Sunday, November 16, 2008

കൂർക്ക കട്‌ലറ്റ്



അച്ചുവിന്റെ അമ്മയിലെ വനജയെപ്പോലെയൊന്നുമില്ലെങ്കിലും അതിന്റെയൊരു ചെറുപതിപ്പാണ് വീട്ടിലെല്ലാവരും, കൂർക്കയുടെ കാര്യത്തിൽ. കൂർക്കിൽ എന്നാണു ഞങ്ങളൊക്കെ പറയുന്നത്. മെഴുക്കുപുരട്ടിയാണ് എപ്പോഴും ഉണ്ടാക്കാറുള്ളത്. വലിയ വലിയ കൂർക്ക (അച്ഛനാണ് വാങ്ങിയത്) കണ്ടപ്പോൾ എനിക്കു തോന്നി, കട്‌ലറ്റ് ആയാലെന്തെന്ന്. എന്നാല്‍പ്പിന്നെ പരീക്ഷിച്ചുകളയാം എന്നുവച്ചു. പനി പമ്പ കടന്നു എന്ന മട്ടിൽ കട്‌ലറ്റ് ഉണ്ടാക്കാനുള്ള പരിശ്രമം തുടങ്ങി.

കട്‌ലറ്റ്, തിന്നാൻ ഇഷ്ടമുള്ള ആർക്കും ഉണ്ടാക്കാം. എളുപ്പം.



കൂർക്ക വേണം - ചിത്രത്തിലെപ്പോലെ വലുതാണെങ്കിൽ 12- 14 ചെറുതാണെങ്കിൽ ഒരു പത്തു പതിനെട്ട് ഇരുപത് ആയ്ക്കോട്ടെ. കൂർക്ക തോലു കളഞ്ഞ് വേവിച്ചെടുക്കണം. അല്ലെങ്കിൽ വൃത്തിയായി കഴുകിക്കഴുകി, മണ്ണിന്റെ അംശം പോലുമില്ലാതെയാക്കി, വേവിച്ച്
തോലുകളയണം.

ഉരുളക്കിഴങ്ങ് - രണ്ട് ചെറുത്. മൂന്നായാലും കുഴപ്പമില്ല.

വലിയ ഉള്ളി/ സവാള - ഒന്ന് വലുത്/ അല്ലെങ്കിൽ രണ്ട് ചെറുത്. സവാള പൊടിപൊടിയായി അരിഞ്ഞെടുക്കണം.

പച്ചമുളക് - എരുവുള്ളത് മൂന്ന്.

ഇഞ്ചി - ഒരു പച്ചമുളകിന്റത്രേം വലുപ്പത്തിൽ കഷണം.

വെളുത്തുള്ളി - കുഞ്ഞുകുഞ്ഞ് ഒരു പത്തെണ്ണം.

ഉപ്പ് - ആവശ്യത്തിന്.

കറിവേപ്പില, മല്ലിയില - കുറച്ച് ചെറുതായി അരിഞ്ഞെടുക്കണം.

കടലപ്പൊടി അഥവാ കടലമാവ് - 5 ടേബിൾസ്പൂൺ.

റവ അല്ലെങ്കിൽ ബ്രഡ് പൊടി അല്ലെങ്കിൽ റസ്ക് പൊടി കുറച്ച്.

വെളിച്ചെണ്ണ/ പാചകയെണ്ണ ആവശ്യത്തിന്.

ഗരം മസാല/ വെജിറ്റബിൾ മസാല - ഒരു ടീസ്പൂൺ.


ആദ്യം അരിയേണ്ടതൊക്കെ അരിഞ്ഞും, വേവിക്കേണ്ടതൊക്കെ വേവിച്ചുമെടുക്കണം. ഉരുളക്കിഴങ്ങും കൂർക്കയും പുഴുങ്ങണം. ഉരുളക്കിഴങ്ങ് നന്നായി പൊടിച്ചുകുഴയ്ക്കാം. കൂർക്ക കഷണങ്ങളായി മുറിക്കണം. പച്ചമുളകും ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചെടുക്കണം. അല്ലെങ്കിൽ റെഡിമെയ്ഡ് പേസ്റ്റ് ആണെങ്കിൽ അതും ഉപയോഗിക്കാം.


ഉള്ളി കുറച്ച് പാചകയെണ്ണയിലിട്ട് വഴറ്റി മൊരിച്ചെടുക്കുക. ഒന്നു വെന്താൽ, പച്ചമുളക് ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ഇട്ടിളക്കുക. കറിവേപ്പിലയും മല്ലിയിലയും ഇട്ടിളക്കുക. മസാലപ്പൊടി ഇടുക. ഉരുളക്കിഴങ്ങ് പൊടി ഇടുക. കൂർക്ക ഇടുക. ഉപ്പ് ഇടുക. അല്പംനേരം വഴറ്റി യോജിപ്പിച്ചിട്ട്
വാങ്ങിവയ്ക്കുക.



കടലപ്പൊടി ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. വേണമെങ്കിൽ അല്പം ഉപ്പിടാം. കുഴച്ചിട്ട്, കൂർക്കക്കൂട്ടിന്റെ കൂടെ കുഴച്ച് ചേർക്കുക. ഉരുട്ടുക. കൈയിലോ പ്ലാസ്റ്റിക്കിലോ ഒന്നു പരത്തുക.
ഏതു പൊടിയാണുള്ളത് എന്നുവച്ചാൽ അതിൽ അപ്പുറമിപ്പുറം മുക്കി, ചൂടായ പാചകയെണ്ണ/ വെളിച്ചെണ്ണയിൽ വറുത്തുകോരുക.



ശ്രദ്ധിക്കേണ്ടത്:-
ഉപ്പ് അധികമാവരുത്.

കടലമാവിൽ വെള്ളമാവരുത്. കൂട്ട് വെള്ളം പോലെയിരിക്കരുത്.

കൂർക്ക ഉടയേണ്ട. കഷണം പോലെ ഇരുന്നോട്ടെ.

ഒക്കെക്കൂടി വഴറ്റുന്നതും അധികം സമയമൊന്നും വേണ്ട. ഒന്നു വഴറ്റിയെടുക്കുക.

മസാലപ്പൊടിയ്ക്കു പകരം, മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്താലും കുഴപ്പമില്ല.

നിങ്ങൾ ഒരു എരിവുപ്രേമിയാണെങ്കിൽ പച്ചമുളക് പേസ്റ്റ് കൂടാതെ, ഒന്നു രണ്ടെണ്ണം വട്ടത്തിൽ ചെറുതായി അരിഞ്ഞ് കൂട്ടിന്റെ കൂടെ ഇടാം.

അവസാനം മുക്കിപ്പൊക്കുന്നത്, റവ ആയാൽ ചിത്രത്തിലെപ്പോലെ മുകളിൽ കാണും. ബ്രഡോ റസ്കോ, പൊടിച്ചത് ആവുമ്പോൾ അത്ര അറിയില്ല.

എന്തായാലും കൂർക്ക കട്‌ലറ്റ് അടിപൊളിയാണേ. (ഞാൻ തന്നെ പറയട്ടെ) ;)

9 comments:

Unknown said...

ഹാവൂ, സുവിന്റെ പോസ്റ്റിനു ഒരു തേങ്ങയടിക്കട്ടേ..
((((((((ഠേ))))))...

കൂര്ക്കാ കിട്ടാത്ത നാട്ടിൽ ഉരുളക്കിഴങ്ങ് മാത്രമായാലും ശരിയാകുമോ? അല്ലെന്കിൽ വല്ല കാരറ്റോ ബീറ്റ്റൂട്ടോ ഇട്ടാലോ?

മേരിക്കുട്ടി(Marykutty) said...

കൂര്‍ക്ക എനിക്ക് അത്ര ഇഷ്ടമില്ല..
കുഞ്ഞു നാളില്‍ എന്നോ കഴിച്ചപ്പോള്‍ ചൊറിച്ചില്‍ തോന്നി വായില്‍..പിന്നെ കഴിച്ചിട്ടില്ല..
ഈ കട്‌ലറ്റ് ഞാന്‍ ഉണ്ടാക്കും..കൂര്‍ക്കയ്ക്ക് പകരം, വേറെ എന്തേലും ചേര്‍ത്താല്‍ മതിയല്ലോ :))

സു | Su said...

കുഞ്ഞൻസേ :) തേങ്ങ ഇനി ചമ്മന്തിക്കെടുത്തോളാം. കാരറ്റും ബീറ്റ്‌റൂട്ടും, ബീൻസും, പീസും ഒക്കെയിടാം. കടലമാവിനുപകരം മുട്ടയിലും ഇട്ടെടുക്കാം.

മേരിക്കുട്ടീ :) കൂർക്കയ്ക്ക് കുഴപ്പമൊന്നുമില്ല. ഇനി കഴിച്ചുനോക്കൂ. കട്‌ലറ്റ് ഉണ്ടാക്കൂ.

smitha adharsh said...

കൊതിപ്പിക്കാന്‍ തന്നെയാ..അല്ലെ?
ഞാനും ഉണ്ടാക്കി നോക്കാം.

Anil cheleri kumaran said...

അറിയാഞ്ഞിട്ട് ചോദിക്കുവാ . .. എന്താ ഈ കൂര്‍ക്ക എന്നു വെച്ചാ?

Jayasree Lakshmy Kumar said...

എന്റെ സൂവേ.. എന്നെ കൂർക്കയുടെ കാര്യം പറഞ്ഞു കൊതിപ്പിക്കുവാ? എനിക്കു വളരേ ഇഷ്ടമുള്ള ഒരു വിഭവം കൂർക്ക മെഴുക്കുപുരട്ടി. പക്ഷെ ഈ കട്ലറ്റ് ഒരു പുതിയ ഐറ്റമാണു കെട്ടോ. എല്ലാ പരീക്ഷണങ്ങൾക്കും നാട്ടിൽ പോകേണ്ടി വരും

സു | Su said...

സ്മിത :) തീർച്ചയായും, സമയം കിട്ടുമ്പോൾ ശ്രമിക്കണം.

കുമാരൻ :) അതിപ്പോ അറിയാത്തത് കുറേ ഇല്ലേ? അതിലൊന്നാണ് ഈ കൂർക്കയും എന്നുവിചാരിച്ചാൽ മതി. ഹി ഹി.

ലക്ഷ്മി :) നാട്ടിൽ വരുമ്പോൾ ഇഷ്ടം പോലെഉണ്ടാക്കിക്കഴിക്കുക. ഇപ്പോ മിക്കവാറും സമയത്തും കിട്ടുമെന്നു തോന്നുന്നു.

ശ്രീ said...

കൂര്‍ക്ക ഇഷ്ടമാണ് .ന്നാലും കൂര്‍ക്ക കട്‌ലറ്റ് കഴിച്ചിട്ടില്ല.

മറ്റു കട്‌ലറ്റ് വിശേഷങ്ങളും എഴുതണേ...

സു | Su said...

ശ്രീ :) മറ്റു കട്‌ലറ്റുകളൊക്കെ സമയം പോലെ ശ്രമിച്ചിട്ട് ഇവിടെ പോസ്റ്റ് ഇടാം.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]