Friday, May 01, 2009

പഴുത്തമാങ്ങ വെള്ളരിക്കൂട്ടാൻ

പഴുത്ത മാങ്ങകളുടെ കാലം. വെറുതേ തിന്നിട്ടും തിന്നിട്ടും തീരുന്നില്ല. അപ്പോപ്പിന്നെ കൂട്ടാൻ വയ്ക്കുക തന്നെ നല്ലത്. ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം പഴുത്ത മാങ്ങ കൊണ്ട്. പച്ചടി, മധുരപ്പച്ചടി, പുളിശ്ശേരി ഒക്കെ. വെള്ളരിക്കയുടെ കൂടെ പച്ചയായാലും പഴുത്തതായാലും, മാങ്ങയിട്ട് കൂട്ടാൻ വെച്ചാൽ നല്ല സ്വാദായിരിക്കും. അതുകൊണ്ട് പഴുത്ത മാങ്ങാക്കാലത്തിൽ ഒരു പഴുത്തമാങ്ങ വെള്ളരിക്കൂട്ടാൻ.




പഴുത്ത മാങ്ങ, കുറച്ചൊരു പുളിയുള്ളത് വലുത് മൂന്നെണ്ണം

വെള്ളരിക്ക - ഇടത്തരം വെള്ളരിക്കയുടെ പകുതി

അരവിന് - നാലു ചുവന്ന മുളക് , അര ടീസ്പൂൺ ജീരകം, 5 ടേബിൾസ്പൂൺ തേങ്ങ

ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന്.

വറവിടാൻ, കറിവേപ്പില, മുളക്, കടുക്. ഇത്രയും വസ്തുക്കൾ വേണം.





മാങ്ങ കഴുകി, തോലുകളഞ്ഞ് അതിന്റെ പുറത്ത് കത്തികൊണ്ട് വരയുക. വേവാനും, അത് കൂട്ടാനിലേക്ക് നന്നായി യോജിക്കാനും വേണ്ടിയാണ് വരയുന്നത്. വെള്ളരിക്ക, മുറിച്ച് കഴുകിയെടുക്കുക. രണ്ടും കൂടെ, ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക.

തേങ്ങ, മുളക്, ജീരകം എന്നിവ നന്നായി അരയ്ക്കുക.





വെന്ത, മാങ്ങാവെള്ളരിയിലേക്ക് തേങ്ങയരച്ചത് ഇട്ട്, ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് തിളപ്പിക്കുക.

വാങ്ങിവെച്ച് വറവിടുക.




ചുവന്ന മുളക് അരയ്ക്കുന്നതിനുപകരം, ആവശ്യമനുസരിച്ച് മുളകുപൊടിയിടാം. മാങ്ങയ്ക്ക് പുളിയില്ലെങ്കിൽ, കൂട്ടാനു പുളി വേണമെങ്കിൽ, അല്പം പുളിച്ച മോരൊഴിച്ചാൽ മതി.

12 comments:

പാവപ്പെട്ടവൻ said...

ഇതൊക്കെ എങ്ങനെ പറ്റിക്കുന്നു ഒരു പ്രത്യേക കഴിവ് തന്നെ വേണം

ബൈജു (Baiju) said...

അമ്മയുടെ ഈ വിഭവം ഓര്‍മ്മിപ്പിച്ചതിനു നന്ദി. :)

ഹന്‍ല്ലലത്ത് Hanllalath said...

കൊതിപ്പിച്ച് കൊല്ല്... :(
അടുത്തൊന്നും ലീവും കിട്ടില്ല

വാഴക്കോടന്‍ ‍// vazhakodan said...

ഇവിടെ ഈ പൌത്താങ്ങാ(പഴുത്ത മാങ്ങാ) ഈ നിലക്ക് കണ്ടാല്‍ തെന്നെ എപ്പോ തിന്നു എന്ന് ചോദിച്ചാല്‍ മതി പിന്നെയല്ലേ കറി വെക്കുന്ന കാര്യം!

ഹരിശ്രീ said...

സുവേച്ചി,

മാമ്പുളിശ്ശേരി എന്ന് ഞങ്ങള്‍ വിളിക്കാറുള്ള പഴുത്തമാങ്ങയും കട്ടിത്തൈരും ചേര്‍ത്തുള്ള കറി കഴിച്ചിട്ടുണ്ട്. വളരെ ഇഷ്ടപ്പെട്ട ഒരു ഐറ്റം ആണ്. പക്ഷേ ഇത് കഴിച്ചിട്ടില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയോടും, എന്റെ സഹധര്‍മ്മിണിയോടും പറഞ്ഞു നോക്കണം...

സ്നേഹപൂര്‍വ്വം

ഹരിശ്രീ
:)

മേരിക്കുട്ടി(Marykutty) said...

ഇവിടെ വഴിയോരം മുഴുവന്‍് പലതരം മാങ്ങ കൊണ്ട് നിറഞ്ഞിരിക്കുന്നു....ഈ കൂട്ടാന്‍ ഉടന്‍ തന്നെ മേരിക്കുട്ടി കിച്ചണില്‍ പരീക്ഷിക്കപെടുന്നതായിരിക്കും

സു | Su said...

പാവപ്പെട്ടവൻ :) ഇതൊക്കെ മാങ്ങാക്കാലത്ത് സ്ഥിരമായി ഉണ്ടാക്കുന്നതല്ലേ.

ബൈജു :)

ഹൻല്ലാലത്ത് :) അവിടെ പരീക്ഷിക്കാൻ പറ്റില്ല അല്ലേ?

വാഴക്കോടൻ :)

ഹരിശ്രീ :) അവിടെ പാചകമില്ലേ? മാങ്ങയും വെള്ളരിക്കയുമൊക്കെ കിട്ടുമെങ്കിൽ ഉണ്ടാക്കൂ.

മേരിക്കുട്ടീ :) ആ മാങ്ങ കുറച്ച് വേഗം വാങ്ങിയിട്ട് ഇതൊന്ന് ഉണ്ടാക്കൂ.

ശ്രീ :)

Bindhu Unny said...

ഞാനിന്ന് ഇതേ സ്റ്റൈലില്‍ പച്ചമാങ്ങ-വെള്ളരിക്കാക്കറി വെച്ചതേയുള്ളൂ. :-)

വിജയലക്ഷ്മി said...

ഹായ് മോളെ : ഈ പഴുത്തമാങ്ങ കറി ഒരുപ്പാടിഷ്ട വിഭവമാണ് ...

പച്ചമരത്തണല്‍ said...
This comment has been removed by a blog administrator.
പച്ചമരത്തണല്‍ said...
This comment has been removed by a blog administrator.
സു | Su said...

പച്ചമരത്തണലിൽ/രശ്മി,

ഇന്റർവ്യൂവിന് എനിക്കു തൽക്കാലം താല്പര്യമില്ല.

ഫോൺ നമ്പർ ആരെങ്കിലും ദുരുപയോഗപ്പെടുത്താതിരിക്കാൻ താങ്കളുടെ കമന്റുകൾ മായ്ക്കുന്നു.

നന്ദി.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]