Tuesday, April 01, 2008

അവിയല്‍‌ 2

ഇതാണ് ഇടിച്ചക്കയുള്ള കാലത്തുണ്ടാക്കാന്‍ പറ്റിയ അവിയല്‍. ചക്ക മാത്രമല്ല മാങ്ങയും ഇടാം. ഇതില്‍ കാരറ്റ്, കയ്പ്പക്ക, ഇടിച്ചക്ക, മാങ്ങ, മുരിങ്ങാക്കായ, കായ എന്നിവ ഇട്ടു. പിന്നെ തേങ്ങയും, ജീരകവും, പച്ചമുളകും, കറിവേപ്പിലയും വെളിച്ചെണ്ണയും വേണം. വേറെ കഷണങ്ങളും നിങ്ങളുടെ ഇഷ്ടം പോലെ ഇടാം. ചക്കയാവുമ്പോള്‍, ചേനയൊന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല.
കഷണങ്ങളൊക്കെ ചിത്രത്തില്‍ കാണുന്നതുപോലെ മുറിയ്ക്കണം. മാങ്ങ മുറിയ്ക്കുന്നതിനുമുമ്പാണ് ചിത്രത്തില്‍. അല്‍പ്പം പോലും നീളം കൂടാനോ കുറയാനോ പാടില്ല. അങ്ങനെ ആയാല്‍ അത് വേറെ അവിയല്‍ ആയിപ്പോകും. ;) കഷണങ്ങളൊക്കെ കഴുകിയും മുറിച്ചും, മുറിച്ചും കഴുകിയും എടുക്കുക. അതിനാവശ്യമായ മഞ്ഞള്‍പ്പൊടിയും ഉപ്പും ഇട്ട് നന്നായി വേവിയ്ക്കുക. വെള്ളം, വേവാന്‍ ആവശ്യമുള്ളത് മാത്രം ഒഴിക്കുക. വെന്തുടയുന്നതാണിഷ്ടമെങ്കില്‍ അങ്ങനെ വേവിയ്ക്കണം. ഒരു വലിയ തേങ്ങയുടെ ഒരു മുറിത്തേങ്ങയുടെ പകുതി ചിരവിയെടുക്കുക. അതില്‍ മുന്നുനാല് പച്ചമുളകും, ഒന്നോ രണ്ടോ ടീസ്പൂണ്‍ ജീരകവും ഇട്ട് ഒന്ന് ചതച്ചെടുക്കുക. (മുളക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. എരിവ് വേണ്ടുന്ന പാകത്തില്‍). കഷണങ്ങളിലേക്ക് തേങ്ങ കൂട്ടി തിളപ്പിക്കുക. കുറച്ച് പുളിത്തൈര്‍ ഒഴിക്കുക. തിളയ്ക്കരുത് പിന്നെ. വാങ്ങിവയ്ക്കുക.
വെളിച്ചെണ്ണ മുകളില്‍ ഒഴിയ്ക്കുക. കറിവേപ്പില തണ്ടോടെ ഇടുക. മാങ്ങയിട്ടാല്‍പ്പിന്നെ മോരിന്റെ, തൈരിന്റെ ആവശ്യം ഇല്ല. ഞാന്‍ ഇതില്‍ തൈരു കൂട്ടിയതുകൊണ്ടാണ് അങ്ങനെ എഴുതിയത്.

ഒരു അവിയല്‍ ഇവിടെ

10 comments:

ഹരിശ്രീ said...

സൂവേച്ചി,

ചുമ്മാ കൊതിപ്പിക്കാനായി ഇറങ്ങിയിരിയ്കയാ അല്ലേ ??

എനിയ്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് അവിയല്‍.വീട്ടില്‍ ആയിരിയ്കുമ്പോള്‍ അമ്മ പാചകം ചെയ്തു തുടങ്ങുമ്പോള്‍ മുതല്‍ അവസാനം അത് തിന്നു തീര്‍ക്കുന്നത് വരെ ഞാനാണ്. ഇപ്പോള്‍ നാട്ടില്‍ നിന്നും വിട്ടുനിന്നിട്ട് ഒന്നര വര്‍ഷത്തോളം ആയി... (പിന്നെ അവിയലില്‍ ചക്കയും മാങ്ങയുമിട്ട് കഴിച്ചിട്ടില്ല. നാട്ടില്‍ ചെന്നിട്ട് പരീക്ഷിച്ചുനോക്കണം...)

:)

ആശംസകള്‍...

സു | Su said...

ഹരിശ്രീ :) ഇതൊക്കെയുണ്ടാക്കാന്‍ എളുപ്പമല്ലേ? ഇഷ്ടമില്ലാത്തവരും അപൂര്‍വ്വമാകും.

ശ്രീ said...

സൂവേച്ചിയേയ്...
അവസാനം അവിയലും കാണിച്ചു കൊതിപ്പിച്ചു. ഈ പാപമൊക്കെ എവിടെ കൊണ്ടു കഴുകി കളയുമോ എന്തോ...? ;)

പിന്നെ,
“അല്‍പ്പം പോലും നീളം കൂടാനോ കുറയാനോ പാടില്ല. അങ്ങനെ ആയാല്‍ അത് വേറെ അവിയല്‍ ആയിപ്പോകും.”

അല്ലാ ,ഇതിന്റെ അളവും കൂടി ഒന്നു പറഞ്ഞാല്‍... ;)

തോന്ന്യാസി said...

ഇതൊക്കെ കാണിച്ച് കൊതിപ്പിച്ചതിന് സൂവേച്ചിക്ക് പാപം കിട്ടും, നിഷ്‌കളങ്കരായ ഞങ്ങളെയൊക്കെ വായില്‍ ഒരു കുടം വെള്ളവുമായി നടത്തിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇത്തിരി കടുപ്പാണേ...

സു | Su said...

ശ്രീ :) ഇത്രേം എളുപ്പമുള്ളതൊക്കെപ്പറഞ്ഞുതന്നാല്‍ പാപമില്ല. കഷണം ചിത്രത്തിലേതുപോലെ മുറിയ്ക്കണം.

തോന്ന്യാസീ :) എനിക്കു പാപം കിട്ടില്ല. അടുത്ത മീറ്റിനു ഇതൊക്കെ ഞാന്‍ ഉണ്ടാക്കിത്തരില്ലേ. ;)

അനിലൻ said...

ഇതെന്താ വേപ്പിലപ്പീലി കുത്തിയ അവിയലോ!

സു | Su said...

അനിലന്‍ :) അതെയതെ.

Unknown said...

exellent....
aviyal super?...

Cartoonist said...

ഇതു ഞാന്‍ കലകലക്കും, ഷുവര്‍ :)

ഉപ്പായി || UppaYi said...

പാവയ്കാ ചേര്‍ക്കോ അവിയലില്‍ ? നാട്ടില്‍ ചിലര്‌ പൊടിക്ക് തൈര്‌ ചേര്‍ക്കാറുണ്ട്..

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]