തോരന്‍, ഞങ്ങളൊക്കെ ഉപ്പേരി എന്നാണ് പറയുന്നതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ചിലർ വറവ് എന്നും പറയും. പടവലങ്ങയുപ്പേരി ഉണ്ടാക്കിയതെങ്ങനെയെന്നു പറയാം. എളുപ്പമാണ്. സ്വാദുണ്ട്. രസമോ മറ്റോ വെച്ചാൽ അതിന്റെ കൂടെ ഈ ഉപ്പേരിയും വെച്ചാൽ ചോറ് നിറച്ചുണ്ണാം.
പടവലങ്ങ, ചിത്രത്തിൽ ഉള്ളത്രേം എടുക്കുക. അല്ലെങ്കിൽ ഒരു നീണ്ട പടവലങ്ങയെടുത്ത്, അതിന്റെ പകുതി എടുത്ത്, തോലു ചുരണ്ടിക്കളഞ്ഞ്, ചെറുതാക്കി മുറിച്ചെടുത്ത് കഴുകിയെടുക്കുക. വലിയ ഉള്ളി അഥവാ സവാള ഒന്നും ചെറുതാക്കി മുറിച്ചെടുക്കുക. ഒന്നോ രണ്ടോ പച്ചമുളകും വട്ടത്തിൽ മുറിച്ചെടുക്കുക.
ആദ്യം, വെളിച്ചെണ്ണയോ, നിങ്ങൾ പാചകത്തിനുപയോഗിക്കുന്ന എണ്ണയോ ചൂടാക്കുക. ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ഇടുക. ചുവന്നുവരുമ്പോഴേക്ക് കടുകും, പിന്നെ കുറച്ച് കറിവേപ്പിലയും ഇടുക. കടുവറ കടുവറ കടുവറ (കട:- ഉർവ്വശി/വനജ - അച്ചുവിന്റെ അമ്മ). അതുകഴിഞ്ഞാൽ ഉള്ളിയും പച്ചമുളകുമിട്ട് വഴറ്റിമൂപ്പിച്ച്, അതിലേക്ക് പടവലങ്ങാക്കഷണങ്ങൾ ഇടുക. മഞ്ഞൾപ്പൊടി കുറച്ചിടുക. കാൽ ടീസ്പൂൺ മുളകുപൊടിയിടുക. നിങ്ങൾക്ക് എരിവ് വേണ്ടെങ്കിൽ ഇടേണ്ട. പച്ചമുളകുണ്ടല്ലോ. പിന്നെ ഉപ്പുമിട്ട്, വേവാൻ വെള്ളവുമൊഴിച്ച് അടച്ചുവെച്ച്, തീ കുറച്ച് വേവിക്കുക. വെള്ളമൊഴിക്കാതെ എണ്ണയിൽ വേവിക്കുന്നത് അത്ര നല്ലതൊന്നുമല്ല. എന്നാലും സ്വാദു കൂടുമായിരിക്കും. വെന്താൽ തേങ്ങ ചിരവിയിടുക. ഇളക്കുക. ഉപ്പേരി തയ്യാറായി. (ഉണ്ടാക്കിയതു മുഴുവൻ ചിത്രത്തിലില്ല.)
ചൂടുകാലത്ത്, തേങ്ങ ചിരവിയിട്ടുവെച്ചാൽ രാവിലത്തെ ഉപ്പേരി, മിക്കവാറും വൈകുന്നേരത്തേക്ക് കേടാവും. അതുകൊണ്ട് കുറേയുണ്ടാക്കി, തേങ്ങയും ഇട്ട് യോജിപ്പിച്ചുവയ്ക്കരുത്. ഉച്ചയൂണിനു വേണ്ടതിൽ മാത്രം തേങ്ങ ചേർക്കുക. ബാക്കി, പിന്നെ എടുക്കുമ്പോൾ തേങ്ങ ചേർക്കുക.
Subscribe to:
Post Comments (Atom)
13 comments:
ഉച്ചക്ക് വായിച്ചുപോയി !, ഇനി ആ ഉണ്ടാക്കിയത് കഴിക്കുന്നത് സൂക്ഷിച്ച് വേണം.
ഉണ്ടാക്കാന്‍ അത്ര ബുദ്ധിമുട്ടില്ലല്ലേ? ഒന്നു പരീക്ഷിച്ചു നോക്കട്ടെ.
:)
ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും കേടാവില്ല? അത് കൊള്ളാം. നല്ല ഐഡിയ.
പടവലങ്ങ ഇത് വരെ തോരന്‍ വച്ചിട്ടില്ല. പകുതി പടവലങ്ങ ഇരുന്നു പഴുത്തു പോയി. ഇന്ന് സങ്കടത്തോടെ എടുത്തു കളഞ്ഞു. ഇനി വച്ച് നോക്കാം..ഞാന്‍ എന്നും എന്തെങ്കിലും ഉപ്പേരി + കറി ഉണ്ടാക്കും :))
അവല് പായസം ഈ ആഴ്ച ഉണ്ടാക്കണം എന്ന് കരുതുന്നു. ഉണ്ടാക്കി നോക്കട്ടെ.
നിങ്ങളൊക്കെ കഴിക്കുമ്പോ സൂക്ഷിച്ചോ
ബൂലൊകത്തെ സകലരുടെയും കൊതി കാണും...
എന്റേത് ഉറപ്പാണ്... :)
ഉണ്ടാക്കി നോക്കിക്കളയാം...:D
വഴിപോക്കൻ :) കൂട്ടുകാരുടെ കൊതിയൊന്നും ഏൽക്കില്ലെന്ന് എനിക്കറിയാം.
ശ്രീ :) എളുപ്പം കഴിയും.
മേരിക്കുട്ടീ :) ഫ്രിഡ്ജിൽ വെക്കണമെങ്കിൽ അതും ആവാം.
ഹൻല്ലാലത്ത് :) കൊതിയൊന്നും ഉണ്ടാവില്ല.
വേറിട്ട ശബ്ദം :) ഉണ്ടാക്കിനോക്കി “കളയരുത്”. കഴിക്കണം.
ശ്ശൊ...ഞാന്‍ ഒന്ന് അന്വേഷിച്ചതേ ഉള്ളൂ ഈ പടവലങ്ങ കൊണ്ട് ഉപ്പേരി ഉണ്ടാക്കാന്‍ പറ്റുമോ എന്ന്..?
നന്ദി,ഉറപ്പായും ഉണ്ടാക്കും..
ഞാൻ ഉണ്ടാക്കാറുള്ള സംഭവം :)[എനിക്കിവൻ തോരൻ]
പടവലങ്ങ വളരേ ചെറുതായി കൊത്തിയരിഞ്ഞും ചെയ്യാറുണ്ട്.
really nice.we also say,upperi for thoran.we make padavalanga upperi in the same way!yes.once you put thenga,it gets spoiled fast,specially in summer!
the plate could have been full!
thanks for sharing!
sasneham,
anu
സ്മിത :) അതെയോ? പടവലങ്ങ എരിശ്ശേരി ഇട്ടിരുന്നു. ഇതും ആവാമെന്നുവെച്ചു.
ലക്ഷ്മി :)
അനുപമ :)
പടവലങ്ങ ഉപ്പേരി കൊള്ളാം.
അപൂര്‍വ്വമായി അമ്മ ഉണ്ടാക്കാറുണ്ട്. പടവലങ്ങ എരിശ്ശേരി ആണ് കൂടുതലും ഉണ്ടാക്കാറുള്ളത്.
:)
ഹരിശ്രീ :) ഞാനും മിക്കവാറും എരിശ്ശേരിയാണുണ്ടാക്കാറ്.
പടവലങ്ങ വേവിക്കാതെയും കഴിക്കാം. തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ പടവലങ്ങ, ചെറുതായി നുറുക്കിയ കാപ്സിക്കം, തക്കാളി, തേങ്ങ ചുരണ്ടിയത്, ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത് (ചുരണ്ടി എടൂക്കുകയും ആവാം), നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, മല്ലിയില്ല അരിഞ്ഞത്, കറിവേപ്പില - എല്ലാം ഒന്നിച്ചിളക്കി കഴിച്ചുനോക്കൂ.
(സൂ, ഈ റെസിപ്പി ഇവിടെ കൊടുത്തതില്‍ എതിര്‍പ്പില്ലാന്ന് കരുതുന്നു.)
:-)
Post a Comment