Sunday, March 23, 2008

ഇടിച്ചക്കസ്സാമ്പാര്‍


ഇടിച്ചക്ക കൊണ്ട് അനേകം വിഭവങ്ങള്‍ ഉണ്ടാക്കാം. ചക്ക കൊണ്ടുള്ള സാമ്പാറിനും നല്ല സ്വാദാണ്. ഇടിച്ചക്ക രണ്ടായി മുറിച്ച് അതിന്റെ പശ കളഞ്ഞ്, തോലുചെത്തിക്കളഞ്ഞ്, ഉളളിലുള്ള കൂഞ്ഞ് എന്നതും കളഞ്ഞ് ചെറുതായി മുറിയ്ക്കണം. കൈയില്‍ എണ്ണ പുരട്ടിയാല്‍ പറ്റിപ്പിടിക്കില്ല.
ഒരു പകുതിച്ചക്കയുടെ മുക്കാല്‍ ഭാഗം മതി. മുറിച്ച ശേഷം, രണ്ട് ടേബിള്‍സ്പൂണ്‍ പരിപ്പിന്റെ കൂടെ, ഇടിച്ചക്കയും, ആവശ്യത്തിനു മഞ്ഞളും ഇട്ട് വേവിക്കുക. കുക്കറില്‍ വേവിയ്ക്കാം. നന്നായി വേവുന്നതാണ് നല്ലത്. ഒരു നെല്ലിക്കാവലുപ്പത്തിലും അല്പം കൂടെ പുളി വെള്ളത്തിലിട്ട്, കുറച്ചുകഴിയുമ്പോള്‍ ആ വെള്ളം എടുക്കുക. കഷണങ്ങള്‍ വെന്തുകഴിഞ്ഞാലാണ് പുളിവെള്ളം ഒഴിച്ച് തിളപ്പിക്കേണ്ടത്. ഒന്നര ടേബിള്‍സ്പൂണ്‍, വറുത്ത തേങ്ങ (വറുത്തതിനുശേഷം ഒന്നര ടേബിള്‍സ്പൂണ്‍) എടുക്കുക. ഒന്നര ടീസ്പൂണ്‍ മല്ലിയും, എട്ട് മണി ഉലുവയും, ഒരു ചെറിയ കഷണം കായവും, മൂന്ന് ചുവന്ന മുളകും, ഒരു തണ്ട് കറിവേപ്പിലയിലെ ഇലയും, വറുത്തെടുത്തതിനുശേഷം തേങ്ങയോടൊപ്പം അരച്ചെടുക്കുക. നന്നായി, മിനുസമായി. ഇവിടെ ഒരു പൊടി പൊടിച്ചുവെച്ചിട്ടുണ്ട്. അത് വറുത്തെടുത്ത തേങ്ങയുടെ കൂടെ അരയ്ക്കുമ്പോള്‍ ഇടുകയേ ഞാന്‍ ചെയ്യാറുള്ളൂ.


വെന്ത കഷണവും പരിപ്പും, ആദ്യം എടുത്തുവെച്ച് പുളിവെള്ളം ഒഴിച്ച്, ഉപ്പും ഇട്ട്, പുളി വേവാവുന്നതുവരെ തിളപ്പിക്കുക. ഞാന്‍ കച്ചട്ടിയിലാണ് വേവിച്ചത്. അതിലാവുമ്പോള്‍ അടുപ്പത്ത് വെച്ച് ഒന്നു തിളയ്ക്കുമ്പോള്‍, സ്റ്റൌ ഓഫ് ചെയ്യണം. പുളിവെള്ളം അങ്ങനെ വെന്തോളും. പിന്നെ തേങ്ങ ചേര്‍ക്കാന്‍ വയ്ക്കുമ്പോഴും, തീ നന്നായി കുറച്ച് വയ്ക്കുക. അല്‍പ്പം വെള്ളവും ചേര്‍ക്കാം. തേങ്ങ ചേര്‍ക്കുമ്പോള്‍, ആവശ്യത്തിനുവെള്ളവും ചേര്‍ക്കണം. അതുകഴിഞ്ഞ് തേങ്ങ ചേര്‍ത്ത് തിളച്ചാല്‍ വാങ്ങിവെച്ച് വറവിടുക. തേങ്ങ ചേര്‍ത്ത് ഒന്നു തിള വന്നാല്‍ വാങ്ങിവയ്ക്കണം. കച്ചട്ടി ആണെങ്കില്‍. ബാക്കി താഴെയിരുന്നു തിളച്ചോളും. മുളക്, വറുത്ത് അരയ്ക്കുന്നില്ലെങ്കില്‍, കഷണങ്ങള്‍ വേവിയ്ക്കുമ്പോള്‍, ആവശ്യത്തിനു മുളകുപൊടി ഇടുക.


ഇടിച്ചക്കസാമ്പാറിനൊപ്പം ഇഡ്ഡലി. അതാ ഇപ്പോ ഫാഷന്‍!

8 comments:

konchals said...

ഇടിച്ചക്ക എന്നു കേട്ടാല്‍ ഞാന്‍ ചാടിവീഴും....

ഇതു എന്തായാലും ആദ്യമായി കേക്കാണുട്ടൊ...
ഇടിച്ചക്കസാമ്പാര്‍- വീട്ടില്‍ പോകട്ടെ, എന്നിട്ടു പരീക്ഷിക്കാം, പക്ഷെ അപ്പോളെക്കും ചക്ക മൂക്കാഞ്ഞാല്‍ മതിയായിരുന്നു...

സാധനം സൂപ്പര്‍ ആവുമെന്ന് തോന്നണു...
നന്ദി സു..

R. said...

പോസ്റ്റിന്റെ അറ്റത്തേക്ക് എത്തിനോക്കുന്നു.

വായിക്കാന്‍ പറ്റിയില്ല. പടങ്ങള്‍ അപ്പഴേക്കും കണ്ണില്‍പ്പെടുന്നു.

പുറംകൈ കൊണ്ട് കണ്ണുതുടച്ച് ഒന്നു മൂക്കുപിഴിഞ്ഞ് ഒരു കമന്റും ഇട്ട് പതിയെ തിരിഞ്ഞു നടക്കുന്നു.

(കര്‍ട്ടന്‍)

ശ്രീ said...

ഇടിച്ചക്ക കറി വച്ചു കഴിച്ചിട്ടുണ്ടെങ്കിലും സാമ്പാര്‍ ആയി കഴിച്ചിട്ടില്ല. എന്നിട്ടും എന്താണാവോ ആ അവസാനത്തെ പടം കണ്ടപ്പോള്‍ വായില്‍ വെള്ളം നിറഞ്ഞത്???
;)

സുല്‍ |Sul said...

555 ആം പോസ്റ്റിനാശംസകള്‍!!!
ഒരു തേങ്ങയുടച്ചേക്കാം (((((ഠേ...))))))
ഇടിച്ചക്ക സാമ്പാര്‍ ആദ്യമായി കേള്‍ക്കുന്നു.
-സുല്‍

സു | Su said...

കൊഞ്ചല്‍‌സിനു സ്വാഗതം. ഇതു വെച്ചുനോക്കൂ. ഇഷ്ടമാവും. മസാലയൊക്കെ ഇഷ്ടത്തിനു ചേര്‍ക്കുക. :)

രജീഷ് :) അവിടേം ഇതൊക്കെ പരീക്ഷിക്കൂ.

ശ്രീ :)

സുല്‍ :) പോസ്റ്റിന്റെ എണ്ണം പറഞ്ഞ് എന്നെ ചമ്മിക്കരുത്. ;) തേങ്ങ അടുത്ത സാമ്പാറിലേക്കായി.

ഹരിശ്രീ said...

സൂവേച്ചീ,

ഇടിച്ചക്ക തോരന്‍ കഴിച്ചിട്ടുണ്ട്. അതുകൊണ്ട് സാമ്പാര്‍ ഉണ്ടാക്കാമെന്നത് പുതിയ അറിവാണ്..

നന്ദി ഈ പാചകക്കുറിപ്പിന്...

:)

Mayilpeeli said...

Idichakka vechu sambar undakkan pattum ennu enikkari yillayirunnnu. Nice to know

സു | Su said...

ഹരിശ്രീ :)
പരീക്ഷിച്ചു നോക്കൂ.
ദേവി :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]