Tuesday, August 29, 2006
കൂട്ടുകറി
നേന്ത്രക്കായ- 1കപ്പ്
കടല- 1/2കപ്പ് തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക.
ജീരകം - 1 - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍. (കുറയ്ക്കുകയോ കൂട്ടുകയോ ആവാം)
ചിരവിയ തേങ്ങ. 1 1/2 കപ്പ്
ഉപ്പ്
കടുക്, കറിവേപ്പില, വറ്റല്‍മുളക്.
ചേനയും കായയും കടലയേക്കാളും കുറച്ചുംകൂടെ വലുപ്പത്തില്‍ നല്ല ചതുരക്കഷണങ്ങളായി മുറിക്കുക.
കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധികം വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കുക.
വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.
1 കപ്പ് തേങ്ങ, ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക.
വാങ്ങിയിട്ട്, കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും മൊരിച്ചിടുക.
ബാക്കിയുള്ള തേങ്ങ അല്പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക.
തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകരുത്. നന്നായാല്‍ ഇതുപോലെ മറ്റൊരു വിഭവമില്ല.
Monday, August 28, 2006
ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി
ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി പല വിധത്തില്‍ ഉണ്ട്. എനിക്കറിയാവുന്നത് പറയുന്നു. അത്രേ ഉള്ളൂ.
1)പുളി - കുറച്ച് വെള്ളത്തില്‍ ഇട്ട് വെക്കുക. കുറേക്കഴിയുമ്പോള്‍ ആ വെള്ളം കരടും പുളിയുടെ നാരും ഒന്നും ഇല്ലാതെ എടുക്കുക. വിദേശത്തെ കാര്യം എനിക്കറിയില്ല. നാട്ടിലേതില്‍ കല്ല് പോലും ഉണ്ടാകും. അതൊന്നും ഇല്ലാതെ പുളി ഇട്ടുവെച്ച വെള്ളം (2ഗ്ലാസ്, മൂന്ന് ഗ്ലാസ് ) അരിച്ചെടുക്കുക.
കുറച്ച് ഇഞ്ചിയും പച്ചമുളകും ചെറുതായി അരിയുക.
പുളിവെള്ളത്തില്‍ ഉപ്പും ഇഞ്ചിയും പച്ചമുളകും ഇട്ട് വേവിച്ച് കുറുക്കുക. വെന്ത് കുറുകിക്കഴിഞ്ഞാല്‍ വെറും വെള്ളം പോലെ ഇരിക്കരുത്. അതിലേക്ക് കുറച്ച് ശര്‍ക്കര( വെല്ലം) ഇടുക. അതിലേക്ക് ഉഴുന്നുപരിപ്പ്, കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൊരിച്ച് ഇടുക. ഇഞ്ചിയും പച്ചമുളകും വെന്തു കഴിഞ്ഞാല്‍ വെള്ളം കുറുകുന്നതിനു മുമ്പ് തന്നെ കടുക് ഒക്കെ ഇടാവുന്നതാണ്. കറിവേപ്പില തണ്ടോടുകൂടെയും ഇട്ടാല്‍ നന്നായിരിക്കും. മൊരിച്ചിടുന്നത് കൂടാതെ. പച്ചയായിട്ട്.
2) പുളിവെള്ളം കുറച്ച് മാത്രം എടുക്കുക. ഇഞ്ചിയും പച്ചമുളകും അരിഞ്ഞത് വെളിച്ചെണ്ണ, കുറച്ചൊഴിച്ച് നന്നായി വറുത്തെടുക്കുക. തിളയ്ക്കുന്ന പുളി വെള്ളത്തില്‍ അത് ഇടുക. ഉപ്പും ചേര്‍ക്കുക. വെള്ളം കുറുകിയാല്‍ ശര്‍ക്കര ഇടുക. കടുകും, ഉഴുന്നുപരിപ്പും, വറ്റല്‍ മുളകും, കറിവേപ്പിലയും മൊരിച്ചിടുക. കറിവേപ്പില, പച്ചയായിട്ട് തണ്ടോടുകൂടെയും ഇടുക.
പ്രണയം പോലെ തന്നെ,
ആദ്യത്തേതിന് സ്വാദ് കൂടുതല്‍ ഉണ്ടാകും. ഒരുപാട് സമയമെടുക്കുമെങ്കിലും.
ഇരുന്നിരുന്ന് ആവുന്നതല്ലേ. ;)
രണ്ടാമത്തേത് ഇന്‍സ്റ്റന്റ് ആയി. അതിനിത്തിരി സ്വാദ് കുറവാകും.
കല്‍ച്ചട്ടിയില്‍ വേവിച്ചെടുത്ത പുളിയിഞ്ചിയ്ക്ക് പ്രത്യേക സ്വാദ് തന്നെയാണ്. ഗ്യാസ്‌സ്റ്റൌവില്‍ കല്‍ച്ചട്ടി വെക്കാറുണ്ട് ഞാന്‍. പക്ഷെ എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ പൊട്ടിപ്പോകും. തീ ഒന്നും അധികം ആവാതെ തിളച്ച് തൂവാതെ ഉണ്ടാക്കേണ്ടെ. കുറേ സമയം എടുക്കും. പുളിയിഞ്ചി അത്രയും എളുപ്പത്തില്‍ തീരുകയും ചെയ്യും.
Sunday, August 27, 2006
ഉലുവച്ചീര കട്‌ലറ്റ്
ഉലുവച്ചീര പൊടിയായി അരിഞ്ഞത് - 1 1/2 കപ്പ്
3 എണ്ണം ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്
കറിവേപ്പിലയും മല്ലിയിലയും പൊടിയായി അരിഞ്ഞത് - കുറച്ച്
പച്ചമുളക് ചെറുതായി അരിഞ്ഞത് - 5 എണ്ണം
കടലമാവ് - 12 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
സവാള 2 എണ്ണം പൊടിയായി അരിഞ്ഞത്.
വെളുത്തുള്ളി 3 അല്ലി ചതച്ചെടുത്തത്.
റൊട്ടിപ്പൊടി - 5-6 കഷണം ബ്രഡ് അരികുകള്‍ കളഞ്ഞ ശേഷം നന്നായി കൈകൊണ്ട് പൊടിയാക്കിയത്.
ഉപ്പ് - പാകത്തിന്
പാചകയെണ്ണ വറുക്കാന്‍ ആവശ്യത്തിന്. വെളിച്ചെണ്ണയില്‍ കൂടുതല്‍ സ്വാദുണ്ടാകും.
ഉലുവച്ചീര അരിഞ്ഞതില്‍ ഉപ്പും ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കറിവേപ്പില, മല്ലിയില, മുളകുപൊടി, കടലമാവ്, പച്ചമുളക്, സവാള എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. ഉരുളകള്‍ ആയി ഉരുട്ടി, കൈയില്‍ വെച്ച് പരത്തി റൊട്ടിപ്പൊടിയില്‍ രണ്ട് ഭാഗവും ഇട്ട് എടുത്ത് എതെങ്കിലും പാചകയെണ്ണയില്‍ വറുത്ത് എടുക്കുക.
ഇത് വെളിച്ചെണ്ണയിലാണ് വറുത്തെടുത്തത്.
വെള്ളരിക്ക എരിശ്ശേരി
വെള്ളരിക്ക ചെറിയ കഷണങ്ങളായി മുറിച്ചത് - 1 കപ്പ്
ചെറുപയര്‍പ്പരിപ്പ്( ചെറുപരിപ്പ്) - 1/4 കപ്പ്
ചിരവിയ തേങ്ങ - 1/2കപ്പ്
ജീരകം - 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/4ടീസ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്.
വെള്ളരിക്കയും ചെറുപരിപ്പും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് വേവിച്ചശേഷം ഉപ്പ് ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങയും ജീരകവും നന്നായി അരച്ച് ഇതില്‍ യോജിപ്പിച്ച് തിളപ്പിക്കുക. വാങ്ങിയതിനുശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ എണ്ണയില്‍ മൊരിച്ച് ഇടുക.
പൈനാപ്പിള്‍ പച്ചടി
നന്നായി പഴുത്ത പൈനാപ്പിള്‍ വളരെ ചെറുതായി
അരിഞ്ഞത് - 1കപ്പ്
ചിരവിയ തേങ്ങ - 1/4 കപ്പ്
തൈര്‍ -1/4 കപ്പ്
ഉപ്പ്- പാകത്തിന്
കടുക് - 1/2 ടീസ്പൂണ്‍
പച്ചമുളക് - വട്ടത്തില്‍ അരിഞ്ഞത് - 3 എണ്ണം
പൈനാപ്പിള്‍ കുറച്ച് വെള്ളവും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഒട്ടും വെള്ളം
ഉണ്ടായിരിക്കരുത്. വറ്റിച്ചെടുക്കുക. വെള്ളം അതിലുള്ളത് കളയരുത്. തേങ്ങയും കടുകും കുറച്ച് തൈര്‍ ഒഴിച്ച് നന്നായി അരച്ചെടുക്കുക. നന്നായി തണുത്തതിനുശേഷം തേങ്ങ അരച്ചതും ചേര്‍ത്ത് യോജിപ്പിക്കുക. തൈരും ചേര്‍ക്കുക.
കുറച്ച് പാചകയെണ്ണയില്‍ കടുകും, വറ്റല്‍ മുളകും,
കറിവേപ്പിലയും മൊരിച്ച് പച്ചടിയില്‍ ഇടുക.
പൈനാപ്പിള്‍ വേവിക്കുമ്പോള്‍ കുറച്ച് മുളകുപൊടിയും
ഇടാവുന്നതാണ്. 1/4 ടീസ്പൂണ്‍.
Thursday, August 24, 2006
ചെറുപയര്‍ കറി
ചെറുപയര്‍ - 1 കപ്പ്
മഞ്ഞള്‍പ്പൊടി - കുറച്ച്
ചിരവിയ തേങ്ങ - 1/4 കപ്പ്
പച്ചമുളക് - 4-5
കടുക് - 1 ടീസ്പൂണ്‍.
സവാള - പൊടിയായി അരിഞ്ഞത് - 1 എണ്ണം.
കറിവേപ്പില- കുറച്ച്
എണ്ണ - കുറച്ച്
ഉപ്പ് - ആവശ്യത്തിന്.
ചെറുപയര്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക. തേങ്ങയും പച്ചമുളകും കൂടെ നന്നായി അരച്ച് ചെറുപയറില്‍ യോജിപ്പിച്ച് കുറച്ച്നേരം കൂടെ ചൂടാക്കിയശേഷം വാങ്ങുക. എണ്ണയില്‍ കടുക്, കറിവേപ്പില, സവാള എന്നിവ മൊരിച്ച് ഇതിലേക്ക് ചേര്‍ക്കുക.
ചെറുപയര്‍ വേവിക്കുന്നതിനു മുമ്പ് ഒരു 10-15 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാല്‍ വേഗം വെന്തുകിട്ടും.
Wednesday, August 23, 2006
ചന - മസാലക്കറി Chana Masala
കാബൂളി ചന(വെള്ളക്കടല) -1 1/2 (ഒന്നര) കപ്പ് . 5-6 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക.
ഉള്ളി - വലുത് 1 (നീളത്തില്‍ അരിഞ്ഞത്)
തക്കാളി- വലുത് 1 (ചെറുതായി അരിഞ്ഞത്)
ചന മസാല പൌഡര്‍ (വിവിധ തരം കിട്ടും)- 1 ടീ സ്പൂണ്‍ നിറച്ചും.
കടുക് - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
മല്ലിയില - കുറച്ച്.
ഉപ്പ്- ആവശ്യത്തിന്.
എണ്ണ - കുറച്ച്.
വെള്ളത്തില്‍ കുതിര്‍ന്ന കടല, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് നന്നായി വേവിച്ചെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകും ജീരകവും മൊരിയ്ക്കുക. അതിലേക്ക് സവാള ഇട്ട് നന്നായി മൊരിഞ്ഞതിനുശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. വേവിച്ച ചന നന്നായി ഉടച്ച ശേഷം ഇതിലേക്ക് ഇട്ട് കുറച്ച് നേരം കൂടെ വേവിക്കുക. ആദ്യം വേവിച്ചെടുത്ത ചനയില്‍ വെള്ളമില്ലെങ്കില്‍ പിന്നെയും വേവിക്കുമ്പോള്‍ കുറച്ച് വെള്ളം ചേര്‍ക്കേണ്ടതാണ്.
വാങ്ങിയതിനു ശേഷം മല്ലിയില തൂവുക. കഴിക്കുമ്പോള്‍ നാരങ്ങനീര്‍ ഒഴിക്കാവുന്നതാണ്.
വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് തക്കാളി വഴറ്റുമ്പോള്‍ വെളുത്തുള്ളി ചതച്ചെടുത്തതും കൂടെ യോജിപ്പിച്ച് എടുക്കാവുന്നതാണ്.
Monday, August 14, 2006
അരിയുണ്ട
പുഴുങ്ങലരി വറുത്ത് പൊടിച്ചത് - 2 കപ്പ്
തേങ്ങ ചിരവിയത് - 2 കപ്പ്
ശര്‍ക്കര(വെല്ലം)പൊടിച്ചത് - 1- 1/2 കപ്പ്
ഏലയ്ക്ക - 5 എണ്ണം. തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.
പുഴുങ്ങലരി നന്നായി വറുത്ത് പൊടിക്കുക. ചിരവിയ തേങ്ങയും ശര്‍ക്കരയും മിക്സിയില്‍ ഇട്ട് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അരിപ്പൊടിയില്‍ ഇട്ട് നന്നായി യോജിപ്പിക്കുക. ഏലയ്ക്കപ്പൊടിയും കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം ഉരുട്ടിയെടുക്കുക.
ശര്‍ക്കരയും തേങ്ങയും കുറച്ച് കുറച്ചായിട്ടേ മിക്സിയില്‍ ഇടാവൂ.