Friday, July 03, 2009

ചൂ ചൂ ചുണ്ടങ്ങ

ചുണ്ടങ്ങ എന്നു കേട്ടിട്ടില്ലേ? ചുണ്ടങ്ങ കണ്ടിട്ടില്ലേ? ഇതാണു ചുണ്ടങ്ങ മരം/ ചെടി.



നിങ്ങളുടെയൊക്കെ വീട്ടിലോ പറമ്പിലോ ഉണ്ടോ? ആദ്യം ഞാൻ വിചാരിച്ചത് അതുകൊണ്ടൊരു ഗുണമില്ല, അതു വെറുതേ വേലിപ്പടർപ്പിനു നിൽക്കുന്നതെന്നായിരുന്നു. അനിയത്തിക്കുട്ടിയോട് ചോദിച്ചപ്പോൾ അവളു പറഞ്ഞു, ചുണ്ടങ്ങ കൊണ്ട് ഉപ്പേരി വെക്കാംന്ന്. എന്നാല്‍പ്പിന്നെ ഒരുകൈ അല്ല, രണ്ടുകൈയും നോക്കാംന്ന് ഞാനും കരുതി.



ഇത് ഒടിഞ്ഞ കൊമ്പ്





ഇത് പൂവ്. കാറ്റുള്ളതുകാരണം ഫോട്ടോ ശരിയായില്ല. (അല്ലെങ്കിൽ കുറേ ശരിയായി. ;))




ഇത് ചുണ്ടങ്ങ.




ചുണ്ടങ്ങ ചെടിയിൽ നിന്ന് പറിച്ചെടുക്കുക. നിറയെ മുള്ളുണ്ടാവും കുത്തും. വേദനിക്കും. സൂക്ഷിക്കുക. പിന്നെ ചുണ്ടങ്ങ എടുത്ത് അമ്മിക്കല്ലുകൊണ്ട് കുത്തിച്ചതയ്ക്കുക. അപ്പോ അതിനുള്ളിലെ അരി അഥവാ കുരു പോകും. പിന്നെ കഴുകുക. കുരു മുഴുവനായിട്ടും പോകും.




കുരുവിന് കയ്പുണ്ടാവുമെന്ന് വിശ്വാസം. കഴുകിക്കഴിഞ്ഞ് വാരിയെടുത്ത് വയ്ക്കുക.

പാത്രത്തിലോ ചീനച്ചട്ടിയിലോ ആദ്യം കുറച്ച് പാചകയെണ്ണ ഏതെങ്കിലും ഒഴിക്കുക. കുറച്ച് ഉഴുന്നുപരിപ്പിടുക. ചുവന്നുവരുമ്പോഴേക്കും, കടുകും, ചുവന്ന മുളക് പൊട്ടിച്ചെടുത്തതും ഇടുക. കടുക് പൊട്ടുമ്പോഴേക്കും കറിവേപ്പിലയും ഇടുക. തീ കുറച്ച്, ചുണ്ടങ്ങ ഇടുക. മഞ്ഞളും ഉപ്പും ഇടുക. വേവിക്കാൻ വേണ്ട വെള്ളം ഒഴിക്കുക. എരിവ് വേണ്ടവർ മുളകുപൊടിയും ഇടുക. വേവിക്കുക. വാങ്ങിവെച്ച് ചിരവിയ തേങ്ങ കുറച്ചിടുക. ഉപ്പേരി തയ്യാർ.




ഇനി സ്പെഷൽ വേണമെങ്കിൽ ഉള്ളിയും വെളുത്തുള്ളിയും ഒക്കെ വഴറ്റാം. എന്നിട്ട് ചുണ്ടങ്ങയിട്ട് ഉപ്പേരിയുണ്ടാക്കാം. തിന്നുമ്പോൾ അതിന്റെ തോലു മാത്രം വേറെ കടിക്കുന്നതുപോലെ തോന്നും. നന്നായി വേവിക്കുക.

ചിത്രങ്ങളൊക്കെ ക്ലിക്ക് ചെയ്താൽ വലുതായിട്ട് കാണാം എന്നു പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ അല്ലേ?

12 comments:

jijijk said...

ചുണ്ടങ്ങ പ്രസിദ്ധി അതു ഉണക്കി ഉണ്ടാക്കുന്ന കൊണ്ടാട്ടത്തിലാണു. ഇന്നു മുഖ്യ നഗരങ്ങളിലെ സൌത്ത് ഇന്ത്യന്‍ കടകളില്‍ പായ്ക് ചെയ്തു അതു വില്‍ക്കപ്പെടുന്നു.

പിന്നെ ചുണ്ടങ്ങയുടെ പുഷ്പത്തിന്റെ പരാഗം/നീര് ആണു കഥകളി നടന്മാര്‍ കണ്ണു ചുമപ്പിക്കുവാന്‍ ഉപയോഗിക്കുന്നതു എന്നു എന്‍ എസ് മാധവന്റെ കാര്‍മനില്‍ നിന്നു മനസിലായി.

റാ ചൂണ്ടങ്ങ കിട്ടാത്തതു കൊണ്ട് റെസിപി പരീക്ഷിക്കുവാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്നാലും ഈ ബ്ലോഗ് നോക്കി ഉണ്ടാകിയ വിഭവങ്ങള്‍ പോലെ ഇതും സ്വാദിഷ്ടമായിരിക്കും എന്നു ഉറപ്പായി വിശ്വസിക്കുന്നു.

ശ്രീ said...

കണ്ടിട്ടേയുള്ളൂ, കഴിച്ചിട്ടില്ല

മേരിക്കുട്ടി(Marykutty) said...

chundanga kondattam kazhichittundu...
kaypaaaaaneyyyyyy!

സു | Su said...

മെർകുഷിയോ :) പൂവിന്റെ കാര്യം അറിയാമായിരുന്നു. അത് പോസ്റ്റിൽ എഴുതാൻ വിട്ടു. നന്ദി.

ശ്രീ :)

മേരിക്കുട്ടീ :)കൊണ്ടാട്ടം കഴിച്ചില്ല. ഇപ്പോ മഴയത്ത് ഉണ്ടാക്കാനും പറ്റില്ല. കുരുവിന് കയ്പാണ്.

Bindhu Unny said...

ഇതിന്റെ വത്തല്‍ വാങ്ങി വറുത്ത് കൂട്ടാറുണ്ട്. ആ കയ്പിനുമുണ്ട് ഒരു ടേസ്റ്റ്. :-)

സു | Su said...

ബിന്ദൂ :) കഴിച്ചിട്ടുണ്ടല്ലേ? കിട്ടുമോന്ന് നോക്കട്ടെ. മഴയത്ത് ഉണ്ടാക്കിയെടുക്കാൻ പറ്റില്ല ഏതായാലും.

Suмα | സുമ said...

സു നെ പറ്റിഒരിക്കല്‍ ദൈവം പറഞ്ഞു കേട്ടു...ഇപ്പളാണ് ഇങ്ങട് വരണേ...

ഈ സാധനം പറമ്പിലൊക്കെ കണ്ടിട്ടിണ്ട്, കഴിച്ചിട്ടില്ല...ഇനി രണ്ടു കയ്യും ഒന്ന് നോക്കി കളയാം... :)

സു | Su said...

സുമ :) സ്വാഗതം. വീട്ടിലുണ്ടെങ്കിൽ പരീക്ഷിക്കാനെളുപ്പമായില്ലേ.

Teekay said...

Tamil nattil ithu Kara Kuzhampu ( Spicy Gravy) undu.

സു | Su said...

കിഴക്കേപ്പറമ്പിൽ :) അതെയോ?

വര്‍ക്കി said...

thenga varutharach cury vekkum. athu kazhichitond..... nalla taste aanu...

Tomsan Kattackal said...

ഇപ്പോള്‍ കഴിച്ചുനോക്കിയപ്പോള്‍ പണ്ട് വീട്ടുവളപ്പില്‍ ധാരാളമായി കണ്ടുവന്നിരുന്ന ചുണ്ടങ്ങ ഉപയോഗിക്കാതെ പോയതിനെ പറ്റി ഖേദം തോന്നുന്നു. ചെടിയില്‍ തൊടുവാന്‍ പോലും മുതിര്‍ന്നവര്‍ അനുവദിച്ചിരുന്നില്ല; വിഷമാണ്, കറ കണ്ണില്‍ വീണാല്‍ കണ്ണ് പൊട്ടും എന്നെല്ലാം പേടിപ്പിച്ചിരുന്നു. പണ്ട് ഫ്രീയായി വളപ്പില്‍ വിളഞ്ഞത് കളഞ്ഞിട്ട്, ഇപ്പോഴിതാ അങ്ങാടിയില്‍ നിന്നും വിലകൊടുത്ത് വാങ്ങി ആസ്വദിക്കുന്നു.

ബ്ലോഗിന് നന്ദി!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]