പച്ചരി - ഒരു കപ്പ്, കുറച്ച് ഉപ്പും ഇട്ട് വേവിക്കുക. വെന്താല്‍ കൂടിക്കുഴയരുത്.
ഉണങ്ങിയ ഗ്രീന്‍ പീസ് - കാല്‍ കപ്പ് (തലേ ദിവസം വെള്ളത്തിലിട്ട് വയ്ക്കണം) വേവിച്ചെടുക്കുക.
പച്ചയാണെങ്കില്‍ അതുപോലെ വേവിക്കുക. വെന്താല്‍ വെള്ളം അതില്‍ ഒട്ടും ഉണ്ടാകരുത്.
വലിയ ഉള്ളി (സവാള) - വലുത് ഒന്ന് ചെറുതായി അരിഞ്ഞെടുക്കുക.
ഗരം മസാല- കാല്‍ ടീസ്പൂണ്‍
ഉപ്പ് - കുറച്ച്
മല്ലിയില ചെറുതായി അരിഞ്ഞെടുത്തത് കുറച്ച്.
കുറച്ച് പാചകയെണ്ണ ചൂടാക്കി, ഉള്ളി (സവാള)വഴറ്റുക. ഗരം മസാലയും, വളരെക്കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്‍പ്പം വെച്ച്, പൊടികള്‍ രണ്ടും പച്ചസ്വാദ് മാറ്റുക. അതിനുശേഷം ഗ്രീന്‍പീസും, അതിനോടൊപ്പം അല്‍പ്പം ഉപ്പും ചേര്‍ക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം തയാറാക്കിവെച്ച ചോറും ഇട്ട് നന്നായി ഇളക്കിയോജിപ്പിച്ചതിനുശേഷം വാങ്ങുക. മല്ലിയില തൂവുക. സാലഡിനും തൈരിനും ഒപ്പം കഴിക്കാം. പാചകയെണ്ണയ്ക്ക് പകരം നെയ്യും ഉപയോഗിക്കാം.
Monday, July 30, 2007
Saturday, July 28, 2007
റവ ഇഡ്ഡലി
ഉഴുന്ന് ഒരു കപ്പ് വെള്ളത്തിലിട്ട് അഞ്ച് മണിക്കൂറിന് ശേഷം നന്നായി അരച്ചെടുക്കുക.
സൂജി റവ രണ്ട് കപ്പ് എടുത്ത് ഈ ഉഴുന്നുമാവില്‍ ചേര്‍ത്ത് യോജിപ്പിക്കുക.
ആവശ്യത്തിനു ഉപ്പും ഇട്ട് ഒന്നുകൂടെ യോജിപ്പിച്ചശേഷം ഏഴെട്ട് മണിക്കൂറെങ്കിലും വയ്ക്കുക.
ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച്, പാത്രത്തില്‍ വച്ച് വേവിച്ചെടുക്കുക. റവ ചേര്‍ക്കുമ്പോള്‍ മിക്കവാറും വെള്ളം വേണ്ടിവരില്ല. ഉഴുന്നരയ്ക്കുമ്പോള്‍ ചേര്‍ക്കുന്നത് മതിയാവും.
ഈ മാവില്‍, പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയുമൊക്കെ അരിഞ്ഞിട്ടും തയ്യാറാക്കിയെടുക്കാം.
റവദോശയ്ക്കാണെങ്കില്‍, ഉലുവയും വെള്ളത്തിലിട്ട്, ഉഴുന്നിന്റെ കൂടെ അരച്ചെടുക്കുന്നത് നന്നായിരിക്കും.
റവയില്‍ പുളിയുള്ള തൈര്‍ ചേര്‍ത്തും ഇഡ്ഡലി തയ്യാറാക്കാം. അത് വേണമെങ്കില്‍ പെട്ടെന്ന് തയ്യാറാക്കാം. ഉഴുന്നിനു പകരം തൈര്‍ ചേര്‍ത്താല്‍ മതി.
തേങ്ങാച്ചമ്മന്തിയോ സാമ്പാറോ കൂട്ടി കഴിക്കുക. വെറുതെ ഒന്നും കൂട്ടാതെ കഴിക്കണമെങ്കില്‍ അതും ആവാം.
Wednesday, July 25, 2007
മുളകാക്കറി
കുറച്ച് പച്ചമുളക് രണ്ടാക്കി മുറിച്ചെടുക്കുക. പുളി കുറച്ചെടുത്ത് വെള്ളത്തിലിട്ട് പിഴിഞ്ഞ് വെള്ളം എടുക്കുക.
അതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും, ഇട്ട്, പുളി വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. വെന്താല്‍ ശര്‍ക്കരയും കുറച്ച് ഇടണം. പച്ചമുളക് വെന്തുചീഞ്ഞുപോകരുത്. വെന്തുകഴിഞ്ഞാല്‍ വെള്ളം ഉണ്ടാവും. മുഴുവനായി വറ്റിയ്ക്കരുത്. കറിവേപ്പില, കടുക്, ചുവന്ന മുളക്, വെളിച്ചെണ്ണയില്‍ മൊരിച്ചിടുക.
കുറച്ച് ദിവസം കേടാകാതെ ഇരിക്കും. ഫ്രിഡ്ജിലും വെക്കാം.
കറിയായിട്ട് ഉപയോഗിക്കുന്ന സമയം മാത്രം കുറച്ച് എടുത്ത്, അതില്‍ തേങ്ങയും കടുകും ചേര്‍ത്ത് നന്നായി അരച്ച് ചേര്‍ക്കുക. ഉപ്പും വേണമെങ്കില്‍ അല്‍പ്പംകൂടെ ചേര്‍ക്കാം.
Thursday, July 19, 2007
സാവൂനരി വട
സാവൂനരി വട ഉണ്ടാക്കാന്‍ വല്യ വിഷമം ഒന്നുമില്ലെന്ന് കരുതുക. (ഹും...വിഷമം ആയാലും സഹിച്ചൂടേ? തിന്നാനല്ലേ?)
സാവൂനരി, സാഗോ (Sago), സാബൂദന ഒരു കപ്പ്, അല്ലെങ്കില്‍ രണ്ട് കപ്പ് എടുത്ത് വെള്ളത്തിലിട്ട് വയ്ക്കുക. മൂന്ന് മണിക്കൂര്‍ മതിയാവും. അത് കുതിര്‍ന്നുവരും. അര കപ്പ് ആയാലും മതി. പരീക്ഷണം കഴിഞ്ഞിട്ട് വല്യ തോതില്‍ മതി.
സാവൂനരി - ഒരു കപ്പ്, മൂന്ന് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് എടുക്കുക.
ഉരുളക്കിഴങ്ങ് 2 (രണ്ട്) എണ്ണം വേവിച്ച് തൊലികളഞ്ഞ് നന്നായി ഉടച്ചെടുക്കുക.
പച്ചമുളക് രണ്ടെണ്ണം ചെറുതായി വട്ടത്തിലരിഞ്ഞെടുക്കുക.
ഉപ്പ് പാകം പോലെ ഇടുക.
മുളകുപൊടി കാല്‍ ടീസ്പൂണ്‍ ചേര്‍ക്കുക. വേണ്ടെങ്കില്‍ ഒഴിവാക്കാം.
റവ ഒരു ടേബിള്‍സ്പൂണ്‍ ചേര്‍ക്കുക. പഞ്ചസാര രണ്ട് ടീസ്പൂണ്‍ ചേര്‍ക്കുക. മൊരിഞ്ഞ് വരും.
മല്ലിയിലയും കറിവേപ്പിലയും അരിഞ്ഞ് ചേര്‍ക്കുക.
എല്ലാം കൂടെ നന്നായി യോജിപ്പിക്കുക. സാവൂനരിയിലെ വെള്ളം മുഴുവന്‍ പോയി എന്നുറപ്പുവരുത്തിയിട്ടേ, ബാക്കിയുള്ളതൊക്കെ ചേര്‍ക്കാവൂ.
പാചക എണ്ണ ചൂടാക്കിയ ശേഷം, വടയുടെ ആകൃതിയില്‍ പരത്തിവെച്ച് വറുത്തെടുക്കുക.
ഇഞ്ചി അരിഞ്ഞ് ചേര്‍ക്കാം. ചെറിയ ഉള്ളിയോ സവാളയോ ചേര്‍ക്കാം.
ഇഞ്ചി ചട്ണിയുടെ കൂടെ കഴിക്കുക.
ഇതിനു വേണ്ട ഇഞ്ചി ചട്ണിയുണ്ടാക്കുന്നത് ഇങ്ങനെ
തേങ്ങ ചിരവിയെടുക്കുക. ഉപ്പ് ഇടുക. ഇഞ്ചി ഒരു വല്യ കഷ്ണം എടുത്ത്, ചെറുതായരിഞ്ഞ് മിക്സിയില്‍, തേങ്ങയുടെ കൂടെ ഇടുക. (മിക്സി കേടാവാതിരിക്കാന്‍ ഇഞ്ചി കഷ്ണം ആക്കി ഇടുന്നതാവും നല്ലത്). നന്നായി അരച്ചുകഴിഞ്ഞാല്‍ രണ്ട് ടേബിള്‍സ്പൂണ്‍ തൈര്‍ ചേര്‍ക്കുക. മുളകും മുളകുപൊടിയും ഒന്നും വേണ്ട. വടയില്‍ ഉണ്ടല്ലോ.
വട ചൂടോടെ ഈ ചട്ണി കൂട്ടി കഴിക്കുക.
(എങ്ങനെയുണ്ട് വട?
എങ്ങനെ തോന്നി?
ങേ...ഇങ്ങോട്ട് ചോദിക്കുന്നോ?
കുട്ടാ, സംഗതികള്‍ വല്യ കൊഴപ്പമില്ല.
പിന്നെ?
ശ്രുതി അവിടവിടെ പോയിട്ടുണ്ട്.
ശ്രുതിയോ? വടയിലോ?
അല്ല ഉപ്പ്. എന്നാലും മൊത്തത്തില്‍ കൊള്ളാം.)
(സംഗീതപരിപാടി കണ്ട്കണ്ട് ഇങ്ങനെ ആയി. എന്താ ചെയ്യ? ;)
Subscribe to:
Posts (Atom)