Wednesday, November 28, 2007

റവപ്പുട്ടും വെജ് കറിയും



റവപ്പുട്ട്
ഗോതമ്പ് റവ ചൂടാക്കുക/വറുക്കുക. അതില്‍, പൊടിയുപ്പും, വെള്ളവും ചേര്‍ത്ത്, പുട്ടിനുകുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. വെള്ളം, അല്പം ചേര്‍ക്കുമ്പോഴേക്കും, കുഴഞ്ഞപോലെ ആവും. പക്ഷെ, വീണ്ടും വെള്ളം ചേര്‍ത്ത് എല്ലാതരിയും ചേര്‍ത്ത് കുഴയ്ക്കണം. ചിരവിയ തേങ്ങയുംവെച്ച് പുട്ടുണ്ടാക്കിയെടുക്കുക. നല്ലപോലെ വെന്തില്ലെങ്കില്‍, റവപോലെ ഇരിക്കും. കറിയും കൂട്ടി കഴിക്കുക. റവ ആദ്യം ആവികയറ്റിയെടുത്ത് ഉണ്ടാക്കിയാലും നന്നാവും.

വെജ് കറി


വെജ് കറി എന്നുകേട്ട് വല്യ കാര്യം എന്തോ ആണെന്ന് വിചാരിക്കരുത്. ;) ഇത് സ്റ്റ്യൂ, സ്റ്റൂ എന്നൊക്കെപ്പറയുന്നതിന്റെ വകഭേദം ആണ്. തേങ്ങാപ്പാലിന് പകരം, തേങ്ങയരച്ച് ചേര്‍ത്ത്.
ഉരുളക്കിഴങ്ങ്- 3 എണ്ണം, സവാള - രണ്ട്, കാരറ്റ് - ഒന്ന് ചെറുതായി മുറിച്ചശേഷം, അതില്‍ കുറച്ച് പച്ചമുളകും മുറിച്ച്, മുറിച്ചിടുക. എരിവിന്റെ പാകത്തില്‍. അല്പം കുരുമുളകുപൊടിയും, ഉപ്പും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക. കാല്‍ മുറി തേങ്ങ ചിരവി, മിനുസമായി അരച്ച് ചേര്‍ത്ത് തിളപ്പിക്കുക. വാങ്ങിവെച്ച്
വറവിടുക.

Thursday, November 22, 2007

നോമ്പ് പുഴുക്ക്

ദൈവത്തെ സോപ്പിടാന്‍ ആണ് വ്രതമെടുക്കുന്നതെന്ന് പലര്‍ക്കും ഒരു വിചാരമുണ്ട്. ദൈവത്തിനിപ്പോ നമ്മളെന്ത് കഴിച്ചാലും ഒന്നുമില്ല. ഉപവസിക്കുന്നത്, നമ്മുടെ ശരീരത്തിന് നല്ലതാണ്. വെട്ടിവിഴുങ്ങിയിരിക്കുമ്പോള്‍, ഇടയ്ക്കൊരു ബ്രേക്ക്. അമിതാഹാരത്തില്‍ നിന്ന് അല്‍പ്പാഹാരത്തിലേക്ക്. കഴിക്കാതിരിക്കുകയാണെങ്കില്‍ അതും നല്ലത്. അങ്ങനെയാണ് നോമ്പുകള്‍ എടുക്കേണ്ടത്. മനസ്സില്‍ നന്മ വിചാരിച്ച്, ശരീരത്തിനും നല്ലത് കൊടുത്ത് ഇരിക്കുക. നന്മ വിചാരിക്കുന്നതും ചെയ്യുന്നതും എന്നും ആവാം. പക്ഷെ, ഉപവാസം എന്നുമായാല്‍ പലര്‍ക്കും ശരിയാവില്ല.
ഏകാദശിയ്ക്ക് നോമ്പാണെന്ന് ഞാനും ഉറപ്പിച്ചു. ഒന്നും തിന്നാതെയൊന്നുമല്ലെന്ന് എനിക്കു പണ്ടേയറിയാം. അരിഭക്ഷണം കഴിക്കില്ല, അത്ര തന്നെ. ബാക്കിയൊക്കെ കഴിക്കും. പിന്നെ
മത്സ്യമാംസാഹാരങ്ങളും കഴിക്കില്ല. പഴങ്ങള്‍ കഴിക്കാം. കാപ്പി- ചായ കുടിക്കാം.
പുറമെനിന്ന് റെഡിമെയ്ഡ് ആയി കൊണ്ടുവരുന്നതൊന്നും കഴിക്കരുത്. (പഴങ്ങളുടെ
കാര്യമല്ല.)


അങ്ങനെ ഞാന്‍ പുഴുക്കുണ്ടാക്കി.

വേണ്ടത്, കായ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചെറുപയര്‍ എന്നിവയൊക്കെയാണ്.
ഒക്കെ മുറിച്ച്, ചെറുപയറിന്റെ കൂടെ, മഞ്ഞള്‍പ്പൊടിയിട്ട്, മുളകുപൊടിയിട്ട് വേവിക്കുക.
പച്ചമുളക് ഒന്നു രണ്ടെണ്ണം നീളത്തില്‍ ചീന്തിയിടാം.
വെന്താല്‍ ഉപ്പും ചേര്‍ക്കുക.
തേങ്ങ കുറച്ച് ചിരവിയെടുത്ത്, അരയ്ക്കുന്ന പാത്രത്തില്‍ ഇട്ട്, ഒറ്റത്തിരിക്കല്‍.
അതായത്, വെറുമൊരു ചതയ്ക്കല്‍. അരച്ചുമിനുസമായി വെണ്ണപോലെ വേണ്ട.
കഷണങ്ങള്‍ വേവിക്കുമ്പോള്‍ മുളകുപൊടി ഇടുന്നില്ലെങ്കില്‍, ചതയ്ക്കുമ്പോള്‍, പച്ചമുളകും
ചേക്കുക. എരിവിന്റെ ആവശ്യത്തിന്.
കഷണങ്ങള്‍, വെന്ത് ഉപ്പും ഇട്ടുകഴിഞ്ഞാല്‍, തേങ്ങയും ചേര്‍ത്ത്, ഒന്നുകൂടെ വേവിക്കുക.
എന്നിട്ട് വറവിടുക. കുറച്ച് വെളിച്ചെണ്ണയും ഒഴിക്കുക.
തേങ്ങ വെറുതെ ചിരവിയിട്ടാലും മതി പുഴുക്കിന്.
വന്‍പയര്‍, മറ്റു കിഴങ്ങുകള്‍, ഒക്കെയിട്ടും പുഴുക്കുണ്ടാക്കാം.
ഇത്, കായ, ചേമ്പ്, ചേനപ്പുഴുക്കാണ്.






പിന്നെ, എന്തു തിന്നും? ചോറു വേണ്ടേ, പുഴുക്കിന്റെ കൂടെ? ഗോതമ്പച്ചോറു വെയ്ക്കുക. ഗോതമ്പ് റവ, വെള്ളം തിളപ്പിച്ച്, അതിലിട്ട്, ചോറുപോലെ വയ്ക്കുക.

പച്ചടിയുണ്ടാക്കാം. തക്കാളിയോ, വഴുതനങ്ങയോ കൊണ്ട്. നോമ്പാണെന്ന് ഓര്‍മ്മവേണം. ;)
ഞാന്‍ നല്ല തേങ്ങാച്ചമ്മന്തിയും ഉണ്ടാക്കി. നല്ല ചുവന്ന മുളകിട്ട്, അമ്മിക്കല്ലില്‍ അരച്ച് ഉരുട്ടിവയ്ക്കുന്നതുപോലെയുള്ള ചമ്മന്തി. ചിത്രത്തില്‍ കാണുന്നില്ലേ? :)





അങ്ങനെ ഏകാദശി നോറ്റു. എന്നിട്ട് ഒരു പാട്ടും പാടി.

“കോലക്കുഴല്‍ വിളി കേട്ടോ, രാധേ എന്‍ രാധേ,
കണ്ണനെന്നെ വിളിച്ചോ, രാവില്‍ ഈ രാവില്‍” എന്ന സിനിമാപ്പാട്ടല്ല. ;)

“എന്നാലും ഞാനറിയുന്നൂ, കണ്ണനെന്നെയാണെന്നെയാണിഷ്ടം” എന്ന പാട്ട്.

Wednesday, November 21, 2007

നേന്ത്രക്കായ മോരുകറി


വേണ്ടത്:-
നേന്ത്രക്കായ - ഒന്ന്, നാലാക്കി, ചീന്തി അധികം വലുപ്പവും, അധികം ചെറുപ്പവും അല്ലാതെ കഷണങ്ങളാക്കിയത്. തൊലി കളയേണ്ട കാര്യമില്ല.
അധികം വലുപ്പമില്ലാത്ത ഒരു തേങ്ങയുടെ അര മുറി ചിരവിയത്.
ജീരകം, കുറച്ച്. കാല്‍ ടീസ്പൂണ്‍ മുഴുവന്‍ വേണ്ട.
(തേങ്ങയും ജീരകവും ചേര്‍ത്ത് മിനുസമായി അരച്ചുവെയ്ക്കുക.)
മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ആവശ്യത്തിന്
നല്ല പുളിയുള്ള മോര്, കാല്‍ ലിറ്റര്‍.
വറവിടാന്‍, കടുകും, കറിവേപ്പിലയും, ചുവന്ന മുളകും.

നേന്ത്രക്കായ, ഉപ്പും, മഞ്ഞളും മുളകുപൊടിയുമിട്ട് വേവിക്കുക. വെന്താല്‍, മോരു ചേര്‍ത്ത് തിളപ്പിക്കുക. തേങ്ങയും ജീരകവും, നന്നായി അരച്ച് വെച്ചത്, അതില്‍ ചേര്‍ക്കുക. അതും നന്നായി തിളച്ചാല്‍, വാങ്ങിവെച്ച്, വറവിടുക. വറവിട്ട ഉടനെ ഇളക്കിമറിച്ചുവയ്ക്കരുത്. അല്‍പ്പം കഴിഞ്ഞശേഷം ഇളക്കുക. എല്ലാ കറികളും.
മറ്റു കാര്യങ്ങള്‍:-
മുളകുപൊടിയ്ക്കുപകരം, പച്ചമുളക്, തേങ്ങയുടെ കൂടെച്ചേര്‍ത്ത് അരച്ച് ചേര്‍ക്കാം. കുരുമുളകുപൊടി ചേര്‍ക്കുകയും ചെയ്യാം.
തേങ്ങ ചേര്‍ത്ത് നന്നായി വെന്തതിനുശേഷം, തൈര്‍ ഒഴിച്ച് ഒന്നു പതപ്പിച്ച് വാങ്ങിവെക്കുകയും ചെയ്യാം.
മോരു കുറവോ കൂടുതലോ ഉപയോഗിക്കാം, നിങ്ങളുടെ ഇഷ്ടം പോലെ. പക്ഷെ, വെള്ളം അധികം ചേര്‍ക്കാത്തതാണ് നല്ലത്.
ഉലുവ വറുത്തുപൊടിച്ച് ചേര്‍ക്കാം വേണമെങ്കില്‍.
ശരിക്കുള്ള കാളനില്‍ വേവാനുള്ള വെള്ളമേ പാടുള്ളൂ. ഇത് അങ്ങനെ വേണമെന്നില്ല. എന്നാലും കുറേ വേണ്ട.

Tuesday, November 20, 2007

അന്നും ഇന്നും

അരിയും, മറ്റു വസ്തുക്കളും, ആട്ടുകല്ലില്‍ അരച്ച്, ദോശയും ഇഡ്ഡലിയും ഉണ്ടാക്കിയെടുത്ത്, അമ്മിക്കല്ലില്‍ അരച്ച ചമ്മന്തിയും കൂട്ടി കഴിക്കുന്ന ഒരു കാലമുണ്ടായിരുന്നു എന്നെഴുതാന്‍ സമയമായോ? ഇന്നും ഇതൊക്കെയുള്ള വീടുകള്‍ ഉണ്ട് എന്നെഴുതണോ?

കറന്റ് പോകുന്ന സമയത്ത്, ആട്ടുകല്ലും, അമ്മിക്കല്ലും ഉപയോഗിക്കാറുണ്ടായിരുന്നു. ഇന്ന് അതും ഇല്ല. സമയം ലാഭിക്കുക എന്നത് മാത്രമാവും കാരണം എന്ന് തോന്നുന്നു, ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്.

ചിരവ പോലും മാറിയിരിക്കുന്നു. ചിരവിയെടുത്ത തേങ്ങയും, മേശമേല്‍ വെച്ച്, ചിരവിയെടുക്കുന്ന ഉപകരണവും വന്നെത്തിയിട്ട് കാലം കുറേയായി. കല്യാണവീടുകളില്‍, രാവ് പകലോളം, തേങ്ങ ചിരവുന്ന ജോലി ഇന്നില്ല. ഗ്രൈന്‍ഡറിനു മുകളില്‍ പിടിപ്പിച്ചിരിക്കുന്ന തേങ്ങ ചിരവല്‍ യന്ത്രത്തില്‍ പിടിച്ചുകൊടുക്കുകയേ വേണ്ടൂ.
മിക്സിയും ഗ്രൈന്‍ഡറും പല പല രൂപത്തിലാണ് കിട്ടാനുള്ളത്. അതുകൊണ്ട്, ആട്ടുകല്ലും, അമ്മിക്കല്ലും, ചില വീടുകളില്‍ ഇല്ലേയില്ല.

കല്‍ച്ചട്ടികളും, മണ്‍ചട്ടികളും, സ്റ്റീല്‍പ്പാത്രങ്ങള്‍ക്കും, നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ക്കും വഴിമാറിയിരിക്കുന്നു.

അരച്ചും പൊടിച്ചുമെടുത്ത്, ദോശയും, ഇഡ്ഡലിയും, പുട്ടും, അപ്പവും ഉണ്ടാക്കുന്നിടത്ത്, ഒക്കെ പായ്ക്കറ്റുകളില്‍, വാങ്ങി, പെട്ടെന്ന് തയ്യാറാക്കുന്നു.
ഇന്ന് മിക്കതും ഡിസൈനര്‍ അടുക്കളകളാണ്. അവിടെ ആധുനിക ഉപകരണങ്ങള്‍ക്കേ പ്രവേശനമുള്ളൂ.
അങ്ങനെയുള്ള വസ്തുക്കളും ഉപകരണങ്ങളും ഉണ്ടായിരുന്നു, ഉപയോഗിച്ചിരുന്നു, എന്ന് നമ്മള്‍ അറിയുമ്പോള്‍, വരും തലമുറ, ഇതൊക്കെ വെറും ചിത്രങ്ങളിലൂടേയും, മറ്റുള്ളവരുടെ വാക്കുകളിലൂടേയും മാത്രം അറിയുന്നു.

അതുകൊണ്ട്, അവയൊക്കെ പുരാവസ്തുക്കളായി മാറ്റി പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ഒരു നിമിഷം.
അമ്മിക്കല്ലും ആട്ടുകല്ലും, സിമന്റില്‍ ഉറപ്പിച്ചുവെച്ചിരിക്കുകയാണ്. ആരും കടത്തിക്കൊണ്ടുപോവുമെന്ന് പേടിക്കേണ്ടല്ലോ. ;)
എന്നാലും ഇനിയും ബാക്കിയുണ്ട് എന്ന് കാണിക്കാന്‍, ഇന്നും നമ്മോടൊപ്പം ചിലത്കൂടെ. ചെറിയ രൂപത്തില്‍.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]