Thursday, November 27, 2008

ഉപ്പുമാങ്ങാച്ചമ്മന്തി

ഉപ്പുമാങ്ങയ്ക്കൊരു കഥ

പാണ്ടമ്പറമ്പത്ത് എന്നൊരു ഇല്ലത്ത്, ദാരിദ്ര്യമായിരുന്നു. ഒരിക്കൽ, ഒരു ചീനക്കാരൻ കച്ചവടക്കാരൻ, കപ്പൽ യാത്രയ്ക്കിടയിൽ അപകടം പറ്റിയപ്പോൾ, എങ്ങനെയൊക്കെയോ രക്ഷപ്പെട്ട്. കൈയിൽ കിട്ടിയ പത്തു ചീനഭരണികളും എടുത്ത് ചെന്നുപെട്ടത് പാണ്ടമ്പറമ്പത്തേക്കായിരുന്നു. ആ വീട്ടിലുള്ള ഭട്ടതിരി, ഉണ്ടായിരുന്ന കഞ്ഞി എടുത്ത് ചീനക്കാരനു കൊടുത്തു. കഴിച്ചുകഴിഞ്ഞപ്പോൾ വ്യാപാരി പറഞ്ഞു, “ഞാൻ സ്വദേശത്തേക്ക് തിരിച്ചുപോകുകയാണ്. അതുകൊണ്ട് ഈ ഭരണികൾ ഇവിടെ സൂക്ഷിക്കണം, തുവരപ്പരിപ്പ് നിറച്ചതാണ്” എന്ന്. അങ്ങനെ ഭരണികൾ അവിടെ വച്ചിട്ട് വ്യാപാരി തിരിച്ചുപോയി. ഒരു ദിവസം ഒരു ഭക്ഷണവും കുട്ടികൾക്ക് കൊടുക്കാനില്ലാതെ വന്നപ്പോൾ, അന്തർജ്ജനം പറഞ്ഞു “അല്പം തുവരപ്പരിപ്പെങ്കിലും എടുത്ത് വേവിച്ചുകൊടുക്കാം കുഞ്ഞുങ്ങൾക്ക്. പിന്നെ വ്യാപാരി വരുമ്പോഴേക്കും തിരികെ വയ്ക്കാം. വിശപ്പുണ്ടായിട്ടാണെന്നു പറഞ്ഞാൽ ആർക്കും മനസ്സിലാവില്ലേ”ന്ന്. കുറേ പറഞ്ഞപ്പോൾ, ഭട്ടതിരി, ഒരു ഭരണിയെടുത്ത് കെട്ടൊക്കെയഴിച്ച് തുവരപ്പരിപ്പ് വാരിയെടുത്തു. അതിൽ തുവരപ്പരിപ്പ് മാത്രമല്ലല്ലോന്ന് കരുതുകയും ചെയ്തു.
നോക്കുമ്പോൾ, എല്ലാ ഭരണികളിലും മുകളിൽ കുറച്ച് പരിപ്പും, ബാക്കി സ്വർണ്ണനാണ്യങ്ങളുമായിരുന്നു. പിന്നെ ഭട്ടതിരി, കുറേ നാൾ കഴിഞ്ഞപ്പോൾ, ആ ഭരണിയിൽനിന്നുതന്നെ നാ‍ണയങ്ങളെടുത്ത് ചെലവാക്കിത്തുടങ്ങി. പിന്നെ പണക്കാരനായപ്പോൾ, അദ്ദേഹം, ആ ഭരണികളൊക്കെ തിരികെ നിറച്ചുവെച്ചു. പലിശയായിട്ട് പത്തു ചെറിയ ഭരണികളിലും നാണയങ്ങൾ നിറച്ചു വച്ചു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ, പഴയ കച്ചവടക്കാരൻ വീണ്ടും വന്നു. ഭട്ടതിരി, ഭരണി തുറന്നതും നാണയങ്ങൾ എടുത്തുപയോഗിച്ചതും ഒക്കെയുള്ള സംഭവങ്ങളൊക്കെ പറഞ്ഞു. മാപ്പും അപേക്ഷിച്ചു. ഭരണികളും പലിശഭരണികളും വ്യാപാരിക്കു കൊടുത്തു. പക്ഷേ പലിശഭരണികൾ, കച്ചവടക്കാരൻ വാങ്ങിയില്ല. വലിയ ഭരണിയിൽ നിന്ന് ഒരു ഭരണി ഭട്ടതിരിക്കു സമ്മാനമായി കൊടുക്കുകയും ചെയ്തു. ആ ഭരണിയാണ് കോടൻഭരണി. കൊടുത്തുകഴിഞ്ഞ് വ്യാപാരി പറഞ്ഞു “ഈ ഭരണിയിരിക്കുന്ന ദിക്കിൽ ദാരിദ്ര്യം ഉണ്ടാവില്ല. ഇതിൽ മാങ്ങ ഉപ്പിലിട്ടാൽ നല്ല സ്വാദുണ്ടാവുകയും ചെയ്യും” എന്ന്. അങ്ങനെ ആ വീട്ടിൽ എല്ലാക്കൊല്ലവും, ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടുതുടങ്ങി. അതിന്റെ സ്വാദും കേമം. എത്രനാൾ കഴിഞ്ഞാലും മാങ്ങയുടെ പച്ചനിറം മാറില്ലത്രേ. ഇതാണ് പാണ്ടമ്പറമ്പത്തു കോടൻ ഭരണിയിലെ ഉപ്പുമാങ്ങ.
(കഥ വായിച്ചതും, കടപ്പെട്ടിരിക്കുന്നതും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്ക്)

എല്ലാ വർഷവും മാങ്ങ ഉപ്പിലിടാറുണ്ട്. വേനൽക്കാലത്ത് ഉപ്പിലിട്ടുവെച്ചാൽ, നല്ല മഴക്കാലത്ത് കഴിക്കാം. മാങ്ങ കഴുകിയെടുത്ത്, ഉപ്പും ഇട്ട് വയ്ക്കുക. നന്നായി തിളപ്പിച്ച്, നന്നായി തണുത്ത വെള്ളം അതിലേക്ക് ഒഴിച്ചുവയ്ക്കും ഞാൻ. വെറും ഉപ്പുമാത്രം ഇട്ടാൽ നന്നാവുമോന്ന് അറിയില്ല. ഇപ്രാവശ്യം അപ്രതീക്ഷിതകാരണങ്ങൾ കൊണ്ട് മാങ്ങ ഉപ്പിലിടാൻ സാധിച്ചില്ല. എന്നാലും എന്റെ തീറ്റഭാഗ്യം കൊണ്ട് ഉപ്പുമാങ്ങയെത്തി. ;) ഈ ഭരണി നിറയെ ഉണ്ട്.




പ്ലാസ്റ്റിക് പാത്രത്തിലും ഇട്ടുവെച്ചാൽ കുഴപ്പമൊന്നുമില്ല. എന്നാലും സ്വാദിന് ഭരണിതന്നെ വേണം. നിറയെ വെള്ളം വേണം. നല്ലപോലെ അടച്ചുവയ്ക്കുകയും വേണം. ചിലപ്പോൾ വെള്ളത്തിനുമുകളിൽ പൂപ്പൽ പോലെ ഉണ്ടാവും. അതെടുത്തുകളയുക, മാങ്ങ കഴുകിയെടുക്കുക. മാങ്ങകൊണ്ട് വിഭവം ഉണ്ടാക്കുന്നതിലും ഇഷ്ടം അതു വെറുതേ ചോറിനു കൂട്ടിക്കഴിക്കുന്നതാണ്. വീണുകിട്ടുന്ന കുഞ്ഞുകുഞ്ഞുമാങ്ങകൾ ഉപ്പിലിട്ടുവെച്ചത് കൂട്ടിക്കഴിക്കാൻ എനിക്കെന്തിഷ്ടമാണെന്നോ.
ഇക്കൊല്ലം മാങ്ങ ഉപ്പിലിട്ടതില്ലെങ്കിൽ ആരും വിഷമിക്കേണ്ട. മാങ്ങാക്കാലം അടുത്തുവരുന്നുണ്ട്. മടിക്കാതെ ഉപ്പിലിട്ടുവയ്ക്കുക.





ഒരു ഉപ്പുമാങ്ങയുണ്ടെങ്കിൽ ഒരുമുറിത്തേങ്ങ എടുക്കാം. കഷണം മാങ്ങകളും, കുറച്ച് തേങ്ങയും, ചുവന്ന മുളകും, കറിവേപ്പിലയും ഉപ്പും. ഇത്രയും ഉണ്ടായാൽ, അരച്ചെടുത്താൽ, ഉപ്പുമാങ്ങാച്ചമ്മന്തിയായി. തേങ്ങ കുറച്ച് അധികമായാൽ കുഴപ്പമൊന്നുമില്ല.

മൂന്ന് ടേബിൾസ്പൂൺ തേങ്ങ.
മാങ്ങയുടെ അപ്പുറമിപ്പുറം ഉള്ള വലിയ കഷണങ്ങൾ.
മൂന്ന് ചുവന്ന മുളക്. കുറച്ച് കറിവേപ്പില. ഉപ്പ്.




ഇവിടെ മാങ്ങ തോലോടെതന്നെ കഷണമാക്കി.
തൊലി വേണമെങ്കിൽ കളയാം.
തേങ്ങ കുറച്ചും കൂടെ ഇടാം. എന്നാൽ മാങ്ങയുടെ പുളി കുറയ്ക്കാം.
ചുവന്ന മുളകിനു പകരം പച്ചമുളകിട്ടും ഉണ്ടാക്കിനോക്കാം.
മിനുസമായിട്ട് അരയണം എന്നില്ല.

11 comments:

Anil cheleri kumaran said...

എന്തു രസകരമാണു ഓരോ വിഭവങ്ങളും!!!

Ranjith chemmad / ചെമ്മാടൻ said...

നിങ്ങള്‍ ഓരോന്നുണ്ടാക്കിക്കാണിച്ച് ഈ പാവം പ്രവാസികളുടെ വായിലെ വെള്ളം വറ്റിക്കും
എന്തരായാലും ആശംസകള്‍..

smitha adharsh said...

രണ്ജിത് ചേട്ടന്‍ പറയാന്‍ വന്നത് തന്നെ ...
ഐതിഹ്യമാലയിലെ ഈ കഥ ഞാനും വായിച്ചിട്ടുണ്ട്.ഒന്നു കൂടി ഓര്‍മ്മിപ്പിച്ചതിനു നന്ദി.

ശ്രീ said...

കൊതിപ്പിയ്ക്കാന്‍ കരുതിക്കൂട്ടി ഇറങ്ങിയിരിയ്ക്കുവാണല്ലേ?
:(

കണ്ടിട്ട് കൊതിയാകുന്നു.

അരുണ്‍ കരിമുട്ടം said...

കൊതിയാകുന്നു

Bindhu Unny said...

ഈ മാങ്ങാക്കാലത്ത് ഉപ്പുമാ‍ങ്ങയുണ്ടാക്ക്കീട്ട് തന്നെ കാര്യം.
(ഓ.ടോ: ഞാന്‍ മുന്‍പ് ചോദിച്ച സാമ്പാര്‍പൊടിയുടെ കാര്യം മറന്നോ?) :-)

മേരിക്കുട്ടി(Marykutty) said...

രാവിലെ തന്നെ വായില്‍ വെള്ളം നിറച്ചു!

അമ്മച്ചി വീട്ടില്‍് വേറെ ഒരു സംഭവം ഉണ്ടാക്കും: ഉപ്പുമാങ്ങ കഷണങ്ങളാക്കി, അതില്‍ ചെറിയ ഉള്ളി, പച്ചമുളക്/ചുവന്നമുളക് ഇട്ട്, തേങ്ങാപാലും ഒഴിച്ച് എടുക്കും..മുളകിന് പകരം ചിലപ്പോള്‍ മുളക് പൊടി ഇടും...ഹാ..

Jayasree Lakshmy Kumar said...

ഐതീഹ്യമാലയിലെ കഥ ഒന്നു കൂടെ ഓർമ്മിപ്പിച്ചതിനു നന്ദി. പക്ഷെ ഉപ്പുമാങ്ങയുടെ കാര്യം പറഞ്ഞു ശിക്ഷിക്കണ്ടായിരുന്നു. വായിൽ കപ്പലോടുന്നു

ചെറിയ മാങ്ങ വെള്ളമൊഴിക്കാതേയും ഉപ്പിലിടാറുണ്ട്. കഴുകി നന്നായി വെള്ളം തുടച്ചു കളഞ്ഞ് ഭരണിയിൽ ഇട്ട് ഉപ്പിട്ടിട്ട് അടച്ചു കെട്ടി വയ്ക്കും. ഇടക്ക് മാങ്ങ കീഴ്മേൽ വരുന്ന വിധം ഭരണി തുറക്കാതെ തന്നെ പതുക്കെ കുലുക്കി ഇളക്കും. വെള്ളം തനിയേ ഊറി വരാറുണ്ട്. വലിയ മാങ്ങ അങ്ങിനെ ചെയ്തു നോക്കീട്ടില്ല

സു | Su said...

കുമാരൻ :) പുകഴ്ത്തലിൽ പി‌എച്ച്. ഡി ഉണ്ടല്ലേ? ;)

രഞ്ജിത് :) അതിനെന്താ? നാട്ടിൽ വരുമ്പോൾ ഒക്കെ കിട്ടുമല്ലോ. അപ്പോൾ ഒക്കെ ഇഷ്ടം പോലെ കഴിച്ച് പോകണം കേട്ടോ.

സ്മിത :)

ശ്രീ :)

അരുൺ :)

ബിന്ദൂ :) മറന്നില്ല. പക്ഷെ ഇവിടെ പൊടിക്കുന്നതിന്റെകൂടെ തേങ്ങ അരയ്ക്കണം. വേറൊരു തരത്തിലുള്ളത് കിട്ടുമോന്ന് നോക്കട്ടേന്നുവെച്ചിട്ടാ.

മേരിക്കുട്ടീ :) അങ്ങനെ ഞാനുമൊന്ന് പരീക്ഷിക്കാം കേട്ടോ.

ലക്ഷ്മി :) അമ്മ അങ്ങനെയാണ് ചെയ്യാറ്. കുപ്പിയിൽ, കുഞ്ഞുമാങ്ങ ഉപ്പും ഇട്ട് വച്ചിട്ട്, ഇടയ്ക്ക് ഇളക്കിവയ്ക്കും.

ജെസ്സ് said...

സു
എനിക്കിവിടെ ഈ ചെറിയ മാങ്ങ കിട്ടാറില്ല. ഞാന്‍ അത് കൊണ്ടു പച്ച മാങ്ങ നീളത്തില്‍ മുറിച്ചു പച്ച മുളകും കീറിയിട്ടാണ് ഉപ്പില്‍ ഇടുന്നത്.

സു | Su said...

ജെസ്സ് :) പച്ചമുളക് ഇടാറുണ്ടല്ലേ? അങ്ങനെ ഇവിടെ ഇടാറില്ല.

Alpesh :) Thanks.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]