Saturday, August 22, 2009

ബീറ്റ്‌റൂട്ട് ഉപ്പേരി

ബീറ്റ്‌റൂട്ട്കൊണ്ടൊരു ഉപ്പേരി അഥവാ തോരൻ. പതിനഞ്ചുമിനുട്ടിനുള്ളിൽ കഴിയും. പല തരത്തിലും ഉണ്ടാക്കിയെടുക്കാം. ഇവിടെ എങ്ങനെയാണ് ചെയ്യുന്നതെന്ന് പറയാം.

ബീറ്റ്‌റൂട്ട് തോലുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുകയാണ് പതിവ്. ഇത് ഞാൻ ചീകിയെടുത്തു. കുഴപ്പം എന്താണെന്നുവെച്ചാൽ കുറച്ച് വെള്ളം പോലെ ഇരിക്കും. അതുകൊണ്ട് പ്രശ്നമൊന്നുമില്ല.




ബീറ്റ്‌റൂട്ട് ചീകിയെടുത്തോ കഷണങ്ങളായി മുറിച്ചോ എടുക്കുക. ചിത്രത്തിൽ ഉള്ളത്രേം. ഒരു വല്യ ബീറ്റ്‌റൂട്ടിന്റെ പകുതിയുണ്ട്.
മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച്
കടുക് - കാൽ ടീസ്പൂൺ
ഉഴുന്നുപരിപ്പ് - രണ്ട് ടീസ്പൂൺ
വറ്റൽമുളക് - രണ്ട്
കറിവേപ്പില
തേങ്ങ ചിരവിയത് - കുറച്ച്
ഉപ്പ്
വെളിച്ചെണ്ണയോ വേറെ പാചകയെണ്ണയോ

എണ്ണ ചൂടായാൽ അതിൽ ഉഴുന്നുപരിപ്പിടുക. ചുവന്നു തുടങ്ങുമ്പോൾ കടുക് ഇടുക, ചുവന്ന മുളക് പൊട്ടിച്ചിടുക.കടുക് പൊട്ടുമ്പോഴേക്കും കറിവേപ്പിലകൾ ഇടുക. ബീറ്റ്റൂട്ട് ഇടുക. മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് ഇളക്കുക. അല്പം വെള്ളമൊഴിക്കുക. അടച്ചുവയ്ക്കുക. തീ കുറച്ചുവച്ച് വേവിക്കുക. വറവിടാൻ എടുത്ത എണ്ണയിൽ, ബീറ്റ്‌റൂട്ട് കരിയാതെ വേവുമെന്ന് തോന്നുന്നെങ്കിൽ വെള്ളം ഒഴിക്കേണ്ട. വെന്താൽ വാങ്ങിവെച്ച് തേങ്ങയിട്ട് ഇളക്കുക.



എളുപ്പം കഴിയും. കഷണങ്ങളാക്കി മുറിച്ചാൽ വേവാൻ കുറച്ചും കൂടെ സമയം എടുക്കും. ചീകിയെടുക്കുമ്പോൾ വെള്ളം പോലെ ഇരിക്കും.

6 comments:

ശ്രീ said...

ഇടയ്ക്ക് ഉണ്ടാക്കാറുള്ള വിഭവം.
:)

സു | Su said...

ശ്രീ :) എളുപ്പവുമാണ്, സ്വാദും ഉണ്ടല്ലേ?

Jayasree Lakshmy Kumar said...

ദാ ഇന്നുച്ചക്കു കഴിച്ചതേ ഉള്ളു. ചീവിയെടുത്തുണ്ടാക്കിയ തോരൻ തന്നെ. ഞാൻ വെള്ളം ഒഴിക്കാറില്ല. പക്ഷെ കൊച്ചു ചതുരങ്ങളായി അരിഞ്ഞെടുത്തുള്ള ബീറ്റ്‌റൂട്ട് കറിക്ക് [അപ്പോൾ മെഴുക്കു വരട്ടിയാക്കാനാ ഇഷ്ടം] ഒരൽ‌പ്പം വെള്ളം ചേർക്കും. അരിഞ്ഞെടുക്കാൻ സമയമെടുക്കുമെങ്കിലും കൂടുതൽ ഇഷ്ടം മെഴുക്കു വരട്ടി :)

said...

ചീവിയെടുത്താല്‍ ഒരു ഗുണം കൂടിയുണ്ട്.. മിച്ചം വരുന്ന ഉപ്പേരി ഇത്തിരി ഗോതമ്പുമാവ് ചേര്‍ത്ത് കലക്കിയെടുത്താല്‍ ഒന്നാന്തരം ദോശ കിട്ടും.. വേണമെങ്കില്‍ തേങ്ങപൊടി (desiccated coconut)/ തേങ്ങപാല്‍പ്പൊടി,/തേങ്ങ പാല്‍, ഇതൊക്കെ ചേര്‍ത്ത് രുചിയിലും മണത്തിലും മാറ്റം വരുത്താം.... കാരറ്റിലും ഈ പണി നടക്കും. അച്ചാര്‍ കൂട്ടി കഴിക്കാം...

സു | Su said...

ലക്ഷ്മി :) ചീകിയാൽ വെള്ളം ആവുമെന്നുള്ളതുകൊണ്ട് മിക്കവാറും കഷണങ്ങളായി മുറിച്ച് വേവിക്കുകയാണ് ചെയ്യാറുള്ളത്.

ചക്കിമോളുടെ അമ്മ :) അതൊക്കെ നല്ല വിഭവങ്ങൾ തന്നെ.

അനശ്വര said...

ഗുണമേറെ ഉള്ളതെങ്കിലും ബീറ്റ്രൂട്ട് ഉപ്പേരി എനിക്കിഷ്ടമില്ല..ചക്കി മോളൂടെ അമ്മ പറഞ്ഞ ഐഡിയ കൊള്ളാം ഒന്ന് പരീക്ഷിക്കട്ടെ....അങ്ങിനെങ്കിലും ഈ വിദ്വാന്‍ അലപം ഉള്ളിലെത്തട്ടെ...നന്ദി...

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]