പടവലങ്ങ ഇഷ്ടമാണോ? എനിക്കിഷ്ടമാണ്. പടവലങ്ങത്തോട്ടം കാണാനും ഇഷ്ടമുണ്ട്. പടവലങ്ങ കൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാം എന്ന് നിങ്ങൾക്കറിയാവുന്നതുപോലെ എനിക്കും അറിയാം. അതുകൊണ്ട് ചെറിയ തോതിൽ ഒരു സാദാ എരിശ്ശേരി വെച്ചുകളയാംന്ന് വിചാരിച്ചു.
പടവലങ്ങ ചിത്രത്തിൽ ഉള്ളതുപോലെ രണ്ട് കഷണം എടുത്ത്, അല്ലെങ്കിൽ ചെറിയൊരു പടവലങ്ങയോ, വല്യതിന്റെ പകുതിക്കഷണമോ എടുക്കുക.
തോലുരച്ച് കളഞ്ഞ് മുറിക്കുക. കഴുകുക.
പരിപ്പ്, മൂന്ന് ടേബിൾസ്പൂൺ എടുക്കുക. (കുറച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയായാൽ വല്യ കുഴപ്പമില്ല.) കഴുകുക.
ഒരു പാത്രത്തിൽ, ആദ്യം പരിപ്പിട്ട്, അത് മുങ്ങാനുള്ള വെള്ളം ഒഴിച്ച്, പടവലങ്ങക്കഷണങ്ങൾ ഇട്ട്, കുറേശ്ശെക്കുറേശ്ശെ, മുളകുപൊടിയും (കാൽ ടീസ്പൂൺ ഇടാം), മഞ്ഞൾപ്പൊടിയും ഇടുക. കുറച്ചും കൂടെ വെള്ളം അതിനു മുകളിൽ ഒഴിക്കുക. പടവലങ്ങ മുങ്ങുകയൊന്നും വേണ്ട. വെന്തുകഴിഞ്ഞ് ഒരുപാട് വെള്ളമുണ്ടെങ്കിൽ ശരിയാവില്ല. വേവിക്കുക. കുക്കറിൽ അല്ലെങ്കിൽ ആദ്യം പരിപ്പ് വേവിച്ചിട്ടേ പടവലങ്ങയും പൊടികളും ഇടേണ്ടൂ. വേറെ വേറെ ആണെങ്കിൽ ഉപ്പും ഇടാം. കുക്കറിൽ ആണെങ്കിൽ, വെന്ത് വാങ്ങിയിട്ട് ഉപ്പ് ചേർത്താൽ മതി.
തേങ്ങ മൂന്ന് ടേബിൾസ്പൂണെടുത്ത്, കാൽ ടീസ്പൂൺ ജീരകവും ഇട്ട് അരച്ചെടുക്കുക.
വെന്ത പടവലങ്ങ-പരിപ്പിലേക്ക്, തേങ്ങയരച്ചത് ചേർത്തിളക്കുക. ഉപ്പ് ഇട്ടുകഴിഞ്ഞില്ലെങ്കിൽ ഇടുക. വെള്ളം വേണ്ടതുപോലെ ഒഴിക്കുക. തിളപ്പിക്കുക. തീ കുറച്ചുവെച്ച് തിളപ്പിക്കുക.
വാങ്ങിവെച്ച് കടുകും കറിവേപ്പിലയും വറുത്തിടുക. വേണമെങ്കിൽ ചുവന്ന മുളകും.
Subscribe to:
Post Comments (Atom)
7 comments:
വെറുതെ രാവിലെ തന്നെ വയറിനു പണി ഉണ്ടാക്കാനായി ഇറങ്ങി തിരിച്ചോളും. ഇന്നുച്ചയ്ക്കിനി എന്തു കഴിച്ചാലും ഈ സാധനം ഒരു കൊതിയായി കിടക്കും.
കൊതിശാപം കിട്ടു സൂ, കൊതിശാപം!
എനിക്ക് പരിപ്പുവേവിച്ചവ ഒക്കെ ഇഷ്ടമാണ്. ഇതില്‍ പടവലങ്ങായ്ക്കു പകരം ചെറിയ ഉള്ളി ആകാം. അല്ലെങ്കില്‍ വെണ്ടയ്ക്കയാകാം, അതുമല്ലെങ്കില്‍ പൊട്ടറ്റോ ആകാം.. അങ്ങനെ എന്തുവേണോ ആകാം.
ഇത് ഞാന്‍ ഇടയ്ക്ക് പരീക്ഷിയ്ക്കാറുണ്ട് :)
രാവിലേ എഴുന്നേറ്റ് തലേല് ഒരു തോര്‍ത്തും കെട്ടി തോട്ടത്തില്‍ നടന്ന് വിളഞ്ഞു നീളം വയ്ക്കാത്ത ഉള്ളില്‍ കുരുവൊന്നും കട്ടിയാകാത്ത പരുവത്തിലെ പിഞ്ചു പടവലങ്ങ വെട്ടിയെടുത്ത് (അതിനൊരു പ്രത്യേക മണമുണ്ട്. കടയില്‍ നിന്നു വാങ്ങിക്കൂന്നതിപോലെ വളയുന്ന പടവലങ്ങയല്ല, വളച്ചാല്‍ ടിക്ക് എന്ന ശബ്ദത്തില്‍ ഒടിയും) അതു വച്ച് എരിശ്ശേരി ഉണ്ടാക്കിയാല്‍ സംഗതി അടിപൊളിയാകുമെന്ന് അനുഭവസാക്ഷ്യം
ഞാന്‍ ചക്കക്കുരു & പടവലങ്ങ കൊണ്ട് ഒരു കൂട്ടാന്‍ ഉണ്ടാക്കി..പരിപ്പിടാന് മറന്നു പോയി :(
എനിക്ക് വളരേ ഇഷ്ടമുള്ള ഒരു കറി :)
കുമാർ :) കൊതിക്കാതെ വേഗം ഉണ്ടാക്കിക്കഴിക്കൂ.
ശ്രീ :) നല്ലതല്ലേ?
ദേവൻ :) കടയിൽ കാണുമ്പോഴേക്കും പറിച്ച് രണ്ടുമൂന്നു ദിവസം ആയിരിക്കും. തോട്ടമില്ല ആർക്കും, പണ്ടത്തെപ്പോലെ.
മേരിക്കുട്ടീ :) അതും നന്നാവേണ്ടതാണല്ലോ. പരിപ്പിടേണ്ട കാര്യമൊന്നുമില്ല.
ലക്ഷ്മീ :)
ഞങ്ങളുടെ അടുക്കളത്തോട്ടത്തില്‍ പടവലങ്ങ കാടു പിടിച്ചു വളരുന്നു.. ധാരാളം പൂവുകളുമുണ്ട്. എന്നാല്‍ ഒന്നെങ്കിലും കായ്ച്ചു കാണണ്ടേ ..അതില്ല.. ഇന്നലെ ഒരു ചെറിയ കായ ചുരുണ്ട് കൂടി വളരുന്നത് കണ്ടു.. ഒരു ചെറിയ കയറില്‍ കല്ല് കെട്ടി അതില്‍ കേട്ടിത്തൂക്കിയിട്ടുണ്ട്.. നിത്യവും രാവിലെ അത് വലുര്ന്നത് നിരീക്ഷിക്കും. ഇപ്പോള്‍ കുറേശെ താഴോട്ട് നീണ്ടു വരുന്നുണ്ട്..
Post a Comment