Thursday, December 21, 2006

ഗോബി മഞ്ചൂരിയന്‍



















കോളിഫ്ലവര്‍ - 1 എണ്ണം. അടര്‍ത്തിയെടുക്കുക.

മൈദ - 1/2കപ്പ്.

കോണ്‍ഫ്ലോര്‍ - 1/2 കപ്പ്

സവാള - 4 ചെറുതായി അരിഞ്ഞത്.

വെളുത്തുള്ളി - 15- 20 അല്ലി. കൊത്തിയരിയുക.

ഇഞ്ചി - ഒരു ചെറിയ കഷണം. നന്നായി അരിയുക.

അജിനോമോട്ടോ- ഒരു നുള്ള്. നിര്‍ബ്ബന്ധമില്ല.

ടൊമാറ്റോ സോസ് - 3 ടീസ്പൂണ്‍.

സോയ സോസ് - 3 ടീസ്പൂണ്‍

ചില്ലി സോസ് - 3 ടീസ്പൂണ്‍.

പച്ചമുളക് - 4 ചെറുതായി അരിയുക.

മല്ലിപ്പൊടിയും മുളകുപൊടിയും കുറേശ്ശെ.

ഉപ്പ്

മല്ലിയില അരിഞ്ഞത് കുറച്ച് അലങ്കരിക്കാന്‍.


















മൈദയും, കോണ്‍ഫ്ലോറും, ഉപ്പും അല്‍പ്പം വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഒരു തുള്ളി സോയ സോസും.

കോളിഫ്ലവര്‍ ഇതില്‍ മുക്കി നല്ലപോലെ എണ്ണയിലിട്ട് വറുത്തെടുക്കുക.

കുറച്ച് എണ്ണ ചൂടാക്കി, ഇഞ്ചി, പച്ചമുളക്, അജിനോമോട്ടോ, സവാള എന്നിവയിട്ട് വഴറ്റുക. മൊരിഞ്ഞ് നില്‍ക്കണം.

സോസുകള്‍ ചേര്‍ക്കുക.

മുളകുപൊടിയും.

യോജിപ്പിച്ചതിനു ശേഷം, വറുത്തുവെച്ച കോളിഫ്ലവര്‍ ഇട്ട് യോജിപ്പിക്കുക.

സോസുകള്‍ വേണമെങ്കില്‍ ചേര്‍ക്കുക. ഉടഞ്ഞ് പോകരുത്. വാങ്ങി വെയ്ക്കുക.

മല്ലിയില തൂവുക. ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കാം.

















(എന്റെ പ്രിയ വിഭവം ആണിത്. അതുകൊണ്ട് കറിവേപ്പിലയില്‍ അമ്പതാമത്തെ പോസ്റ്റ് ഇതാവട്ടെ എന്ന് കരുതി.)

അല്‍പ്പം ഉപ്പിട്ട ഇളംചൂടുവെള്ളത്തില്‍ കോളിഫ്ലവര്‍ അടര്‍ത്തിയിട്ടാണ് വൃത്തിയാക്കിയെടുക്കുന്നത്.

Monday, December 11, 2006

സ്വീറ്റ് സമോസ












ഇതെന്റെ സ്വന്തമായിട്ടുള്ള പരീക്ഷണം ആണ്. പാരമ്പര്യമായി കിട്ടിയ പാചകക്കുറിപ്പുകളോ, കൂട്ടുകാരുടെ അടുത്ത് നിന്ന് കിട്ടിയതോ, വേറെ എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ല. എന്റെ ഈ പരീക്ഷണം വിജയിച്ചു എന്ന് പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അതിനാല്‍ ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ തുടരാനും, നന്നായാല്‍ ബ്ലോഗില്‍ ഇടാനും സാധ്യതയുണ്ട്.

പരീക്ഷിക്കുന്നവര്‍ സ്വന്തം റിസ്കില്‍ പരീക്ഷിക്കുക.

മൈദ - ഒരു കപ്പ് (100-150 ഗ്രാം വേണ്ടിവരും)

മധുരക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കിയത് - 2 (പുഴുങ്ങുക. കുഴഞ്ഞുപോവാതെ കഷണങ്ങള്‍ ആക്കാന്‍ പറ്റണം)

ഗ്രീന്‍പീസ് - 4 ടേബിള്‍‌സ്പൂണ്‍. (ഗ്രീന്‍പീസ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം വേവിച്ചെടുക്കുക)

പച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണം (എരിവ് അധികം വേണ്ടെങ്കില്‍ കുറയ്ക്കാം)

സവാള പൊടിയായി അരിഞ്ഞത് - 2 എണ്ണം

കാരറ്റ് ചെറുതായി അരിഞ്ഞത് - 1 വലുത്.

മല്ലിയിലയും, കറിവേപ്പിലയും ചെറുതായി അരിഞ്ഞത് കുറച്ച്.


മൈദ ആദ്യം തന്നെ കുറച്ച് ഉപ്പും, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും, കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത്, വെള്ളം ചേര്‍ത്ത് ചപ്പാത്തിമാവിന്റെ അയവില്‍, അതിലും കുറച്ചുകൂടെ കട്ടി ആയി, യോജിപ്പിച്ച് വയ്ക്കുക.

കുറച്ച് പാചകയെണ്ണയെടുത്ത് (ഞാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിച്ചത്) സവാളയും, കാരറ്റും, പച്ചമുളകും ഒരുമിച്ച് വഴറ്റുക.

കറിവേപ്പിലയും, മല്ലിയിലയും ഇട്ട് ഒന്നുകൂടെ യോജിപ്പിക്കുക.

ഉപ്പിട്ടശേഷം, ഗ്രീന്‍പീസ് വേവിച്ചതും, മധുരക്കിഴങ്ങ് വേവിച്ചതും ചേര്‍ക്കുക.

നന്നായി യോജിപ്പിച്ച് അടച്ച് വെച്ച് രണ്ട് മിനുട്ട് വെച്ച് വാങ്ങുക.

അടപ്പ് നീക്കി വയ്ക്കുക. അല്ലെങ്കില്‍ വെള്ളം ആവും.



















മൈദ ചെറിയ ഉരുളകള്‍ ആക്കി പരത്തിയെടുക്കുക. നടുവേ മുറിയ്ക്കുക.





















ഓരോന്നിന്റേയും നടുവില്‍ കൂട്ട് വെച്ച് ത്രികോണാകൃതിയില്‍ മടക്കുക. എല്ലാ വശങ്ങളും യോജിപ്പിക്കുക. നന്നായി എണ്ണയിലിട്ട് വറുത്തെടുക്കുക. അഥവാ മൈദയോ കൂട്ടോ ബാക്കി വന്നാല്‍, അടുത്ത വി‍ഭവം കണ്ടുപിടിക്കുക. ;)

ദാല്‍ ഫ്രൈ

ശരിക്കുള്ള ദാല്‍ ഫ്രൈ എങ്ങനെയാണെന്ന് ഉണ്ടാക്കുന്നതെന്ന് അറിയില്ല. ഇത് ഞാന്‍ ഉണ്ടാക്കുന്ന ദാല്‍ ഫ്രൈ ആണ്. നന്നാവാറുണ്ട്. ചപ്പാത്തിയുടെ കൂടെ പറ്റും. എളുപ്പവും ആണ്.

തുവരപ്പരിപ്പ് - 1 കപ്പ്

തക്കാളി - ചെറുതായി അരിഞ്ഞത് 2

സവാള - ചെറുതായി അരിഞ്ഞത് 2

പച്ചമുളക്- നടുവെ മുറിച്ച് നീളത്തില്‍ അരിഞ്ഞത് 2

മുളകുപൊടി- 1/4ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കുറച്ച്

ഉപ്പ്, പാചകയെണ്ണ.

പരിപ്പ്, തക്കാളിയും മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും ഇട്ട് കുക്കറില്‍ വേവിച്ചെടുക്കുക. വേവിക്കുമ്പോള്‍ പരിപ്പില്‍ ആവശ്യത്തിനുമാത്രം വെള്ളം ചേര്‍ക്കുക. പരിപ്പിനു മുകളില്‍ വേണ്ടിവരില്ല വെള്ളം. എന്നാല്‍ വെന്ത് കുഴയാതെ വേറെവേറെ ഇരിക്കും.

പാത്രത്തില്‍ പാചകയെണ്ണ ഒഴിച്ച്, കുറച്ച് ഉഴുന്നുപരിപ്പും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാള ചേര്‍ത്ത് വഴറ്റുക.

വേവിച്ചുവെച്ച പരിപ്പില്‍ ആവശ്യത്തിന് ഉപ്പിട്ടിളക്കി, സവാളക്കൂട്ടിലേക്ക് ഇടുക. നല്ലപോലെ യോജിപ്പിച്ച്, രണ്ടുമൂന്ന് മിനുട്ട് കഴിഞ്ഞ് വാങ്ങുക.

വെളുത്തുള്ളി വേണ്ടവര്‍ക്ക്, ഇടാവുന്നതാണ്.

Monday, December 04, 2006

മസാലക്കറി

മസാലക്കറി, ചപ്പാത്തിക്കും, ചോറിനും ഒരുപോലെ പറ്റും.

സവാള - 3 ചെറുതായി അരിഞ്ഞത്

തക്കാളി - 3 ചെറുതായി അരിഞ്ഞത്.

ഉരുളക്കിഴങ്ങ് - 4 ചെറുതായി അരിഞ്ഞത്.

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണിലും കുറവ്.

മുളകുപൊടി - 1/4 ടീസ്പൂണ്‍.

ഗരം മസാലപ്പൊടി - 1 ടീസ്പൂണ്‍.

ഉപ്പ്.

പാചകയെണ്ണ.

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കി, സവാള നന്നായി വഴറ്റുക. തക്കാളി ചേര്‍ത്ത് ഒന്നുകൂടെ നന്നായി വഴറ്റുക. ഉപ്പും, പൊടികളും ഇടുക. ഉരുളക്കിഴങ്ങ് ഇടുക. വെള്ളമൊഴിച്ച് വേവിക്കുക.

ഗരം മസാലയ്ക്ക് പകരം, വെജിറ്റബിള്‍ മസാലപ്പൊടിയും, മീറ്റ് മസാലപ്പൊടിയും ഇടാവുന്നതാണ്.

ഇതില്‍ത്തന്നെ വേണമെങ്കില്‍ വഴുതനങ്ങയും, കോളിഫ്ലവറും, കാപ്സിക്കവും, ഇട്ടും ഉണ്ടാക്കാവുന്നതാണ്.

മസാലപ്പൊടി, ആവശ്യാനുസരണം ചേര്‍ക്കുക.

Wednesday, November 29, 2006

അവില്‍ മധുരം.

അവില്‍ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. പലതരത്തിലും മധുര അവിലും ഉണ്ടാക്കാം. ഇതില്‍ ശര്‍ക്കര പാവ് കാച്ചി ഉണ്ടാക്കുന്നതാണ്.

നാടന്‍ അവില്‍ - 2 കപ്പ്

ശര്‍ക്കര പൊടിച്ചത് - 1 കപ്പ്

തേങ്ങ - വലിയ ഒരു മുറിത്തേങ്ങ ചിരവിയത്.

ഏലയ്ക്ക- 4-5 എണ്ണം തൊലി കളഞ്ഞ് പൊടിച്ചത്.

ജീരകം പൊടിച്ചത് കുറച്ച്.

ശര്‍ക്കര ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളത്തിലിട്ട് പാവ് കാച്ചുക. കുറുകുമ്പോള്‍ തേങ്ങ, ഏലയ്ക്ക, ജീരകപ്പൊടികള്‍ ചേര്‍ക്കുക. നന്നായി‍ യോജിപ്പിച്ചതിന് ശേഷം, അവിലും ഇട്ട് യോജിപ്പിച്ച് വേഗം വാങ്ങുക. വാങ്ങിയശേഷം അവില്‍ ഇട്ടാലും കുഴപ്പമില്ല. അടുപ്പത്ത് ഉള്ളപ്പോള്‍ ഇട്ടാല്‍ ചിലപ്പോള്‍, നല്ല കട്ടി ആവും.
മധുരം, നിങ്ങളുടെ പാകമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.

Monday, November 27, 2006

ഇഡ്ഡലി

ഇഡ്ഡലി, വലിയവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും ഒക്കെ കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. ചേട്ടന്‍ ഒരു ഇഡ്ഡലിപ്രിയന്‍ ആണ്. എന്ന് വെച്ച് ഇവിടെ ദിവസവും അതാണെന്ന് ആരും ധരിക്കരുത്. ആഴ്ചയില്‍ ഒരു രണ്ടോ മൂന്നോ നാലോ ദിവസം മിക്കവാറും. ഹി ഹി .


ഇഡ്ഡലി - ഒരു തരം.

പുഴുങ്ങലരി - 3 കപ്പ്, ഗ്ലാസ്, കിലോ ഏതെങ്കിലും.

ഉഴുന്ന് - 1 കപ്പ്, ഗ്ലാസ്സ്, കിലോ ഏതെങ്കിലും.

3 : 1 ആയിരിക്കണം.

ഉപ്പ്.

വേറെ വേറെ പാത്രത്തില്‍ ആറു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെയ്ക്കുക.

അഞ്ച് മണിക്കൂര്‍ ആയാലും കുഴപ്പമില്ല.

നല്ല തണുത്ത വെള്ളം ആയാല്‍ നല്ലത്.

രണ്ടും കൂടെ ഒരുമിച്ച് ഇടരുത്.

ആദ്യം ഉഴുന്ന്, നല്ല വെണ്ണ പോലെ അരയ്ക്കുക. വെണ്ണപോലെ എന്നുദ്ദേശിച്ചത് മിനുസം മാത്രമല്ല. വെള്ളത്തിന്റെ അളവിന്റെ കാര്യത്തിലും, വെണ്ണ ഇരിക്കുന്നതുപോലെ മാവ് ഇരുന്നാല്‍ നല്ലത്.

പിന്നെ അരി അരയ്ക്കുക. അതിലും ഒട്ടും വെള്ളം ഉണ്ടാവരുത്.

മിക്സി പ്രവര്‍ത്തിക്കാന്‍ മാത്രം വെള്ളം.

അതിന്റ്റെ അരവ് എന്ന് പറഞ്ഞാല്‍ ബ്രഡ് കൈകൊണ്ട് പൊടിച്ചിട്ടാല്‍, അല്ലെങ്കില്‍ ബിസ്കറ്റ് പൊടിച്ചിട്ടാല്‍ ഒരു മുരുമുരുപ്പ് സ്റ്റൈല്‍ ഇല്ലേ? അതുപോലെ മതി.

അരച്ച ശേഷം ആവശ്യത്തിന് ഉപ്പും ഇട്ട് രണ്ടും നന്നായി യോജിപ്പിച്ച് വയ്ക്കുക.

പാകം എന്നുപറഞ്ഞാല്‍, അതില്‍ നിന്ന് കുറച്ച് ഒരു സ്പൂണ്‍ എടുത്ത് നിലത്തോ പ്ലേറ്റിലോ, മേശപ്പുറത്തോ ഒഴിച്ചുനോക്കിയാല്‍ ഒഴിച്ചിടത്ത് ഇരിക്കണം. നല്ല അനുസരണ ഉള്ള പോലെ. ഒഴുകിനടക്കരുത്.

പുളിക്കാന്‍ വെച്ച ശേഷം, ഇഡ്ഡലിത്തട്ടില്‍ ഒഴിച്ച് തയ്യാറാക്കുക. ഒഴിക്കുന്നതിനു മുമ്പ്, കുറച്ച്, വളരെക്കുറച്ച് വെള്ളം, (വേണമെങ്കില്‍ മാത്രം) ചേര്‍ക്കാം.

കുഴപ്പം എന്താണെന്ന് വെച്ചാല്‍, ഉപ്പ് നോക്കണമെങ്കില്‍ ഇഡ്ഡലി കുറച്ചെണ്ണം ആവും. സാരമില്ല. അടുത്ത തവണ ഉപ്പ് ഒന്നുകൂടെ നോക്കി ഇടുക. ഇവിടെ വൈകുന്നേരം അരച്ച് വെച്ചാല്‍ പിറ്റേ ദിവസം രാവിലെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്.


ഇഡ്ഡലി രണ്ട് തരം.

പുഴുങ്ങലരി - 1 കപ്പ്

പച്ചരി - 1 കപ്പ്

ഉഴുന്ന് - 1 കപ്പ്

ഉപ്പ്.

പുഴുങ്ങലരിയും പച്ചരിയും ഒരുമിച്ച് വെള്ളത്തിലിടാം. ഉഴുന്ന് വേറെയും. മുകളില്‍ പറഞ്ഞപോലെ അരയ്ക്കുക. തയ്യാറാക്കുക.

Saturday, November 25, 2006

കുറുക്ക് കാളന്‍

ചേന കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ഏറെ. എന്നാലും കാളനില്‍ ചേന സ്വാദ് തന്നെ.

ചേന - 500 ഗ്രാം.

മോര് - നല്ല പുളിയുള്ളത് - രണ്ട് ലിറ്റര്‍.

തേങ്ങ - ഒരു വലിയ മുറി തേങ്ങ.

പച്ചമുളക് - 5- 8 എണ്ണം. നല്ല എരിവ് വേണമെങ്കില്‍ പച്ചമുളകിന്റെ എണ്ണം കൂട്ടേണ്ടി വരും. എരിവനുസരിച്ച്.

ജീരകം- 1 ടീസ്പൂണ്‍. കുറച്ചുകൂടെ ആയാലും കുഴപ്പമില്ല.

മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന്.

ചേന കഷണങ്ങളാക്കി ഉപ്പും മഞ്ഞളുമിട്ട് നന്നായി വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അതില്‍ വെള്ളം ഉണ്ടാവരുത്.

തേങ്ങ, പച്ചമുളകും, ജീരകവും ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക.

ചേന, മോരൊഴിച്ച് അടുപ്പത്ത് വെച്ച് നല്ലപോലെ വറ്റിക്കുക.

തേങ്ങ അരച്ചതും ചേര്‍ക്കുക.

തിളച്ച് വാങ്ങിയാല്‍ കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും മൊരിച്ചിടുക.

ഇത് തയ്യാറായാല്‍, അധികം വെള്ളം ഉണ്ടാവില്ല. കുറച്ച് ദിവസം കേടാകാതെ ഇരിക്കും.

പുളിയിഷ്ടമുള്ളവര്‍ക്ക് പറ്റും.

മോരിന്റെ പുളി അനുസരിച്ചും, അത് വറ്റുന്നതിന് അനുസരിച്ചും സ്വാദ് കൂടും.

ഉലുവ കുറച്ച് വേണമെങ്കില്‍ മൊരിച്ചിടാം.

ചേന വേവിക്കുമ്പോള്‍ കൂടെ കുരുമുളക്പൊടി ഇടാം. പച്ചമുളകിന്റെ അളവ് കുറയ്ക്കുക. കുരുമുളക് ഇഷ്ടമില്ലാത്തവര്‍ ചേര്‍ക്കരുത്.

Thursday, November 23, 2006

ചെറുനാരങ്ങ മധുരഅച്ചാര്‍ അഥവാ ചെറുനാരങ്ങ മധുരക്കറി.

ചെറുനാരങ്ങ, സൌന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. ചെറുനാരങ്ങ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. ചെറുനാരങ്ങ മധുരമുള്ള അച്ചാര്‍ വളരെപ്പെട്ടെന്ന് തയ്യാറാക്കാന്‍‍ പറ്റില്ല. എന്നാലും തയ്യാറായാല്‍, ഇഷ്ടമായാല്‍, വളരെപ്പെട്ടെന്ന് തീരും.

ചെറുനാരങ്ങ - 25 എണ്ണം.

പഞ്ചസാര- ഒരു കിലോ.

മഞ്ഞള്‍പ്പൊടി - 3 ടീസ്പൂണ്‍.

ഉലുവ - 1 ടീസ്പൂണ്‍.

കായം ഒരു ചെറിയ കഷണം
അല്ലെങ്കില്‍ കുറച്ച് പൊടി.

മുളക്പൊടി - 10 ടീസ്പൂണ്‍.

ഉപ്പ് - ആവശ്യത്തിന്.

ചെറുനാരങ്ങ വൃത്തിയില്‍ കഴുകിത്തുടച്ച്, നാലും ആറും എട്ടും ഒക്കെ കഷണങ്ങളാക്കി മുറിച്ച് ഉപ്പും, മഞ്ഞളും ഇട്ട്, നന്നായി യോജിപ്പിച്ച് ഒരു എട്ട് ദിവസമെങ്കിലും വെയ്ക്കുക. (ഞാന്‍ പന്ത്രണ്ട് ദിവസം വെച്ചു- വെയ്ക്കേണ്ടി വന്നു)

ഉലുവ, കുറച്ച് എണ്ണ ചൂടാക്കി വറുക്കുക. കരിയരുത്. തണുത്താല്‍ പൊടിക്കുക. എണ്ണ നിന്നോട്ടെ.

കായം, കഷണമാണെങ്കില്‍ ഉലുവയുടെ കൂടെ പൊടിക്കുക.

കുറച്ച് വലിയൊരു പാത്രത്തില്‍, പഞ്ചസാരയില്‍ കുറച്ച്, ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.

പഞ്ചസാര അലിഞ്ഞാല്‍, ഉലുവ, കായം , മുളക് പൊടികള്‍ ചേര്‍ക്കുക.

തീ വളരെക്കുറച്ച് വെയ്ക്കണം.

ഒന്ന് യോജിപ്പിച്ച ശേഷം നാരങ്ങ ഇടുക.

ഉപ്പ് വേണമെങ്കില്‍ കുറച്ചുകൂടെ ഇടാം.

ഒന്നുകൂടെ യോജിപ്പിക്കുക.

എന്നിട്ട് വളരെക്കുറച്ച് തീയില്‍, പഞ്ചസാര കട്ടിപ്പാനി ആയി, അച്ചാര്‍ കട്ടിയാവുന്നത് വരെ വയ്ക്കുക.

(ഞാന്‍ ഒരു മണിക്കൂറില്‍ അധികം വെച്ചു.)

കട്ടി ആയാല്‍ വാങ്ങി വെയ്ക്കുക.

തണുത്താല്‍ തീരെ നനവില്ലാത്ത, വൃത്തിയുള്ള പാത്രത്തില്‍ ഒഴിച്ചുവെയ്ക്കുക.

പ്ലാസ്റ്റിക് ജാറില്‍ ആയാലും മതി.

കയ്പ്പില്ലാത്ത നാരങ്ങ ആണെങ്കില്‍ അടിപൊളി ആവും.

ഇന്നലെ ഉണ്ടാക്കി, ഇന്ന് ഒരാള്‍ക്ക് കുറച്ച് കൊടുത്തയച്ചിട്ടുണ്ട്.

രണ്ടു ദിവസം കഴിഞ്ഞാല്‍ വിവരം അറിയും ;)

Tuesday, November 21, 2006

ദോശ

ദോശ പലതരത്തില്‍ ഉണ്ട്. പക്ഷെ ഈ ദോശയാണ് സാദാ ദോശ. പക്ഷെ രാജാവ്. ഇതിന്റെ സ്വാദും മണവും ഓര്‍മ്മയില്‍ നിന്ന് പോകില്ല. ഈ ദോശ, ചട്ണി, സാമ്പാര്‍, മുതലായവയുടെ കൂടെയും, വെറുതേ, ശര്‍ക്കരയുടേയും, പഞ്ചസാരയുടെയും, അച്ചാറിന്റെ കൂടെയും കഴിക്കാം.

പച്ചരി - 3 കപ്പ്

പുഴുങ്ങലരി - 2 കപ്പ്.

ഉഴുന്ന് - 3/4 അല്ലെങ്കില്‍ 1/2 കപ്പ്

ഉലുവ - 2 ടീസ്പൂണ്‍.

ഉപ്പ്

ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക.

നല്ല മിനുസമായി അരച്ചെടുക്കുക. വെണ്ണപോലെ. ഒട്ടും വെള്ളം അധികമാവരുത്.

ഉപ്പ് അരയ്ക്കുമ്പോള്‍ത്തന്നെ ചേര്‍ക്കുക. പിന്നെ ഉണ്ടാക്കുമ്പോള്‍ ഒന്നുകൂടെ പാകം നോക്കിയാല്‍ മതി.

പുഴുങ്ങലരി വേണമെങ്കില്‍ വേറെ ആയിട്ട് വെള്ളത്തില്‍ ഇട്ട് വേറേത്തന്നെ അരച്ചെടുക്കാം.

എന്തായാലും നല്ല മിനുസമായി അരയണം. ഉണ്ടാക്കി വായിലിട്ട് അരച്ചാല്‍പ്പോരാ.

പിന്നേയും 6-7 മണിക്കൂര്‍ വെച്ച് ദോശക്കല്ലില്‍ ഉണ്ടാക്കിയെടുക്കുക.

വട്ടത്തിലാണ് പതിവ്. നിങ്ങള്‍ക്ക് അത് തെറ്റിക്കണമെങ്കില്‍ ചതുരത്തിലും ഉണ്ടാക്കാം.

വെള്ളം അധികമായാല്‍ ആപത്ത്. ടൂത്ത് പേസ്റ്റുപോലെയേ ഇരിക്കാവൂ. അരഞ്ഞു കഴിഞ്ഞാല്‍. പിന്നെ ഉണ്ടാക്കിയെടുക്കാന്‍ നേരം കുറച്ചുകൂടെ വെള്ളം ഒഴിക്കാം. പുളി ഇഷ്ടമില്ലാത്തവര്‍ക്ക് വേഗം തന്നെ ഉണ്ടാക്കിയെടുക്കാം.

അളവ് കുറച്ച് മാറിയാലും സാരമില്ല. ഒക്കെ ഉണ്ടാവണം.

Monday, November 20, 2006

പപ്പായത്തോരന്‍

പപ്പായ ആരോഗ്യത്തിന് നല്ലൊരു വസ്തുവാണ്. സൌന്ദര്യത്തിനും. പപ്പായ, പഴുത്തതും പച്ചയും ഒക്കെ ഉപയോഗിക്കാം. പപ്പായയില്‍ നാരുകള്‍ ഉണ്ട്. പിന്നെ പഴുത്ത പപ്പായയില്‍ വിറ്റാമിന്‍ എ, ബി, സി, എന്നിവ ഉണ്ട്.

പച്ച പപ്പായ ചെറിയ കഷണങ്ങളാക്കി മുറിക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ( പാചകയെണ്ണ) ഒഴിച്ച് ചൂടാവുമ്പോള്‍ കുറച്ച് ഉഴുന്നുപരിപ്പ് (ഒരു ചെറിയ പപ്പായയ്ക്ക് 1-2 ടീസ്പൂണ്‍ മതി) ഇടുക.

മൊരിഞ്ഞ് തുടങ്ങുമ്പോള്‍ കടുകും, വറ്റല്‍മുളക് പൊട്ടിച്ചതും ഇടുക. കറിവേപ്പിലയും.

മൊരിഞ്ഞാല്‍ പപ്പായക്കഷണങ്ങള്‍ ഇടുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും ഇടുക.

നന്നായി ഇളക്കിയോജിപ്പിച്ചതിനുശേഷം, കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക.

ഇടയ്ക്ക് വെന്തോ എന്ന് നോക്കുക. വെന്തെങ്കില്‍ അടപ്പ് മാറ്റി വെള്ളം തീരെയില്ലാതെയാക്കുക.

വാങ്ങിവെച്ചതിനുശേഷം ചിരവിയ തേങ്ങ ഇടുക. യോജിപ്പിക്കുക.

വെള്ളം അത്യാവശ്യത്തിനേ ചേര്‍ക്കാവൂ. അധികമായാല്‍ അധികം വെന്തുപോകും. സ്വാദും പോകും.

Saturday, November 18, 2006

പച്ചമാങ്ങ പഞ്ചതന്ത്രം.

മാങ്ങാക്കാലം വരുന്നു. മാങ്ങ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും.
പച്ചമാങ്ങ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അഞ്ച് വിഭവങ്ങള്‍ ആണ് ഈ തന്ത്രത്തില്‍.






















1)മാങ്ങ അച്ചാര്‍- എളുപ്പത്തില്‍

പച്ചമാങ്ങ - 2

മുളകുപൊടി - 1 ടീസ്പൂണ്‍.

കായം, ഉപ്പ് പാകത്തിന്.

പച്ചമാങ്ങ തൊലി കളയാതെ ചെറിയ ചെറിയ (വളരെച്ചെറുത്) കഷണങ്ങളാക്കുക. ഉപ്പിട്ട് യോജിപ്പിച്ച്
അരമണിക്കൂര്‍ വെക്കുക. അതിനുശേഷം, കായവും, മുളകുപൊടിയും ഇട്ട് യോജിപ്പിക്കുക.
ഉപ്പിട്ട് വെച്ചാല്‍ വെള്ളം ഉണ്ടാവും അതില്‍. ചോറിനൊരു അച്ചാര്‍ ആയി എളുപ്പത്തില്‍.






















2) മാങ്ങാപ്പെരക്ക്

പച്ചമാങ്ങ - 1

മുളകുപൊടി - 1 ടീസ്പൂണ്‍.

പച്ചമുളക് - 2

മോര് - 1/4 കപ്പ്

തേങ്ങ - 1/4 കപ്പ്

കടുക് - 1/4 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്.

മാങ്ങ തൊലി കളഞ്ഞ് കുനുകുനെ അരിയുക. വളരെച്ചെറുതാവണം. മുളകുപൊടി ചേര്‍ക്കുക. ഉപ്പും.
പച്ചമുളകും ചെറുതായി അരിഞ്ഞ് ചേര്‍ക്കുക.(നിര്‍ബന്ധമില്ല)

തേങ്ങ അരച്ച്, കടുക് ചേര്‍ത്ത് ഒന്നുകൂടെ അരച്ച്, മാങ്ങയില്‍ യോജിപ്പിക്കുക.
മോര് ചേര്‍ക്കുക.

(അരയ്ക്കുമ്പോള്‍ വെള്ളത്തിനുപകരം
മോരും‌വെള്ളം ഒഴിക്കുക). തയ്യാര്‍.


3) മാങ്ങ അച്ചാര്‍.

പച്ചമാങ്ങ.

മുളകുപൊടി

കായം.

ഉപ്പ്.

പാചകയെണ്ണ.

കടുക്

ഉഴുന്നുപരിപ്പ്

മാങ്ങ തോലോടുകൂടെ ചെറിയ കഷണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍
കടുകും, ഉഴുന്നുപരിപ്പും ഇട്ട് മൊരിയ്ക്കുക. മുളകുപൊടി, ഇടുക. പെട്ടെന്ന് തന്നെ മാങ്ങ അരിഞ്ഞതും
ഇടുക. (മാങ്ങ അരിഞ്ഞത് എന്നു പറഞ്ഞാല്‍, കത്തിയല്ല, മുറിച്ച മാങ്ങ.;))
കായം, ഉപ്പ് എന്നിവയും ചേര്‍ക്കുക. നന്നായി, ഇളക്കുക.
മൂന്ന്- നാല് മിനുട്ടോളം.

വാങ്ങിവെക്കുക.

തണുത്താല്‍ ഉപയോഗിക്കാം. വല്യ തിരക്കുണ്ടെങ്കില്‍ അതിനുമുമ്പും
ഉപയോഗിക്കാം.

4) മാങ്ങ- വെള്ളരിക്കറി.

മാങ്ങ- 2 തൊലി കളഞ്ഞ് മുറിച്ചെടുത്തത്. അധികം ചെറുതാവരുത്.

ഒരു പകുതി വെള്ളരിക്ക. കഷണങ്ങളാക്കുക.

മുളകുപൊടി - 1 ടീസ്പൂണ്‍.

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍

തേങ്ങ - ഒരു കപ്പ്.

ജീരകം - 1ടീസ്പൂണ്‍.

തേങ്ങ ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക.
വെള്ളരിക്ക ഉപ്പും, മഞ്ഞളും മുളകുപൊടിയും ഇട്ട് വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ മാങ്ങ ചേര്‍ക്കുക. മാങ്ങ വെന്താല്‍, തേങ്ങ അരച്ചത്
ചേര്‍ക്കുക. മാങ്ങയ്ക്ക് പുളിയില്ലെങ്കില്‍ മോരും ചേര്‍ക്കാം.
തിളച്ച് വാങ്ങിക്കഴിഞ്ഞാല്‍, കടുക്, വറ്റല്‍മുളക്, കറിവേപ്പില,
മൊരിച്ചിടുക.
5) മാങ്ങാ ചട്‌ണി.

വലിയ പച്ചമാങ്ങ - 1 ചെറിയ കഷണങ്ങള്‍ ആക്കിയത്‌.

ചിരവിയ തേങ്ങ - 1 കപ്പ്‌.

കറിവേപ്പില - 10 ഇലയെങ്കിലും

ഉപ്പ്‌ - ആവശ്യത്തിന്

ചുവന്ന മുളക്‌ ( വറ്റല്‍ മുളക്‌) - 4

ആദ്യം തേങ്ങയും, മുളകും, കറിവേപ്പിലയും, ഉപ്പും മിക്സിയില്‍ ഇട്ട്‌ ചതച്ചെടുക്കുക. അതിന്റെ കൂടെ
മാങ്ങ ഇട്ട്‌ അരയ്ക്കുക.വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല.

ഉപ്പും മഞ്ഞളും മുളകുപൊടിയുമൊക്കെ പാചകംചെയ്യുന്ന ആളുടെ, അല്ലെങ്കില്‍
കഴിക്കുന്ന ആളുടെ സൌകര്യത്തിനാണ്. ഒരിക്കലും വേറെ ആളുടെ അളവാകില്ല ഇതിനൊന്നും.
അതുകൊണ്ട്, അതൊക്കെ ആവശ്യമനുസരിച്ച് കൂട്ടുകയോ
കുറയ്ക്കുകയോ ചെയ്യുക.

Tuesday, November 14, 2006

പഴം‌പൊരി

പഴം പൊരി എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നാണ്. വീട്ടില്‍ ഉണ്ടാക്കുന്നത് കൂടാതെ യാത്രകളിലും പഴം‌പൊരി എവിടെ കിട്ടും എന്ന് അന്വേഷിച്ച് നടക്കും ഞാന്‍. ട്രെയിനില്‍ കിട്ടുന്നതും വാങ്ങും.

നേന്ത്രപ്പഴം - 4

മൈദ- 1 കപ്പ്

ഉപ്പ്- ഒരു നുള്ള്

പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍.

വെളിച്ചെണ്ണ - വറുത്തെടുക്കാന്‍

പഴം, തൊലി കളഞ്ഞ്, നീളത്തില്‍, കനം കുറച്ച് മുറിക്കുക. നടുവെ മുറിച്ചിട്ട് ആയാലും കുഴപ്പമില്ല.

മൈദയില്‍ ഉപ്പും, പഞ്ചസാരയുമിട്ട്, വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. അധികം അയവില്‍ ആകരുത്. പഴക്കഷണങ്ങള്‍ മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്ത് കോരുക. എല്ലാം കൂടെ ഒരുമിച്ച് ഇടരുത്.

Saturday, November 11, 2006

തക്കാളിക്കറി

ഇതൊരു തട്ടിപ്പ് കറിയാണ്. ഇതിന്റെ ഉത്ഭവം തേടി നടന്നാല്‍ ചിലപ്പോള്‍ എന്റെ വീട്ടില്‍ എത്തും. അല്ലെങ്കില്‍ എന്നെപ്പോലെയുള്ള ആരുടെയെങ്കിലും വീട്ടില്‍ എത്തും. ;) ഇതിന് വല്യ കോലാഹലങ്ങളൊന്നും വേണ്ട എന്നതാണ് വല്യ കാര്യം. എളുപ്പക്കറി.

തക്കാളി- 3 എണ്ണം. (ഒരു തക്കാളി 7-8 കഷണങ്ങള്‍ ആക്കുക.)

മോര്- പുളി അധികം വേണ്ട.- 1/2 കപ്പ്.

തേങ്ങ - 1/2 കപ്പ്. 1 ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

മുളകുപൊടി- 1/2 ടീസ്പൂണ്‍.

മഞ്ഞള്‍പ്പൊടി -കുറച്ച്.

ഉപ്പ് - ആവശ്യത്തിന്.

പച്ചമുളക്- 2

തക്കാളി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി, പച്ചമുളക് നെടുകെ പിളര്‍ന്നിട്ടത് എന്നിവ ചേര്‍ത്ത്, കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത ശേഷം, മോരൊഴിച്ച് തിള വന്നശേഷം, തേങ്ങ അരച്ചത് ചേര്‍ക്കുക. വാങ്ങിവെച്ച ശേഷം, കടുക്, വറ്റല്‍ മുളക്, കറിവേപ്പില, വെളിച്ചെണ്ണയില്‍ മൊരിച്ചിടുക. മുളക് പൊടി ഇഷ്ടം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

Thursday, November 02, 2006

കപ്പപ്പുഴുക്ക്

കപ്പ, മലയാളികളുടെ പ്രിയപ്പെട്ട ആഹാരം ആണ്. ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. (എന്നാരു പറഞ്ഞു എന്ന് ചോദിക്കരുത്. ഇവിടത്തെ കാര്യം പറഞ്ഞതാ ;) )

കപ്പ - 1 കിലോ

ചെറിയ ഉള്ളി - 10 - 12 എണ്ണം

പച്ചമുളക് - 4

കടുക് - 1/4 ടീസ്പൂണ്‍

ഉഴുന്ന് - 1 ടീസ്പൂണ്‍

ചുവന്നമുളക്- 1

കുറച്ച് കറിവേപ്പില

ചിരവിയ തേങ്ങ - 1/2 കപ്പ്

തേങ്ങ, പച്ചമുളകും, അല്പം ജീരകവും കൂട്ടി ഒന്ന് ചതച്ചെടുക്കുക.

ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്.

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍- (അതിലും കുറച്ച്) ( ഇടുന്നത് നല്ലതാണ്. ഇല്ലാതേയും ഉണ്ടാക്കാം.)


കപ്പ, കഷണങ്ങളാക്കി, കുറേ വെള്ളം ഒഴിച്ച്, നന്നായി വേവിച്ച്, വേവിച്ചതിന്റെ ബാക്കി വെള്ളം കളഞ്ഞ് എടുക്കുക. ഉപ്പ്, ആവശ്യത്തിന് ഇട്ട് നല്ലപോലെ യോജിപ്പിച്ച് വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി, ഉഴുന്ന് ആദ്യം ചൂടാക്കുക. ചുവന്നുവരുമ്പോള്‍, കടുകും, ചുവന്ന മുളക് കഷണങ്ങളാക്കിയതും, കറിവേപ്പിലയും ചേര്‍ത്ത് മൊരിക്കുക. ഉള്ളി ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍‍പ്പൊടി ഇടുക. തേങ്ങ യോജിപ്പിക്കുക. നന്നായി വഴറ്റിയതിനുശേഷം, കുറച്ച് വെള്ളം, (ഏകദേശം 1 കപ്പ്) ഒഴിക്കുക. വെള്ളം നന്നായി തിളച്ചതിനുശേഷം കപ്പ ഇട്ട് യോജിപ്പിച്ച് അടച്ചുവെക്കുക. കപ്പ ഇട്ട്, വെള്ളം വറ്റിയാല്‍ വാങ്ങിവെക്കുക. കപ്പ യോജിപ്പിക്കുമ്പോള്‍ത്തന്നെ വെള്ളം വറ്റിയിരിക്കും. വെള്ളം ഇതില്‍ ഉണ്ടാകില്ല. വെള്ളം വേണമെങ്കില്‍, ആദ്യം ചേര്‍ക്കുമ്പോള്‍ കുറച്ചധികം ചേര്‍ക്കുക. പച്ചമുളക് ചേര്‍ക്കുന്നതിനുപകരം, വറ്റല്‍ മുളക് ചേര്‍ത്തും, അല്ലെങ്കില്‍ മുളക്പൊടി ചേര്‍ത്തും ഇത് ഉണ്ടാക്കാവുന്നതാണ്.

കപ്പ വേവാനുള്ള സമയമേ ഇതുണ്ടാക്കാന്‍ ശരിക്കും വേണ്ടൂ. ബാക്കിയൊക്കെ എളുപ്പം.

Wednesday, November 01, 2006

ജീരകച്ചോറ്

പച്ചരി അധികം വെന്ത് പോകാതെ, ഉപ്പ് ചേര്‍ത്ത് വേവിച്ചത് - 2 കപ്പ്.

സവാള- 2 എണ്ണം ചെറുതായി അരിഞ്ഞത്.

ഗരം മസാല - 1 ടീസ്പൂണ്‍.

ജീരകം - 2 ടീസ്പൂണ്‍.

നെയ്യ് കുറച്ച്.

നാരങ്ങനീര്‍- 1 ടീസ്പൂണ്‍.

മല്ലിയില ചെറുതായി അരിഞ്ഞത് കുറച്ച്.

ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ജീരകം വഴറ്റുക. സവാള ചേര്‍ത്ത് നന്നായി മൊരിയ്ക്കുക. ഗരം മസാല ഇടുക. ചോറ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ്, ആവശ്യമെങ്കില്‍, വീണ്ടും ചേര്‍ക്കുക. വാങ്ങിയതിനു ശേഷം നാരങ്ങനീര്‍ ഒഴിച്ച് യോജിപ്പിക്കുക. മല്ലിയില തൂവുക.

Saturday, October 28, 2006

അരിമുറുക്ക്

കൈകൊണ്ട് ഉണ്ടാക്കുന്ന മുറുക്കുണ്ട്. വെറുതെ കുഴച്ച മാവെടുത്ത് കൈകൊണ്ട് വട്ടത്തില്‍ ചുറ്റിച്ചുറ്റിവെച്ച്. ഇപ്പോ, പലതരം മുറുക്കുനാഴികള്‍ വന്നുകഴിഞ്ഞു. എളുപ്പമായി ജോലിയൊക്കെ.

അരിപ്പൊടി - 1 കപ്പ് പച്ചരി (അരി, നാലഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ട്, ഉണക്കി, വളരെ മിനുസമായി പൊടിച്ച് വറുത്തെടുക്കണം.)
ഉഴുന്ന് പൊടി - 1/4 കപ്പ് (ഉഴുന്ന് വറുത്ത് നന്നായി പൊടിച്ചെടുക്കുക.)
കുരുമുളക്- 10 എണ്ണം. (ഉഴുന്നിന്റെ കൂടെ പൊടിച്ചെടുക്കാം). (കുരുമുളകില്ലെങ്കില്‍ കുരുമുളക് ‍പൊടി ഏകദേശം ഒന്നോ രണ്ടോ ടീസ്പൂണ്‍ചേര്‍ക്കാം.)
മുളകുപൊടി - 1 ടീസ്പൂണ്‍.
കായം- ഒരു നുള്ള്.
ജീരകം- 1/2 ടീസ്പൂണ്‍.
എള്ള് - 1-2 ടീസ്പൂണ്‍. (ഇതില്‍ കറുത്ത എള്ളാണ് ചേര്‍ത്തിരിക്കുന്നത്.)
ഉപ്പ് - പാകം നോക്കി ചേര്‍ക്കുക.
വെളിച്ചെണ്ണ- മാവ് യോജിപ്പിക്കുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍.
വറുത്തെടുക്കാന്‍ വെളിച്ചെണ്ണ. ഏതെങ്കിലും പാചകയെണ്ണ ആയാലും മതി. പക്ഷെ വെളിച്ചെണ്ണയിലാണ് സ്വാദ് കൂടുതല്‍.
എല്ലാ വസ്തുക്കളും ചേര്‍ത്ത് കൈകൊണ്ട് യോജിപ്പിക്കുക.


മുറുക്ക് ഉണ്ടാക്കുന്ന പാത്രത്തിലിട്ട് ഇലയിലോ, ഒരു പ്ലാസ്റ്റിക് കടലാസ്സിലോ അല്പം എണ്ണ പുരട്ടി ആകൃതിയില്‍ പിഴിഞ്ഞ് എടുക്കുക.

വെളിച്ചെണ്ണയിലിട്ട് വറുക്കുക.

Sunday, September 24, 2006

വെണ്ടയ്ക്ക പച്ചടി

വെണ്ടയ്ക്ക - 10-12 എണ്ണം, വട്ടത്തില്‍, കനം കുറച്ച് അരിഞ്ഞത്.

ചിരവിയ തേങ്ങ - 4-5 ടേബിള്‍‌സ്പൂണ്‍.

കുറച്ച് പുളിയുള്ള തൈര്‍- 1/2 കപ്പ്

കടുക് - 1/4 ടീസ്പൂണ്‍.

പച്ചമുളക് - 3 എണ്ണം.

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍

ഉപ്പ്.

പാചകയെണ്ണ.

വെണ്ടയ്ക്ക മുറിച്ച് ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എണ്ണയില്‍ നന്നായി മൊരിച്ചെടുക്കുക. തണുത്താല്‍, തേങ്ങയും കടുകും പച്ചമുളകും ഒന്നിച്ച് അരച്ച് വെണ്ടയ്ക്കയില്‍ ചേര്‍ക്കുക. തൈര്‍ ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ച് കടുകും, കറിവേപ്പിലയും മൊരിച്ചിടുക.

Thursday, September 21, 2006

രാജ്‌മ കറി



രാജ്‌മ - 1 കപ്പ് ( 5-6 മണിക്കൂര്‍ ‍വെള്ളത്തില്‍ കുതിര്‍ക്കുക)

ഇഞ്ചി - ഒരു ചെറിയ കഷണം പേസ്റ്റ് ആക്കിയത്.

പച്ചമുളക്- ചെറുതായി അരിഞ്ഞത് -2

തക്കാളി - ചെറുതായി അരിഞ്ഞത് - 2

സവാള - ചെറുതായി അരിഞ്ഞത് - 1

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

മുളകുപൊടി - 1/2 ടീസ്പൂണ്‍

ഗരം മസാല - 1/2 ടീസ്പൂണ്‍

ഉപ്പ്.

പാചകയെണ്ണ.

മല്ലിയില.

കറിവേപ്പില.


രാജ്‌മ, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് നന്നായി വേവിക്കുക.

ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കുക.

പാചകയെണ്ണ ചൂടാക്കി സവാള വഴറ്റുക.

ഇഞ്ചിപ്പേസ്റ്റും, പച്ചമുളകും, തക്കാളിയും,കറിവേപ്പിലയും, ഗരം മസാലയും, ഇട്ട് വഴറ്റി നന്നായി യോജിപ്പിക്കുക.

തക്കാളി നന്നായി അലിഞ്ഞ് ചേരണം.

അതിനു ശേഷം രാജ്‌മ ഇടുക. അഞ്ച് മിനുട്ട് അടച്ച് വെച്ച് വേവിക്കുക.
വാങ്ങിയതിനുശേഷം മല്ലിയില അരിഞ്ഞ് മുകളില്‍ തൂവുക.

വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക്, രണ്ട് - മൂന്ന് വെളുത്തുള്ളിയും പേസ്റ്റാക്കി ഇടാവുന്നതാണ്.



Wednesday, September 20, 2006

ഉരുളക്കിഴങ്ങ് കറി Potato Curry

ഉരുളക്കിഴങ്ങ്‌ പുഴുങ്ങിപ്പൊടിച്ചത്‌ - 4 എണ്ണം.

സവാള - ചെറുതായരിഞ്ഞത്‌ 2 എണ്ണം.

പച്ചമുളക്‌ ചെറുതായി അരിഞ്ഞത്‌- 2 എണ്ണം.

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍.

മുളകുപൊടി- 1/2 ടീസ്പൂണ്‍.

കടുക്‌- 1/2 ടീസ്പൂണ്‍.

ഉഴുന്ന് പരിപ്പ്‌ - 1 ടീസ്പൂണ്‍.

ഉപ്പ്‌ - പാകത്തിന്

പാചകയെണ്ണ - ആവശ്യത്തിന്.

കുറച്ച്‌ കറിവേപ്പില.

ആദ്യം എണ്ണ ചൂടാക്കി ഉഴുന്നുപരിപ്പും, കടുകും, കറിവേപ്പിലയും മൊരിക്കുക. സവാള ചേര്‍ത്ത്‌ നന്നായി വഴറ്റുക. സവാള നന്നായി മൊരിയണം. അതിനുശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത്‌ വഴറ്റി നന്നായി യോജിപ്പിക്കുക. ഉപ്പും ചേര്‍ക്കുക. ഒക്കെ യോജിച്ച്‌ കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ്‌ പുഴുങ്ങിപ്പൊടിച്ചത്‌ ചേര്‍ത്ത്‌ 3-4 മിനുട്ട്‌ വഴറ്റുക. അടച്ച്‌ വെച്ച്‌ 2- 3 മിനുട്ട്‌ കുറഞ്ഞ തീയില്‍ വെക്കുക. വാങ്ങിക്കഴിഞ്ഞ്‌ 5 മിനുട്ട്‌ കഴിഞ്ഞ്‌ തുറക്കുക. മല്ലിയില മുകളില്‍ വിതറാവുന്നതാണ്. കറി നന്നായാല്‍ നിങ്ങളുടെ ഭാഗ്യം;). ചപ്പാത്തി, പൂരി, ദോശ എന്നിവയോടൊപ്പം കഴിക്കാം.




Potato- boiled and mashed - 4 nos.

Onion - fineley chopped - 2

Green chilli - 2 (chopped)

Turmeric powder - 1/4 teaspoon.

Chillipowder - 1/2 teaspoon.

Mustard - 1/2 teaspoon

Udad dal - 1 teaspoon

Salt and Oil

Few curry leaves.

Heat oil in a pan. Roast mustard, udad dal, and curry leaves. Add onion and fry well. Add turmeric, & chilli powder and mix it well. Add salt. Add mashed potatoes and cook for 3-4 minutes over a low flame, covering with a lid. when done, keep it closed for five minutes. You can garnish it with coriander leaves. Serve with chappathi, puri, or dosa.

Friday, September 15, 2006

എരുനെല്ലിക്ക


മൂത്തവര്‍ ചൊല്ലും, മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ആരോഗ്യത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണ്.

നെല്ലിക്ക ഉപ്പിലിട്ടും, അച്ചാറുകള്‍ പലതരത്തില്‍ ഉണ്ടാക്കിയും, എടുക്കാം. പച്ചയ്ക്ക് തിന്നുകയും ചെയ്യാം.

1) എരുനെല്ലിക്ക ഉണ്ടാക്കാന്‍, നല്ല നെല്ലിക്ക കഴുകിയെടുത്ത്, ഒരു പാത്രത്തില്‍ വെള്ളം എടുത്ത് അതില്‍ ഇട്ട് നല്ലപോലെ വേവിക്കുക. കുരു കളഞ്ഞെടുക്കാന്‍ പാകത്തില്‍ വെന്താല്‍ മതി. അധികം വേവേണ്ട കാര്യം ഇല്ല. തണുത്തതിനു ശേഷം കുരു കളഞ്ഞ് എടുക്കുക.

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍, ആദ്യം ഉഴുന്നുപരിപ്പിട്ട് ഒന്ന് മൊരിച്ച്, കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും ഇട്ട് മൊരിച്ചതിനുശേഷം, നെല്ലിക്ക ഉപ്പിട്ട് യോജിപ്പിച്ച് ചേര്‍ക്കുക. നെല്ലിക്ക വഴറ്റി നല്ലപോലെ ഡ്രൈ ആയാല്‍, മുളകുപൊടി ചേര്‍ത്ത് യോജിപ്പിക്കുക. കായവും കൂടെ ചേക്കുക. മുളകുപൊടിയ്ക്ക് പകരം അച്ചാര്‍പൊടിയാണ് ചേര്‍ക്കുന്നതെങ്കില്‍ കുറച്ച് ഉപ്പ് ചേര്‍ത്താല്‍ മതിയാവും. കായവും വേറെ ചേര്‍ക്കേണ്ട.

2) വേറൊരു വിധത്തിലും എരുനെല്ലിക്ക ഉണ്ടാക്കിയെടുക്കാം.

ഒരു പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് ചൂടായാല്‍, കഴുകിവൃത്തിയാക്കി വെള്ളം തുടച്ചെടുത്ത നെല്ലിക്ക, അതിലിട്ട് നന്നായി വറുക്കുക. വാങ്ങി തണുത്താല്‍ കുരുകളഞ്ഞെടുക്കുക. ഉപ്പും ചേര്‍ത്ത് വെക്കുക.

പിന്നെ കുറച്ച് എണ്ണ, ഒരു പാത്രത്തില്‍ ചൂടാക്കി അതില്‍ ഉഴുന്നുപരിപ്പും, കടുകും, കറിവേപ്പിലയും മൊരിച്ച്, ഉപ്പ് ചേര്‍ത്ത നെല്ലിക്ക അതിലിട്ട് യോജിപ്പിക്കുക. നന്നായി ഡ്രൈ ആയാല്‍ മുളകുപൊടിയും കായവും ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അല്ലെങ്കില്‍ അച്ചാറുപൊടി ചേര്‍ക്കുക.

നല്ലെണ്ണയാണ് ചേര്‍ക്കേണ്ടത്. വേവിച്ചെടുത്ത നെല്ലിക്കയെക്കാളും വറുത്തെടുത്ത നെല്ലിക്കയാണ് നല്ലത്.

Wednesday, September 13, 2006

ഇലയട


അട ഏത് തരമായാലും കഴിക്കാന്‍ വല്യ രസമാവും. ഇലയടയുടെ സ്വാദ് ഒന്ന് വേറെ തന്നെ. അമ്മയുണ്ടാക്കുന്നത്ര രസത്തില്‍ ആവില്ലെങ്കിലും അടയുണ്ടാക്കിത്തിന്നാന്‍ കൊതിയാണ്. അമ്മയെ സഹായിച്ച് സഹായിച്ചാണ് പാചകം പഠിച്ചത്. മിനുസമായി പൊടിച്ചെടുത്ത അരിപ്പൊടി ഒരു തരി ഉപ്പും ഇട്ട് ചൂടുവെള്ളത്തില്‍ കുഴയ്ക്കുക. ചപ്പാത്തിമാവിനേക്കാളും അയവില്‍ ഉണ്ടാവണം. എന്നാല്‍ ദോശമാവിന്റെ അളവില്‍ ആകരുത് വെള്ളം.

ശര്‍ക്കര പൊടിച്ചത് ഏകദേശം ഒരു കപ്പ് എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് ( 50എം എല്‍) അടുപ്പത്ത് വെച്ച് പാവുകാച്ചുക.

നന്നായി തിളച്ച് വന്നാല്‍, വെള്ളം കുറുകിത്തുടങ്ങിയാല്‍ ഏകദേശം രണ്ട് കപ്പ് ചിരവിയ തേങ്ങ അതില്‍ ഇട്ട് ഇളക്കി യോജിപ്പിക്കുക. 5-6 ഏലയ്ക്കയും പൊടിച്ച് ഇടുക. തേങ്ങ ഇടുന്നതിനുമുമ്പ് ഏലയ്ക്കപ്പൊടി ഇട്ടിളക്കണം. തേങ്ങയും യോജിച്ച് പാവ് നല്ലപോലെ കുറുകിയാല്‍ അടുപ്പില്‍ നിന്നിറക്കുക.

ഇല വൃത്തിയാക്കി, തീയില്‍ വാട്ടി, ചെറിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. അതില്‍ സ്വല്പം വെളിച്ചെണ്ണ പുരട്ടുക. (നിര്‍ബ്ബന്ധമില്ല). തയ്യാറാക്കിവെച്ചിരിക്കുന്ന അരിമാവെടുത്ത് ഓരോ ഇലകളിലും കുറച്ച് വെച്ച് വട്ടത്തില്‍ പരത്തുക.

ഒരു സൈഡില്‍ ശര്‍ക്കര- തേങ്ങാക്കൂട്ട് വെക്കുക. ആദ്യം ഒന്ന് മടക്കി, പിന്നെ രണ്ട് സൈഡും മടക്കി ഒരു പാത്രത്തില്‍ വെക്കുക. കുക്കറില്‍ വെക്കാവുന്ന ഒരു പാത്രത്തില്‍. എല്ലാ ഇലകളിലും അരിമാവും , കൂട്ടും വെച്ച് മടക്കി പാത്രത്തില്‍ അടുക്കിവെക്കുക. കുക്കറില്‍ വെച്ച് വേവിക്കുക. കുറച്ച് നേരം വേണ്ടി വരും. 20-25 മിനുട്ട്.

നന്നായി വെന്തിട്ടുണ്ടെങ്കില്‍ കുക്കറില്‍ നിന്ന് എടുത്ത് അല്പനേരം വെച്ചിട്ട് , തണുത്തതിനു ശേഷം എടുത്താല്‍ ഇലയില്‍ നിന്ന് വിട്ട് പോരും.‍

Monday, September 11, 2006

ഉള്ളിച്ചട്ണി - 2

ചെറിയ ഉള്ളി - തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് - 10- 12 എണ്ണം.

വറ്റല്‍ മുളക് - 4 എണ്ണം. ( എരുവ് അനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം)

പുളി - കുറച്ച് (ഒരു ഉള്ളിയുടെ വലുപ്പം)

ഉപ്പ്- പാകത്തിന്

പഞ്ചസാര - ഒരു ടീസ്പൂണ്‍.

വെളിച്ചെണ്ണ- കുറച്ച്.

വെളിച്ചെണ്ണ ചൂടാക്കി വറ്റല്‍‌മുളക് വറുത്തെടുക്കുക. അതിനു ശേഷം ഉള്ളിയും നന്നായി വഴറ്റിയെടുക്കുക. നല്ലപോലെ മൊരിയണം. രണ്ടും കൂടെ ഉപ്പും പഞ്ചസാരയും പുളിയും ഇട്ട് നന്നായി അരച്ചെടുക്കുക. വെള്ളം ഒട്ടും ചേര്‍ക്കരുത്. ആദ്യം മുളക് നന്നായി പൊടിച്ച ശേഷം ഉള്ളി ചേര്‍ത്ത് അരച്ചാല്‍ നന്നായിരിക്കും. വെളിച്ചെണ്ണയില്‍ ഒഴിച്ച് ചാലിച്ച് എടുക്കുക.

Tuesday, August 29, 2006

കൂട്ടുകറി

ചേന - 1 കപ്പ്

നേന്ത്രക്കായ- 1കപ്പ്

കടല- 1/2കപ്പ് തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക.

ജീരകം - 1 - 1 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂണ്‍. (കുറയ്ക്കുകയോ കൂട്ടുകയോ ആവാം)

ചിരവിയ തേങ്ങ. 1 1/2 കപ്പ്

ഉപ്പ്

കടുക്, കറിവേപ്പില, വറ്റല്‍മുളക്.


ചേനയും കായയും കടലയേക്കാളും കുറച്ചുംകൂടെ വലുപ്പത്തില്‍ നല്ല ചതുരക്കഷണങ്ങളായി മുറിക്കുക.

കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധികം വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തിനു മാത്രം ചേര്‍ക്കുക.

വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.

1 കപ്പ് തേങ്ങ, ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക.

വാങ്ങിയിട്ട്, കടുകും, വറ്റല്‍മുളകും, കറിവേപ്പിലയും മൊരിച്ചിടുക.

ബാക്കിയുള്ള തേങ്ങ അല്പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക.

തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകരുത്. നന്നായാല്‍ ഇതുപോലെ മറ്റൊരു വിഭവമില്ല.

Monday, August 28, 2006

ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി





















ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി പല വിധത്തില്‍ ഉണ്ട്. എനിക്കറിയാവുന്നത് പറയുന്നു. അത്രേ ഉള്ളൂ.

1)പുളി - കുറച്ച് വെള്ളത്തില്‍ ഇട്ട് വെക്കുക. കുറേക്കഴിയുമ്പോള്‍ ആ വെള്ളം കരടും പുളിയുടെ നാരും ഒന്നും ഇല്ലാതെ എടുക്കുക. വിദേശത്തെ കാര്യം എനിക്കറിയില്ല. നാട്ടിലേതില്‍ കല്ല് പോലും ഉണ്ടാകും. അതൊന്നും ഇല്ലാതെ പുളി ഇട്ടുവെച്ച വെള്ളം (2ഗ്ലാസ്, മൂന്ന് ഗ്ലാസ് ) അരിച്ചെടുക്കുക.

കുറച്ച് ഇഞ്ചിയും പച്ചമുളകും ചെറുതായി അരിയുക.

പുളിവെള്ളത്തില്‍ ഉപ്പും ഇഞ്ചിയും പച്ചമുളകും ഇട്ട് വേവിച്ച് കുറുക്കുക. വെന്ത് കുറുകിക്കഴിഞ്ഞാല്‍ വെറും വെള്ളം പോലെ ഇരിക്കരുത്. അതിലേക്ക് കുറച്ച് ശര്‍ക്കര( വെല്ലം) ഇടുക. അതിലേക്ക് ഉഴുന്നുപരിപ്പ്, കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൊരിച്ച് ഇടുക. ഇഞ്ചിയും പച്ചമുളകും വെന്തു കഴിഞ്ഞാല്‍ വെള്ളം കുറുകുന്നതിനു മുമ്പ് തന്നെ കടുക് ഒക്കെ ഇടാവുന്നതാണ്. കറിവേപ്പില തണ്ടോടുകൂടെയും ഇട്ടാല്‍ നന്നായിരിക്കും. മൊരിച്ചിടുന്നത് കൂടാതെ. പച്ചയായിട്ട്.


2) പുളിവെള്ളം കുറച്ച് മാത്രം എടുക്കുക. ഇഞ്ചിയും പച്ചമുളകും അരിഞ്ഞത് വെളിച്ചെണ്ണ, കുറച്ചൊഴിച്ച് നന്നായി വറുത്തെടുക്കുക. തിളയ്ക്കുന്ന പുളി വെള്ളത്തില്‍ അത് ഇടുക. ഉപ്പും ചേര്‍ക്കുക. വെള്ളം കുറുകിയാല്‍ ശര്‍ക്കര ഇടുക. കടുകും, ഉഴുന്നുപരിപ്പും, വറ്റല്‍ മുളകും, കറിവേപ്പിലയും മൊരിച്ചിടുക. കറിവേപ്പില, പച്ചയായിട്ട് തണ്ടോടുകൂടെയും ഇടുക.




പ്രണയം പോലെ തന്നെ,

ആദ്യത്തേതിന് സ്വാദ് കൂടുതല്‍ ഉണ്ടാകും. ഒരുപാട് സമയമെടുക്കുമെങ്കിലും.
ഇരുന്നിരുന്ന് ആവുന്നതല്ലേ. ;)

രണ്ടാമത്തേത് ഇന്‍സ്റ്റന്റ് ആയി. അതിനിത്തിരി സ്വാദ് കുറവാകും.

കല്‍‌ച്ചട്ടിയില്‍ വേവിച്ചെടുത്ത പുളിയിഞ്ചിയ്ക്ക് പ്രത്യേക സ്വാദ് തന്നെയാണ്. ഗ്യാസ്‌‌സ്റ്റൌവില്‍ കല്‍ച്ചട്ടി വെക്കാറുണ്ട് ഞാന്‍. പക്ഷെ എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ പൊട്ടിപ്പോകും. തീ ഒന്നും അധികം ആവാതെ തിളച്ച് തൂവാതെ ഉണ്ടാക്കേണ്ടെ. കുറേ സമയം എടുക്കും. പുളിയിഞ്ചി അത്രയും എളുപ്പത്തില്‍ തീരുകയും ചെയ്യും.

Sunday, August 27, 2006

ഉലുവച്ചീര കട്‌ലറ്റ്




















ഉലുവച്ചീര പൊടിയായി അരിഞ്ഞത് - 1 1/2 കപ്പ്

3 എണ്ണം ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്

കറിവേപ്പിലയും മല്ലിയിലയും പൊടിയായി അരിഞ്ഞത് - കുറച്ച്

പച്ചമുളക് ചെറുതായി അരിഞ്ഞത് - 5 എണ്ണം

കടലമാവ് - 12 ടീസ്പൂണ്‍

മുളകുപൊടി - 1 ടീസ്പൂണ്‍

സവാള 2 എണ്ണം പൊടിയായി അരിഞ്ഞത്.

വെളുത്തുള്ളി 3 അല്ലി ചതച്ചെടുത്തത്.

റൊട്ടിപ്പൊടി - 5-6 കഷണം ബ്രഡ് അരികുകള്‍ കളഞ്ഞ ശേഷം നന്നായി കൈകൊണ്ട് പൊടിയാക്കിയത്.

ഉപ്പ് - പാകത്തിന്

പാചകയെണ്ണ വറുക്കാന്‍ ആവശ്യത്തിന്. വെളിച്ചെണ്ണയില്‍ കൂടുതല്‍ സ്വാദുണ്ടാകും.

ഉലുവച്ചീര അരിഞ്ഞതില്‍ ഉപ്പും ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കറിവേപ്പില, മല്ലിയില, മുളകുപൊടി, കടലമാവ്, പച്ചമുളക്, സവാള എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക. ഉരുളകള്‍ ആയി ഉരുട്ടി, കൈയില്‍ വെച്ച് പരത്തി റൊട്ടിപ്പൊടിയില്‍ രണ്ട് ഭാഗവും ഇട്ട് എടുത്ത് എതെങ്കിലും പാചകയെണ്ണയില്‍ വറുത്ത് എടുക്കുക.


ഇത് വെളിച്ചെണ്ണയിലാണ് വറുത്തെടുത്തത്.



വെള്ളരിക്ക എരിശ്ശേരി


വെള്ളരിക്ക ചെറിയ കഷണങ്ങളായി മുറിച്ചത് - 1 കപ്പ്

ചെറുപയര്‍പ്പരിപ്പ്( ചെറുപരിപ്പ്) - 1/4 കപ്പ്

ചിരവിയ തേങ്ങ - 1/2കപ്പ്

ജീരകം - 1ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1/4ടീസ്പൂണ്‍

മുളകുപൊടി - 1/2 ടീസ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്.

വെള്ളരിക്കയും ചെറുപരിപ്പും, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് വേവിച്ചശേഷം ഉപ്പ് ചേര്‍ത്ത് യോജിപ്പിക്കുക. തേങ്ങയും ജീരകവും നന്നായി അരച്ച് ഇതില്‍ യോജിപ്പിച്ച് തിളപ്പിക്കുക. വാങ്ങിയതിനുശേഷം കടുക്, മുളക്, കറിവേപ്പില എന്നിവ എണ്ണയില്‍ മൊരിച്ച് ഇടുക.

പൈനാപ്പിള്‍ പച്ചടി



















നന്നായി പഴുത്ത പൈനാപ്പിള്‍ വളരെ ചെറുതായി
അരിഞ്ഞത് - 1കപ്പ്


ചിരവിയ തേങ്ങ - 1/4 കപ്പ്

തൈര്‍ -1/4 കപ്പ്

ഉപ്പ്- പാകത്തിന്

കടുക് - 1/2 ടീസ്പൂണ്‍

‍പച്ചമുളക് - വട്ടത്തില്‍ അരിഞ്ഞത് - 3 എണ്ണം

പൈനാപ്പിള്‍ കുറച്ച് വെള്ളവും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഒട്ടും വെള്ളം
ഉണ്ടായിരിക്കരുത്. വറ്റിച്ചെടുക്കുക. വെള്ളം അതിലുള്ളത് കളയരുത്. തേങ്ങയും കടുകും കുറച്ച് തൈര്‍ ഒഴിച്ച് നന്നായി അരച്ചെടുക്കുക. നന്നായി തണുത്തതിനുശേഷം തേങ്ങ അരച്ചതും ചേര്‍ത്ത് യോജിപ്പിക്കുക. തൈരും ചേര്‍ക്കുക.

കുറച്ച് പാചകയെണ്ണയില്‍ കടുകും, വറ്റല്‍ മുളകും,
കറിവേപ്പിലയും മൊരിച്ച് പച്ചടിയില്‍ ഇടുക.


പൈനാപ്പിള്‍ വേവിക്കുമ്പോള്‍ കുറച്ച് മുളകുപൊടിയും
ഇടാവുന്നതാണ്. 1/4 ടീസ്പൂണ്‍.




Thursday, August 24, 2006

ചെറുപയര്‍ കറി










ചെറുപയര്‍ - 1 കപ്പ്

മഞ്ഞള്‍പ്പൊടി - കുറച്ച്

ചിരവിയ തേങ്ങ - 1/4 കപ്പ്

പച്ചമുളക് - 4-5

കടുക് - 1 ടീസ്പൂണ്‍.

സവാള - പൊടിയായി അരിഞ്ഞത് - 1 എണ്ണം.

കറിവേപ്പില- കുറച്ച്

എണ്ണ - കുറച്ച്

ഉപ്പ് - ആവശ്യത്തിന്.

ചെറുപയര്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഉപ്പ് ആവശ്യത്തിന് ഇടുക. തേങ്ങയും പച്ചമുളകും കൂടെ നന്നായി അരച്ച് ചെറുപയറില്‍ യോജിപ്പിച്ച് കുറച്ച്നേരം കൂടെ ചൂടാക്കിയശേഷം വാങ്ങുക. എണ്ണയില്‍ കടുക്, കറിവേപ്പില, സവാള എന്നിവ മൊരിച്ച് ഇതിലേക്ക് ചേര്‍ക്കുക.



















ചെറുപയര്‍ വേവിക്കുന്നതിനു മുമ്പ് ഒരു 10-15 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാല്‍ വേഗം വെന്തുകിട്ടും.

Wednesday, August 23, 2006

ചന - മസാലക്കറി Chana Masala

















കാബൂളി ചന(വെള്ളക്കടല) -1 1/2 (ഒന്നര) കപ്പ് . 5-6 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക.

ഉള്ളി - വലുത് 1 (നീളത്തില്‍ അരിഞ്ഞത്)

തക്കാളി- വലുത് 1 (ചെറുതായി അരിഞ്ഞത്)

ചന മസാല പൌഡര്‍ (വിവിധ തരം കിട്ടും)- 1 ടീ സ്പൂണ്‍ നിറച്ചും.

കടുക് - 1/4 ടീസ്പൂണ്‍

ജീരകം - 1/4 ടീസ്പൂണ്‍

മുളകുപൊടി - 1/4 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍

മല്ലിയില - കുറച്ച്.

ഉപ്പ്- ആവശ്യത്തിന്.

എണ്ണ - കുറച്ച്.

വെള്ളത്തില്‍ കുതിര്‍ന്ന കടല, മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് നന്നായി വേവിച്ചെടുക്കുക.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകും ജീരകവും മൊരിയ്ക്കുക. അതിലേക്ക് സവാള ഇട്ട് നന്നായി മൊരിഞ്ഞതിനുശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. വേവിച്ച ചന നന്നായി ഉടച്ച ശേഷം ഇതിലേക്ക് ഇട്ട് കുറച്ച് നേരം കൂടെ വേവിക്കുക. ആദ്യം വേവിച്ചെടുത്ത ചനയില്‍ വെള്ളമില്ലെങ്കില്‍ പിന്നെയും വേവിക്കുമ്പോള്‍ കുറച്ച് വെള്ളം ചേര്‍ക്കേണ്ടതാണ്.


വാങ്ങിയതിനു ശേഷം മല്ലിയില തൂവുക. കഴിക്കുമ്പോള്‍ നാരങ്ങനീര്‍ ഒഴിക്കാവുന്നതാണ്.

വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് തക്കാളി വഴറ്റുമ്പോള്‍ വെളുത്തുള്ളി ചതച്ചെടുത്തതും കൂടെ യോജിപ്പിച്ച് എടുക്കാവുന്നതാണ്.


Monday, August 14, 2006

അരിയുണ്ട


പുഴുങ്ങലരി വറുത്ത്‌ പൊടിച്ചത്‌ - 2 കപ്പ്‌

തേങ്ങ ചിരവിയത്‌ - 2 കപ്പ്‌

ശര്‍ക്കര(വെല്ലം)പൊടിച്ചത്‌ - 1- 1/2 കപ്പ്‌

ഏലയ്ക്ക - 5 എണ്ണം. തൊലി കളഞ്ഞ്‌ പൊടിച്ചെടുക്കുക.

പുഴുങ്ങലരി നന്നായി വറുത്ത്‌ പൊടിക്കുക. ചിരവിയ തേങ്ങയും ശര്‍ക്കരയും മിക്സിയില്‍ ഇട്ട്‌ നല്ലപോലെ യോജിപ്പിച്ചെടുക്കുക. അരിപ്പൊടിയില്‍ ഇട്ട്‌ നന്നായി യോജിപ്പി
ക്കുക. ഏലയ്ക്കപ്പൊടിയും കൂട്ടി യോജിപ്പിക്കുക. അതിനു ശേഷം ഉരുട്ടിയെടുക്കുക.

ശര്‍ക്കരയും തേങ്ങയും കുറച്ച്‌ കുറച്ചായിട്ടേ മിക്സിയില്‍ ഇടാവൂ.

Tuesday, July 25, 2006

പുട്ട്


അരിപ്പൊടി.

ഉപ്പ്.

ചിരവിയ തേങ്ങ.

പുട്ടുകുറ്റി.

വെള്ളം.


പുട്ടുപൊടിയില്‍ ആവശ്യത്തിന് മാത്രം ഉപ്പിട്ട് അല്പാല്പമായി വെള്ളം ചേര്‍ത്ത് നല്ല പോലെ യോജിപ്പിക്കുക. കാണിച്ചിരിക്കുന്ന അത്ര അളവിലേ വെള്ളം വേണ്ടൂ. വേണമെങ്കില്‍ സ്വല്പം കൂടെ ആവാം. അധികമായാല്‍ സിം‌പിള്‍ ദോശ കഴിക്കേണ്ടി വരും.;)




ഇങ്ങനെ ആയിക്കഴിഞ്ഞാല്‍ മിക്സിയില്‍ ഇട്ട് ഒന്നുകൂടെ യോജിപ്പിച്ചാല്‍ വളരെ മൃദു ആകും.




പുട്ടുകുറ്റിയില്‍ ചില്ലിട്ട് ;) ആദ്യം കുറച്ച് തേങ്ങ ഇടുക. പിന്നെ അരിപ്പൊടി ഇടുക. പിന്നെ തേങ്ങ, പിന്നെ അരിപ്പൊടി. രണ്ടോ മൂന്നോ ഭാഗങ്ങള്‍ ആക്കാം വേണമെങ്കില്‍. ഇതില്‍ രണ്ട് ഭാഗമേ ഉള്ളൂ.





ഇത് കുക്കറിന്റെ മുകളില്‍ വെക്കുന്ന പുട്ടുകുറ്റിയാണ്. കുക്കറില്‍ വെള്ളം ഒഴിച്ച് (5 ഗ്ലാസ്സ് വെള്ളം മതിയാവും. ആരും കഷായം കുടിക്കുന്ന ഔണ്‍സ് ഗ്ലാസ് അല്ല ഉപയോഗിക്കുന്നതെന്നു കരുതുന്നു ;) .





കുക്കര്‍ ചൂടായി ആവി വന്നു തുടങ്ങുമ്പോള്‍ അതിനു മുകളില്‍ പുട്ടുകുറ്റി സ്ഥാപിക്കുക. പുട്ടുകുറ്റിയും ചൂടായി ആവി നല്ലപോലെ വന്നതിനു ശേഷം ( ആവി വന്ന് 2- 3 മിനുട്ട് ) തീ അണച്ച് ശേഷം പുട്ടുകുറ്റി എടുത്ത് പുട്ട് എടുക്കുക. ഒരു മിനുട്ട് വെച്ചതിനു ശേഷം പുട്ട് പ്ലേറ്റിലേക്ക് മാറ്റുക.




ഇനി ചൂടോടെ കറിയും കൂട്ടി കഴിക്കാം.

Sunday, July 23, 2006

പാവ്‌ - ഭാജി


പാവ് എന്ന് പറയുന്നത് ബണ്‍-നെ ആണ്. ഭാജി അതിന്റെ കൂടെയുള്ള കറിയും. ഭാജി എന്നതിന് കറി എന്നാണര്‍ത്ഥം.

ഭാജി ഉണ്ടാക്കുന്നത്.

ഗ്രീന്‍ പീസ്- 1/2 കപ്പ് ( ഉണങ്ങിയതാണെങ്കില്‍ 4-5 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കണം.)

ഉരുളക്കിഴങ്ങ്- 2 എണ്ണം ( ചെറുതായി മുറിച്ചത്)

കോളിഫ്ലവര്‍ അരിഞ്ഞത് - 1/2 കപ്പ്

സവാള - 1 വലുത്. ( വളരെ ചെറുതായി അരിഞ്ഞത്)

വെള്ളുള്ളി - ഇഞ്ചി പേസ്റ്റ്- 1/2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - കുറച്ച്

തക്കാളി- 1 വലുത് ( വളരെ ചെറുതായി അരിഞ്ഞത്)

പാവ്-ഭാജി മസാല - 3 ടീസ്പൂണ്‍

മല്ലിയില

പാചകയെണ്ണ

ഉപ്പ്

ബട്ടര്‍

വെള്ളം

ഉരുളക്കിഴങ്ങും ഗ്രീന്‍പീസും കോളിഫ്ലവറും കൂടെ മഞ്ഞള്‍ ചേര്‍ത്ത് വേവിച്ചെടുക്കുക. പാകത്തിനു ഉപ്പ് ചേര്‍ത്ത് നന്നായി ഉടയ്ക്കുക.

ഒരു പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് സവാള നല്ലപോലെ വഴറ്റിയെടുക്കുക. തക്കാളി ചേര്‍ക്കുക. തക്കാളിയും ഒന്ന് പാകമായതിനുശേഷം വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക. പേസ്റ്റ് ഇല്ലെങ്കില്‍ രണ്ടും വേറെ വേറെ കുറച്ച് ചതച്ചെടുത്താലും മതി. അതും നന്നായി വഴറ്റി യോജിപ്പിച്ചതിനുശേഷം മസാല ചേര്‍ക്കുക (അടുത്ത തവണ മസാലപ്പൊടിയുടെ പാകം ആവശ്യം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഞാന്‍ കുറച്ച് മുളകുപൊടി ചേര്‍ക്കാറുണ്ട്. പച്ചക്കറികള്‍ വേവിക്കുമ്പോള്‍. എരിവ് വേണ്ടാത്തവര്‍ സൂക്ഷിക്കുക) കുറച്ച് വെള്ളം ഒഴിച്ച് (1 കപ്പ്) 5 മിനുട്ട് വേവിക്കുക. മസാലയും യോജിച്ചതിനു ശേഷം ഉടച്ച് വെച്ച പച്ചക്കറികള്‍ ചേര്‍ത്ത് യോജിപ്പിച്ച് ഒന്നുകൂടെ തിളപ്പിക്കുക. പാചകം കഴിഞ്ഞതിനുശേഷം കുറച്ച് ബട്ടര്‍ ഭാജിയുടെ മേലെ ഇടുക. മല്ലിയില ചെറുതായി അരിഞ്ഞ് അതിനു മുകളില്‍ തൂവുക.

പാവ്(ബണ്‍) നെടുകെ പിളര്‍ന്ന് ബട്ടര്‍ പുരട്ടി ചൂടാക്കിയെടുക്കുക.

ഭാജിയും കൂട്ടി ചൂടോടെ കഴിക്കുക.



കഴിക്കുമ്പോള്‍, വേണമെങ്കില്‍ ഭാജിയില്‍ കുറച്ച് ചെറുനാരങ്ങ നീര് ചേര്‍ക്കാവുന്നതാണ്.

പച്ചക്കറികളുടെ കൂടെ കാപ്സിക്കവും ചേര്‍ക്കാവുന്നതാണ്.

Thursday, July 20, 2006

സിം‌പിള്‍ ദോശ.

മിനുസമുള്ള അരിപ്പൊടി

തേങ്ങ ചിരവിയത്

ഉപ്പ്

ചൂട്‌വെള്ളം

നിങ്ങള്‍ക്കാവശ്യമുള്ളത്ര അരിപ്പൊടി എടുത്ത് ( ഒരു കപ്പ്, രണ്ട് കപ്പ്) തേങ്ങ ചിരവിയതും പാകത്തില്‍ ഉപ്പും ഇട്ട് ചൂട്‌വെള്ളം ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ദോശമാവിന് പാകമാവുന്ന അയവില്‍ എടുക്കുക. ദോശ ഉണ്ടാക്കുക.

അധികം വെള്ളം ചേര്‍ക്കരുത്. ഉണ്ടാക്കിയെടുക്കുമ്പോള്‍ അടച്ച് വെച്ച് ഉണ്ടാക്കിയാല്‍ നന്നായിരിക്കും.

Friday, June 02, 2006

അവില്‍ ഉപ്പുമാവ്‌

നാടന്‍ അവില്‍ - 2 കപ്പ്‌

ഉഴുന്ന് പരിപ്പ്‌ - 2 ടീസ്പൂണ്‍

കടുക്‌ - 1 ടീസ്പൂണ്‍

കുറച്ച്‌ കറിവേപ്പില

ഒരു ചുവന്ന മുളക്‌ പൊട്ടിച്ചെടുത്തത്‌.

സവാള - 1 ചെറുതായി അരിഞ്ഞത്‌.

പച്ചമുളക്‌- 2 ചെറുതായി അരിഞ്ഞത്‌.

മഞ്ഞള്‍പ്പൊടി- ഒരു നുള്ള്‌ (ഇല്ലെങ്കിലും സാരമില്ല. പക്ഷെ മഞ്ഞള്‍ ഒരു ഔഷധം ആണെന്ന് ഓര്‍ക്കുക)

ഉപ്പ്‌- പാകത്തിന്

ചിരകിയ തേങ്ങ- കുറച്ച്

അവില്‍ കഴുകിയെടുത്ത്‌ (കുറേ നേരം വെള്ളത്തില്‍ ഇടരുത്‌. വെള്ളമൊഴിക്കുക, വറ്റിച്ചു കളയുക) ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി യോജിപ്പിച്ചുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്‌, കടുക്‌, കറിവേപ്പില, മുളക്‌, എന്നിവ ഇട്ട്‌ വഴറ്റിയതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളക്‌ അരിഞ്ഞതും ചേര്‍ക്കുക. ഒന്നുകൂടെ വഴറ്റിയതിനു ശേഷം അവില്‍ ഇട്ട്‌ ഇളക്കി യോജിപ്പിച്ച്‌ നല്ലപോലെ ചൂടാക്കി എടുക്കുക. അടുപ്പില്‍ നിന്ന് മാറ്റിയതിനുശേഷം ചിരകിയ തേങ്ങാ ഇട്ട്‌ യോജിപ്പിച്ചെടുക്കുക.

Thursday, May 11, 2006

പാവയ്ക്ക വറുത്തത്



പാവക്കയ്ക്ക് ഞങ്ങളൊക്കെപ്പറയുന്നത് കയ്പ്പക്ക എന്നാണ്.

പാവയ്ക്ക - ഒന്ന് (കഴുകി, വട്ടത്തില്‍ കനംകുറച്ച് അരിഞ്ഞെടുക്കുക)

മുളകുപൊടി - 1/4 ടീസ്പൂണ്‍

അച്ചാര്‍പ്പൊടി- 1 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

ചെറുനാരങ്ങനീര്‍- 1 ടീസ്പൂണ്‍

വറുത്തെടുക്കാന്‍ പാചകയെണ്ണ

പാവയ്ക്ക പാചകയെണ്ണയില്‍ നന്നായി വറുത്തെടുക്കുക. അതിനുശേഷം മറ്റുള്ള ചേരുവകള്‍ ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അച്ചാറുപൊടിയിൽ ഉപ്പുണ്ടെങ്കിൽ അധികം ഉപ്പിടാതിരിക്കുക.




(ചിത്രം പിന്നീട് വെച്ചതാണ്. അതുകൊണ്ട് ചിത്രത്തിലുള്ള അളവും എഴുതിയിരിക്കുന്ന അളവും വ്യത്യാസമുണ്ട്)

Wednesday, April 05, 2006

തക്കാളിച്ചോറ് Tomato Rice

ചോറ് - 2 കപ്പ്




















സവാള - 1 ചെറുതായി അരിഞ്ഞത്

പച്ചമുളക്- 3 ചെറുതായി അരിഞ്ഞത്

കുറച്ച് കറിവേപ്പില

മല്ലിയില - കുറച്ച് ( ഇഷ്ടമാണെങ്കില്‍ മാത്രം )

ഉഴുന്ന് - 1 ടീസ്പ്പൂണ്‍

ജീരകം- 1/4 ടീസ്പ്പൂണ്‍

കടുക് - 1/2 ടീസ്പ്പൂണ്‍

വറ്റല്‍ മുളക് - 1 പൊട്ടിച്ചത്

മഞ്ഞള്‍പ്പൊടി - ഒരു നുള്ള്

തക്കാളി - 2 ചെറുത് ചെറുതായി അരിഞ്ഞത്

ഉപ്പ് പാകത്തിന്

ഒരു പാത്രത്തില്‍ കടുകും ഉഴുന്നും വറ്റല്‍മുളകും ജീരകവും താളിക്കുക. സവാളയും പച്ചമുളകും
കറിവേപ്പിലയും ഇട്ട് വഴറ്റുക. മഞ്ഞള്‍പ്പൊടി ഇടുക. തക്കാളി ഇട്ട് വഴറ്റുക. ഉപ്പ് ഇടുക. ചോറ്
ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അടുപ്പില്‍ നിന്നിറക്കിയശേഷം മല്ലിയില വിതറുക.


















Tomato Rice

Rice - 2 cup(cooked)

Onion - big 1 finely chopped

Green chilli - 3 finely chopped

Tomato - 2 small. Finely chopped

Few curry leaves

Udad dal (black gram ) - 1 teaspoon

Cumin seeds - 1/4 Teaspoon

Mustard - 1/2 teaspoon

Dry chilly chopped -1

salt for taste

Turmeric powder - a pinch.

Few coriander leaves

Fry udad dal, dry chilli, jeera, and cumin seeds in oil. Then add onion, greenchilli and curryleaves. Add turmeric powder, tomato and mix well. Add rice and salt. mix well. when done add coriander leaves.

Tuesday, March 28, 2006

ബ്രഡ്‌ ഉപ്പുമാവ്‌ Bread Upma

ബ്രഡ്‌ - 8 കഷണം (ഓരോന്നും 9-10 കഷണങ്ങള്‍ ആക്കുക.)

സവാള- 1 വളരെ ചെറുതായി അരിഞ്ഞത്‌.

പച്ചമുളക്‌ രണ്ട്‌- ചെറുതായി അരിഞ്ഞത്‌

തക്കാളി- ഒന്ന് ചെറുതായി അരിഞ്ഞത്‌.

കറിവേപ്പില- കുറച്ച്‌ ഇല

കടുക്‌ - കുറച്ച്

വറ്റല്‍മുളക്‌- 1 - 3 കഷണം ആക്കിയത്‌.

പാചകയെണ്ണ- കുറച്ച്‌ (വെളിച്ചെണ്ണ വേണമെന്ന് നിര്‍ബന്ധമില്ല)

ഒരു പാത്രത്തില്‍ കുറച്ച്‌ പാചകയെണ്ണയൊഴിച്ച്‌ കടുകും മുളകും കറിവേപ്പിലയും താളിക്കുക. അതിനുശേഷം സവാളയും പച്ചമുളകും ഇടുക. മൊരിഞ്ഞ ശേഷം തക്കാളി ചേര്‍ത്ത്‌ വഴറ്റുക. പാകം ആയാല്‍ ബ്രഡ്‌ കഷണങ്ങള്‍ ഇട്ട്‌ ഒന്ന് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക. ചൂടോടെ കഴിക്കുക.

Bread Upma

Bread silces - 8 (each one cut into 9-10 pieces)

Onion - 1 finley chopped

Few curry leaves

Tomato - 1 - chopped

Green chilli - 2- chopped

Dry chilli- 1 cut into 2-3 pieces

Oil

Mustard

In a frying pan put oil, mustard, drychilli and curryleaves and roast. Add onion and green chilli. Roast well. then add tomato. Finally add bread pieces and mix well. Done.

Saturday, March 25, 2006

ഈന്തപ്പഴം അച്ചാര്‍ Dates pickle

ഈന്തപ്പഴം - 300ഗ്രാം (കുരു കളഞ്ഞത്)

പച്ചമുളക് - 4-5 വട്ടത്തില്‍ ചെറുതായി അരിഞ്ഞത്.

ഇഞ്ചി - ചെറിയ കഷണം- പൊടിയായി അരിഞ്ഞത്

ഇളനീര്‍ വെള്ളം - 1/2 കപ്പ്

കായം - സ്വല്പം പൊടി.

മുളകുപൊടി - വളരെ കുറച്ച്

അച്ചാര്‍പ്പൊടി (അച്ചാര്‍ മിക്സ്) - 2 ടീസ്പൂണ്‍.

നല്ലെണ്ണ - 3 ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന് (കടയില്‍ നിന്നു വാങ്ങുന്ന അച്ചാര്‍പ്പൊടിയില്‍ ഉപ്പ് ഉണ്ടാകും. അതുകൊണ്ട് ഉപ്പ് വളരെക്കുറച്ച് മാത്രം ചേര്‍ത്താല്‍ മതിയാകും.)

ഈന്തപ്പഴം ഇളനീര്‍ ഒഴിച്ച് 6 മണിക്കൂര്‍ വെക്കുക. അതിനു ശേഷം ആ വെള്ളത്തില്‍ത്തന്നെ കൈകൊണ്ട് അമര്‍ത്തി നന്നായി യോജിപ്പിക്കുക. യോജിപ്പിച്ചു കഴിഞ്ഞാല്‍ ഈന്തപ്പഴവും ഇളനീരും വേറെ വേറെ നില്‍ക്കരുത്. എണ്ണയില്‍ പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.നല്ലപോലെ മൊരിഞ്ഞ് പാകം ആയാല്‍ മുളകുപൊടി ഇടുക. അച്ചാര്‍ പൊടിയും ഇടുക. നന്നായി ഒന്ന് വഴറ്റിയതിനു ശേഷം ഈന്തപ്പഴവും ഇളനീരും കായവും ഉപ്പും യോജിപ്പിച്ചു വെച്ചതിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക.


Dates pickle

Dates - 300 gm ( without seeds)

Green chilli - 4 - 5 finely chopped

Ginger - one small piece. finely chopped

Asafoetida (hing) - A pinch.

Tender coconut water - 1/2 cup

Chillipowder - a pinch

Pickle powder(Pickle mix) - 2 Teaspoon

sesame oil ( til oil) - 3 tablespoon

Salt to taste (Add salt as required - pickle mix usually contains salt)

Soak dates in tender coconut water for 6 hours. Then add asafoetida, salt and mix it well. Soften the dates with hand. Deep fry chilli and ginger in oil. When done add chilli powder and pickle powder and mix well. Then add that mixture to dates mixture.

Tuesday, March 21, 2006

ദോശ- ചട്ണി പൌഡര്‍

ഉഴുന്നുപരിപ്പ് - 3 കപ്പ്

കടലപ്പരിപ്പ് - 1 കപ്പ്

വറ്റല്‍ മുളക് - 25-30

കായം - ഒരു ചെറിയ കഷണം

അരി- 2 ടേബിള്‍ സ്പൂണ്‍

കറിവേപ്പില - കുറച്ച്

ഉപ്പ് - ആവശ്യത്തിന്

കുരുമുളക് - കുറച്ച്

ഉഴുന്നുപരിപ്പും മുളകും കായവും കുരുമുളകും വറുക്കുക (എണ്ണ ചേര്‍ക്കാതെ മൊരിക്കുക). കറിവേപ്പില ഇട്ട് മൊരിയുന്നതുവരെ ഒന്നു കൂടെ ചൂടാക്കുക.

അരി വേറെ വറുക്കുക. കടലപ്പരിപ്പും വേറെ വറുക്കുക. തണുത്താല്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് എല്ലാം കൂടെ പൊടിച്ചെടുക്കുക. കൂടുതല്‍ പൊടിയരുത്

അളവ് നിങ്ങളുടെ ആവശ്യം അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അനുപാതം ശരി ആയിരിക്കണം.

Dosa- chutney powder.

Urad dal - 3 cup

Gram dal - 1 cup

Dry chilli - 25 -30

Rice - 2 table spoon

Asafoetida powder to taste

Few curry leaves

Few pepper or pepper powder

Salt to taste

Roast urad dal, chilli and pepper . When done add curryleaves and roast for few minutes. Then roast rice and gram dal seperately. Let it cool. Add salt and make powder.

ചട്ണിപ്പൊടി -1

ഉണങ്ങിയ തേങ്ങ - ചെറുത് 2

വറ്റല്‍ മുളക് - 20

കായം -- കുറച്ച്

കറിവേപ്പില - കുറച്ച്

ഉപ്പ് - ആവശ്യത്തിന്

തേങ്ങ ചെറുതായി അരിഞ്ഞെടുക്കുക. വറ്റല്‍ മുളകും ഇട്ട് നല്ലപോലെ വറുക്കുക.

നല്ലപോലെ ചൂടായി പൊടിയ്ക്കാന്‍ പാകത്തിനു ആയാല്‍ കറിവേപ്പിലയും അതില്‍ ഇടുക.

കായം പൊടിയല്ലെങ്കില്‍ അതില്‍ ഇടണം.

ഒന്ന് കൂടെ ചൂടാക്കി അടുപ്പത്തുനിന്നിറക്കി വേറൊരു പാത്രത്തിലേക്ക് മാറ്റുക.

തണുത്താല്‍ ആവശ്യത്തിന് ഉപ്പും ഇട്ട് പൊടിക്കാം.

എണ്ണ ചേര്‍ക്കാത്തതുകൊണ്ട് തേങ്ങയും മുളകും ചൂടാക്കുമ്പോള്‍ തീ കുറച്ചേ പാടുള്ളൂ.

Chutney powder

Dry coconut - 2 small size( make small pieces)

Dry chilli - 20 nos.

Asafoetida powder - a pinch

Curry leaves - 10- 15 nos

Salt for taste

Roast coconut with chilli in a pan. When it becomes crispy add curry leaves and roast for 1-2 minutes. Let it cool. Add asafoetida powder, salt and make a fine powder.
 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]