കായ ബജ്ജി നിർമ്മിക്കാൻ ആവശ്യമുള്ളത്, മണ്ണങ്കായ, വണ്ണങ്കായ, വെറും കായ ഇനത്തില്‍പ്പെട്ട നല്ല പച്ചക്കായ ആണ്. അത് കഴുകി, തലയും വാലും മുറിച്ച്, തോലൊന്നും കളയാതെ ചിത്രത്തിലെപ്പോലെ ചെരിച്ച് ചെരിച്ച് മുറിച്ചെടുക്കുക. വണ്ണം കുറച്ച്. തോലു കുറച്ച് ചീന്തിക്കളഞ്ഞാലും കുഴപ്പമില്ല. ആവശ്യമില്ല.
അരിപ്പൊടിയും കടലപ്പൊടിയും എടുക്കുക. ഒരു കപ്പ് കടലപ്പൊടിക്ക് അരക്കപ്പ് അരിപ്പൊടി. എന്നുവെച്ച് ഒരു കായ കൊണ്ട് ബജ്ജിയുണ്ടാക്കാൻ അത്രയൊന്നും വേണ്ട. അതു വെറും അനുപാതം. ഏകദേശം 3- 4 ടേബിൾസ്പൂൺ കടലപ്പൊടി മതിയാവും. അരി ഒന്ന്, അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂണും. പൊടി പോരെങ്കിൽ പിന്നേം എടുത്താൽ മതി. അതിൽ ഉപ്പ്, കായം, മുളകുപൊടി ഇടുക. വെള്ളമൊഴിച്ച് യോജിപ്പിക്കുക. കുറേ വെള്ളമൊഴിക്കരുത്. കുറച്ച് കട്ടിയിൽ മതി.
എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി, മുറിച്ച കായക്കഷണം ഓരോന്നായി എടുത്ത് കടലപ്പൊടി - അരിപ്പൊടിക്കൂട്ടിൽ ഇട്ടു മുക്കി വെളിച്ചെണ്ണയിലേക്ക് ഇട്ട് പാകം വരുത്തി കോരിയെടുക്കുക.
അരിപ്പൊടി കൂട്ടാതേയും നോക്കാം. അനുപാതം മാറ്റിയും നോക്കാം.