Wednesday, March 26, 2008

ആപ്പിള്‍‌അച്ചാര്‍

എനിക്കറിയാം ചക്കക്കൂട്ടാനും മാങ്ങാക്കൂട്ടാനും കൂട്ടി നിങ്ങളൊക്കെ ബോറടിച്ച് ഇരിക്കുമെന്ന്. അതുകൊണ്ട് ഇനി അച്ചാറാവാം. എനിക്ക് സത്യം പറഞ്ഞാല്‍, അച്ചാറൊന്നുമില്ലെങ്കില്‍ ചോറിറങ്ങില്ല. അതില്ലാത്തിടത്തൊക്കെയെത്തിയാല്‍ ഞാനങ്ങ് അഡ്ജസ്റ്റ് ചെയ്യും എന്നല്ലാതെ അതില്ലാതെയെനിക്ക് ശരിയാവില്ല. അച്ചാറുകളില്‍ കേമന്‍, കടുമാങ്ങ ആണ്. അതങ്ങനെ ഭരണികളില്‍ ഒരു കൊല്ലത്തേക്ക് ഇട്ടുസൂക്ഷിക്കും. അതിന്റെയൊരു സ്വാദ്. വീട്ടിലെ സ്വാദില്ലെങ്കിലും, കുപ്പികളില്‍ കിട്ടുന്ന അച്ചാറുകൊണ്ട് ഒപ്പിക്കും. അതുകൊണ്ടാണ് ആപ്പിള്‍ കൊണ്ട് അച്ചാര്‍ ഉണ്ടാക്കാം എന്നു കരുതിയത്. ഒരു ആപ്പിള്‍ ദിവസവും ഒന്ന്, ഡോക്ടറെ അകറ്റും എന്നൊക്കെയാണെങ്കിലും അച്ചാറിലെ ആപ്പിളിനെ അധികം വിശ്വസിക്കേണ്ട.
ആദ്യം കുറച്ചേ ഉണ്ടാക്കാവൂ. നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍പ്പിന്നെ ആപ്പിള്‍ വെറുതെ തിന്നുന്നതല്ലേ നല്ലത്?
ഒരൊറ്റ ആപ്പിള്‍ മതി. കഴുകണം. അതുകഴിഞ്ഞ് മുറിയ്ക്കണം. ചെറുതാക്കിയാല്‍ നിങ്ങള്‍ക്ക് നല്ലത്. തോലു കളയേണ്ട. മുറിച്ച്, ഉപ്പും, അല്പം കായവും (പൊടി) ഇട്ട് ഇളക്കി കുറച്ചുനേരം വയ്ക്കണം. ഒരു മണിക്കൂര്‍ വയ്ക്കാം. അതാവും നല്ലത്.

സമയം ആയാല്‍, ഒന്നൊന്നര ടേബിള്‍സ്പൂണ്‍ നല്ലെണ്ണയെടുത്ത് ഒരു പാത്രത്തില്‍ വെച്ച് ചൂടാക്കുക. അര ടീസ്പൂണ്‍ കടുക്, കുറച്ച് കറിവേപ്പില ചെഠുതായി മുറിച്ചത്, (കൈകൊണ്ട് മുറിച്ചാല്‍ മതി) അര ടീസ്പൂണ്‍ ജീരകം എന്നിവ ഇട്ട്, അതൊക്കെ പൊട്ടിത്തെറിച്ചാല്‍, അതിലേക്ക് നല്ലോണം ഒരു ടീസ്പൂണ്‍ അച്ചാറുപൊടി ഇടുക. (പല അച്ചാറുപൊടിയിലും ഉപ്പുള്ളതുകൊണ്ട് ആദ്യം ഉപ്പ് അത്യാവശ്യത്തിനേ പുരട്ടിവയ്ക്കാവൂ. കായവും.) വളരെ തീ കുറച്ചേ വയ്ക്കാവൂ. അല്ലെങ്കില്‍ അച്ചാറുപൊടി കരിഞ്ഞപോലെ ആവും. അച്ചാറുപൊടി ഇട്ടിളക്കിയാല്‍, എള്ള് ഉണ്ടെങ്കില്‍ അര ടീസ്പൂണ്‍ ഇടുക. കറുത്തത്. അതിലേക്ക് അല്‍പ്പം വെള്ളമൊഴിക്കണം. ഒരു ചെറിയ ചായക്കപ്പ് വെള്ളം. അതിലേക്ക് മുറിച്ചുവെച്ചിരിക്കുന്ന ആപ്പിള്‍ ഇടണം. ഇളക്കിയോജിപ്പിക്കുക. തിളച്ചാല്‍ വാങ്ങുക. ചൂടുവെള്ളം ആണൊഴിക്കുന്നതെങ്കില്‍ എളുപ്പം ആവും. ആപ്പിള്‍ അച്ചാര്‍ ആയി. അതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഇടാം. അധികം നിലനില്‍ക്കുമോന്ന് സംശയമാണ്.
അല്ലെങ്കിലും ഇത് തീരാനെത്ര സമയം വേണം അല്ലേ?
ഇനി അച്ചാറുപൊടി ഇല്ലെങ്കില്‍, ഉലുവപ്പൊടി അല്‍പ്പം, മുളകുപൊടി അല്‍പ്പം, കായം, ഒക്കെയിട്ട് ഉണ്ടാക്കിയെടുക്കുക. ഉലുവപ്പൊടി വളരെക്കുറച്ച് മതി, ഒരു ആപ്പിള്‍ ആവുമ്പോള്‍. മുളകുപൊടി നിങ്ങളുടെ അളവിനു ഇടുക. ജീരകം ഇഷ്ടമാണെങ്കില്‍ അതും പൊടിച്ച് ഇടുക.

3 comments:

ശ്രീ said...

ആപ്പിള്‍ അച്ചാര്‍! ഇതിനു മുന്‍പു കേട്ടിട്ടില്ല. എന്നാലും കണ്ടിട്ട് ഒരു ലുക്ക് ഒക്കെയുണ്ട്.
:)

സുല്‍ |Sul said...

വിലകൂടിയതു കാരണം ആപ്പിള്‍ അച്ചാറിനു നല്ല രുചി. :)

-സുല്‍

സു | Su said...

ശ്രീ :) വേഗം ഉണ്ടാക്കിയെടുത്ത് സ്വാദും നോക്കൂ.

സുല്ലേ :) പൈസ ഇങ്ങനെ മേലെയ്ക്ക് മേലെ കൂട്ടിവെച്ചാല്‍ തീര്‍ക്കാന്‍ പ്രയാസമാവുമേ. ;)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]