Monday, June 25, 2007

പപ്പടം - pappad

പപ്പടം പടപടം.

പപ്പടമില്ലാത്ത സദ്യയുണ്ടോ? പുട്ടും പപ്പടവും തിന്നാത്ത ആള്‍ക്കാരുണ്ടോ? പായസത്തിന്റെ കൂടെയൊരു പപ്പടവും ആകാം എന്ന് പറയാത്തവരുണ്ടോ? ചുട്ട പപ്പടം, കഞ്ഞിയുടെ കൂടെ രുചിയാണെന്ന് അറിയാത്തവരുണ്ടോ? ഉണ്ടാവും. പക്ഷെ, പപ്പടം എനിക്കിഷ്ടമല്ലെന്ന് പറയുന്നവരും ഉണ്ടാകും. പക്ഷെ ഭൂരിപക്ഷവും, പപ്പടക്കൊതിയന്മാരും കൊതിച്ചികളുമാണ്.

ഇത് നിങ്ങള്‍ എന്നും കഴിക്കുന്ന പപ്പടമല്ല. എന്നാല്‍ ഉണ്ടാക്കിയാല്‍ എന്നും കഴിക്കാം. കുറച്ച് നേരം ജോലിയുണ്ട്. ശ്രമിച്ചാല്‍ ചെയ്യാം. അതുകഴിഞ്ഞ് വറുത്തെടുത്ത് കറുമുറാ തിന്നുമ്പോള്‍ ചെയ്ത അധ്വാനത്തിന് ഫലമായി. നിങ്ങള്‍ക്ക് അല്പം സമയമുണ്ടെങ്കില്‍, അല്ലെങ്കില്‍ വീട്ടുകാര്‍ക്ക് അല്‍പ്പം സമയമുണ്ടെങ്കില്‍ ചെയ്യാവുന്നതേയുള്ളൂ.

കുറച്ച് പച്ചരി വെള്ളത്തിലിടുക. വളരെക്കുറച്ച് സാവൂനരിയും(സാബൂനരി- sabudana) വെള്ളത്തിലിടുക. ഒരു ഗ്ലാ‍സ് അരിയ്ക്ക് രണ്ട് ടീസ്പൂണൊക്കെ മതിയാകും സാവൂനരി. നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞ് അരയ്ക്കുക. രണ്ടുംകൂടെ. പേസ്റ്റ് പോലെയേ ഉണ്ടാകാവൂ. ഉപ്പും ഇടുക. അതിനൊപ്പം തന്നെ, അല്‍പ്പം മുളകുപൊടിയും, കായവും, കറുത്ത എള്ളും ഇടുക. അതൊക്കെ ഏകദേശം കണക്കാക്കി ഇടുക. ജീരകവും ഇഷ്ടമാണെങ്കില്‍ ചേര്‍ക്കുക. വെറുതെ തിന്നാനും ഇത് എടുക്കുന്നതുകൊണ്ട് മുളകുപൊടി അല്‍പ്പം മതി. ഒക്കെക്കൂടെ യോജിപ്പിക്കുക. നിങ്ങള്‍ കുറച്ച് കറിവേപ്പിലയും മുറിച്ചിട്ടോന്നെ. കിടക്കട്ടെ. ഒക്കെ മിതമായി ഇട്ടാല്‍ മതി. പിന്നെ മാറ്റാന്‍ പറ്റില്ലല്ലോ.

അതൊക്കെക്കഴിഞ്ഞ്, ഒരു സ്റ്റാന്‍ഡ് ഉണ്ട്. അതെടുക്കുക. അതിനെവിടെപ്പോവും എന്ന് വിചാരിക്കരുത്. അതില്ലെങ്കില്‍ നിങ്ങള്‍ പ്ലേറ്റിലോ മറ്റോ പരത്തി വെച്ചാലും മതി.





സ്റ്റാന്‍ഡ് ഉണ്ടെങ്കില്‍, അതിന്റെ ഓരോ തട്ടിലായി, വട്ടത്തില്‍, നേര്‍മ്മയായി, ഈ കൂട്ട് പരത്തുക.
എന്നിട്ട് സ്റ്റാന്‍ഡില്‍ വെച്ച്, സ്റ്റാന്‍ഡ്, ഒരു ഇഡ്ഡലിപ്പാത്രത്തിലോ, കുക്കറിലോ, വേറെ എന്തെങ്കിലും പാത്രത്തിലോ വെച്ച് നല്ലപോലെ ആവികയറ്റി വേവിക്കുക. പാകമായാല്‍ എടുത്ത്, കുറച്ചുകഴിഞ്ഞാല്‍, ഓരോന്നായി വിട്ടുപോരും. ഇങ്ങനെ ഉണ്ടാവും.
എന്നിട്ട് വെയിലത്ത് വെച്ച് ഉണക്കിയുണക്കിയുണക്കിയെടുക്കുക. വെയിലിനെവിടെപ്പോവും, ഇതിനൊക്കെ ആര്‍ക്ക് നേരം എന്നൊന്നും ഓര്‍ത്ത് വിഷമിക്കരുത്. കൂടുതല്‍ ദിവസം വയ്ക്കണം എന്നില്ലെങ്കില്‍, കുറച്ച് മാത്രം ഉണ്ടാക്കിയെടുത്ത് അപ്പപ്പോ തിന്ന് തീര്‍ക്കാനാണെങ്കില്‍, ആവിയില്‍ വെന്തു കഴിഞ്ഞാല്‍, ഫാനിന്റെ ചുവട്ടില്‍ വച്ച് ഉണക്കിയെടുത്താല്‍ മതി. പക്ഷെ വെയിലത്ത് ഉണക്കിയെടുക്കുന്നതുപോലെ കുറേ ദിവസം സൂക്ഷിച്ച് വെക്കാന്‍ പറ്റില്ല. ഫാനിന്റെ കാറ്റില്‍ ഉണക്കിയെടുത്താല്‍, വേഗം തന്നെ വറുത്ത് തിന്നണം.

ചായയുടെ കൂടെയും, ചോറിന്റെ കൂടേയും ഒക്കെ കഴിക്കാം. നിങ്ങള്‍ ഉണ്ടാക്കിയെടുത്തു എന്നതു തന്നെ വല്യ കാര്യമല്ലേ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]