ഉലുവയില കഴിക്കുന്നത് നല്ലതാണ് എന്നെല്ലാവർക്കും അറിയാമെന്നു കരുതുന്നു. വീട്ടിൽ പൂച്ചെട്ടിയിൽ വളർത്താൻ പറ്റിയൊരു ചെടിയാണ് ഉലുവ. ഈ ഇലകൾക്ക് അല്പം കയ്പ്പുണ്ട്.
എന്നാലും ഉപ്പേരിയുണ്ടാക്കാൻ തീരുമാനിച്ചു. ഒരുപാടു വിഭവങ്ങൾ ഉലുവയില കൊണ്ടുണ്ടാക്കാം.
ഇവിടെ ചിലതൊക്കെ ഉണ്ടാക്കിയിട്ടിട്ടുണ്ട്.
ഉലുവയിലയുപ്പേരിയുണ്ടാക്കാൻ വളരെക്കുറച്ച് വസ്തുക്കളേ ആവശ്യമുള്ളൂ. ഉണ്ടാക്കുന്ന വിധം പറയാം.
ഉലുവയില വൃത്തിയാക്കിയെടുക്കുക. ചെറുതായി അരിയുക. വേര് കളയുക. തണ്ട് ഇട്ടാൽ കുഴപ്പമില്ല. മുറിച്ചെടുത്തു കഴിഞ്ഞും ഒന്നു കഴുകുന്നതു കൊണ്ടു കുഴപ്പമില്ല. മുറിച്ച ഇല രണ്ടു കപ്പ്
വേണം. വെന്തു കഴിഞ്ഞാൽ വളരെക്കുറച്ചേ ഉണ്ടാവൂ.
കടലപ്പരിപ്പ് വേവിച്ചെടുക്കുക. വെന്തത് ഒരു മുക്കാൽ കപ്പ് വേണം. അധികം വെന്ത് അലിയരുത്. എന്നാൽ നന്നായി വേവുകയും വേണം. കുക്കറിൽ വേവിച്ചാൽ മതി.
ചീനച്ചട്ടി, അല്ലെങ്കിൽ ഒരു പാത്രം അടുപ്പത്തുവെച്ച് അതിൽ വെളിച്ചെണ്ണയൊഴിക്കുക. ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂൺ ഇടുക. അല്പം അധികമുണ്ടെങ്കിലും സാരമില്ല. അതു ചുവന്നാൽ ഒരു
ചുവന്ന മുളക് പൊട്ടിച്ചിടുക. അല്പം കടുകും ഇടുക. കടുക് പൊട്ടിയാൽ അതിലേക്ക്, ഉലുവയിലയിടുക. അല്പം മഞ്ഞൾ ഇടുക. കടലപ്പരിപ്പിനും കൂടെ ആവശ്യമായ ഉപ്പും ഇട്ട് ഇളക്കി, തീ കുറച്ച്
അടച്ചുവെയ്ക്കുക. വേഗം വേവും. വെന്താൽ കടലപ്പരിപ്പും ഇട്ടിളക്കി അല്പനേരം കൂടെ ചെറിയ തീയിൽ അടച്ചുവേവിക്കുക. വാങ്ങിവെച്ച് തേങ്ങ ചിരവിയിടുക.
എരിവു വേണ്ടവർക്ക് തേങ്ങയ്ക്കൊപ്പം അല്പം പച്ചമുളക് ചതച്ചിടുകയോ, അല്ലെങ്കിൽ ആദ്യം തന്നെ മുളകുപൊടിയിടുകയോ ചെയ്യാം. ഞങ്ങൾ സാധാരണയായി ഉപ്പേരിയ്ക്ക് വറവിലിടുന്ന
ചുവന്ന മുളകല്ലാതെ എരിവ് ചേർക്കാറില്ല.
Tuesday, February 26, 2013
Subscribe to:
Posts (Atom)