Tuesday, November 11, 2008

നാരങ്ങാക്കറി


ആദ്യം നാരങ്ങ വാങ്ങണം. അല്ലെങ്കിൽ നിങ്ങളുടെ പറമ്പിൽനിന്ന് പറിച്ചെടുക്കണം. നാരങ്ങ മുറിച്ച് മുഖത്തുരച്ചാലും, തലയിൽ തേച്ചാലുമൊക്കെ നല്ലതാണെന്നു നിങ്ങൾ കേട്ടിരിക്കും. പക്ഷെ അതുകൊണ്ടൊന്നും കാര്യമില്ല. വെറുതേ സമയം കളയാതെ നാരങ്ങാക്കറിയുണ്ടാക്കൂ. എന്നിട്ട് നാരങ്ങാവെള്ളം കുറച്ച് കുടിക്കാം. വിറ്റാമിൻ സി ഉണ്ടെന്ന് പറയപ്പെടുന്നു, നാരങ്ങയിൽ. തടി കുറയ്ക്കണമെങ്കിൽ, അതിരാവിലെ, ഇളം ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കുടിച്ചാൽ മതി. കുറച്ച് തേനും ചേർക്കാം. തടി കൂട്ടാൻ പഞ്ചസാരയുമിട്ട് കുറേ നാരങ്ങവെള്ളം കുടിച്ചാൽ മതി. തടിയുടെ കൂടെ ഫ്രീ ആയിട്ട് പ്രമേഹവും കിട്ടും. ;)

നാരങ്ങഅച്ചാർ എന്നു പലരും പറയുന്നതിനു ഞങ്ങളൊക്കെ നാരങ്ങാക്കറി എന്നാണ് പറയുന്നത്. അതുപോലെ ഇവിടെ ഉണ്ടാക്കുന്ന രീതിയും എളുപ്പം തന്നെ.

നാരങ്ങ കഴുകിയെടുത്ത്, ഒരു പാത്രത്തിലിട്ട്, കുറച്ച്, എണ്ണയോ വെളിച്ചെണ്ണയോ, പാചകയെണ്ണയോ ഒഴിച്ച് നല്ലോണം ഇളക്കിയിളക്കി വഴറ്റിയെടുക്കണം.



നീരൊക്കെ ഒന്നു വലിയും. നാരങ്ങ ഒന്ന് വേവും. വാങ്ങിവെച്ച് തണുക്കാൻ വിടുക. തണുത്തുകഴിഞ്ഞാൽ നല്ല വൃത്തിയുള്ള ഒരു തുണിയെടുത്ത് നാരങ്ങയുടെ പുറത്തെ എണ്ണ തുടച്ചുകളയുക. പണ്ട്, അമ്മ, നാരങ്ങ തുടയ്ക്കാൻ ഏല്‍പ്പിക്കുമായിരുന്നു.



തുടച്ചുകഴിഞ്ഞാൽ, അത് നാലും എട്ടും പന്ത്രണ്ടും ഒക്കെയാക്കി മുറിക്കുക. കുരു കളയുക. ഉപ്പ് ഇടുക. ഉപ്പ് കുറച്ച് നല്ലപോലെ വേണം.
ഉപ്പിട്ടിളക്കിവെച്ച് അല്പം കഴിഞ്ഞാൽ അതിലേക്ക് ആവശ്യത്തിനു മുളകുപൊടിയും, കായവും ഇട്ടിളക്കുക. വളരെക്കുറച്ച്, ഉലുവപ്പൊടിയും ഇടുക.
അല്ലെങ്കിൽ വെറുതേ കടയിൽക്കിട്ടുന്ന അച്ചാറുപൊടി ഇടുക. സകല അച്ചാറുപൊടിയിലും ഉപ്പ് ആദ്യമേ ഉള്ളതുകൊണ്ട് ഉപ്പ് വേറെ ഇടരുത്.
അതൊക്കെയിട്ട് യോജിച്ചാൽ നല്ലെണ്ണ ചൂടാക്കി തണുക്കാൻ വയ്ക്കണം. തണുത്താൽ ഇതിലേക്കൊഴിച്ച് ഇളക്കി കുപ്പിയിലോ ഭരണിയിലോ ഇട്ട് പത്തുപതിനഞ്ച് ദിവസം വയ്ക്കുക.



നല്ലെണ്ണ, പകുതി, ആദ്യം ചേർക്കുക. ബാക്കി അച്ചാർ കുപ്പിയിൽ ഇട്ടതിനുശേഷം മുകളിൽക്കൂടെ ഒഴിക്കുക. ആറു നാരങ്ങയ്ക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിക്കാം.
ശ്രദ്ധിക്കേണ്ടത് :-
വെള്ളം ഉള്ള സ്പൂൺ കൊണ്ട് തൊടരുത്. വഴറ്റിക്കഴിഞ്ഞാൽ പിന്നെ.
വെള്ളം ഉള്ള പാത്രത്തിൽ ഇടരുത്.
വെള്ളമൊക്കെ തുടച്ചുവൃത്തിയാക്കണം.
പിന്നെ, കുപ്പിയിലും വെള്ളമൊന്നും ഉണ്ടാവരുത്.
ഇടയ്ക്കിടയ്ക്ക് ആയോ ആയോന്നൊന്നും നോക്കേണ്ട, വെറുതേ ഇളക്കിയിട്ട്. അങ്ങനെയൊക്കെ ആയാൽ പൂപ്പൽ വരും.
അച്ചാർപൊടിയിൽ എന്തൊക്കെ മസാലകളുണ്ടെന്ന് അറിയില്ല. ഞങ്ങൾ ഇങ്ങനെയാണുണ്ടാക്കാറുള്ളത്.
ഉലുവപ്പൊടി (ഉലുവ വറുത്തുപൊടിച്ചിടുന്നത്) വളരെക്കുറച്ചേ പാടുള്ളൂ. ഇല്ലെങ്കിൽ കയ്ക്കും. ആറു നാരങ്ങയ്ക്ക് ഒരു നുള്ളുപൊടിയേ ഇടാവൂ.
പിന്നെ, പതിനഞ്ച് ദിവസം എന്നൊക്കെപ്പറഞ്ഞത് നിങ്ങൾക്കാണ്. ഞാനത്രേം ക്ഷമിച്ചുനിൽക്കാറില്ല. ;)
കുറേ ദിവസം കഴിഞ്ഞാൽ, ഉപ്പും എരിവും നല്ലപോലെ പിടിക്കും, നാരങ്ങയുടെ തൊലി നല്ല മൃദു ആവും.

14 comments:

മേരിക്കുട്ടി(Marykutty) said...

ഡിം ഡിം ഡിം...
ഒരു കുഞ്ഞു തേങ്ങ..അടുത്ത കറിക്ക് അരച്ച് ചേര്‍ക്കാം..

സു ചേച്ചി മനുഷ്യനെ കൊതിപ്പിക്കുന്നു..
നല്ല ഫോട്ടോ, നല്ല വിവരണം..

mili said...

very good

സു | Su said...

മേരിക്കുട്ടീ :) തേങ്ങ കിട്ടിയത് നന്നായി. ചമ്മന്തി ഉണ്ടാക്കിക്കോളാം.

വികടശിരോമണി said...

പോസ്റ്റിൽ എഴുത്തിനേക്കാളും കേമം ഫോട്ടോകൾ...
ആശംസകൾ!

സു | Su said...

വികടശിരോമണി :) അതു ഞങ്ങളുടെ ക്യാമറയുടെ ഗുണം ആയിരിക്കും. പിന്നെ ചേട്ടന്റെ ഫോട്ടോയെടുക്കലും. ചില ഫോട്ടോയിലേക്ക് നോക്കിയാൽ അറിയാലോ അതു ഞാനാവും എടുത്തതെന്ന്. ;) കറിവേപ്പില സന്ദർശനത്തിന് നന്ദി.

ഹരീഷ് തൊടുപുഴ said...

സു ചേച്ചീ;
നാരങ്ങാ കൊണ്ട് തടി കുറക്കാം എന്നു ആദ്യമായി മനസ്സിലായി.. എങ്ങനെ തടി കൂട്ടാം എന്നും മനസ്സിലായി...
പിന്നെയ്, ജാതിത്തൊണ്ടു കൊണ്ട് എങ്ങനെയാ അച്ചാറിടുന്നതെന്ന് ഒരു പോസ്റ്റ് ഇടൂ...
കാരണം ഞനൊരു ബിസിനെസ്സ് പ്ലാന്‍ ചെയ്തിരിക്കുവാണ്. നമ്മുടെ നാട്ടില്‍ കുറഞ്ഞചിലവില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ജാതിക്കാത്തൊണ്ട്. മിക്ക കൃഷിക്കാരും എങ്ങനെയാണ് ഒഴിവാക്കുന്നത് എന്നു വിചാരിച്ചിരിക്കൂന്ന സാധനമാണ് ഈ തൊണ്ട്.
ഈ സംഭവം അച്ചാറിട്ട് അഞ്ചു രൂപാ നിരക്കില്‍ പാ‍ക്കറ്റിലാക്കി വില്‍പ്പന നടത്തുക.. അതാണെന്റെ പ്ലാന്‍. ഇതു ക്ലിക്കാകുകയാണെങ്കില്‍ മാങ്ങയും, നാരങ്ങയും ഉണ്ടാക്കി ഈ വിധത്തില്‍ വില്‍ക്കുക.
മനസ്സിലൊരു ഔട്ട് ലൈന്‍ മാത്രമേ ആയിട്ടുള്ളൂ...
ഇനിയും കുറേ കാര്യങ്ങള്‍ കൂടി മനസ്സിലാക്കാനുണ്ട്...
നന്ദിയോടെ....

സു | Su said...

ഹരീഷ് :) വ്യവസായമൊക്കെ നല്ലതുതന്നെ. ഞാനിതുവരെ ജാതിക്കാത്തൊണ്ടുകൊണ്ട് അച്ചാർ നോക്കിയിട്ടില്ല. എന്റെ വീട്ടുകാർക്ക് ആർക്കെങ്കിലും അറിയുമെങ്കിൽ പറഞ്ഞുതരാം.

Unknown said...

ഹായ് സു, ഇവിടെ ഒരു ഭരണി ചുമ്മാതിരിക്കുന്നതിനെ എന്തു ചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു.. ഇനി ഇപ്പോ നാരങ്ങാക്കറിയുണ്ടാക്കാം....

(ഓഫ്: പനി മാറിയോ? )

ശ്രീലാല്‍ said...

അല്ലാ സുവേച്ചീ, ഈ നാരങ്ങാക്കറി എന്നു വച്ചാൽ നമ്മളെ മാതളനാരങ്ങേനക്കൊണ്ട് കല്യാണത്തിനെല്ലം ഉണ്ടാക്കുന്നതല്ലേ ?.. ശ്ശ്.... വായിൽ വെള്ളം നിറഞ്ഞിട്ട് ...

Anil cheleri kumaran said...

''ആദ്യം നാരങ്ങ വാങ്ങണം''
തുടക്കം എനിക്കിഷ്ടപ്പെട്ടു.

Unknown said...

കള്ളീന് തൊട്ടു കൂട്ടാൻ ഒന്നും ഇല്ലാണ്ടിരിക്കുവായിരുന്നു
എന്തായാലും നന്നായി

Tomkid! said...

ആദ്യത്തെ ഫോട്ടോക്ക് 100 മാര്‍ക്ക്...

സു | Su said...

കുഞ്ഞൻസേ :) പനി മാറി. നാരങ്ങാക്കറിയുണ്ടാക്കൂ.

ശ്രീലാൽ :) എന്തായാലും നാരങ്ങാക്കറിയല്ലേ? വടുകപ്പുളിനാരങ്ങയല്ലേ?

അനൂപ് :)

കുമാരൻ :)

ടോം കിഡ് :) നന്ദി.

ശ്രീ said...

നാരങ്ങ അച്ചാറായിരുന്നല്ലേ? പറ്റിച്ചു. (ഇതെന്തു കറിയാണോ ആവോ എന്നോര്‍ത്താ വന്നത്)
:)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]