Saturday, March 29, 2008

പനീറും കാപ്സിക്കവും ചോറും


ബസ്മതി അരി അല്ലെങ്കില്‍ പച്ചരി ഒന്നരക്കപ്പ്.
പനീര്‍ - ചിത്രത്തില്‍ ഉള്ളതുപോലെ പത്ത് കഷണം.
കാപ്സിക്കം- 2
വലിയ ഉള്ളി (സവാള) - ഒന്നര
ജീരകം- അര ടീസ്പൂണ്‍
വെളുത്തുള്ളി- 5അല്ലി വലുത്
ഇഞ്ചി- ഒരു കഷണം.
ഗ്രാമ്പൂ - 5
കറുവപ്പട്ട- ഒരു കഷണം
ഏലയ്ക്ക - മൂന്ന്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
നെയ്യ്
ഉപ്പ്
മല്ലിയില
ആദ്യം തന്നെ പനീര്‍, കഷണങ്ങള്‍ അല്ലെങ്കില്‍ ചിത്രത്തില്‍ കാണുന്ന വലുപ്പത്തില്‍ മുറിച്ച്, പത്ത് കഷണം എടുത്ത് എണ്ണയിലിട്ട് വറുത്തെടുക്കുക. ഞാന്‍ കടയില്‍ നിന്ന് കഷണമായിട്ടുള്ളത് വാങ്ങിയതുകൊണ്ട്, അതു വറുത്തെടുത്തു. പനീര്‍ വറുക്കാന്‍ സണ്‍‌ഫ്ലവര്‍ എണ്ണയാണ് ഇവിടെ ഉപയോഗിക്കാറുള്ളത്. അരി കഴുകിവൃത്തിയാക്കി, ഉപ്പും ഇട്ട് വേവിച്ചുവച്ചു. സവാളയും കാപ്സിക്കവും കനം കുറച്ച് നീളത്തില്‍ മുറിച്ചുവയ്ക്കുക. കാപ്സിക്കത്തിന്റെ അരി എടുക്കണമെങ്കില്‍ എടുക്കാം. വേണ്ടെങ്കില്‍ വേണ്ട. ഇഞ്ചിയും വെള്ളുള്ളിയും ഒരുമിച്ച് ചതച്ച് പേസ്റ്റാക്കിവയ്ക്കണം. അതു റെഡിമെയ്‌ഡ് ഉണ്ടെങ്കില്‍ അതും മതി.
പട്ടയും, ഏലയ്ക്ക തൊലികളഞ്ഞെടുത്തതും, ഗ്രാമ്പൂവും കൂടെ പൊടിച്ചുവയ്ക്കുക. ഗരം മസാല കിട്ടുന്നതില്‍ വേറെയും ഓരോന്നുണ്ടാവും. ഇഷ്ടമാവുമെങ്കില്‍ ‍ അതു ചേര്‍ത്താലും മതി.
ഒരു പാത്രത്തില്‍ നെയ്യ് കുറച്ച് ചൂടാക്കി, ഉള്ളി വഴറ്റുക. നല്ലപോലെ ബ്രൌണ്‍ നിറം വരുമ്പോള്‍, വേറെ പാത്രത്തിലേക്ക് മാറ്റുക. കാപ്സിക്കം എടുത്ത് നെയ്യൊഴിച്ച് വഴറ്റുക. അത് വെന്തുവരും. അതിലേക്ക് മാറ്റിവെച്ചിരിക്കുന്ന ഉള്ളിയും എടുത്തിടുക. നെയ്യ് കുറച്ചുകൂടെ ഒഴിക്കണമെങ്കില്‍ ഒഴിക്കുക. ഇഞ്ചി- വെളുത്തുള്ളിപ്പേസ്റ്റും, ജീരകവും, മഞ്ഞള്‍പ്പൊടിയും, മസാല പൊടിച്ചതും ഇട്ടിളക്കുക. കുറച്ച് മാത്രം ഉപ്പിടുക. ചോറില്‍ ഉപ്പ് ഉള്ളത് ഓര്‍മ്മിക്കുക. ചോറും ഇട്ട് നന്നായി യോജിപ്പിച്ചതിനുശേഷം വാങ്ങിവെച്ച് മല്ലിയില ചെറുതായി മുറിച്ച് ഇടുക. സാലഡ് ഉണ്ടാക്കിയാല്‍ മതി കൂടെക്കഴിക്കാന്‍. പപ്പടവും.
വേണമെങ്കില്‍ ഇഞ്ചി-വെളുത്തുള്ളിപ്പേസ്റ്റിന്റെ അളവോ, മസാലപ്പൊടിയുടെ അളവോ കൂട്ടാവുന്നതാണ്. എരിവു കൂട്ടാന്‍.

Wednesday, March 26, 2008

ആപ്പിള്‍‌അച്ചാര്‍

എനിക്കറിയാം ചക്കക്കൂട്ടാനും മാങ്ങാക്കൂട്ടാനും കൂട്ടി നിങ്ങളൊക്കെ ബോറടിച്ച് ഇരിക്കുമെന്ന്. അതുകൊണ്ട് ഇനി അച്ചാറാവാം. എനിക്ക് സത്യം പറഞ്ഞാല്‍, അച്ചാറൊന്നുമില്ലെങ്കില്‍ ചോറിറങ്ങില്ല. അതില്ലാത്തിടത്തൊക്കെയെത്തിയാല്‍ ഞാനങ്ങ് അഡ്ജസ്റ്റ് ചെയ്യും എന്നല്ലാതെ അതില്ലാതെയെനിക്ക് ശരിയാവില്ല. അച്ചാറുകളില്‍ കേമന്‍, കടുമാങ്ങ ആണ്. അതങ്ങനെ ഭരണികളില്‍ ഒരു കൊല്ലത്തേക്ക് ഇട്ടുസൂക്ഷിക്കും. അതിന്റെയൊരു സ്വാദ്. വീട്ടിലെ സ്വാദില്ലെങ്കിലും, കുപ്പികളില്‍ കിട്ടുന്ന അച്ചാറുകൊണ്ട് ഒപ്പിക്കും. അതുകൊണ്ടാണ് ആപ്പിള്‍ കൊണ്ട് അച്ചാര്‍ ഉണ്ടാക്കാം എന്നു കരുതിയത്. ഒരു ആപ്പിള്‍ ദിവസവും ഒന്ന്, ഡോക്ടറെ അകറ്റും എന്നൊക്കെയാണെങ്കിലും അച്ചാറിലെ ആപ്പിളിനെ അധികം വിശ്വസിക്കേണ്ട.
ആദ്യം കുറച്ചേ ഉണ്ടാക്കാവൂ. നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍പ്പിന്നെ ആപ്പിള്‍ വെറുതെ തിന്നുന്നതല്ലേ നല്ലത്?
ഒരൊറ്റ ആപ്പിള്‍ മതി. കഴുകണം. അതുകഴിഞ്ഞ് മുറിയ്ക്കണം. ചെറുതാക്കിയാല്‍ നിങ്ങള്‍ക്ക് നല്ലത്. തോലു കളയേണ്ട. മുറിച്ച്, ഉപ്പും, അല്പം കായവും (പൊടി) ഇട്ട് ഇളക്കി കുറച്ചുനേരം വയ്ക്കണം. ഒരു മണിക്കൂര്‍ വയ്ക്കാം. അതാവും നല്ലത്.

സമയം ആയാല്‍, ഒന്നൊന്നര ടേബിള്‍സ്പൂണ്‍ നല്ലെണ്ണയെടുത്ത് ഒരു പാത്രത്തില്‍ വെച്ച് ചൂടാക്കുക. അര ടീസ്പൂണ്‍ കടുക്, കുറച്ച് കറിവേപ്പില ചെഠുതായി മുറിച്ചത്, (കൈകൊണ്ട് മുറിച്ചാല്‍ മതി) അര ടീസ്പൂണ്‍ ജീരകം എന്നിവ ഇട്ട്, അതൊക്കെ പൊട്ടിത്തെറിച്ചാല്‍, അതിലേക്ക് നല്ലോണം ഒരു ടീസ്പൂണ്‍ അച്ചാറുപൊടി ഇടുക. (പല അച്ചാറുപൊടിയിലും ഉപ്പുള്ളതുകൊണ്ട് ആദ്യം ഉപ്പ് അത്യാവശ്യത്തിനേ പുരട്ടിവയ്ക്കാവൂ. കായവും.) വളരെ തീ കുറച്ചേ വയ്ക്കാവൂ. അല്ലെങ്കില്‍ അച്ചാറുപൊടി കരിഞ്ഞപോലെ ആവും. അച്ചാറുപൊടി ഇട്ടിളക്കിയാല്‍, എള്ള് ഉണ്ടെങ്കില്‍ അര ടീസ്പൂണ്‍ ഇടുക. കറുത്തത്. അതിലേക്ക് അല്‍പ്പം വെള്ളമൊഴിക്കണം. ഒരു ചെറിയ ചായക്കപ്പ് വെള്ളം. അതിലേക്ക് മുറിച്ചുവെച്ചിരിക്കുന്ന ആപ്പിള്‍ ഇടണം. ഇളക്കിയോജിപ്പിക്കുക. തിളച്ചാല്‍ വാങ്ങുക. ചൂടുവെള്ളം ആണൊഴിക്കുന്നതെങ്കില്‍ എളുപ്പം ആവും. ആപ്പിള്‍ അച്ചാര്‍ ആയി. അതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഇടാം. അധികം നിലനില്‍ക്കുമോന്ന് സംശയമാണ്.
അല്ലെങ്കിലും ഇത് തീരാനെത്ര സമയം വേണം അല്ലേ?
ഇനി അച്ചാറുപൊടി ഇല്ലെങ്കില്‍, ഉലുവപ്പൊടി അല്‍പ്പം, മുളകുപൊടി അല്‍പ്പം, കായം, ഒക്കെയിട്ട് ഉണ്ടാക്കിയെടുക്കുക. ഉലുവപ്പൊടി വളരെക്കുറച്ച് മതി, ഒരു ആപ്പിള്‍ ആവുമ്പോള്‍. മുളകുപൊടി നിങ്ങളുടെ അളവിനു ഇടുക. ജീരകം ഇഷ്ടമാണെങ്കില്‍ അതും പൊടിച്ച് ഇടുക.

Sunday, March 23, 2008

ഇടിച്ചക്കസ്സാമ്പാര്‍


ഇടിച്ചക്ക കൊണ്ട് അനേകം വിഭവങ്ങള്‍ ഉണ്ടാക്കാം. ചക്ക കൊണ്ടുള്ള സാമ്പാറിനും നല്ല സ്വാദാണ്. ഇടിച്ചക്ക രണ്ടായി മുറിച്ച് അതിന്റെ പശ കളഞ്ഞ്, തോലുചെത്തിക്കളഞ്ഞ്, ഉളളിലുള്ള കൂഞ്ഞ് എന്നതും കളഞ്ഞ് ചെറുതായി മുറിയ്ക്കണം. കൈയില്‍ എണ്ണ പുരട്ടിയാല്‍ പറ്റിപ്പിടിക്കില്ല.
ഒരു പകുതിച്ചക്കയുടെ മുക്കാല്‍ ഭാഗം മതി. മുറിച്ച ശേഷം, രണ്ട് ടേബിള്‍സ്പൂണ്‍ പരിപ്പിന്റെ കൂടെ, ഇടിച്ചക്കയും, ആവശ്യത്തിനു മഞ്ഞളും ഇട്ട് വേവിക്കുക. കുക്കറില്‍ വേവിയ്ക്കാം. നന്നായി വേവുന്നതാണ് നല്ലത്. ഒരു നെല്ലിക്കാവലുപ്പത്തിലും അല്പം കൂടെ പുളി വെള്ളത്തിലിട്ട്, കുറച്ചുകഴിയുമ്പോള്‍ ആ വെള്ളം എടുക്കുക. കഷണങ്ങള്‍ വെന്തുകഴിഞ്ഞാലാണ് പുളിവെള്ളം ഒഴിച്ച് തിളപ്പിക്കേണ്ടത്. ഒന്നര ടേബിള്‍സ്പൂണ്‍, വറുത്ത തേങ്ങ (വറുത്തതിനുശേഷം ഒന്നര ടേബിള്‍സ്പൂണ്‍) എടുക്കുക. ഒന്നര ടീസ്പൂണ്‍ മല്ലിയും, എട്ട് മണി ഉലുവയും, ഒരു ചെറിയ കഷണം കായവും, മൂന്ന് ചുവന്ന മുളകും, ഒരു തണ്ട് കറിവേപ്പിലയിലെ ഇലയും, വറുത്തെടുത്തതിനുശേഷം തേങ്ങയോടൊപ്പം അരച്ചെടുക്കുക. നന്നായി, മിനുസമായി. ഇവിടെ ഒരു പൊടി പൊടിച്ചുവെച്ചിട്ടുണ്ട്. അത് വറുത്തെടുത്ത തേങ്ങയുടെ കൂടെ അരയ്ക്കുമ്പോള്‍ ഇടുകയേ ഞാന്‍ ചെയ്യാറുള്ളൂ.


വെന്ത കഷണവും പരിപ്പും, ആദ്യം എടുത്തുവെച്ച് പുളിവെള്ളം ഒഴിച്ച്, ഉപ്പും ഇട്ട്, പുളി വേവാവുന്നതുവരെ തിളപ്പിക്കുക. ഞാന്‍ കച്ചട്ടിയിലാണ് വേവിച്ചത്. അതിലാവുമ്പോള്‍ അടുപ്പത്ത് വെച്ച് ഒന്നു തിളയ്ക്കുമ്പോള്‍, സ്റ്റൌ ഓഫ് ചെയ്യണം. പുളിവെള്ളം അങ്ങനെ വെന്തോളും. പിന്നെ തേങ്ങ ചേര്‍ക്കാന്‍ വയ്ക്കുമ്പോഴും, തീ നന്നായി കുറച്ച് വയ്ക്കുക. അല്‍പ്പം വെള്ളവും ചേര്‍ക്കാം. തേങ്ങ ചേര്‍ക്കുമ്പോള്‍, ആവശ്യത്തിനുവെള്ളവും ചേര്‍ക്കണം. അതുകഴിഞ്ഞ് തേങ്ങ ചേര്‍ത്ത് തിളച്ചാല്‍ വാങ്ങിവെച്ച് വറവിടുക. തേങ്ങ ചേര്‍ത്ത് ഒന്നു തിള വന്നാല്‍ വാങ്ങിവയ്ക്കണം. കച്ചട്ടി ആണെങ്കില്‍. ബാക്കി താഴെയിരുന്നു തിളച്ചോളും. മുളക്, വറുത്ത് അരയ്ക്കുന്നില്ലെങ്കില്‍, കഷണങ്ങള്‍ വേവിയ്ക്കുമ്പോള്‍, ആവശ്യത്തിനു മുളകുപൊടി ഇടുക.


ഇടിച്ചക്കസാമ്പാറിനൊപ്പം ഇഡ്ഡലി. അതാ ഇപ്പോ ഫാഷന്‍!

Friday, March 21, 2008

കടലക്കറി

കടല ഒരു കപ്പ് എടുത്ത് കഴുകിവൃത്തിയാക്കി വെള്ളത്തിലിട്ട് അഞ്ചാറ് മണിക്കൂര്‍ കുതിര്‍ത്തിയെടുക്കുക. മഞ്ഞളിട്ട് വേവിയ്ക്കണം.
മൂന്ന് ടീസ്പൂണ്‍ തേങ്ങ ചിരവിയത് നന്നായി വറുക്കുക. അതിനുശേഷം ഒന്നര ടീസ്പൂണ്‍ മല്ലിയും, രണ്ട് ചുവന്ന മുളകും വറുക്കുക. വറുക്കുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ചാല്‍ മതി. നന്നായി അരയ്ക്കുക. വെന്ത കടലയില്‍ ഉപ്പുമിട്ട്, തേങ്ങയും കൂട്ടിയതിനുശേഷം തിളപ്പിക്കുക. വാങ്ങിവെച്ച് വറവിടുക.
പുട്ടിന്റെ കൂടെ, ചപ്പാത്തിയുടെ കൂടെ, ദോശയുടെ കൂടെ, അപ്പത്തിന്റെ കൂടെ, എന്തിന്റെ കൂടെയാണെന്നുവെച്ചാല്‍ കഴിക്കുക. മല്ലിയുടേയും മുളകിന്റേയും അളവ് നിങ്ങളുടെ പാകമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

Thursday, March 13, 2008

ചക്കയപ്പം

ചക്ക കുറച്ചുകാലം സൂക്ഷിച്ചുവെയ്ക്കാനുള്ള പരിപാടിയാണ് ചക്ക വരട്ടി വയ്ക്കുന്നത്. തിന്നുമടുക്കുമ്പോള്‍, ഇനി കിട്ടാത്ത കാലത്തേക്ക് ആയിക്കോട്ടെ എന്നുവിചാരിച്ചാല്‍ ഇങ്ങനെ ചെയ്തുവയ്ക്കാം. ചക്കവരട്ടിയത് പായ്ക്കറ്റിലൊക്കെ കിട്ടിത്തുടങ്ങിയതുകൊണ്ട് അപ്പമുണ്ടാക്കാന്‍ വല്യ വിഷമം ഒന്നുമില്ല. കുറച്ച് സമയം വേണം. സാധാരണ ഉണ്ണിയപ്പം/നെയ്യപ്പം ഒക്കെയുണ്ടാക്കുന്നതുപോലെത്തന്നെ ഇതിന്റേം പരിപാടി.
മിനുസമായി പൊടിച്ച അരിപ്പൊടി വേണം. ഏകദേശം കാല്‍ക്കിലോ. പിന്നെ തേങ്ങ വളരെച്ചെറുതായി മുറിച്ചതും വേണം. അത് നിങ്ങളുടെ ഇഷ്ടം പോലെ ഇടുക. എന്തായാലും ഒരു മുറിത്തേങ്ങയില്‍ അധികം പോകരുത്. ഇത് തേങ്ങായപ്പം ഒന്നുമല്ലല്ലോ. ഏലയ്ക്ക നാലെണ്ണം തോലൊക്കെ കളഞ്ഞ് പൊടിക്കുക. പഞ്ചസാരയിട്ട് പൊടിച്ചാല്‍ വേഗം പൊടിയും. രണ്ടര ടേബിള്‍ സ്പൂണ്‍ ചക്കവരട്ടിയത്. ആറേഴ് ആണി ശര്‍ക്കര/വെല്ലം.
ശര്‍ക്കര പാവുകാച്ചുന്നത് ഇങ്ങനെ.
അതിലേക്ക് ചക്കപേസ്റ്റിട്ട് ഇളക്കി യോജിപ്പിച്ചാല്‍ ഇങ്ങനെ.
വാങ്ങി അതിലേക്ക് അരിപ്പൊടി,തേങ്ങ മുറിച്ചതും, ഏലയ്ക്കയും ഇട്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ച് ഇളക്കി വയ്ക്കുക. അധികം വെള്ളം വേണ്ട. തീരെ ഇല്ലാതെയും ആവരുത്.
അപ്പക്കാര കഴുകിവൃത്തിയാക്കി എടുക്കുക. പലതരത്തിലുള്ളത് കിട്ടും. ഒറ്റയടിയ്ക്ക് കുറേ ഉണ്ടാക്കിയെടുക്കാനുള്ളതും കിട്ടും. നോണ്‍-സ്റ്റിക്കും ഇഷ്ടം പോലെ തരത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഞാനിത് പണ്ടേ വാങ്ങിയതുകൊണ്ടും, വല്ലപ്പോഴുമേ ഈ പരിപാടി ഉള്ളൂ എന്നതുകൊണ്ടും നോണ്‍-സ്റ്റിക്കിന്റെ പിന്നാലെ പോയില്ല.
അപ്പക്കാരയില്‍ വെളിച്ചെണ്ണ ചൂടായാല്‍ കുറച്ച് കുറച്ച് ചക്കക്കൂട്ട് എല്ലാത്തിലും ഒഴിച്ച്, കുറച്ചുകഴിയുമ്പോള്‍ ഒന്നു തിരിച്ചിട്ട് വേവിച്ച് പപ്പടം കുത്തി കൊണ്ട് വേണമെങ്കില്‍ കുത്തിനോക്കി എടുക്കുക.
എന്തെങ്കിലും കുഴപ്പമുണ്ടോന്ന് നോക്കിയിട്ട് വെള്ളമോ അരിപ്പൊടിയോ ചേര്‍ക്കുക. നല്ല ക്ഷമയുണ്ടെങ്കിലേ ഇതുണ്ടാക്കാന്‍ നില്‍ക്കേണ്ടൂ. വേവുന്നതിനു മുമ്പ് തിരിച്ചിടാന്‍ പോയാല്‍ ഒക്കെ മുറിഞ്ഞുമുറിഞ്ഞുപോയെന്നു വരും. വെന്താല്‍ ഒരു സ്പൂണുകൊണ്ട് പതുക്കെ നന്നായി തിരിച്ചിടാന്‍ കഴിയും. ആദ്യത്തെ പ്രാവശ്യം നന്നായില്ലെങ്കില്‍ അതിന്റെ കുറ്റവും കുറവുമൊക്കെ കണ്ടുപിടിച്ച് രണ്ടാമത് നന്നാക്കുക. അപ്പമായാല്‍ കരിഞ്ഞും മൊരിഞ്ഞും ഒക്കെ ഇരുന്നെന്നു വരും.
അടച്ചുവയ്ക്കുന്നുണ്ടെങ്കില്‍ തണുത്തതിനുശേഷം മതി.
ഇതും ചക്കവരട്ടിയതുകൊണ്ടുണ്ടാക്കുന്നത്

കറിവേപ്പിലയെന്ന ഈ ബ്ലോഗിനെ കറിവേപ്പില പോലെ തള്ളിക്കളയാതെ മുന്നോട്ട് പോകാന്‍ എല്ലാ പ്രോത്സാഹനങ്ങളും തന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി. ഇനിയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട്,
കറിവേപ്പില രണ്ടുവര്‍ഷം പിന്നിട്ട് മൂന്നാം വര്‍ഷത്തിലേക്ക്.

Saturday, March 08, 2008

മാങ്ങാപ്പച്ചടി

മാങ്ങാക്കാലം വന്നു എന്നൊന്ന് പറയാനുണ്ടോ? ഇനി പഴുത്ത മാങ്ങയുടെ മണമൊക്കെ കിട്ടിത്തുടങ്ങും. എവിടെപ്പോയാലും മാങ്ങാവിഭവങ്ങള്‍ കൊണ്ടുള്ള സല്‍ക്കാരവും. മാങ്ങാ ഐസ്ക്രീം എനിക്കെന്തോ ഇഷ്ടമല്ല. പക്ഷെ ബാക്കി വിഭവങ്ങളൊക്കെ നല്ല ഇഷ്ടവും. പണ്ടൊക്കെ കാറ്റും മഴയും വന്നുപോയാല്‍ മാങ്ങ പെറുക്കാന്‍ ഓടുമായിരുന്നു. തിന്നാലും തിന്നാലും തീരാത്തത്ര വിവിധതരം മാങ്ങകള്‍. ഇന്നിപ്പോ ഓടാറൊന്നുമില്ലെങ്കിലും കിട്ടും മാങ്ങകള്‍. മാങ്ങാക്കാലത്ത് എന്നും ഒരു മാങ്ങാവിഭവം ഉണ്ടാക്കണം എല്ലാവരും. മാങ്ങാപ്പച്ചടി, പഴുത്തമാങ്ങ കൊണ്ടാണ് ഉണ്ടാക്കുക. അതും വല്യ വല്യ മാങ്ങ കൊണ്ടുള്ളതിനേക്കാള്‍ സ്വാദ് ചെറിയ നാടന്‍ മാങ്ങ കൊണ്ട് ഉണ്ടാക്കിയാലാണ്. മധുരം അതിമധുരം. അതിന്റെ കൂടെ തൈരിന്റെ പുളിയും മുളകിന്റേയും ഉപ്പിന്റേയുമൊക്കെ സ്വാദും. എല്ലാം കൂടെ പഴുത്ത മാങ്ങാപ്പച്ചടി ഒരു സ്വാദ് തന്നെ. എന്റെ കസിന്‍ ചെറുതായിരിക്കുമ്പോള്‍ നഴ്സറിക്ലാസ്സിലോ മറ്റോ സ്കൂള്‍ ഡേയ്ക്ക് പാടിയഭിനയിച്ച പാട്ടുണ്ട്. “മാങ്ങാപ്പച്ചടിയാണെങ്കില്‍ മുക്കാല്‍പ്പാത്രം ചോറിങ്ങെടുത്തോ, മക്കളെയെല്ലാമകറ്റിക്കോ” എന്ന പാട്ട്. ആ പരിപാടി കാണാന്‍ പോയിരുന്നു ഞാന്‍. മാങ്ങാപ്പച്ചടി ഉണ്ടാക്കുമ്പോള്‍ ഓര്‍മ്മവരും അത്.


ഈ വര്‍ഷത്തെ ആദ്യത്തെ പഴുത്തമാങ്ങകള്‍ അമ്മാമന്റേയും അമ്മായിയുടേയും വക.

അഞ്ചാറ് ചെറിയ, പഴുത്ത മാങ്ങയെടുത്ത് തോലുകളഞ്ഞ് അതിന്റെ പുറത്തൊക്കെ ഒന്ന് കത്തികൊണ്ട് വരഞ്ഞിടുക. വേവാനും, മറ്റു വസ്തുക്കളുടെ സ്വാദ് പിടിക്കാനും. തോലു കളയണം എന്നു നിങ്ങള്‍ക്ക് നിര്‍ബ്ബന്ധമില്ലെങ്കില്‍ അങ്ങനേയും ആവാം. പക്ഷെ, കളയുന്നതാവും നല്ലത്.

പാത്രത്തില്‍ മാങ്ങയിട്ട്, അരടീസ്പൂണ്‍ മുളകുപൊടിയും, ഉപ്പും, രണ്ട് പച്ചമുളക് ചീന്തിയിട്ടതും കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കുക. എന്നും പറയുന്നതുപോലെ വേവാനുള്ള വെള്ളമേ പച്ചടിയ്ക്ക് വേവിയ്ക്കുമ്പോള്‍ ഒഴിക്കാവൂ.


ഞാന്‍ കച്ചട്ടിയിലാണ് വേവിച്ചത്. അതിന്റെ സ്വാദൊന്നു വേറെ തന്നെ. പക്ഷെ വെള്ളം വറ്റാനായി എന്നു തോന്നുന്നതിനുമുമ്പു തന്നെ സ്റ്റൌവില്‍ നിന്ന് ഇറക്കിവയ്ക്കണം. സ്റ്റൌ ഓഫാക്കിയിട്ടും കാര്യമൊന്നുമില്ല. അല്ലെങ്കില്‍ കാര്യം പോയി. വാങ്ങിവെച്ചാല്‍ത്തന്നെ അവിടെയിരുന്നു വെള്ളം മുഴുവന്‍ വറ്റും.

മുളകുപൊടിയോ മുളകോ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഒഴിവാക്കാം. മധുരം ആയിക്കോട്ടെ. അഞ്ച് ടേബിള്‍സ്പൂണ്‍ ചിരവിയ തേങ്ങയെടുത്ത് അരടീസ്പൂണ്‍ കടുകും ഇട്ട് മിനുസമായി അരയ്ക്കുക.
അരയ്ക്കുമ്പോള്‍ മോരുവെള്ളം ചേര്‍ക്കുക. വെള്ളത്തിനുപകരം. മാങ്ങ വെന്ത് അതു തണുത്തതിനുശേഷം തേങ്ങയരച്ചതും കാല്‍ ലിറ്റര്‍ മോരും ചേര്‍ക്കുക. അല്ലെങ്കില്‍ തൈര്‍. വെള്ളമായിട്ട് ഇരിക്കാത്തതാവും നല്ലത്. ഉപ്പുനോക്കി പാകത്തിനു വീണ്ടും ഇടണമെങ്കില്‍ ഇടണം. കറിവേപ്പിലയും, കടുകും, ചുവന്ന മുളകും വറത്തിടുക. ചൂടുള്ള ചോറെടുക്കാന്‍ സമയം ആയി. ഈ പച്ചടിയുടെ സ്വാദ് ഞാന്‍ പറയണോ?

Thursday, March 06, 2008

മുരിങ്ങാക്കായ എരിശ്ശേരി

മുരിങ്ങമരം വീട്ടില്‍ നട്ടുവളര്‍ത്താന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. അതിന്റെ ഇലയും, പൂവും, കായും ഒക്കെ പാകം ചെയ്ത് കഴിക്കാം. ആരോഗ്യത്തിനു വളരെ നല്ലത്. സാമ്പാറിലും, അവിയലിലും മുരിങ്ങാക്കായ മറക്കാതെ ഇടും. ഇതിന്റെ എരിശ്ശേരിയും വളരെ നല്ലതാണ്. തുവരപ്പരിപ്പോ, ചെറുപരിപ്പോ കൂടെ ഇടാം.
രണ്ട് മുരിങ്ങാക്കായ കഴുകിമുറിയ്ക്കുക. അല്പം നീളത്തില്‍ത്തന്നെ ഇരുന്നോട്ടെ. മൂന്ന് ടേബിള്‍സ്പൂണ്‍ പരിപ്പും എടുക്കുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ അധികവും എടുക്കാം. പരിപ്പ് വൃത്തിയില്‍ കഴുകി, മുരിങ്ങാക്കായയും, കുറച്ച് മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും ഇട്ട് നന്നായി വേവിക്കുക. ആദ്യം പരിപ്പുമാത്രം വേവിച്ചെടുത്ത് വച്ച്, വേറെ പാത്രത്തില്‍ മുരിങ്ങാക്കായ ഉപ്പും, മഞ്ഞള്‍, മുളകുപൊടികളും ഇട്ട് വെന്താല്‍, പരിപ്പ് ചേര്‍ത്താലും മതി. ഒരുമിച്ചാണെങ്കില്‍ വെന്തതിനുശേഷം ഉപ്പിടുക. കുറച്ച് തേങ്ങ ചിരവുക. അരമുറിയിലും കുറച്ചുംകൂടെ മതി. അല്പം, രണ്ട് ടേബിള്‍സ്പൂണ്‍ എടുത്തുവെച്ച്, ബാക്കിയില്‍, അര/മുക്കാല്‍ ടീസ്പൂണ്‍ ജീരകവും കൂട്ടി അരയ്ക്കുക. വെന്തതില്‍, അരച്ചത് ചേര്‍ക്കുക. ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങിവെച്ച് വറവിട്ടെടുക്കുക. മാറ്റിവെച്ചിരുന്ന തേങ്ങയും നന്നായി വറുത്ത്, ഇതിലിടുക.
തേങ്ങ വറുത്തിടുന്നത് നിര്‍ബ്ബന്ധമൊന്നുമില്ല. സദ്യയ്ക്കൊക്കെ ചെയ്യും.
ചൂടുള്ള പച്ചരിച്ചോറിന്റെ കൂടെ ഈ എരിശ്ശേരി കൂട്ടിനോക്കൂ. ഞാനിവിടെ പച്ചരിച്ചോറുണ്ടാക്കിയതുകൊണ്ട് അങ്ങനെ പറഞ്ഞതാണേ. ;)
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]