Monday, November 24, 2008

കൊട്ടത്തേങ്ങച്ചമ്മന്തി




കൊട്ടത്തേങ്ങകൊണ്ടൊരു ചമ്മന്തി. കഞ്ഞിക്കും ചോറിനും ഒക്കെ നല്ലത്. ചപ്പാത്തിക്കും ദോശയ്ക്കും കൂട്ടാം. എളുപ്പം ജോലിയും കഴിയും. എങ്ങനെയുണ്ടാക്കാം?
കൊട്ടത്തേങ്ങ ഒന്ന് വേണം. മുറിച്ച്, ചെറുതായി മുറിച്ചെടുക്കുക. മിക്സിയിൽ ഇടേണ്ടതാണ്. അതുകൊണ്ട് കട്ടി വേണ്ട.
നാലോ അഞ്ചോ ചുവന്ന മുളക്. നിങ്ങൾക്ക് എരിവ് വേണ്ടതനുസരിച്ച് മാത്രം കണക്കാക്കി ചേർക്കുക.
പുളി - ഒരു വലിയ നെല്ലിക്കാവലുപ്പത്തിൽ എടുത്ത് വെള്ളത്തിലിട്ട്. കുറച്ചുസമയം കുതിർന്നാൽ നാരും, കുരുവും ഒന്നുമില്ലാതെ വെള്ളം മാത്രം പിഴിഞ്ഞെടുത്തുവയ്ക്കുക.
ഉപ്പ് - ആവശ്യത്തിന്.
കറിവേപ്പില - മൂന്ന് തണ്ടിലെ ഇല.
ചെറിയ ഉള്ളി - അഞ്ചെട്ടെണ്ണം. കൂടിയാലും സാരമില്ല.




കൊട്ടത്തേങ്ങ, ചെറുതായി മുറിച്ച്, മുളകും ഇട്ട്, വെറുതെ, വറുത്തെടുക്കുക. എണ്ണയൊന്നും വേണ്ട. നന്നായി മൊരിഞ്ഞാൽ കറിവേപ്പിലയും ചേർക്കുക. വാങ്ങിവയ്ക്കുക. ചെറിയ ഉള്ളി, വെളിച്ചെണ്ണയിലിട്ട് ഒന്ന് വഴറ്റിയെടുക്കണം. അധികം മൊരിയുകയൊന്നും വേണ്ട.



കൊട്ടത്തേങ്ങ തണുത്താൽ ഉപ്പും ഇട്ട് മിക്സിയുടെ പാത്രത്തിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക. ഇത്രയും ഉണ്ടെങ്കിൽ രണ്ടുപ്രാവശ്യമായിട്ട് ഇടേണ്ടിവരും. തേങ്ങയൊക്കെ ചെറുതായാൽ ചെറിയ ഉള്ളി ഇടുക. പുളിവെള്ളം ഒഴിച്ച് അരച്ചെടുക്കുക. തയ്യാർ. വേറെ വെള്ളം ചേർക്കരുത്.



ഒരു കൊട്ടത്തേങ്ങ എടുത്തിട്ടാണ് ഇത്രയും ആയത്. നിങ്ങൾ അളവു വേണ്ടതനുസരിച്ച് മാത്രം എടുക്കുക. പിന്നേയ്ക്ക് പിന്നേയ്ക്ക് വച്ച് തിന്നാതിരിക്കാൻ വേണ്ടപ്പോൾ വേണ്ടത്ര മാത്രം ഉണ്ടാക്കുന്നതാണ് നല്ലത്. തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കൂടിക്കലർന്ന ഒരു സ്വാദാണ് ഇതിന്.

15 comments:

Anil cheleri kumaran said...

നല്ല ചമ്മന്തി.. എന്തൊരു ടേസ്റ്റ്.!!

krish | കൃഷ് said...

തേങ്ങാച്ചമ്മന്തിക്ക് ഒരു തേങ്ങ ഉടയ്ക്കാന്‍ വന്നതാ. അപ്പോഴേക്കും കുമാരന്‍ ടേസ്റ്റും ചെയ്തിരിക്കുന്നു. അപ്പോള്‍ നന്നായിരിക്കുമല്ലേ.

(പിന്നെ, ആളെ കണ്‍ഫൂഷനാക്കരുത്ട്ടോ. കൊട്ടതേങ്ങയുടെ പടമിട്ടിട്ട് അത് കറിവേപ്പില ആണെന്ന് എഴുതിവെച്ചിരിക്കുന്നു. ഇപ്പോ സംശയമായി, ഇനി ഇതെന്നാണോ കറിവേപ്പില?)

:)

Rejeesh Sanathanan said...

ഇപ്പോള്‍ ഉണ്ടാക്കിയത് ഒരു മാസത്തേക്ക് ഉണ്ടല്ലോ...:)

അളവു വേണ്ടതനുസരിച്ച് മാത്രം എടുക്കുക. :)

ഈ ഉപദേശം എങ്ങനുണ്ട്.നല്ല പോസ്റ്റ്

ശ്രീ said...

ഹൊ! ഈ ചമ്മന്തി എന്റെ ഒരു വീക്ക്‍നെസ്സ് ആയിപ്പോയി.
:)

സു | Su said...

കുമാരൻ :) ഇത്രയും പെട്ടെന്ന് അരച്ച് സ്വാദ് നോക്കിയോ?

കൃഷ് :) ഉടയ്ക്കാൻ കൊണ്ടുവന്നത് തിരികെക്കൊണ്ടുപോവേണ്ട എന്തായാലും.

ശ്രീ :)

മാറുന്ന മലയാളി :) ഒന്നോ രണ്ടോ പേർക്കാണെങ്കിൽ ഇത്രയും വേണ്ടിവരില്ല. കഴിക്കുന്ന ആളനുസരിച്ച് ഉണ്ടാക്കിയാൽ മതിയെന്ന് പറഞ്ഞെന്നേയുള്ളൂ. കുറേ ആൾക്കു വേണമെങ്കിൽ അതനുസരിച്ച്. അല്ലെങ്കിൽ ഒന്നോ രണ്ടോ പേർക്കാണെങ്കിൽ അതനുസരിച്ച്. കാരണം:- “പിന്നേയ്ക്ക് പിന്നേയ്ക്ക് വച്ച് തിന്നാതിരിക്കാൻ വേണ്ടപ്പോൾ വേണ്ടത്ര മാത്രം ഉണ്ടാക്കുന്നതാണ് നല്ലത്” എന്നും വ്യക്തമായി എഴുതിയിട്ടുണ്ട്.

smitha adharsh said...

ഇതിന്റെ വക ഭേദം ഒരിക്കല്‍ ബിന്ദു.കെ.പി ഇട്ടിരുന്നു..ചേച്ചി പക്ഷെ,തേങ്ങ ചുട്ട്‌ അരയ്ക്കുകയാ ചെയ്തത്.
ഈ ഫോട്ടോ ഒക്കെ കണ്ടു,നാവില്‍ വെള്ളം വന്നു...സത്യം..

Bindhu Unny said...

കൊട്ടത്തേങ്ങ വാങ്ങണം. ചമ്മന്തി അരയ്ക്കണം. അതുകൊണ്ട് പിന്നെ കാണാം. :-)

സു | Su said...

സ്മിത :) ഇവിടെ തേങ്ങ ചുട്ടിട്ട് പതിവില്ല. ഇങ്ങനെയാണ്. അല്ലെങ്കിൽ, ഇതേപോലെത്തന്നെ ചമ്മന്തിപ്പൊടിയും ഉണ്ടാക്കും. വെള്ളമില്ലാതെ. ഉള്ളിയും ഇടില്ല.

ബിന്ദു :) അങ്ങനെയാവട്ടെ.

മേരിക്കുട്ടി(Marykutty) said...

ചമ്മന്തി എന്റെ വീക്നെസ് ആണ് :)))
പിന്നെ എന്റെ നല്ല പാതി നാട്ടിലെത്തി...എന്നിട്ട് ഇന്നലെ ഒരു കമന്റും- നിനക്കിപ്പോ ഞാന്‍ സു ന്റെ ബ്ലോഗ് പോലെയായി അല്ലേ എന്ന്!
(തമാശയ്ക്കു പറഞ്ഞതാണ് പുള്ളി, കേട്ടോ)

ശ്രീലാല്‍ said...

ഇക്കാണുന്ന ബ്ലോഗുകൾക്കെല്ലാം ജീവനുണ്ടായിരുന്നെങ്കിൽ - ബ്ലോഗിൽ കാണുന്ന ചിത്രങ്ങളെല്ലാം യാഥാർത്ഥ്യമാകുമെങ്കിൽ ആദ്യം ഞാൻ വരിക കറിവേപ്പിലയിലേക്കായിരിക്കും..ഈ ചമ്മന്തി കൂട്ടാൻ :)

നിലാവ് said...

ഇതൊന്നു പരീക്ഷിച്ചു നോക്കണമല്ലോ..

തേങ്ങ ചുട്ട ചമ്മന്തി, അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..

സു ചേച്ചി ഇത്തരം വിഭവങ്ങള്‍ ഇനീം ഉണ്ടാക്കി കൊണ്ടു വരണേ..

സു | Su said...

മേരിക്കുട്ടീ :)

ശ്രീലാൽ :)

നിലാവ് :)

നന്ദി.

Jayasree Lakshmy Kumar said...

ഇതു വരെ ഉണ്ടാക്കിയിട്ടില്ലാത്ത സംഭവമാ തേങ്ങ ചുട്ട ചമ്മന്തി. ഉണ്ടാക്കി നോക്കുന്നുണ്ട്

സു | Su said...

ലക്ഷ്മി :) കൊട്ടത്തേങ്ങ, ഇങ്ങനെ വറുത്താൽ മതി.

ശ്രീലാല്‍ said...

Thanks സുവേച്ചീ.... ഞാൻ അട്ടിമറിച്ചു !! പെർഫെക്ട് - മതിയായ്‌റ്റ്ല്ല കൂട്ടിയിട്ട്. :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]