നോക്കുമ്പോൾ, എല്ലാ ഭരണികളിലും മുകളിൽ കുറച്ച് പരിപ്പും, ബാക്കി സ്വർണ്ണനാണ്യങ്ങളുമായിരുന്നു. പിന്നെ ഭട്ടതിരി, കുറേ നാൾ കഴിഞ്ഞപ്പോൾ, ആ ഭരണിയിൽനിന്നുതന്നെ നാണയങ്ങളെടുത്ത് ചെലവാക്കിത്തുടങ്ങി. പിന്നെ പണക്കാരനായപ്പോൾ, അദ്ദേഹം, ആ ഭരണികളൊക്കെ തിരികെ നിറച്ചുവെച്ചു. പലിശയായിട്ട് പത്തു ചെറിയ ഭരണികളിലും നാണയങ്ങൾ നിറച്ചു വച്ചു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ, പഴയ കച്ചവടക്കാരൻ വീണ്ടും വന്നു. ഭട്ടതിരി, ഭരണി തുറന്നതും നാണയങ്ങൾ എടുത്തുപയോഗിച്ചതും ഒക്കെയുള്ള സംഭവങ്ങളൊക്കെ പറഞ്ഞു. മാപ്പും അപേക്ഷിച്ചു. ഭരണികളും പലിശഭരണികളും വ്യാപാരിക്കു കൊടുത്തു. പക്ഷേ പലിശഭരണികൾ, കച്ചവടക്കാരൻ വാങ്ങിയില്ല. വലിയ ഭരണിയിൽ നിന്ന് ഒരു ഭരണി ഭട്ടതിരിക്കു സമ്മാനമായി കൊടുക്കുകയും ചെയ്തു. ആ ഭരണിയാണ് കോടൻഭരണി. കൊടുത്തുകഴിഞ്ഞ് വ്യാപാരി പറഞ്ഞു “ഈ ഭരണിയിരിക്കുന്ന ദിക്കിൽ ദാരിദ്ര്യം ഉണ്ടാവില്ല. ഇതിൽ മാങ്ങ ഉപ്പിലിട്ടാൽ നല്ല സ്വാദുണ്ടാവുകയും ചെയ്യും” എന്ന്. അങ്ങനെ ആ വീട്ടിൽ എല്ലാക്കൊല്ലവും, ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടുതുടങ്ങി. അതിന്റെ സ്വാദും കേമം. എത്രനാൾ കഴിഞ്ഞാലും മാങ്ങയുടെ പച്ചനിറം മാറില്ലത്രേ. ഇതാണ് പാണ്ടമ്പറമ്പത്തു കോടൻ ഭരണിയിലെ ഉപ്പുമാങ്ങ.
(കഥ വായിച്ചതും, കടപ്പെട്ടിരിക്കുന്നതും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്ക്)
ഒരു ഉപ്പുമാങ്ങയുണ്ടെങ്കിൽ ഒരുമുറിത്തേങ്ങ എടുക്കാം. കഷണം മാങ്ങകളും, കുറച്ച് തേങ്ങയും, ചുവന്ന മുളകും, കറിവേപ്പിലയും ഉപ്പും. ഇത്രയും ഉണ്ടായാൽ, അരച്ചെടുത്താൽ, ഉപ്പുമാങ്ങാച്ചമ്മന്തിയായി. തേങ്ങ കുറച്ച് അധികമായാൽ കുഴപ്പമൊന്നുമില്ല.
ഇവിടെ മാങ്ങ തോലോടെതന്നെ കഷണമാക്കി.
മിനുസമായിട്ട് അരയണം എന്നില്ല.