Thursday, April 12, 2007

കാരറ്റ് ചട്ണി



കാരറ്റ് ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ള കാരറ്റ് കണ്ണുകള്‍ക്ക് നല്ലതാണ്. സൌന്ദര്യവര്‍ദ്ധനവസ്തുവായിട്ടും ഉപയോഗിക്കാം. മുഖത്തൊക്കെ തേച്ചാല്‍ നന്നായിരിക്കും. പ്രത്യേകിച്ച്, കടം വാങ്ങിയത് തിരിച്ചുവാങ്ങാന്‍ വരുന്നവരുടെ മുന്നില്‍. ;)

കാരറ്റ്, വിവിധ കറികളില്‍ ഉപയോഗിക്കാം. സാമ്പാറില്‍, മസാലക്കറിയില്‍, എരിശ്ശേരിയില്‍. പിന്നെ കാരറ്റ് ജ്യൂസ് ദിവസവും കുടിച്ചാല്‍ തൊലിക്ക് തിളക്കം കൂടുമെന്ന് പറയപ്പെടുന്നു. ഹല്‍‌വയുണ്ടാക്കിത്തിന്നുകയാണെങ്കില്‍ വണ്ണവും കൂടും. പായസവും വെച്ച് കുടിക്കാം.

കാരറ്റ് ദിവസവും തിന്നുന്നത്, മൊത്തത്തില്‍ ആരോഗ്യത്തിന് നല്ലതെന്ന് ചുരുക്കം. മസാലയും, പഞ്ചസാരയും ഒന്നും ഇല്ലാതെ.

കാരറ്റ് ചട്ണി, അല്ലെങ്കില്‍ ചമ്മന്തി പലതരത്തിലും ഉണ്ടാക്കാം. ഇവിടെ ഉണ്ടാക്കിയത്, തേങ്ങയുടെ കൂടെ ചേര്‍ത്താണ്.

ഒരു മുറിത്തേങ്ങ ചിരവിയെടുക്കുക.

കാരറ്റ് 3 എണ്ണം പുറമെനിന്ന് കുറച്ച് തൊലി കളഞ്ഞ്, ചെറുതായി മുറിക്കുക. മിക്സിയില്‍ അപ്പാടെ ഇടുന്നതിന് ബുദ്ധിമുട്ടില്ലെങ്കില്‍ അങ്ങനെയും ആവാം. ;)

വറ്റല്‍ മുളക് - 5- 6 എണ്ണം

ഉപ്പ്- പാകത്തിന്.

കറിവേപ്പില - കുറച്ച്

എല്ലാം കൂടെ അരച്ചെടുക്കുക. എന്നാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ആയി.


മുളക് കൂടുതലോ കുറച്ചോ ചേര്‍ക്കുക. നിങ്ങളുടെ ആവശ്യം പോലെ. ഒരു മുറിത്തേങ്ങയുടേത് കുറേ ഉണ്ടാവും. അളവ് കുറച്ച് പരീക്ഷിക്കുക.

ഇനി, പച്ച മുളക്, ഇഞ്ചി, ചേര്‍ത്ത്, അല്പം മാത്രം തേങ്ങ ചേര്‍ത്ത് ഉണ്ടാക്കാം.

വെളുത്തുള്ളിയും വേണമെങ്കില്‍ കൂടെ ചേര്‍ക്കാം.

തേങ്ങ ചേര്‍ക്കാതെ, കാരറ്റ്, വറ്റല്‍ മുളക്, കറിവേപ്പില, ചെറിയ ഉള്ളി ചേര്‍ത്ത് ഉണ്ടാക്കാം.

കാരറ്റും പച്ചമാങ്ങയും, കറിവേപ്പിലയും, ഉപ്പും ഇട്ട് ഉണ്ടാക്കാം.

പുളി ചേര്‍ത്തും ഉണ്ടാക്കാം.

തേങ്ങ ഉണ്ടായാല്‍ നല്ലത്. മധുരമുള്ളതും അല്ലാത്തതും ഉണ്ട്. കുഴപ്പമില്ല. കുറച്ചൊരു കയ്പ്പ് വരും ചിലതിന്. സാരമില്ല.

വെള്ളം ഒരു രീതിയിലും ചേര്‍ക്കേണ്ട കാര്യം ഇല്ല.

Wednesday, April 04, 2007

ചേമ്പ് ഓലന്‍





















ചേമ്പ്, കിഴങ്ങുവര്‍ഗ്ഗത്തില്‍ ഉള്ള ഒന്നാണ്. ചെറുതും വലുതും ഉണ്ട്. വീട്ടിലും വളര്‍ത്തിയെടുക്കാം. പലതരം കറികളും ഉണ്ടാക്കാം. പല കറികളിലും, വേറെ, പച്ചക്കറികളുടെ കൂടെ ഇടുകയും ചെയ്യാം.

ചേമ്പ് ഓലന്‍ വളരെ എളുപ്പത്തില്‍ ഉള്ള ഒരു കറിയാണ്. ചേമ്പ് ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടപ്പെടും.

ചേമ്പിന്റെ തോലുകളഞ്ഞ്, ഒന്ന് കഴുകുക. തൊലി കളയുമ്പോള്‍ മണ്ണ് പറ്റിയിട്ടുണ്ടെങ്കില്‍, അത് പോകും. അതിനുശേഷം ചെറുതായി മുറിച്ച്, നല്ലപോലെ കഴുകിയെടുക്കുക. കുറച്ച് പച്ചമുളക് നീളത്തില്‍ മുറിച്ചിടുക. എരിവ് വരാന്‍ മാത്രം. ഉപ്പും പാകം പോലെ ഇട്ട് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധികം വെള്ളമില്ലാതെ ഇരിക്കണം. തീരെ ഇല്ലാതെയും ആവരുത്. വെന്ത് കഴിഞ്ഞാല്‍, കുറച്ച് തേങ്ങ ചിരവിയിടുക. കുറച്ച് വെളിച്ചെണ്ണയും, ഒഴിക്കുക. നിര്‍ബ്ബന്ധമില്ല.




 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]