കുറച്ചുകാലം മുമ്പ് ടെറസ്സിൽ, അമ്മ നട്ടുവളർത്തിയ ചീരയിലൊന്നാണ് ചിത്രത്തിൽ. എന്നും ഒന്നോ രണ്ടോ രണ്ട് തണ്ട് പറിച്ചെടുത്ത് കറി വെച്ചാൽ നന്നായിരിക്കും അല്ലേ?
എന്തായാലും ചീരപ്പച്ചടിയെക്കുറിച്ച് പറയാം. ചീര കുറച്ച് കഴുകിവൃത്തിയാക്കി കുഞ്ഞുകുഞ്ഞായി മുറിച്ചെടുക്കണം. തണ്ടും കിടന്നോട്ടെ.
ചിത്രത്തിലുള്ള അത്രേം ആണെങ്കിൽ മൂന്ന് പച്ചമുളക് ചീന്തിയിടാം. എന്നിട്ട് ഉപ്പും ഇട്ട് വേവിക്കണം. വെന്തുകഴിയുമ്പോൾ അത് വളരെക്കുറച്ചേ ഉണ്ടാകൂ. അതുകൊണ്ട് ഉപ്പിടുമ്പോൾ സൂക്ഷിക്കുക. കുറേ വെള്ളം ഒഴിക്കരുത്. വെന്താൽ വെള്ളം ഇല്ലാത്തതാണ് നല്ലത്. വെന്ത് തണുക്കാൻ വയ്ക്കണം.
തേങ്ങ രണ്ട് ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ കടുകും ചേർത്ത് മിനുസമായി അരയ്ക്കുക.
വെന്ത ചീര തണുത്താൽ അതിലേക്ക് തേങ്ങയും, മൂന്ന് ടേബിൾസ്പൂൺ തൈരും ചേർക്കണം. എല്ലാം ചേർത്തതിനുശേഷം വറവിടുക.
കുറച്ച് മോരുമൊഴിച്ചതുകൊണ്ട് വെള്ളം പോലെ ആയി ഇത്. കട്ടിയിൽ ഇരിക്കുന്നതാണ് പച്ചടി നല്ലത്. തേങ്ങ മൂന്ന് ടേബിൾസ്പൂൺ ആയിപ്പോയാലും കുഴപ്പമൊന്നുമില്ല. വേവിക്കുമ്പോൾ മുളകുപൊടിയിടാം. പതിവില്ല. പിന്നെ പച്ചമുളക് ചീന്തിയിടുന്നതിനുപകരം മുറിച്ചുമുറിച്ചും ഇടാം.
11 comments:
ആദ്യമായാ ചീരപ്പച്ചടി കാണുന്നതും കേള്‍ക്കുന്നതും.
ട്രൈ ചെയ്യട്ടെ
കൊള്ളാം.
:)
വായിലൂടെ വെള്ളമൂറുന്നു...
ചീരപ്പച്ചടി ...ഇതു എനിക്ക് പുതിയൊരു ഐറ്റം ആണ് ട്ടോ..നോക്കാം.
ഇത് ഞങ്ങള്‍ക്ക് കിച്ചടിയാണ്.പാവയ്ക്ക,,വെണ്ടയ്ക്ക,മാങ്ങ,വെള്ളരിക്ക എന്നിവ കൊണ്ട് ഉണ്ടാക്കുന്ന സാധനം.
എന്തായാലും നല്ലൊരു കറി.പുളിയും മറ്റുമുള്ളത് കൊണ്ട് നാവില്‍ രസമുകുളാങ്ങളെ വിരിയിക്കാന്‍ നന്ന്
ചുവന്ന ചീരക്കു പകരം ‘പാലക് ചീര’ യും ഉപയോഗിക്കാമായിരിക്കും അല്ലേ...
എനിക്കിഷ്ടപ്പെട്ട ഐറ്റം ... ദേ ഇന്നെന്നെ ഉണ്ടാക്കും.
കിച്ചടി എന്നു പറയുന്നത് റവയും പച്ചക്കറികളും ഒക്കെക്കൂടി ഉണ്ടാക്കുന്ന ഒരു ഉപ്പുമാവ് പോലത്തേതല്ലേ.. കല്യാണങ്ങള്‍ക്കൊക്കെ കാണാം.
സൂവിന്റെ കറിവേപ്പില ബ്ലോഗിന് ഒരാരാധിക കൂടി ട്ടൊ.:)
‘ആശംസകള്‍!’
കുമാരൻ :) ട്രൈ ചെയ്യുമെന്ന് കരുതുന്നു.
ശ്രീ :)
മേരിക്കുട്ടീ :)
സ്മിത :) നോക്കൂ.
രാധേയൻ :) അവിടെയൊക്കെ കിച്ചടി ആണെന്നു കേട്ടു. അതുകൊണ്ടൊക്കെ ഉണ്ടാക്കിയിട്ടു. ബ്ലോഗിൽ.
ഹരീഷ് :) പാലക്കുകൊണ്ട് നോക്കിയിട്ടില്ല. അതിനു ഒരു കൊഴുപ്പില്ലേ. അതുകൊണ്ടാണ് നോക്കാഞ്ഞത്.
പ്രിയ :) ഉണ്ടാക്കിനോക്കും അല്ലേ? അങ്ങനെ ഒരു വിഭവം ഉണ്ട്.
ആത്മ :) നന്ദി.
ചീരപ്പച്ചടി എനിക്കും പുതിയ ഐറ്റം ആണ്. ചീരയും മോരും എനിക്ക് വലിയ ഇഷ്ടമുള്ള ഒരു കോമ്പിനേഷൻ ആണ്. ഇതൊന്നു പരീക്ഷിക്കുന്നുണ്ട്.
എനിക്കിതാണ് പച്ചടി. പക്ഷെ ഇതിനെ കുറിച്ചു പറഞ്ഞപ്പോൾ എന്റെ സീനിയർ ആലുവക്കാരൻ ഒരൂ നമ്പീശൻ സർ അതു കിച്ചടിയല്ലേ എന്നു ചോദിച്ചു. ഞാൻ കൺഫ്യൂഷനിൽ ആയാരുന്നു.അപ്പൊ എല്ലായിടത്തും ഉണ്ട് ഈ കൺഫ്യൂഷൻ
ലക്ഷ്മി :) പരീക്ഷിച്ചുനോക്കൂ. ചിലയിടത്ത് ഇത് പച്ചടി. ചിലയിടത്ത് കിച്ചടി.
Post a Comment