Thursday, March 21, 2013
പീച്ചിങ്ങ കറി
പീച്ചിങ്ങ (ridge gourd) കൊണ്ടൊരു കൂട്ടാൻ. അഥവാ കറി. എളുപ്പം കഴിയും ഉണ്ടാക്കാൻ.
പീച്ചിങ്ങ നന്നായി കഴുകുക.
നാലെണ്ണം ( ചിത്രത്തിൽ കാണുന്ന വലുപ്പത്തിൽ ഉള്ളത്) തോലുകളഞ്ഞ് മുറിക്കുക. അല്പം തോലുണ്ടായാലും പ്രശ്നമില്ല. മുറിച്ചു വെള്ളത്തിലിടുക.
അല്പം എണ്ണ (സൺഫ്ലവർ എണ്ണയാണ് നല്ലത്) ചൂടാക്കുക. ഒരു ടേബിൾസ്പൂൺ മതി. രണ്ട് പച്ചമുളക് നടുവിൽ മുറിച്ച് ആ എണ്ണയിൽ വഴറ്റുക. വഴറ്റിക്കഴിഞ്ഞാൽ ഒരു ടീസ്പൂൺ ജീരകം ഇടുക. ഇളക്കുക. കരിയാതെ വാങ്ങിവെക്കുക.
പച്ചമുളകും ജീരകവും തണുത്താൽ, രണ്ടു ടേബിൾസ്പൂൺ തേങ്ങയും, കുറച്ച് വെളുത്തുള്ളിയല്ലികളും, കുറച്ച് കറിവേപ്പില, മല്ലിയില എന്നിവയും ചേർത്ത് അരയ്ക്കുക. മിനുസം ആവേണ്ട. ചതഞ്ഞാൽ മതി. കല്ലിൽ ചതച്ചാലും മതി. (വെളുത്തുള്ളി ഇടാതെയും ഉണ്ടാക്കാം.)
രണ്ട് ഉള്ളി/സവാള (ചെറുത് മതി) ചെറുതായി അരിഞ്ഞു വയ്ക്കുക. പീച്ചിങ്ങക്കഷണം കഴുകി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വയ്ക്കുക.
പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. ഉള്ളി വഴറ്റുക. തീ കുറയ്ക്കുക. തേങ്ങാക്കൂട്ട് ഇട്ട് ഇളക്കുക. ആവശ്യത്തിനു മഞ്ഞൾപ്പൊടി ഇടുക. അല്പം പുളി ഇടുക. പുളി വെള്ളത്തിലിട്ടുവെച്ചിട്ട് പിഴിഞ്ഞ് ആ വെള്ളം ഒഴിച്ചാലും മതി. പീച്ചിങ്ങ ഇട്ടിളക്കുക. ഉപ്പ് ഇടുക. ഒരു കഷണം ശർക്കരയും ഇടാം. നിർബ്ബന്ധമില്ല. അധികം എരിവ് വേണമെങ്കിൽ അല്പം മുളകുപൊടിയിടാം. അല്ലെങ്കിൽ പച്ചമുളക് അരച്ചതുണ്ടല്ലോ. നന്നായി ഇളക്കിയോജിപ്പിച്ച് ആവശ്യത്തിനു വെള്ളം ചേർക്കുക.
വെള്ളം ഉള്ള കറി വേണമെങ്കിൽ അതിനാവശ്യമുള്ള വെള്ളം ഒഴിക്കുക. അല്ലെങ്കിൽ വേവാൻ ആവശ്യമായ വെള്ളം മാത്രം ഒഴിക്കുക. തീ കുറച്ച് അടച്ചു വേവിക്കുക. ചോറിന്റെ കൂടേം ചപ്പാത്തീന്റെ കൂടേം കഴിക്കാം.
മൊരിഞ്ഞ ചപ്പാത്തീന്റെ കൂടേം കഴിക്കാം.
Friday, March 01, 2013
നവര അരി പുട്ട്
നവര അരി കണ്ടിട്ടുണ്ടോ? ഇത് ആയുർവേദത്തിലൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ട് പുട്ട് ഉണ്ടാക്കാമെന്നു വെച്ചു. പുട്ടുണ്ടാക്കാൻ ഒരു പ്രയാസവുമില്ല. അരിയൊന്ന് വൃത്തിയാക്കിയെടുക്കുക. അഞ്ചാറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഞാൻ കുറച്ച് അരിയേ കുതിർത്ത് വെച്ചുള്ളൂ. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വെള്ളം കളഞ്ഞ് എടുത്തു. പാത്രം അടച്ച് കമഴ്ത്തി ചെരിച്ചുവെച്ചു. അല്ലെങ്കിൽ തുണിയിൽ നിരത്തിയിട്ടാലും മതി. വെള്ളം മുഴുവൻ പോയാൽ പുട്ടിന്റെ പാകത്തിൽ പൊടിക്കുക. പൊടി അധികം മിനുസമല്ലാതെ.
പൊടിച്ചു കഴിഞ്ഞ് വറുത്തു.
ഉപ്പും അല്പം വെള്ളവും ചേർത്ത് കുഴച്ചു. തേങ്ങയുമിട്ട്, ചിരട്ടപ്പുട്ടുകുറ്റിയിൽ ഇട്ട് വേവിച്ചെടുത്തു.
കൂടെ കൂട്ടാൻ കടലക്കറിയുണ്ടാക്കി.
Subscribe to:
Posts (Atom)