Tuesday, January 15, 2008

കയ്പ്പക്കക്കൊണ്ടാട്ടം/പാവയ്ക്കക്കൊണ്ടാട്ടം

ചോറിന്റെ കൂടെ, കഞ്ഞിയുടെ കൂടെ ഒക്കെ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് കൊണ്ടാട്ടങ്ങള്‍. പപ്പടം ഇല്ലെങ്കിലും ഇത് വറുത്ത് കഴിക്കാം. കുറേ ഉണ്ടാക്കി സൂക്ഷിച്ചുവയ്ക്കാം.

കയ്പ്പക്ക, അഥവാ പാവയ്ക്ക കഴുകിവൃത്തിയാക്കി വട്ടത്തില്‍ അധികം കനമില്ലാതെ അരിയുക. കുരു കളഞ്ഞില്ലെങ്കിലും കുഴപ്പമില്ല.
അരിഞ്ഞതിനുശേഷം ഒരു ദിവസം വെയിലത്തുവച്ച് വാട്ടിയെടുക്കുക. അതില്‍ ഉപ്പിട്ട് പിന്നേയും നന്നായി ഉണങ്ങുന്നതുവരെ എന്നും വെയിലത്ത് വയ്ക്കുക.
നിങ്ങള്‍ക്ക് വേണമെങ്കില്‍ മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും ഇടാവുന്നതാണ്. അപ്പോപ്പിന്നെ ചോറിനൊക്കെ കൂട്ടിക്കഴിക്കുമ്പോള്‍ കൂടുതല്‍ നന്നായിരിക്കും.
ഉണക്കിയെടുത്ത് നന്നായി അടച്ച് സൂക്ഷിക്കുക.

ആവശ്യം ഉള്ളപ്പോ എടുത്ത് വറുത്ത് കൂട്ടുക.

അമ്മയുണ്ടാക്കിത്തന്ന കൊണ്ടാട്ടം ആണിത്. (വറുത്തുവെച്ചിരിക്കുന്നത്.)

Sunday, January 13, 2008

ചീരമോരുകൂട്ടാന്‍


ചീര നിങ്ങള്‍ക്കിഷ്ടമാണോ? എന്നാല്‍ വീട്ടില്‍ ഒരു ചട്ടിയില്‍ വളര്‍ത്തുക. എന്നും അതില്‍നിന്ന് മുറിച്ചെടുത്ത്, കൂട്ടാനും ഉപ്പേരിയും വയ്ക്കുക. എങ്ങനെയുണ്ട്? നല്ല പരിപാടി അല്ലേ? ഞാനിതൊക്കെയാണോ ചെയ്യുന്നത് എന്നു ചോദിക്കരുത്. ;)


ചീര ചെറുതായി കൊത്തിയരിഞ്ഞെടുക്കുക. രണ്ട് കപ്പ്, ഒരു വല്യ കെട്ട് ഒക്കെ. അത്, ഉപ്പും, മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണും, മുളകുപൊടി അരടീസ്പൂണും ഇട്ട് നന്നായി വേവിക്കുക. വെന്താല്‍ വെള്ളമില്ലാതിരുന്നാല്‍ നല്ലത്. അതിലേക്ക് കാല്‍ ലിറ്റര്‍ പുളിച്ച മോരൊഴിക്കുക. നന്നായി തിളച്ച് യോജിച്ചാല്‍, അരമുറിത്തേങ്ങയും, (ചെറിയ തേങ്ങയുടെ) അല്പം ജീരകവും, നന്നായരച്ച് ചേര്‍ത്ത് നല്ലപോലെ തിളപ്പിച്ച് വാങ്ങിവെച്ച് വറവിടുക.


മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും നിങ്ങളുടെ ആവശ്യത്തിന് ചേര്‍ത്താല്‍ മതി.

Thursday, January 10, 2008

വഴുതനങ്ങക്കറി

വഴുതനങ്ങക്കറി എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നാണ്. ഈ ഉണ്ടവഴുതനങ്ങ കിട്ടിയില്ലെങ്കില്‍ മറ്റുള്ള വഴുതനങ്ങ ഉപയോഗിച്ചും കറി വയ്ക്കാം. പണ്ടും ഇപ്പോഴും വീട്ടില്‍ ഇടയ്ക്കൊക്കെക്കാണും വഴുതനങ്ങ പറിച്ചെടുക്കാന്‍ ഓരോന്നെങ്കിലും. ചിലപ്പോള്‍ പച്ച. ചിലപ്പോള്‍ വയലറ്റ്. ഇത് വാങ്ങിക്കൊണ്ടുവന്നതാണ്.

ഉണ്ടവഴുതനങ്ങ.
കൊട്ടത്തേങ്ങ
വെളുത്തുള്ളി
മല്ലിയില
ജീരകം
മുളക്, മഞ്ഞള്‍ പൊടികള്‍
കടലമാവ്/കടലപ്പൊടി
പുളി
ഉപ്പ്
എണ്ണ വറവിടാന്‍ ആവശ്യത്തിന്.
ശര്‍ക്കര


ഉണ്ടവഴുതനങ്ങ - അഞ്ചെണ്ണം എടുത്ത് കഴുകി, നാലാക്കി ചീന്തുക. വിട്ടുപോകരുത്. നല്ലതാണോയെന്ന് നോക്കുക.
ഒരു ചെറിയ കഷണം, കൊട്ടത്തേങ്ങയും, അഞ്ചാറ് അല്ലി വെളുത്തുള്ളിയും, അല്പം മല്ലിയിലയും, അര ടീസ്പൂണ്‍ ജീരകവും നന്നായി, ചതച്ച്, അല്ലെങ്കില്‍ അരച്ചെടുക്കുക.
ഒരു ചെറുനാരങ്ങവലുപ്പത്തില്‍ പുളി വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കുക. പുളിവെള്ളം.
പാത്രം ചൂടാക്കി, ഉഴുന്നുപരിപ്പ്, കടുക്, കറിവേപ്പില എന്നിവ മൊരിച്ച്, അരച്ചുചതച്ചുവെച്ചത് ഇട്ട്, പുളിവെള്ളം ഒഴിച്ച്, അല്പം മഞ്ഞള്‍പ്പൊടിയും, അരടീസ്പൂണ്‍ മുളകുപൊടിയും ഇടുക. ഒരു ടേബിള്‍സ്പൂണ്‍ കടലപ്പൊടിയിടുക. ഉപ്പ് ഇടുക. മുറിച്ച് വെച്ച വഴുതനങ്ങ ഇടുക. ഒരു നെല്ലിക്ക വലുപ്പത്തില്‍ ശര്‍ക്കര ഇടുക. പുളിവെള്ളം പോരെങ്കില്‍, വേവാനായിട്ട് അല്പം പച്ചവെള്ളം കൂടെ ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. കുറച്ച് കുറുകിവന്നാല്‍ വാങ്ങിവയ്ക്കുക.
ചപ്പാത്തിക്കൊപ്പം കൂടുതല്‍ നന്നായിരിക്കും. നന്നായി കുറുക്കിയെടുത്താല്‍ മതി. വെള്ളമില്ലാതെ. പുളിവെള്ളം മാത്രം മതി വേവാന്‍ എന്നുവെച്ചാല്‍ മതി. തീ കുറച്ച് അടച്ചുവെച്ച് വേവിക്കുക.

Tuesday, January 08, 2008

മുളപ്പിച്ചതുകൊണ്ടൊരു കറി

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. മുളപ്പിച്ച് പച്ചയ്ക്ക് തിന്നുകയോ, വേവിച്ചു തിന്നുകയോ ആവാം. ചെറുപയര്‍ മുളപ്പിച്ച് പച്ചയ്ക്ക് തിന്നുന്നതാണ് നല്ലത്.

കൂടുതല്‍ വിവരം വിക്കിയില്‍ നിന്ന് സമ്പാദിക്കൂ.

ഇത് മുളപ്പിച്ച പയര്‍, കടല എന്നിവയൊക്കെയിട്ടിട്ടുള്ള ഒരു കറിയാണ്.

ചെറുപയര്‍ - 2 ടേബിള്‍സ്പൂണ്‍

ഗ്രീന്‍പീസ് - രണ്ട് ടേബിള്‍സ്പൂണ്‍

കടല - രണ്ട് ടേബിള്‍സ്പൂണ്‍

വെള്ളക്കടല/ ചന - രണ്ട് ടേബിള്‍സ്പൂണ്‍.

ഒക്കെ രാവിലെ നേരത്തെ വെള്ളത്തില്‍ വേറെവേറെയായി ഇട്ടുവയ്ക്കുക. ഒന്നിച്ചിട്ടാലും കുഴപ്പമൊന്നുമില്ല. മുങ്ങിക്കിടക്കാന്‍ വെള്ളം വേണം. ആദ്യം കഴുകിവൃത്തിയാക്കി വെള്ളത്തിലിടുന്നതാവും നല്ലത്. എട്ടുപത്തുമണിക്കൂര്‍ വെള്ളത്തില്‍ കിടക്കട്ടെ. അതുകഴിഞ്ഞ് വെള്ളം കളയുക.
ഒരു നല്ല തുണിയെടുത്ത്, (ഒരു ടൌവലോ, മുണ്ടിന്റെ കഷണമോ എന്തുമാവാം) അതിലേക്ക് ഇതൊക്കെയിട്ട് കെട്ടിപ്പൊതിഞ്ഞുവയ്ക്കുക.
അല്പം നനവ് വേണം. ഒരു പാത്രത്തില്‍ വയ്ക്കുക. ഒരു പ്ലേറ്റില്‍ അല്പം വെള്ളമൊഴിച്ച് ഇങ്ങനെ വെച്ചാലും മതി.

പിറ്റേന്ന് രാവിലെ നോക്കിയാല്‍ മുളച്ചിരിക്കും. അപ്പോത്തന്നെ കറിയൊന്നും വെക്കുന്നില്ലെങ്കില്‍ ഫ്രിഡ്ജിലേക്ക് വയ്ക്കുക.

ഞാന്‍ കറിവെച്ചത് ഇങ്ങനെ.

സവാള - രണ്ടെണ്ണം ചെറുതായി അരിഞ്ഞത്. രണ്ട് ടേബിള്‍സ്പൂണ്‍ വീതം എടുത്ത്, മുളപ്പിച്ച പയര്‍, കടലയൊക്കെ മഞ്ഞള്‍ പാകത്തിനിട്ട് വേവിച്ചത്, (വെന്താല്‍, ആവശ്യത്തിന് ഉപ്പിട്ട് യോജിപ്പിച്ച് വയ്ക്കുക)

വെജിറ്റബിള്‍ മസാലപ്പൊടി - രണ്ട് ടീസ്പൂണ്‍

മുളകുപൊടി - കാല്‍ ടീസ്പൂണ്‍.

വെളുത്തുള്ളിയിഞ്ചിപ്പേസ്റ്റ് - കുറച്ച്.

സവാള എണ്ണയിലിട്ട് നന്നായി വേവുന്നതുവരെ വഴറ്റിയതിലേക്ക്, മുളകുപൊടി, മസാലപ്പൊടിയിട്ട്, വെളുത്തുള്ളിയിഞ്ചിപ്പേസ്റ്റ് ഇട്ട് അല്പം വെള്ളമൊഴിച്ച്, വേവിച്ചുവച്ചത് ഇട്ട് യോജിപ്പിച്ച്, കുറച്ചുനേരം, വളരെക്കുറച്ച് തീയില്‍ അടച്ചുവേവിക്കുക. വെള്ളവും, മസാലകളും യോജിക്കാനാണത്. വെള്ളം തീരെ
വേണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. വേണമെങ്കില്‍ അല്പം കഴിഞ്ഞ് വാങ്ങിവെച്ച്
മല്ലിയിലയരിഞ്ഞിടുക.


ചോറിന് ഉപ്പേരി പോലെ, കഞ്ഞിയ്ക്ക് പുഴുക്കുപോലെ, ചപ്പാത്തിയ്ക്ക് കറിപോലെ
ഒക്കെയെടുക്കാം. വെള്ളത്തിന്റേയും, മസാലയുടേയും അളവ് കഴിക്കുന്നവരുടെ ഇഷ്ടം
പോലെ. തേങ്ങയര‍ച്ചുകൂട്ടുകയോ, വേവിയ്ക്കാതെ വെറുതെ അല്പം ഉപ്പിട്ട്, ചെറുനാരങ്ങനീരൊഴിച്ച് തിന്നുകയോ എന്തുമാവാം. ഒക്കെ മുളപ്പിച്ചെടുത്ത് നിങ്ങളുടെ ഇഷ്ടം പോലെ കറിവയ്ക്കുക. ഒരു പ്രശ്നവുമില്ല. രാവിലെ വെള്ളത്തിലിടാനും രാത്രിയില്‍ വെള്ളം കളഞ്ഞ് കെട്ടിവയ്ക്കാനുമുള്ള ജോലിയേ അധികമായിട്ട് ഉള്ളൂ.

Monday, January 07, 2008

ബ്യൂട്ടിഫുള്‍ ബിരിയാണി

ഈ ഭൂമിയില്‍ ബിരിയാണി എന്നുപറയുന്നത് പലതരത്തില്‍ ഉണ്ട്. ഈ ബിരിയാണി,
പച്ചക്കറിബിരിയാണിയാണ്. എന്നും തിന്നാനൊന്നും പറ്റില്ലെങ്കിലും ഇടയ്ക്കൊക്കെ ബിരിയാണി വേണ്ടേ? ഇതിന്റെ പേര്‍ ഞാനിട്ടു. കാണാന്‍ മാത്രം ഗുണമുണ്ടായിട്ട് കാര്യമൊന്നുമില്ല. വായിലേക്ക് വയ്ക്കാന്‍ കൊള്ളണം. ;) ഇത് അതു രണ്ടും ആണ്. (എന്നാരു പറയണം?) അതുകൊണ്ട് അങ്ങനെയൊരു പേര്.

ഇതിനാവശ്യമുള്ളത് ഇത്രേ ഉള്ളൂ.
പച്ചപ്പീസ് അപ്പാടെ, അല്ലെങ്കില്‍ ഉണങ്ങിയ പീസ് വെള്ളത്തിലിട്ട് കുതിര്‍ത്തത്- 2
ടേബിള്‍സ്പൂണ്‍.

കാരറ്റ് - ഒന്ന് വലുത്, വളരെച്ചെറുതാക്കി നല്ല ആകൃതിയില്‍ മുറിച്ചെടുക്കുക.

ബീറ്റ്‌റൂട്ട് - ഒന്നിന്റെ അഞ്ചിലൊന്ന് തോലുകളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.

സോയ ചംഗ്സ് - 10 എണ്ണം. അല്പനേരം വെള്ളത്തിലിട്ട് പിഴിഞ്ഞ് വയ്ക്കുക.

വെളുത്തുള്ളി 5 -6 അല്ലിയും, ഇഞ്ചി ഒരു ചെറിയ കഷണവും അരച്ച് വയ്ക്കുക.

ഒരു കഷണം കറുവാപ്പട്ടയും, അഞ്ചാറ് ഗ്രാമ്പൂവും, രണ്ട് ഏലയ്ക്കായും ഒന്നിച്ച് പൊടിയാക്കിവയ്ക്കുക. അല്ലെങ്കില്‍ ബിരിയാണിമസാല ഉണ്ടെങ്കില്‍ അതും മതി.

വലിയ ഉള്ളി അഥവാ സവാള- വലുത് മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞ് വയ്ക്കുക.

അണ്ടിപ്പരിപ്പും കിസ്മിസും കുറച്ച് നെയ്യില്‍ വറുത്ത് വയ്ക്കുക.

പിന്നെ നെയ്യ്.

മല്ലിയില.

ഒരു കപ്പ്, ഒരു ഗ്ലാസ്സ് അല്ലെങ്കില്‍ ഇരുനൂറ് ഗ്രാം ബസ്മതിയരി.

അരിയെടുത്ത് കഴുകിവൃത്തിയാക്കി, ഉപ്പുമിട്ട് ചോറ് വെച്ചെടുക്കുക. ഒന്നുകില്‍ അടുപ്പത്ത് വെച്ച് വാര്‍ത്തെടുക്കുക. അല്ലെങ്കില്‍ കുക്കറിലോ മൈക്രോവേവ് അവനിലോ വെച്ച് വേവിച്ചെടുക്കുക. നിങ്ങളുടെ ഇഷ്ടം. ബസ്മതി അരി ഇല്ലെങ്കില്‍ നല്ല ചെറിയ പച്ചരി ആയാലും മതി. നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ വേറെ പച്ചക്കറികളും ഉപയോഗിക്കാം. കോളിഫ്ലവര്‍, ബീന്‍സ് തുടങ്ങിയവ.
സോയ ചംഗ്സും, പീസും വേവിച്ചെടുക്കുക.

സവാള നെയ്യൊഴിച്ച് വഴറ്റുക. പകുതി കോരിയെടുത്ത് മാറ്റിവയ്ക്കുക.

അതിലേക്ക് കാരറ്റും, ബീറ്റ്‌റൂട്ടും ഇട്ട് വഴറ്റുക. വേവുന്നതുവരെ അല്ലെങ്കില്‍ പച്ചസ്വാദ് മാറുന്നതുവരെ വഴറ്റണം. നെയ്യ് ആവശ്യമുണ്ടെങ്കില്‍ വീണ്ടും ഒഴിക്കണം. അതൊരുവിധം പാകമായി എന്നുതോന്നുമ്പോള്‍, വേവിച്ച സോയചംഗ്സും, പീസും ഇട്ട് വഴറ്റുക. ഒരു നുള്ള് മഞ്ഞള്‍പ്പൊടി ഇടുക. വെള്ളുള്ളിയിഞ്ചിപ്പേസ്റ്റ് ഇട്ട് വഴറ്റുക. വാങ്ങിയ മസാലപ്പൊടി, അല്ലെങ്കില്‍ പൊടിച്ച മസാല ഇടുക. അല്പം ഉപ്പും ഇടാം.
ഒക്കെ നന്നായി യോജിപ്പിച്ചുകഴിഞ്ഞാല്‍, ചോറിട്ട് ഇളക്കുക. ഇളക്കിയിളക്കി യോജിപ്പിച്ച് രണ്ട് മൂന്നു മിനുട്ട് അടച്ചുവേവിച്ച് വാങ്ങിവയ്ക്കുക. എന്നിട്ട് വറുത്തുവെച്ച സവാളയും,
അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുവെച്ചത് മേലെയിടുക. മല്ലിയിലയും ഇടുക.


സാലഡും, പുതിനചമ്മന്തിയും അച്ചാറും പപ്പടവും കൂട്ടിക്കഴിക്കുക.
സാലഡിന്, തക്കാളി രണ്ടെണ്ണവും, സവാള രണ്ടെണ്ണവും അരിയുക. ഉപ്പിടുക. തൈരോ മോരോ ഒഴിക്കുക. ഇളക്കുക. ഒരു പച്ചമുളക് വട്ടത്തില്‍ അരിഞ്ഞിടുക.
പുതിനച്ചമ്മന്തിയ്ക്ക് പുതിനയിലയും മല്ലിയിലയും സമം, ഉപ്പ്, പച്ചമുളക് ആവശ്യത്തിന്. എല്ലാം കൂടെ അരയ്ക്കുക. നാരങ്ങനീര് വേണമെങ്കില്‍ ചേര്‍ക്കുക.

Friday, January 04, 2008

മൈസൂര്‍പ്പാക്ക്

മധുരമിഷ്ടമില്ലാതിരുന്ന കുട്ടിക്കാലത്തുപോലും എനിക്കിഷ്ടമുണ്ടായിരുന്ന ഒരു മധുരമായിരുന്നു മൈസൂര്‍പ്പാക്ക്. ഇന്നും എന്തെങ്കിലും ആഘോഷാവസരങ്ങളില്‍ ഞാന്‍ പറയും, മൈസൂര്‍പ്പാക്ക് വാങ്ങണ്ടേ എന്ന്. ഇടയ്ക്കൊക്കെ ഏതെങ്കിലും കല്യാണത്തിന് മൈസൂര്‍പ്പാക്ക് ഉണ്ടാക്കിയിരുന്നു. അതൊക്കെ ഉണ്ടാക്കുന്നത് നോക്കിനില്‍ക്കും. ഇപ്പോ എല്ലാം റെഡിമെയ്ഡ് ആയതുകൊണ്ട് ആര്‍ക്കും അതിലൊന്നും താല്പര്യമില്ല. പുതുവര്‍ഷം വന്നപ്പോള്‍ ഞാന്‍ വിചാരിച്ചു മൈസൂര്‍പ്പാക്ക് ആയ്ക്കോട്ടെ എന്ന്. വെറുതേയിരുന്നു
തിന്നാന്‍ മനസ്സില്ലാത്തതുകൊണ്ടും ആദ്യത്തെത്തവണ സ്വന്തമായി ഉണ്ടാക്കുന്നതുകൊണ്ടും
വളരെക്കുറഞ്ഞ അളവില്‍ ഉണ്ടാക്കാമെന്നുവെച്ചു. പുതുവര്‍ഷത്തില്‍ത്തന്നെ പരീക്ഷണം നടത്തി അസുഖം ആവരുതല്ലോ. ;)

കടലപ്പൊടി അഥവാ കടലമാവ്,
അതിന്റെ ഇരട്ടി പഞ്ചസാര,
പൊടിയുടെ പകുതി നെയ്യ്,
ഏലയ്ക്കാപ്പൊടി കുറച്ച്.

കടലപ്പൊടി ആദ്യം നന്നായി വറുക്കുക. കരിഞ്ഞുപോകരുത്. കടലപ്പൊടി അഥവാ കടലമാവ്, അഥവാ ബേസന്‍ എടുക്കുന്നതിന്റെ ഇരട്ടി അളവില്‍ പഞ്ചസാര എടുക്കുക. കുറച്ച് ഏലയ്ക്കാ പൊടിച്ചെടുക്കുക. രണ്ട് കപ്പ് കടലമാവ് ആണെങ്കില്‍ ഒരു കപ്പ് നെയ്യും എടുക്കുക. ചേര്‍ക്കുമ്പോള്‍, അത് അധികം വെള്ളം പോലെയാവുമ്പോള്‍ നിര്‍ത്തുക. മുഴുവന്‍ വേണ്ടിവരില്ല. പഞ്ചസാരയില്‍ അല്പം വെള്ളമൊഴിച്ച് അടുപ്പത്ത് വെച്ച് പാനി തയ്യാറാക്കുക.


പാനി കുറുകി മുറുകി വരുമ്പോള്‍, നെയ്യും കടലപ്പൊടിയും ചേര്‍ത്ത് ഇളക്കുക. ഏലയ്ക്കാപ്പൊടിയും ഇടുക. പാത്രത്തിന്റെ സൈഡില്‍ നിന്ന് വിട്ടുപോരുന്നതുവരെ ഇളക്കുക. അതുകഴിയുമ്പോള്‍ ഉടനെതന്നെ ഒരു പ്ലേറ്റില്‍ നെയ് പുരട്ടി അതിലേക്കിട്ട് മുറിച്ച് വയ്ക്കുക.

അടുപ്പത്തുനിന്നു വാങ്ങിയിട്ട് വെറുതെ വയ്ക്കരുത്. ഉടനെതന്നെ പരത്തി മുറിക്കാന്‍ കഷണത്തിനുള്ള അടയാളം കത്തികൊണ്ട് ഇടേണം. തണുക്കുമ്പോള്‍ കഷണം വേറെ വേറെ ആയിട്ട് എടുക്കാം.
ചൂട് വിട്ടാല്‍ ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്താലും കുഴപ്പമില്ല. നെയ്യ് അധികമായാല്‍ കഷണം കഷണമായി കിട്ടില്ല. ഞാന്‍ പ്ലേറ്റില്‍ വെച്ച് നിരത്തി മുറിച്ചതുകൊണ്ടാണ് ചെറിയ കഷണമായത്. നല്ലപോലെ പ്രസ്സ് ചെയ്യാന്‍ പറ്റുമെങ്കില്‍ നല്ലത്. കടയില്‍ കിട്ടുന്നതുപോലെ കിട്ടാന്‍ വല്യ ട്രേയില്‍ വെച്ച് നിരത്തി മുറിച്ചെടുക്കണം. ഞാന്‍ കുറച്ച് പഞ്ചസാര മേമ്പൊടിയായിട്ട് തൂവിയിട്ടുണ്ട്. അതൊന്നും നിങ്ങള്‍ ചെയ്യരുത്. ;)
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]