Thursday, March 06, 2008

മുരിങ്ങാക്കായ എരിശ്ശേരി

മുരിങ്ങമരം വീട്ടില്‍ നട്ടുവളര്‍ത്താന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അതിന്റെ ഇലയും, പൂവും, കായും ഒക്കെ പാകം ചെയ്ത് കഴിക്കാം. ആരോഗ്യത്തിനു വളരെ നല്ലത്. സാമ്പാറിലും, അവിയലിലും മുരിങ്ങാക്കായ മറക്കാതെ ഇടും. ഇതിന്റെ എരിശ്ശേരിയും വളരെ നല്ലതാണ്. തുവരപ്പരിപ്പോ, ചെറുപരിപ്പോ കൂടെ ഇടാം.
രണ്ട് മുരിങ്ങാക്കായ കഴുകിമുറിയ്ക്കുക. അല്പം നീളത്തില്‍ത്തന്നെ ഇരുന്നോട്ടെ. മൂന്ന് ടേബിള്‍സ്പൂണ്‍ പരിപ്പും എടുക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ അധികവും എടുക്കാം. പരിപ്പ് വൃത്തിയില്‍ കഴുകി, മുരിങ്ങാക്കായയും, കുറച്ച് മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും ഇട്ട് നന്നായി വേവിക്കുക. ആദ്യം പരിപ്പുമാത്രം വേവിച്ചെടുത്ത് വച്ച്, വേറെ പാത്രത്തില്‍ മുരിങ്ങാക്കായ ഉപ്പും, മഞ്ഞള്‍, മുളകുപൊടികളും ഇട്ട് വെന്താല്‍, പരിപ്പ് ചേര്‍ത്താലും മതി. ഒരുമിച്ചാണെങ്കില്‍ വെന്തതിനുശേഷം ഉപ്പിടുക. കുറച്ച് തേങ്ങ ചിരവുക. അരമുറിയിലും കുറച്ചുംകൂടെ മതി. അല്പം, രണ്ട് ടേബിള്‍സ്പൂണ്‍ എടുത്തുവെച്ച്, ബാക്കിയില്‍, അര/മുക്കാല്‍ ടീസ്പൂണ്‍ ജീരകവും കൂട്ടി അരയ്ക്കുക. വെന്തതില്‍, അരച്ചത് ചേര്‍ക്കുക. ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവെച്ച് വറവിട്ടെടുക്കുക. മാറ്റിവെച്ചിരുന്ന തേങ്ങയും നന്നായി വറുത്ത്, ഇതിലിടുക.
തേങ്ങ വറുത്തിടുന്നത് നിര്‍ബ്ബന്ധമൊന്നുമില്ല. സദ്യയ്ക്കൊക്കെ ചെയ്യും.
ചൂടുള്ള പച്ചരിച്ചോറിന്റെ കൂടെ ഈ എരിശ്ശേരി കൂട്ടിനോക്കൂ. ഞാനിവിടെ പച്ചരിച്ചോറുണ്ടാക്കിയതുകൊണ്ട് അങ്ങനെ പറഞ്ഞതാണേ. ;)

10 comments:

Unknown said...

മുരിങ്ങമരം നട്ടുവളര്‍ത്തുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍‍ മുരിങ്ങക്കായ എരിശ്ശേരിയുടെ അവകാശികള്‍ എന്നു് വിളിക്കപ്പെടും! സു ബൈബിള്‍ വായിക്കാറുണ്ടല്ലേ? :)

ഇസാദ്‌ said...

അടിപൊളി. കൊതിയാവുന്നു.
ഞാന്‍ ഒരു മുരിങ്ങക്കാഫാന്‍ ആണ്‍.

പക്ഷേ ആ ചോറ്‌ മാത്രം ഇഷ്ട്ടപ്പെട്ടില്ല !

evuraan said...

സൂന്റെ കൈകൊണ്ടുള്ള ഒരൂണു് വേണം...!

:)

ശ്രീ said...

കണ്ടിട്ട് വിശക്കുന്നതു പോലൊരു തോന്നല്‍!
എന്താ ചെയ്യുക?
:(

G.MANU said...

അഞ്ചുവയസു തൊട്ടേ മുരിങ്ങയ്ക്കയുടെ ഫാന്‍ ആണു ഞാന്‍.. ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കാം എന്ന് ഇപ്പൊഴാ അറിഞ്ഞെ...

പരീക്ഷണാര്‍ഥം പ്രിന്റെടുത്തു

Anonymous said...

സുയേച്ചീ വെശക്കണു :)

Durga Prasad said...

kuzhappamilla

CHANTHU said...

എന്റമ്മോ. വല്ലാത്തൊരു ജീവിത കവിത.

സു | Su said...

ബാബു :)വായിക്കാറില്ല. വായിക്കണം എന്നുണ്ട്.

ഇസാദ് :)

ഏവൂരാന്‍ :) അതുകൊണ്ടാണ് ഞാന്‍ അമേരിക്കയിലേക്ക് ഒരിക്കല്‍ പോകണം എന്നു തീരുമാനിച്ചത്. ഹിഹി.

ശ്രീ :) വിശക്കട്ടെ. ഊണുകഴിക്കൂ.

മനൂ :) എന്നാല്‍ ഇഷ്ടമാവും.

തുളസീ, എന്റെ വാക്കുകളല്ലേ നിന്റടുത്ത് വരെ എത്തൂ. എന്താ ചെയ്യാ? :(

ദുര്‍ഗാപ്രസാദ് :)

ചന്തൂ :) മുരിങ്ങാക്കായ എരിശ്ശേരിക്കവിതയോ?

നന്ദു said...

സൂ:) അമേരിക്ക പേറ്റന്റ് എടുക്കുന്നതു വരെ നമ്മള്‍ മലയാളികള്‍ക്ക് മുരിങ്ങക്ക സ്വതന്ത്രമായി ഉപയോഗിക്കാം...!
മുരിങ്ങപ്പൂവ് കൊണ്ടുള്ള തോരന്‍ ..ഹായ് നാവിലിപ്പോഴും അതിന്റെ രുചിയുണ്ട്..!! ഇതിനി പരീക്ഷിക്കാം!!!

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]