Monday, October 12, 2009

മസാലപ്പൊരി

പൊരി കണ്ടിട്ടില്ലേ? എല്ലാവരും തിന്നിട്ടുമുണ്ടാവും. പണ്ടൊക്കെ ഉത്സവച്ചന്തയിൽ വരുമായിരുന്നു പൊരി. വാങ്ങിക്കൊണ്ടുവന്ന് തേങ്ങയും ശർക്കരയുമൊക്കെക്കൂട്ടി കഴിക്കുമായിരുന്നു. ഇപ്പോ എല്ലായിടത്തും കടകളിൽ കാണാം. മസാലപ്പൊരിയുണ്ടാക്കിയാൽ, യാത്രയ്ക്കൊക്കെ കൊണ്ടുപോകാം. വെറുതേ പൊരി തിന്നുന്നതിനേക്കാൾ സ്വാദുമുണ്ടാവും. എരിവ് ഇഷ്ടമുള്ളവർക്കേ ഇത് പറ്റൂ. എളുപ്പം തയ്യാറാക്കിയെടുക്കാം.




പൊരി - നൂറ്റമ്പത് ഗ്രാം.

വെളുത്തുള്ളി ചെറിയ അല്ലി - പത്ത്/പന്ത്രണ്ട്.

പാചകയെണ്ണ (സൂര്യകാന്തിയെണ്ണയാണ് വെളിച്ചെണ്ണയേക്കാൾ ഇതിന് നല്ലത്) - രണ്ടോ മൂന്നോ ടേബിൾസ്പൂൺ.

മുളകുപൊടി - എരിവ് ഇഷ്ടമാണെങ്കിൽ അര ടീസ്പൂൺ ചേർക്കുക. അല്ലെങ്കിൽ വളരെക്കുറച്ച്.

നിലക്കടല - രണ്ട് ടേബിൾസ്പൂൺ.

കറിവേപ്പില കുറച്ച്.

പൊരിയിൽ ഉപ്പുണ്ടാവും മിക്കവാറും. ഇല്ലെങ്കിൽ മാത്രം ആവശ്യത്തിനു ചേർക്കുക.

എണ്ണ ചൂടാക്കുക. ഒരു വല്യ പാത്രം തന്നെ എടുക്കണം. അല്ലെങ്കിൽ ഇളക്കാൻ കഴിയില്ല. എണ്ണ ചൂടായാൽ നിലക്കടല പൊരിക്കുക. അതിലേക്ക് വെളുത്തുള്ളിയിട്ട് വറുക്കുക. പിന്നെ കറിവേപ്പിലയിടുക. തീ നന്നായി കുറച്ചുവേണം ഒക്കെ ചെയ്യാൻ. അതിലേക്ക് മുളകുപൊടിയിടുക. പൊരിയിട്ട് നന്നായി ഇളക്കിയോജിപ്പിച്ച് വാങ്ങിവയ്ക്കുക.




മസാലപ്പൊരി തയ്യാർ. മുളകുപൊടി വേണ്ടെങ്കിൽ ചുവന്നമുളക് ചെറുതാക്കി മുറിച്ചിട്ടാലും മതി.

തേങ്ങയോ സേവയോ മിക്സ്ചറോ ഒക്കെ ഇതിലിട്ട് തിന്നാം. വേണ്ടതിൽ മാത്രമേ ഇടാവൂ. ഉണ്ടാക്കിയതിൽ മുഴുവൻ തേങ്ങയിട്ടാല്‍പ്പിന്നെ അത് പിന്നേയ്ക്ക് എടുത്തുവയ്ക്കാൻ പറ്റില്ല. അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിലാക്കി നന്നായി അടച്ചുവച്ചാൽ കുറച്ചുനാൾ ഇരിക്കും.

7 comments:

പാവപ്പെട്ടവൻ said...

ഹൌ....... എന്താണ് ശ്യാമളെ രുചി...? സൂവിന്റെ.... ഒരു പൊരി പലഹാരം .

മറന്ന ഒരു കൂട്ടം ഓര്‍മ്മിപ്പിച്ചു

നീമ said...

സൂപ്പര്‍ സു ചേച്ചി സൂപ്പര്‍ , ഈസി ബട്ട്‌ കലക്കന്‍ .. സവാള ചെറുതായി അരിഞ്ഞതും ചേര്‍ക്കാം (പച്ചക്ക് എണ്ണയില്‍ ഇടരുത് )

സതി മേനോന്‍ said...

ഉണ്ടാക്കി നോക്കട്ടെ , താങ്ക്സ്

Anil cheleri kumaran said...

താങ്ക് യു.

ശ്രീ said...

ഇതു കൊള്ളാമല്ലോ.

Typist | എഴുത്തുകാരി said...

ഇനി ഉത്സവത്തിനു പോകുമ്പോള്‍ പൊരി വാങ്ങി‍ മസാലപ്പൊരി ഉണ്ടാക്കിയിട്ടു തന്നെ കാര്യം.

സു | Su said...

പാവപ്പെട്ടവൻ :)

നീമ :) അങ്ങനെ ചെയ്യാം ഇനി.

സതി മേനോൻ :)

കുമാരൻ :)

ശ്രീ :)

എഴുത്തുകാരിച്ചേച്ചീ :) ഇപ്പോ കടകളിലൊക്കെയുണ്ട്.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]