉണ്ടാക്കാനുള്ള കാ‍ലമായി. ചക്കക്കാലമായതുകൊണ്ട് ചക്കപ്പപ്പടം തന്നെ ആയിക്കോട്ടെ ആദ്യം. അമ്മായി കുറേ ഉണ്ടാക്കിവച്ച് ഞങ്ങൾക്കൊക്കെ തരാറുണ്ടായിരുന്നു. ഇപ്രാവശ്യം ഞാൻ തന്നെ തുനിഞ്ഞിറങ്ങി. അമ്മായിയോടും മറ്റുള്ളവരോടുമൊക്കെ അഭിപ്രായം ചോദിച്ചറിഞ്ഞു. വളരെക്കുറച്ച് ഉണ്ടാക്കി. വെയിലിനും ചക്കയ്ക്കും ക്ഷാമമില്ലല്ലോ തൽക്കാലം. സമയം കൂടുതലുള്ളപ്പോൾ കൂടുതലുണ്ടാക്കാം.

ചക്കപ്പപ്പടം ഉണ്ടാക്കാൻ ആവശ്യമുള്ളത്:-

പച്ചച്ചക്കച്ചുള - കുരു കളഞ്ഞ് എടുക്കുക.
കായം പൊടി
മുളക് അല്ലെങ്കിൽ മുളകുപൊടി
ജീരകം
എള്ള്
ഉപ്പ്

ഞാൻ 25 ചുളയാണെടുത്തത്.
ഒരു ടീസ്പൂൺ മുളകുപൊടിയിട്ടു. കുറച്ച് കായം ഇട്ടു. ജീരകം ഒരു ടീസ്പൂൺ ഇട്ടു. എള്ള് രണ്ട് ടീസ്പൂൺ ഇട്ടു. ഉപ്പിട്ടു.

പപ്പടം ഉണ്ടാക്കുന്ന വിധം വളരെ എളുപ്പമാണ്.




ആദ്യം ചുള വേവിക്കണം.



അത് തണുത്താൽ അരച്ചെടുക്കണം.




എന്നിട്ട് ബാക്കി ചേരുവകളൊക്കെ ചേർക്കണം.
അല്ലെങ്കിൽ മുളകും ഉപ്പുമൊക്കെ അരയ്ക്കുമ്പോൾ ചേർക്കാം. അരയ്ക്കുമ്പോൾ ചേർത്താൽ ഒരു ഗുണം കൂടെയുണ്ട്. അവിടവിടെയായിട്ട് ആവില്ല ഒന്നും. എല്ലായിടത്തും ഒരുപോലെ ഉപ്പും മുളകുമൊക്കെ പിടിക്കും.
മുളകുപൊടിയ്ക്കും മുളകിനും പകരം പച്ചമുളക് ചേർക്കാം അരയ്ക്കുമ്പോൾ.





എല്ലാം യോജിപ്പിച്ച ശേഷം, പായയിലോ തുണിയിലോ പരത്തി വെയിലത്ത് വച്ച് ഉണക്കിയെടുക്കുക. പ്ലാസ്റ്റിക് കടലാസിൽ ആയാലും മതി. കനം കുറച്ച് പരത്താൻ കഴിയുമെങ്കിൽ നല്ലത്.



നല്ല വെയിലു വേണം. നല്ല പോലെ ഉണങ്ങുകയും വേണം.



കുറച്ചുദിവസം ഉണക്കിയെടുക്കാം. കൂടുതൽ ദിവസം ഇരിക്കണമെങ്കിൽ നല്ലപോലെ ഉണക്കുന്നതാവും നല്ലത്.

ചേരുവകളൊക്കെ ഏകദേശം ഒരു അളവുനോക്കി ഇടുന്നതാവും നല്ലത്. എരിവും ഉപ്പുമൊക്കെ. 25 ചുളയ്ക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഇട്ടാൽ എരിവുണ്ട്. എരിവു തീരെ വേണ്ടെന്നുള്ളവർ മുളകൊന്നും ചേർക്കണമെന്നുമില്ല.

നന്നായി ഉണക്കിക്കഴിഞ്ഞാൽ വേണ്ടപ്പോൾ വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക.

Monday, February 22, 2010

കുരുമുളകുരസം

അമ്മമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നൊരു രസമാണ് ഇത്. ഉണ്ടാക്കാനും എളുപ്പം. തോന്നിയപോലെയൊന്നും ഉണ്ടാക്കുന്നത് അമ്മമ്മയ്ക്കിഷ്ടമില്ലായിരുന്നു. കൽച്ചട്ടിയിൽ ഉണ്ടാക്കണം. അരയ്ക്കാനുള്ളത് അരച്ചുചേർക്കണം എന്നൊക്കെയുണ്ടായിരുന്നു. എന്നാലേ അതിന്റെ ഗുണവും സ്വാദും ഉണ്ടാവൂ. ഞാൻ അതുപോലെയൊക്കെ ഉണ്ടാക്കി.

കുരുമുളക് രസം ഉണ്ടാക്കാൻ എളുപ്പം കഴിയും.



കുരുമുളക് പൊടി - ഒരു ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ അരച്ചത്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
പുളി - വലിയ നെല്ലിക്കാവലുപ്പത്തിൽ വെള്ളത്തിൽ ഇട്ട് കുറച്ചുകഴിഞ്ഞ് പിഴിഞ്ഞ് വെള്ളം എടുക്കുക. ചൂടുള്ള വെള്ളത്തിൽ ഇട്ടാൽ വേഗം പിഴിഞ്ഞെടുക്കാം. അര ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടാൽ കുഴപ്പമില്ല.
ശർക്കര - ഒരു ആണി.
ഉപ്പ്
വറവിടാൻ, കടുക്, മുളക്, കറിവേപ്പില.




പുളിവെള്ളവും, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, എന്നിവ അടുപ്പത്ത് തിളയ്ക്കാൻ വയ്ക്കുക. കുറച്ച് വെള്ളവും ചേർക്കാം. രസമല്ലേ. വേവ് പകുതിയായാൽശർക്കര ഇടാം. ശർക്കരയും വെന്ത് യോജിച്ചാൽ ജീരകം അരച്ചത് ചേർക്കുക. അതും യോജിച്ച് തിളച്ചാൽ വറവിടുക.




കുരുമുളക് പൊടി കൂടുതൽ ചേർക്കണമെങ്കിൽ ആവാം. ഓരോരുത്തരുടെ ഇഷ്ടം പോലെ. ജീരകപ്പൊടിയും ചേർക്കാം. അരയ്ക്കുന്നതിനുപകരം.

എന്തുപാകം ചെയ്യാൻ ആണെങ്കിലും, സ്റ്റൗവിൽ കൽച്ചട്ടി വയ്ക്കുമ്പോൾ നല്ലപോലെ ശ്രദ്ധിയ്ക്കണം. തീ കുറച്ചേ എപ്പോഴും വയ്ക്കാവൂ. പിന്നെ നന്നായി തിളയ്ക്കുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുകയും ചെയ്യാം. അല്ലെങ്കിൽ ചിലപ്പോൾ തിളച്ചു താഴെപ്പോകും. കൽച്ചട്ടിയുടെ ചൂടുകൊണ്ട് തീയിൽ നിന്നു മാറ്റിയാലും തിളയ്ക്കും.

Sunday, February 21, 2010

ചക്ക പെരട്ടിയുപ്പേരി

ചക്ക കാണാത്ത മലയാളിയുണ്ടോ? കഴിക്കാത്ത മലയാളിയുണ്ടോ? ഇഷ്ടമില്ലാത്തവർ എന്തായാലും ഉണ്ടാവും. ഇഷ്ടമുള്ളവർ അതിലേറെ ഉണ്ടാവും. ചക്കക്കാലമായി. ഇടിച്ചക്കയുടെ കാലം കഴിഞ്ഞ് മൂത്ത ചക്കയിലേക്കെത്തി. ഒരു ചക്കയ്ക്ക് എത്ര ഭാഗമുണ്ടെന്ന് അറിയാമോ?

കരൂൾ - ചക്കയുടെ മുള്ളുള്ള ഭാഗത്തിന് പറയുന്നതാണ്.
മടൽ - മുള്ളു കഴിഞ്ഞ ഭാഗം.
കൂഞ്ഞ് - നടുവിലുള്ള ഭാഗം. അവിടെയാണ് ചക്കപ്പശ/ചക്കവിളഞ്ഞി/ചക്കമുളഞ്ഞ് ഉണ്ടാവുക.
ചവിണി/ചകിണി - വെളുത്ത നൂലുപോലെയുള്ള ഭാഗം.
ചുള - ചക്കയുടെ ശരിക്കുപയോഗിക്കുന്ന ഭാഗം.
പോണ്ടി - കുരുവിന്റെ മുകളിലുള്ള വെളുത്ത ഭാഗം
തോല് - കുരുവിനു മുകളിലുള്ളത്
പിന്നെ ചക്കക്കുരു - ചക്കക്കുള്ളിലെ കുരു.

ചക്ക അപ്പാടെയും, ഭാഗം ഭാഗമായും പല വിഭവങ്ങളും ഉണ്ടാക്കാം. എന്തായാലും ചക്കക്കാലത്ത് ചക്കവിഭവമില്ലെങ്കിൽ പിന്നെന്ത് പാചകം.

ഇത് ചക്കയുപ്പേരിയാണ്. ചോറിനു മാത്രമല്ല ചായപ്പലഹാരമായും ഇതുണ്ടാക്കാം. ചക്ക പെരട്ടി ഉപ്പേരി എന്നാണ് പറയുന്നത്. ചക്ക മെഴുക്കുപുരട്ടി, ചക്കത്തോരൻ എന്നൊക്കെപ്പറയാം.




ചക്കച്ചുളയെടുത്ത്, കുരുവും, മുകളിലും താഴെയുള്ള ഭാഗവും മുറിച്ച്, നീളത്തിൽ മുറിച്ചെടുക്കുക. മൂക്കും വാലും ഉപ്പേരിയിൽ ഇടുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.

പാത്രം അടുപ്പത്ത് വച്ച്, അതിൽ രണ്ടു ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. ഒരു ടീസ്പൂൺ ഉഴുന്നിടുക. ഉഴുന്ന് ചുവന്നു വന്നാൽ കടുക്, ചുവന്ന മുളക് പൊട്ടിച്ചത് എന്നിവയിടുക. അത് പൊട്ടി പാകമായാൽ കറിവേപ്പിലയിടുക. അതിലേക്ക് ചക്കച്ചുള മുറിച്ചുവച്ചതിടുക. ഉപ്പിടുക, മഞ്ഞളിടുക. അടച്ചുവയ്ക്കുക.
തീ കുറച്ചുവെച്ച് വേവിച്ചാൽ വെള്ളം മിക്കവാറും ഒഴിക്കേണ്ടിവരില്ല. ഇനി കരിഞ്ഞുപോകും എന്നു തോന്നുന്നെങ്കിൽ അല്പം മാത്രം വെള്ളം ചേർക്കാം.

വെന്ത് പാകമായാൽ വാങ്ങിവച്ച് ചിരവിയ തേങ്ങ ചേർക്കുക.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]