കടലപ്പരിപ്പുകൊണ്ട് പായസം ഉണ്ടാക്കുന്നത് പല തരത്തിലും കണ്ടിട്ടുണ്ട്. ചിലർ പരിപ്പ് വെന്താൽ നല്ലപോലെ ഉടച്ച് പേസ്റ്റാക്കിയുണ്ടാക്കും. ചിലർ പരിപ്പ് വേവിച്ച് ശർക്കര പാവ് കാച്ചി ഊറ്റിയെടുത്ത് അതിലേക്കിട്ട് ഉണ്ടാക്കും. ഞാനിവിടെയുണ്ടാക്കിയത് എങ്ങനെയാണെന്ന് വിശദീകരിച്ചാൽ മതിയല്ലോ ഇപ്പോ.
കടലപ്പരിപ്പ് - ഇരുന്നൂറ് ഗ്രാം എടുക്കാം.
ശർക്കര - ഏഴ് വല്യ ആണി. അല്ലെങ്കിൽ ആ അളവിൽ. അല്ലെങ്കിൽ ചെറിയ ആണി പത്തെണ്ണം.
ശർക്കര ചിലപ്പോൾ നിങ്ങളുടെ പാകത്തിനായിരിക്കില്ല. അതുകൊണ്ട് വെച്ചുനോക്കിയിട്ട് അടുത്ത പ്രാവശ്യം മാറ്റുക.
സാവൂനരി/സാഗോ/സാബൂദാന/ചൗവ്വരി - അമ്പത് ഗ്രാം
തേങ്ങാപ്പാൽ - നാനൂറ്റമ്പത് എം എൽ. (കട്ടിയുള്ളത്) അഞ്ഞൂറ് ആയാലും പ്രശ്നമില്ല.
പിന്നെ വറവിടാൻ നെയ്യും തേങ്ങാക്കഷണങ്ങളും അണ്ടിപ്പരിപ്പും മുന്തിരിയും.
വെറുതേയിടാൻ നേന്ത്രപ്പഴവും.
ആദ്യം തന്നെ കടലപ്പരിപ്പ് ഒന്നു നോക്കി, വൃത്തിയിൽ കഴുകിയെടുക്കുക. സാവൂനരിയും ഒന്ന് കഴുകി കടലപ്പരിപ്പിന്റെ കൂടെ ഇടുക. വേവാനുള്ള വെള്ളം ഒഴിക്കുക. കുക്കറിൽ വേവിക്കാം. നന്നായി വെന്തോട്ടെ. വെള്ളം കുറച്ച് വേണം അതിൽ വെന്തതിനുശേഷവും. ശർക്കര അലിയാൻ എളുപ്പമാവും.
അത് കുറച്ചൊരു വല്യ പാത്രത്തിലേക്ക് മാറ്റുക. ശർക്കരയിട്ട് തിളപ്പിക്കുക. ആണിശർക്കരയാണെങ്കിൽ പത്തുമിനുട്ടോളം നിന്നോട്ടെ. തീ കുറച്ച് വയ്ക്കണം. ശർക്കര നല്ലോണം യോജിച്ചാൽ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കുക.
വെന്തുകഴിഞ്ഞാൽ വാങ്ങി വയ്ക്കുക.
നെയ്യിൽ തേങ്ങ ചെറുതായി നുറുക്കിയെടുത്തത് വറുത്ത് ഇടുക. അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തിടുക. (ഞാൻ ഇട്ടില്ല).
പഴം ചെറുതാക്കി നാലാക്കി മുറിച്ച് മുകളിൽ ഇടുക. ചുക്കുപൊടി വിതറാം.
ചൂടോടെ കുടിക്കുക. കട്ടിയുണ്ടാവും ഈ പായസത്തിന്. സാവൂനരിയും പിന്നെ കട്ടിയുള്ള തേങ്ങാപ്പാലും അല്ലേ ചേർത്തിരിക്കുന്നത്. കട്ടി വേണ്ടെങ്കിൽ തേങ്ങാപ്പാൽ നേർപ്പിച്ചൊഴിക്കാം.
Subscribe to:
Post Comments (Atom)
8 comments:
എനിക്ക് കൊതി വന്നിട്ട് വയ്യേ. സൂ എങ്ങനറിഞ്ഞു എനിക്കേറ്റം ഇഷ്ടപ്പെട്ട പായസം കടലപ്പരിപ്പ് പായസം ആണെന്ന്.
സ്പെഷ്യൽ താങ്ക്സ് കേട്ടോ.
ഞാന്‍ ഇത് വരെ കുടിച്ചിട്ടില്ല ഈ പായസം :(
ഇനി നാട്ടില്‍ പോകുമ്പോ വച്ച് തരാന്‍ പറയണം അമ്മയോട്!
പായസം കുടിച്ചതുപോലെ..ഈ മധുരത്തിന് നന്ദി. ഉടന്‍ പരീക്ഷിക്കുന്നതായിരിക്കും.
ഇത് കടലപ്രഥമന്‍ എന്ന് കിളിമാനൂരിലും പ്രാന്തപ്രദേശത്തുമെല്ലാം അറിയപ്പെടും. ഞാന്‍ പലരോടും ഇതേ പറ്റി പറയുമ്പോള്‍ ‘തിരോന്തരം കാര്‍ക്ക് എന്തുമാവാലോ” എന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്. ഇനിയിപ്പോള്‍ പറയാലോ “ദേ..സൂ വരെ ഉണ്ടാക്കിയിരിക്കുന്നു കടലപ്രഥമന്‍“ എന്ന്. ഞാന്‍ ഇതുണ്ടാക്കുമ്പോള്‍ നേന്ത്രപ്പഴം ഇടാറില്ല എന്നു മാത്രം.
ഈ പോസ്റ്റ്നു താങ്ക്സ് :)
പാറുക്കുട്ടീ :) ഞാനിപ്പോ അറിഞ്ഞു. ഈ പായസം ഇഷ്ടമാണെന്ന്.
മേരിക്കുട്ടീ :) അവിടെ ഉണ്ടാക്കൂ. തേങ്ങാപ്പാൽ കടയിൽനിന്ന് വാങ്ങിയാൽ മതി. എളുപ്പം കഴിയും.
ബൈജു :)
മയൂര :) വീട്ടിൽ ഒരു ശർക്കരപ്പായസവും ഒരു പാല്‍പ്പയസവും വയ്ക്കും. വിഷു, ഓണം തുടങ്ങിയ അവസരങ്ങളിൽ, അടുത്തടുത്ത ദിവസങ്ങളിൽ. അങ്ങനെ വയ്ക്കുന്ന ശർക്കരപ്പായസത്തിലൊന്നാണ് ഇത്.
ഞാനും കഴിച്ചിട്ടില്ലെന്ന് തോന്നുന്നു
ഇതു ശരിക്കും ചൂട് ആറിട്ടെ കഴിക്കാവ് അപ്പോളേ രുചി ആസ്വദിക്കാന്‍ കഴിയു
ആശംസകള്‍
vayil vellam varunnuuu!!!!
Post a Comment