Tuesday, July 14, 2009
തുവരക്കൂട്ടാൻ
തുവര കൊണ്ട് കറി വെക്കാറുണ്ടോ? തുവരപ്പരിപ്പ് കൊണ്ട് പലവിഭവങ്ങളും ഉണ്ടാക്കാറില്ലേ? ആ പരിപ്പുണ്ടാക്കുന്നത് ഈ തുവരകൊണ്ടാണ്. ഇത് ഒരു പ്രാവശ്യം വെച്ചുനോക്കിയാൽ അറിയാം ഇഷ്ടമാണോ അല്ലയോ എന്ന്. എല്ലാവർക്കും ഇഷ്ടമാവും. സാധാരണയായി തുവരക്കൂട്ടാൻ അല്ലെങ്കിൽ തുവരക്കറി അല്ലെങ്കിൽ തോരക്കൂട്ടാൻ വെക്കുന്നതാണ് ഞാൻ ഇവിടെ പറയുന്നത്. നിങ്ങൾക്ക് ഇഷ്ടംപോലെ പിന്നീട് മസാലകൾ ചേർത്തും വേറെ രീതിയിൽ പരീക്ഷിച്ചും ഒക്കെ നോക്കാവുന്നതാണ്.
തുവര - നൂറ് ഗ്രാം.
തേങ്ങ - അഞ്ച് ടേബിൾസ്പൂൺ.
ചുവന്ന മുളക് - മൂന്നെണ്ണം (കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം).
മഞ്ഞൾപ്പൊടി
ഉപ്പ്
തേങ്ങയും മുളകും അരയ്ക്കുക. മുളക് അരയ്ക്കുന്നതിനുപകരം മുളകുപൊടി ആവശ്യത്തിനു ചേർത്താലും മതി. അരയ്ക്കുമ്പോൾ, അല്പം ജീരകവും ഇഷ്ടമുണ്ടെങ്കിൽ ചേർക്കാം.
തുവരയിൽ കല്ലും പുല്ലും ഒക്കെയുണ്ടെങ്കിൽ അതൊക്കെ കളഞ്ഞുവൃത്തിയാക്കി, തലേന്ന് വെള്ളത്തിലിട്ടു വയ്ക്കുക. എന്നാൽ നന്നായി വേവും.
തുവര കഴുകിയെടുത്ത്, അതിൽ മഞ്ഞൾപ്പൊടിയിട്ട് വെള്ളവുമൊഴിച്ച് വേവിക്കുക. നന്നായി വെന്താലേ സ്വാദുണ്ടാവൂ.
വെന്താൽ, ആദ്യം തന്നെ അതിലെ വെള്ളം വേറൊരു പാത്രത്തിലേക്ക് ഊറ്റിവയ്ക്കുക.
എന്നിട്ട്, തുവര, നല്ലവണ്ണം ഒരു സ്പൂൺകൊണ്ട് ഉടയ്ക്കുക.
വെന്ത തുവര, കല്ലിലോ മിക്സിയിലോ ഇട്ട് ഒന്ന് ചതച്ചെടുക്കുന്നതാണ് പതിവ്. അങ്ങനെ പറ്റുമെങ്കിൽ ചെയ്യുക. പകുതി തുവര ചതച്ചാൽ മതി.
ഉപ്പിടുക. തേങ്ങയരച്ചതും ആവശ്യത്തിനു വെള്ളവും (ഊറ്റിവെച്ച വെള്ളം ആദ്യം ചേർക്കുക. അതു പോരെങ്കിൽ പച്ചവെള്ളം ചേർക്കുക.) ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കണം.
തിളച്ചുയോജിച്ചാൽ വാങ്ങിവെച്ച് വറവിടുക.
Subscribe to:
Post Comments (Atom)
4 comments:
ഈ തുവര എവിടെ കിട്ടും???
ഈ തുവര കണ്ടിട്ടില്ലല്ലോ.
മേരിക്കുട്ടീ :) പരിപ്പും പയറുമൊക്കെ വാങ്ങുന്ന കടകളിൽ അന്വേഷിച്ചുനോക്കൂ. കിട്ടും.
എഴുത്തുകാരി :) കണ്ടിട്ടില്ല അല്ലേ?
തുവര കിട്ടുമോന്ന് നോക്കണം. :-)
Post a Comment