കർമൂസ എന്ന് ഞങ്ങളുടെ നാട്ടിൽ വിളിക്കുന്ന പപ്പായകൊണ്ട് കുറേയേറെ വിഭവങ്ങളുണ്ടാക്കാം. കുറച്ച് സ്ഥലമുണ്ടെങ്കിൽ വീടുകളിൽത്തന്നെ അധികം അധ്വാനമില്ലാതെയുണ്ടാക്കാൻ പറ്റിയൊരു മരമാണ് പപ്പായ മരം. പപ്പായ പച്ച തിന്നാം, പഴുത്താലും തിന്നാം.
പഴുത്ത പപ്പായകൊണ്ടൊരു സാമ്പാർ. നിങ്ങളാരെങ്കിലും കഴിച്ചിട്ടുണ്ടോ? ഇവിടെ ഉണ്ടാക്കാറുണ്ട്.
പഴുത്ത പപ്പായ
തേങ്ങ ചിരവിയത്
മല്ലി
മുളക്
തുവരപ്പരിപ്പ്
പച്ചമുളക്
കായം പൊടി
പുളി
മഞ്ഞൾപ്പൊടി
ഉപ്പ്
പിന്നെ വറവിടാൻ ആവശ്യമായതും വേണം.
പപ്പായ ചിത്രത്തിൽ ഉള്ളതിൽ ചെറിയ കഷണം എടുക്കുക. തോലു കളയുക, മുറിക്കുക. കഴുകുക.
പുളി വലിയ നെല്ലിക്കാവലുപ്പത്തിൽ വെള്ളമൊഴിച്ച് വെച്ച് കുതിർന്നാൽ അതിന്റെ വെള്ളം മാത്രം എടുക്കുക.
തേങ്ങ രണ്ട് രണ്ടര ടേബിൾസ്പൂൺ വറുത്തെടുക്കുക.
മല്ലി രണ്ട് ടീസ്പൂണും, മുളക് മൂന്നെണ്ണവും വറുത്തെടുക്കുക. അതിൽ നാലോ അഞ്ചോ എണ്ണം ഉലുവമണികൾ ഇട്ട് വറുക്കുക.
തേങ്ങയും മല്ലിക്കൂട്ടും തണുത്തുകഴിഞ്ഞാൽ അരയ്ക്കുക.
തുവരപ്പരിപ്പ് മൂന്ന് ടേബിൾസ്പൂൺ ആദ്യം വേവിക്കുക. കുക്കറിൽ ആയാൽ നല്ലത്.
ഒരു പാത്രത്തിൽ പുളിവെള്ളവും പപ്പായ/കർമൂസക്കഷണങ്ങളും ഇട്ട്, മൂന്ന് പച്ചമുളകും ചീന്തിയിട്ട്, ഉപ്പും, മഞ്ഞൾപ്പൊടിയും ഇട്ട് വേവാൻ വയ്ക്കുക. ഞാൻ കൽച്ചട്ടിയിൽ വേവിക്കാമെന്നുവച്ചു.
വെന്താൽ, അതിലേക്ക് പരിപ്പ് വേവിച്ചത് ഇടുക.
അല്പനേരം തിളച്ച് ഒക്കെ ഒന്ന് യോജിച്ചാൽ, തേങ്ങ കൂട്ടുക. കായം പൊടിയും ഇടുക.
കറിവേപ്പില ഇടുക.
മുളകു പൊട്ടിച്ചതും, കടുകും, കറിവേപ്പിലയും വറുത്തിടുക.
പഴുത്ത പപ്പായസാമ്പാർ തയ്യാർ. രാവിലെ ഇഡ്ഡലിയ്ക്കൊപ്പം കഴിക്കുക. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കുക. എരിവ് ഇനിയും വേണമെന്നുണ്ടെങ്കിൽ, അടുത്ത തവണ കൂട്ടുക.
മോരുകൂട്ടാനും,
പച്ചപ്പപ്പായസ്സാമ്പാറും ഇവിടെ.
Subscribe to:
Post Comments (Atom)
4 comments:
പച്ചപപ്പായ സാമ്പാറില്‍ ഇടുന്നത് കണ്ടിട്ടുണ്ട്. പഴുത്തതും ഇടാമെന്നത് പുതിയ അറിവാണ്. ആ അവസാന പടം കണ്ടിട്ട് വിശക്കുന്നതു പോലെ ഒരു തോന്നല്‍...
:)
ശ്രീ :) പഴുത്തതുകൊണ്ടും സാമ്പാർ ഉണ്ടാക്കും. വീട്ടിൽ പോകുമ്പോൾ പരീക്ഷിക്കൂ.
അരുത്...പപ്പായ എന്റെ പ്രിയ പഴം..അതിന് രൂപാന്തരം വരുത്തരുത്....
ശോ! നല്ല നടന്‍ പപ്പായ, കുരു ഒക്കെ ആയിട്ടു ഇരിക്കുന്നത് കണ്ടിട്ട്..കൊതി വരുന്നേ കൊതി...
മേരിക്കുട്ടീ :) എനിക്കു പഴുത്തത് അത്ര ഇഷ്ടമില്ല.
Post a Comment